അനുധാവനം
കഥയിലെ യാഥാസ്ഥിതിക ശക്തികൾ
എം.കെ.ഹരികുമാർ
Each thing wants the solitude of its being.
Spinoza
സവിശേഷ
മനസുള്ള ഒരു വായനക്കാരനെ അഗാധമായി സ്വാധീനിക്കുന്നതോ ,വശീകരിക്കുന്നതോ ആയ
യാതൊന്നും മലയാള കഥയിൽ ഇപ്പോൾ സംഭവിക്കുന്നില്ല .അതിൻ്റെ കാരണങ്ങൾ പലതാണ്
.എങ്കിലും രണ്ടു കാര്യം പറയാം: ഒന്ന് ,കഥയുടെ അനുഭവം ഇല്ലാതെ പലരും
എഴുതുകയാണ്. അതായത് ഉള്ളിൽ അനുഭവിക്കാത്തത് എഴുതുന്നു.രണ്ട് ,കഥ
എഴുത്തുകാരനു ഒരു പ്രചോദനമാകുന്നില്ല. യാത്ര ,ഓർമ്മ തുടങ്ങിയ
പ്രമേയങ്ങൾക്ക് കഥാകൃത്തുക്കൾ കൂടുതൽ സമയം കൊടുക്കുന്നു. ഒരു കഥാകൃത്ത്
ഇന്ന് തൻ്റെ ആകെയുള്ള രചനകളിൽ ഏറ്റവും പ്രാധാന്യം കുറച്ചു കാണുന്നത്
സ്വന്തം കഥകളെയാണ്. പൈങ്കിളികൾ സുനാമി പോലെ വരുകയാണ്. കാല്പനിക പൈങ്കിളി
,ഉത്തരാധുനിക ,കലാശാലാ പൈങ്കിളി ,ഗൃഹാതുരത്വ പൈങ്കിളി എന്നിങ്ങനെ ആ നിര
നീളുന്നു. ഓർമ്മയെഴുത്തും യാത്രാവിവരണവുമൊക്കെ ഒരു കഥാകൃത്തിൻ്റെ ഉള്ളിൽ
മഞ്ഞുപാളികൾ പോലെ ഉറഞ്ഞുകിടക്കുന്ന പൈങ്കിളിത്തത്തെ ഓടിച്ചെന്ന്
കെട്ടിപ്പിടിക്കാനുള്ള അദമ്യമായ വാഞ്ചയുടെ ഭാഗമായി കാണണം. കഥയെഴുതാൻ
തുടങ്ങുന്നവൻ പോലും ഇന്ന് ആത്മകഥ എന്ന പൈങ്കിളി എഴുതുകയാണ്.
ആധുനികത ചരസ്സല്ല
സ്വയം മനസ്സിലാക്കാനുള്ള
വഴിത്താര
സ്വന്തമാക്കാത്തവർ എഴുതിയിട്ടു കാര്യമില്ല. ഇത്തരക്കാരുടെ എഴുത്ത്
ഫെയ്സ്ബുക്കിനു കൊള്ളാം. അവിടെയാവുമ്പോൾ ഏത് മാലിന്യവും മഹാത്ഭുതമെന്ന
മട്ടിൽ സ്വീകരിക്കപ്പെടുമല്ലോ. ജീവിതാനുഭവം എന്ന അറിവ് തന്നെ കാലാനുസൃതമായി
മാറുകയാണ്.ഫ്രഞ്ച് എഴുത്തുകാരനായ മാർസൽ പ്രൂസ്ത് പറഞ്ഞതുപോലെ ,ഓർമ്മകൾ
പിന്നീട് ഓർക്കുമ്പോൾ അത് പണ്ട് സംഭവിച്ച പോലെയായിരിക്കില്ല .ഈ പരിണാമം
എങ്ങനെ സംഭവിക്കുന്നു.?മനസാണ് പ്രവർത്തിക്കുന്നത്. നാം സ്വയം
പുനസൃഷ്ടിക്കുന്നതാണ് കഥ. ബാഹ്യസമ്മർദ്ദത്തിൽപ്പെട്ട് എന്തെങ്കിലും
കുത്തിക്കുറിച്ച് കഥ എന്ന് പേരിട്ട് ഓണപ്പതിപ്പുകൾക്ക് അയയ്ക്കുമ്പോൾ
വായനക്കാരനെ ഗൗനിക്കേണ്ടതില്ലല്ലോ.എന്നാൽ വായനക്കാരൻ ഒരു ഗിനിപ്പന്നിയല്ല
,എന്തും പരീക്ഷിക്കാൻ. വായനക്കാരനിലാണ് എല്ലാ അറിവുകളുമുള്ളത്. അവൻ
സമകാലികനാണ് ,എഴുത്തുകാരനേക്കാൾ .അവനെ തുല്യമായി പരിഗണിക്കുന്നവനേ വലിയ
എഴുത്തുകാരനാവുകയുള്ളു.
