വൈരുദ്ധ്യാത്മക ഭൗതികവാദവും
ഗുരുവിൻ്റെ സമൂഹബ്രഹ്മമഠവും
എം.കെ.ഹരികുമാർ
ഗുരുവിൻ്റെ
അദ്വൈതം മനുഷ്യോപകാരപ്രദമാണ്, വേദാന്തപക്ഷം മാത്രമല്ല എന്ന് ഈ പംക്തിയിൽ
ഇതിനു മുമ്പു തന്നെ എഴുതിയിട്ടുള്ളതാണ്. അദ്വൈതം ഒരു അറിവായിരിക്കെ, അത്
അകർമ്മണ്യതയല്ലാതാകേണ്ടതുണ്ട്. പഠിച്ചതിൽ നിന്നും അറിഞ്ഞതിൽ നിന്നും
കൂടുതൽ ഉയർന്നു പറക്കുന്ന ജീവിയാണല്ലോ മനുഷ്യൻ .അദ്വൈതം ഒരു പ്രാപഞ്ചിക
നിർവ്വചനമാണ്. ഞാൻ, നീ എന്ന ദ്വന്ദത്തെ അത് പരിഹരിക്കുന്നു. ഞാനും
നീയുമായിരിക്കുന്ന അവസ്ഥ ഭൗതികവും കാമക്രോധ നിബിഡവുമാണ്. അത്
വൈരുദ്ധ്യാത്മകമാണ്. ഞാൻ നിന്നെയും നീ എന്നെയും എപ്പോഴും നോട്ടമിടുന്നു.
മാനസികമായ ഒരു അകൽച്ച ഉണ്ടെന്ന് മാത്രമല്ല ,ഒന്ന് മറ്റൊന്നിനെ പലവിധത്തിൽ
സ്വാധീനിക്കാനും നിയന്ത്രിക്കാനും തോൽപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഈ
ദ്വന്ദമാണ് ജാതിയിലും തൊഴിലിലും സമ്പത്തിലും നാം കാണുന്നത്. ഇത്
പ്രപഞ്ചയാഥാർത്ഥ്യമാണ്. ഹെഗൽ ഈ വൈരുദ്ധ്യത്തെ സമന്വയിപ്പിക്കാനാണ്
ശ്രമിക്കുന്നത്. എന്നാൽ മാർക്സ് ഇതിൻ്റെ അടിസ്ഥാനത്തിൽ ഒന്ന് മറ്റൊന്നിൻ്റെ
മേൽ അധികാരം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്, അതിൻ്റെ
അനിവാര്യതയെക്കുറിച്ചാണ് സംസാരിച്ചത്. മാർക്സിൻ്റെ വൈരുദ്ധ്യാത്മക
ഭൗതികവാദം ഒരു കൂട്ടർക്ക് വിനാശമോ ദു:ഖമോ ഉണ്ടാക്കുന്നു.മഹാചിന്തകനായ ബർ
ട്രാൻഡ് റസ്സൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാർക്സിൻ്റെ തത്ത്വം ഒരു
വിഭാഗത്തിൻ്റെ സന്തോഷം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉള്ളവനെ
ഇല്ലാത്തവൻ ഭരിക്കണമെന്നാണ് മാർക്സ് ഭാവന ചെയ്യുന്നത്.പക്ഷേ, ഇല്ലാത്തവൻ
ഉള്ളവനായി മാറുമ്പോൾ വേറൊരു കൂട്ടം ഇല്ലാത്തവരായി രൂപാന്തരപ്പെടും .
മാത്രമല്ല, പെട്ടെന്ന് അധികാരവും സമ്പത്തും പദവിയും നേടുന്നവർ അത്
നിലനിർത്താനാവും ആഗ്രഹിക്കുക . ഈ പ്രക്രിയയിൽ മനസ്സിൻ്റെ വിമലീകരണമില്ല
,പ്രകൃതിയുടെ ശുദ്ധീകരണമില്ല. മലിനീകരണത്തിൻ്റെ ഇടം മാറുന്നുവെന്നേയുള്ളൂ.
എന്നാൽ
ഗുരു വൈരുദ്ധ്യാത്മകതയെയും ഭൗതികതയെയും വിട്ടു ബൗദ്ധിക സമന്വയവും
ആത്മീയമൂല്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുമാണ് അവതരിപ്പിച്ചത്. കാരണം
മനുഷ്യനിലെ ഉന്നതമായ സംസ്കാരം, അത് ദൈവത്തിൻ്റേതോ ,മനുഷ്യൻ്റേതോ ആകട്ടെ
മാനവരാശിക്ക് ആവശ്യമാണ്. മനുഷ്യൻ ഏകാധിപതിയോ, മറ്റുള്ളവരുടെ മേൽ
ഉണ്മയില്ലാത്ത അധികാരം നിലനിർത്തുന്നവനോ ആണെങ്കിൽ അവൻ്റെ രാഷ്ട്രീയം
കൊണ്ട് പ്രയോജനമുണ്ടാവുകയില്ല.
ദൈവസൗഹൃദ സമൂഹം
പ്രകൃതിയെ നിലനിർത്തുക എന്ന ആശയം ഗുരുവിലുണ്ടായിരുന്നു. ഒരാളുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തെ പോലെ തുല്യതയ്ക്കും സ്ഥാനമുണ്ട്. തുല്യതയില്ലാതെ വന്നാൽ ദാമ്പത്യബന്ധമോ ,പ്രണയബന്ധമോ , സുഹൃത്ബന്ധമോ നിലനില്ക്കുകയില്ല. തുല്യതയില്ലാതായാൽ സ്നേഹത്തിൻ്റെ സ്വാഭാവികത മരിക്കും. ഗുരു പ്രകൃതിയെ മനുഷ്യനുമായി തുല്യതയിൽ കൊണ്ടുവരാനാണ് പ്രയത്നിച്ചത്. ചെടികൾ നട്ടുവളർത്തുന്നതും ആശ്രമങ്ങൾ പരിപാലിക്കുന്നതും അതിൻ്റെ ഭാഗമാണ്. മനസ്സിൽ ഭയമുണ്ടാകുകയും മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ അലട്ടുകയും വേണം. ഗുരു അത് പ്രവൃത്തിയിൽ കാണിച്ചു .പൊതുവേ സന്യാസിമാർ ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ ഗുരു അതുണ്ടാക്കുകയാണ് ചെയ്തത്. ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചിട്ട് ഒറ്റയ്ക്ക് ബ്രഹ്മത്തെ ലക്ഷ്യമാക്കി ഗുരു നടന്നില്ല. പകരം ഗുരു എല്ലാവരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിച്ചും സഹവസിച്ചും കൂട്ടമായി സഞ്ചരിച്ചും പ്രബോധനങ്ങൾ നല്കിയും മഹത്തായ ആത്മീയ ഏകാത്മകതത്ത്വങ്ങൾ പരിചയപ്പെടുത്തിയും കുറേക്കൂടി ദൈവസൗഹൃദപരമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ സ്വയം സമർപ്പിച്ചു.
സാമൂഹിക ബ്രഹ്മവീക്ഷണം
ഒരു സന്യാസി ഒറ്റയ്ക്ക് ബ്രഹ്മം തേടുന്നതും ഒരു സമൂഹത്തെയാകെ ചൈതന്യവത്തായി സാക്ഷരരാക്കി ബ്രഹ്മത്തെ തേടുന്നതും വ്യത്യസ്തമാണ്. ഗുരു സാമൂഹിക സംഭവങ്ങളിൽ അകമേ കണ്ണീർവാർത്തുകൊണ്ടിരുന്നു. മണ്ണിൽ പൂണ്ടുപോയ മനുഷ്യചേതനയെ സാഹോദര്യത്തിൻ്റെ ആകാശത്തിലേക്ക് ഉയർത്തുന്ന പ്രക്രിയയാണ് ഗുരുവിൻ്റേത്. ബ്രഹ്മം ഒരാളുടേതതല്ലല്ലോ; അതിൽ പോലും സമൂഹമുണ്ട്. അത് എല്ലാവരുടേതുമാണ്. എല്ലാവരും മുഖം നോക്കുന്ന കണ്ണാടിയാണത്. ആ ബോധം നല്കുന്നതല്ലേ ഏറ്റവും വലിയ വിദ്യാഭ്യാസം? .അതിലല്ലേ മഹത്തായ സൗമ്യതയും അറിവും ദയയും ഉരുത്തിരിയുന്നത് ?. വ്യക്തിപരമായ ബ്രഹ്മവാദിയിൽ നിന്ന് ഒരാൾ സമൂഹബ്രഹ്മവാദിയാകുന്നിടത്താണ് ഗുരുമാർഗം തെളിഞ്ഞുവരുന്നത് .ഈ സവിശേഷമായ ബ്രഹ്മമാർഗ്ഗം ഗുരുവിൽ മാത്രമാണ് നാം കാണുന്നത്. കേരളം ആ സാക്ഷരതയിൽ എത്രയോ മുമ്പേതന്നെ പദമൂന്നി വളർന്നു ! .
എന്നാൽ അതുൾക്കൊള്ളാൻ സഹജമായ അന്ധതമൂലം പലർക്കും കഴിയുന്നില്ല .സാമൂഹിക ബ്രഹ്മവീക്ഷണം ഗുരുവിൻ്റെ ഒരു സ്കൂളാണ് .അതിൽ നമ്മളെല്ലാം പഠിതാക്കളാണ്. ശേഷിക്കുന്നവരും , വ്യക്തിപരമായ കുശുമ്പും അല്പത്വവും ഭൗതികമായ പരിമിതികളും വിമുഖതകളും മാറ്റിവച്ച്, ചെരുപ്പ് ഊരി വച്ച് ആ ബ്രഹ്മവിദ്യാമഠത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ഒരു പുതിയ സാംസ്കാരിക സൂര്യോദയമാണ് അവിടെ കാണാനാവുക .മനുഷ്യർക്ക് ഏതു മതത്തിൽ വിശ്വസിച്ചുകൊണ്ടും ഉയർന്ന സാഹോദര്യത്തെ, പ്രാപഞ്ചിക ജൈവബന്ധങ്ങളെ ഉൾക്കൊള്ളാനുള്ള സ്ഥലമാണത്. ഗുരുവിൻ്റെ ഈ സ്കൂളിനെക്കുറിച്ച് എത്രപേർ പഠിച്ചിട്ടുണ്ട്? .
സാമൂഹ്യബ്രഹ്മം എന്ന സ്കൂൾ
"എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ '' എന്ന് കുമാരനാശാൻ എഴുതിയത് ഈ സാമൂഹ്യബ്രഹ്മം എന്ന സ്കൂളിൻ്റെ നിദർശനമായി കാണാം. ജനമനസ്സുകളെ കൂട്ടിയോജിപ്പിക്കുന്നവനാണ് ഏറ്റവും വലിയ ചികിത്സകൻ . ഒരാളെ മറ്റൊരാളോട് ചേർക്കാൻ പോലും കഴിയാത്തത്തരാണല്ലോ നമ്മളിൽ പലരും. തന്നെ മാത്രം സ്നേഹിച്ചിരിക്കുന്നവർക്ക് മറ്റൊരാളെ സ്നേഹിക്കാനാകുമോ ?വെറുപ്പായിരിക്കും രണ്ടു കൈകളിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ടാവുക . ഗുരുവാകട്ടെ , സ്നേഹമാണ് രണ്ട് കൈകളിലും ഏന്തിയിട്ടുള്ളത് .ഒരു ജനതയെ പരസ്പരം ഇണക്കുന്നിടത്താണ് സാമൂഹിക ബ്രഹ്മമഠം പ്രാവർത്തികമാകുന്നത്. കാൾ മാർക്സിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ നിന്ന് ഗുരുവിൻ്റെ സാമൂഹിക ബ്രഹ്മമഠത്തിലേക്ക് വലിയ ദൂരമുണ്ട്. ഉപാധിയില്ലാത്ത വന്യമായ ശക്തിയിൽ നിന്ന് മനോരഥ്യകളിലെ രമ്യതയിലേക്കുള്ള ദൂരമാണത്. 'സന്യാസികളില്ലിങ്ങനെ ' എന്ന് കുമാരനാശാന് എഴുതേണ്ടി വന്നത് ഇതുകൊണ്ടാണ്.
''ആഹാ ബഹുലക്ഷം ജനമങ്ങേ തിരുനാമ
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ " എന്ന് ആശാൻ എഴുതുന്നത് മഹത്തായ ഒരു ഏടാണ്.
കപടനാടകം എന്ന അനുസ്യൂതി
ജനലക്ഷങ്ങൾക്ക് ഈ ദിവ്യകാരുണ്യ ബ്രഹ്മമഠം മോചനമായിത്തീർന്നിരിക്കുന്നു.
"അലയുമിതൊക്കെയും കപടനാടകമെന്നറിയും
നിലയിലിരുന്നറിഞ്ഞഴിതിന്നു നിനയ്ക്കുക നീ
തലയിലെഴും തരoഗനിര തള്ളി നിറഞ്ഞു മറ -
ഞ്ഞലർശരവൈരി ,നിന്നുടെ പദങ്ങളിലെന്നിനിയാം?"
ഈ ലോകജീവിതം വെറും നാടകമാണെന്ന് ഗുരു പറഞ്ഞിരിക്കുന്നു. ഷേക്സ്പിയർ പറഞ്ഞത് ഓർമയില്ലേ ,മനുഷ്യജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥയാണെന്ന്. ഗുരുവിൻ്റെ കാഴ്ചപ്പാടിൽ, ഇത് നാടകമല്ല ,കപടനാടകമാണ്. നാടകമെന്ന സങ്കല്പത്തിൽ എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെ കപടനാടകം അരങ്ങേറ്റുന്നു. അപ്പോൾ അഭിനയം എന്ന പേരിലുണ്ടാവുക കാപട്യമായിരിക്കും .യാഥാർഥ്യം വറ്റി വരണ്ടുപോയ ഒരവസ്ഥയിൽ മനുഷ്യനു കാരുണ്യം തന്നെയാണ് വേണ്ടതെന്ന് സൂചിതമാവുന്നു. അർത്ഥശൂന്യതയ്ക്ക് അഭിമുഖമായി നില്ക്കുന്ന ലോക ജീവിതത്തെ എങ്ങനെ അർത്ഥപരമായി ഉൾവെളിച്ചമുള്ളതാക്കാം.? അവിടെയാണ് സമൂഹബ്രഹ്മമഠം പ്രവർത്തിക്കുന്നത്. നമ്മളെല്ലാം പൊരുളുകളാൽ ,സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നതറിഞ്ഞാൽ, നമുക്ക് പിരിയാൻ പ്രയാസം തോന്നും. വേർപെടൽ ദുസ്സഹമാകുന്നത് അപ്പോഴാണ്. വെറും മനുഷ്യർക്ക് വേർപെടാൻ ക്ലേശമുണ്ടാവില്ല. എന്നാൽ ആത്മബോധമുള്ളവർ ദു:ഖിക്കും; കാരണം ഒന്നിൽ നിന്ന് പറിച്ചെടുക്കുകയാണല്ലോ. ഈ ബോധം നേടുന്നപക്ഷം ,സാർവ്വലൗകികമായ പാരസ്പര്യത്തെ ഉൾക്കൊള്ളുന്ന പക്ഷം അത് ദൈവികമായിതീരുന്നതായി ഗുരു എഴുതുന്നു. ആ ബോധത്തിൽ ഇരുന്നുകൊണ്ടുതന്നെ തനിക്ക് ദൈവ സാക്ഷ്യം നല്കണമെന്ന് ഗുരു അപേക്ഷിക്കുന്നതിൻ്റെ പൊരുൾ മറ്റൊന്നല്ല. മഹാദേവൻ്റെ ശിരസ്സിൽ നിന്നു വരുന്ന ഗംഗയിലെ തരംഗങ്ങൾ ഈ നശ്വരജീവികളെയാണ് ഓർമ്മിപ്പിക്കുന്നത്.ആ തരംഗങ്ങൾ പ്രവാഹമായി നിറഞ്ഞൊഴുകുകയാണ്. ജീവിതം പരന്നൊഴുകുകയാണല്ലോ, കാലത്തിൽ .പ്രപഞ്ചവും ഒരു കാല വിസ്താരമാണ് .അതിലെ തിരകളാണ് ജീവനുകൾ. കോടിക്കണക്കിന് ജീവനുകൾ ഓരോ നിമിഷവും തിര പോലെ ഉയരുന്നു ,പിന്നീട് വീഴുന്നു .വേറെ പിറക്കുന്നു .എന്നാൽ തിരകൾ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നു. അപ്പോഴും ജലമവിടെയുണ്ട് .ലയം ബ്രഹ്മമഠത്തിൻ്റെ സാക്ഷാത്ക്കാരമാണ്.
വിസ്മൃതിയുടെ കാലം
ഗുരുവിൻ്റെ ആത്മമഠം എന്താണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ജീവിതത്തിൻ്റെ നൈമിഷികത തിരകൾ പോലെയാണ്.അത് മറയാനുള്ളതാണ്; ബൃഹത്തായ ഒരു കാലത്തിലേക്ക് മറയുകയാണ്. കാലമാകട്ടെ അനുസ്യൂതമാണ്. ആ അനുസ്യൂതിയിൽ എല്ലാം വിസ്മൃതമാവുകയാണ് .കാലം എല്ലാറ്റിനെയും വിസ്മൃതമാക്കാനുള്ളതാണ്. പ്രപഞ്ചത്തിൽ വിസ്മൃതിയാണ് മുഖ്യമായും ആലേഖനം ചെയ്യുന്നത്. ജീവനുകളാകുന്ന തിരകൾ അപ്രത്യക്ഷമായി ,നദിയിൽ പ്രവാഹമായി നിറയുമ്പോൾ ജീവിതത്തിൻ്റെ പെരുംപരപ്പ് ദൃശ്യമാകുന്നു. അവിടെ നാമരൂപങ്ങളില്ല; ജീവിതങ്ങൾ മാത്രം. മറഞ്ഞ തിരകൾ പിന്നീട് വരില്ല. മറ്റൊന്നാണ് വരുന്നത്. മഹാജീവിതതത്ത്വം, പ്രപഞ്ചതത്ത്വം ഇതിനേക്കാൾ സരളമായി പറയാനാകുമോ? അനശ്വരതയെയും മറികടക്കുന്ന ആത്യന്തികമായ അനന്തതയെ ഗുരു പ്രവാഹമായി സങ്കല്പിച്ചിരിക്കുന്നു. കാലമാണ് ആ പ്രവാഹം .അവിടെ മനുഷ്യരോ പ്രാണികളോ ആരുമില്ല .ശൂന്യതയാണ് ശേഷിക്കുന്നത് .ആ ശൂന്യതയിൽ സ്വന്തം ജാതിയിലും സ്വത്തിലും കഴമ്പുണ്ടെന്ന് പറഞ്ഞ് അട്ടഹസിക്കുന്നവൻ എത്ര വലിയ വിഡ്ഢിയായിരിക്കും ?പലരും ആത്മീയ മൂല്യങ്ങളെ തൃണവൽഗണിച്ച്, മറ്റുള്ളവരെ ദ്രോഹിച്ച് ,വെറുത്ത് സമ്പത്തും ധനവും കുന്നുകൂട്ടുന്നു. മരിക്കാൻ നേരമാണ് അതെല്ലാം എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നത്. മറച്ചുവെച്ച സമ്പാദ്യങ്ങൾ, ചിലപ്പോൾ ആ സമയത്താകും പുറത്തു പറയുന്നത്.എന്നാൽ അതെല്ലാം നിരർത്ഥകമാകുകയാണ് .യാതൊന്നും അയാൾക്ക് ഉപകരിക്കുകയില്ല. അയാൾ നേടിയ ലാഭങ്ങളെല്ലാം കെട്ടുകഥകളാകുന്നു. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമാവും ശേഷിക്കുക.കാരണം അത് മായ്ച്ചു കളയാനാവില്ല.
വ്യർത്ഥതയ്ക്ക് കനം വയ്പിക്കാൻ മനുഷ്യർ നടത്തുന്ന ഹീനശ്രമങ്ങളെയാണ് ഗുരു കപടനാടകം എന്ന് വിളിച്ചിരിക്കുന്നത്. അജ്ഞയുടെ അന്ധതമസ്സിൻ്റെ ആഴങ്ങളിലേക്ക് ഗുരു എറിഞ്ഞ തീപ്പന്തമാണ് ഈ സാരവാക്കുകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.