പെരുമ്പടവം ശ്രീധരൻ, പക വീട്ടാനെന്ന പോലെ ,
ഓണക്കാലത്ത് ഒരു കഥയെഴുതി താൻ പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന്
മുദ്രപ്പത്രത്തിൽ എഴുതി തന്നു. വായനക്കാരൻ പണിയൊന്നുമില്ലാതെ കലുങ്കിൽ
കാറ്റുകൊണ്ടിരിക്കുകയാണല്ലോ. അവനെ ഏത് രീതിയിലും അപമാനിക്കാം. അവൻ
നിസ്സഹായനാണല്ലോ. പെരുമ്പടവം ശ്രീധരൻ എഴുതിയ 'തനിക്കുള്ള കുരിശും പണിഞ്ഞ്
ഒരാൾ ' (പ്രസാധകൻ) എന്ന കഥ മലയാളികളുടെ ഇന്നലെകളിലെ ധൈഷണിക ജീവിതത്തെയാകെ
പിടിച്ചു നിർത്തി കളിയാക്കുകയാണ്.ഒരു 'ഉത്തരാധുനിക'നല്ല താനെന്ന് കഥാകൃത്ത്
തുടരെ പറഞ്ഞു കൊണ്ടാണ് കഥ വിവരിക്കുന്നത്. താൻ എഴുതിവച്ച ഒരു കഥ പറഞ്ഞു
തരുന്ന രീതിയിലാണ് ആഖ്യാനം. ഇതു തന്നെ ഉത്തരാധുനിക രചനാരീതിയുടെ
ഭാഗമാണ്.എന്നിട്ടും കഥയിലുടനീളം അദ്ദേഹം ആധുനികത ,ഉത്തരാധുനികത തുടങ്ങിയ
പ്രവണതകളെ അതിൻ്റെ ചരിത്രപരമായ വിജ്ഞാനബാഹുല്യം ഗൗനിക്കാതെ ചീത്ത
വിളിക്കുകയാണ്. സാഹിത്യത്തിലെ നവപ്രവണതകളോടെല്ലാമുള്ള ആഴമേറിയ
വെറുപ്പും വിദ്വേഷവും ദംഷ്ട്രകൾ പ്രദർപ്പിക്കുകയാണ് ഈ കഥയിൽ.
ആധുനികന്മാരൊക്കെ കള്ളുകുടിയന്മാരും ആർത്തവക്കാരുമാണത്രേ. ഈ വിവേകശൂന്യത
2020 ലും പിന്തുടരുന്നവരുടെ മാനസികാവസ്ഥ എന്താണ് ?ഇവരൊക്കെയല്ലേ
യാഥാസ്ഥിതിക പൈങ്കിളികൾ ?
ഒ.വി.വിജയൻ എഴുതിയ പാറകൾ ,അരിമ്പാറ
,മറുകുകൾ തുടങ്ങിയ കഥകൾ വായിക്കാൻ ഇക്കൂട്ടരോട് ആവശ്യപ്പെടുകയാണ്. ഈ കഥകൾ
നിങ്ങൾ കരുതുന്ന പോലെ ആർത്തവമല്ല; ആത്മാവാണ്.പെരുമ്പടവത്തിൻ്റെ കഥയിൽ രണ്ടു
നായകന്മാരാണുള്ളത് . പക്ഷേ ,ഇവർ പരസ്പരം കണ്ടിട്ടില്ല .എന്നാൽ രണ്ടു
പേരിലും ജീവിക്കുന്നത് പെരുമ്പടവമാണ് . നേരത്തേ എഴുതി വച്ച ഒരു കഥ
നമുക്കായി പറയുകയാണിവിടെ. ആ കഥയിൽ ഒരാളേയുള്ളു. അത് ഒരു വിപ്ളവപാർട്ടിയിൽ
പണ്ടു പ്രവർത്തിച്ചിരുന്ന ഒരു പിന്തിരിപ്പനാണ്. അയാൾ ഏതോ പ്രേരണയാൽ വീട്ടിൽ
വരുകയാണ് ,വർഷങ്ങൾക്കു ശേഷം .മഹത്തായ ഏതോ കർമ്മം പോലെ. എത്ര പഴകിയ
പ്രമേയമാണിത് ! സിനിമയിൽപ്പോലും ഇങ്ങനെയുള്ള നിറം കെട്ട വിഷയങ്ങൾ ഇപ്പോൾ
ആരും എടുക്കാറില്ല. ഒരു വലിയ ഉപകാരം അയാൾ ചെയ്തു :തിരിച്ചു പോകുകയാണ്.
ഭാഗ്യം. എന്നാൽ ഇതിനിടയിലൂടെ കാക്കനാടൻ തുടങ്ങിയ എഴുത്തുകാരെ വൃഥാ
പ്രതിക്കൂട്ടിൽ നിറുത്തി ചെളി വാരിയെറിയുകയാണ്.ഒരു ഭാഗം നോക്കുക: ''ഈ
ചായക്കടക്ക് പകരം കഥയിൽ ഒരു ചാരായ ഷാപ്പായിരുന്നെങ്കിൽ എത്ര
നന്നായിരുന്നേനെ എന്നാവും ചിലർ ചിന്തിക്കുന്നത് .എങ്കിൽ കുറച്ചെങ്കിലും
ആധുനികത വന്നേനെ. അല്ലേ ?പട്ടച്ചാരായവും കഞ്ചാവും ഭാംഗും ചരസും
മൃത്യുവാഞ്ചയും ശുക്ളവും ആർത്തവ രക്തവും കൊണ്ടല്ലേ ഒരിക്കൽ നമ്മൾ ആധുനികത
ആഘോഷിച്ചത് ?"
ഇതിൽ നിന്ന് മനസ്സിലാവുന്നത് പെരു മ്പടവം
ആധുനികതയെക്കുറിച്ച് ,അതിൻ്റെ താത്വികവും ദാർശനികവുമായ ഉയർന്ന
മേഖലകളെക്കുറിച്ച് ഒന്നും ഉൾക്കൊണ്ടിട്ടില്ല എന്നാണ്. അദേഹം ഇപ്പോഴും
ചരസ്സിലും ശുക്ളത്തിലും നില്ക്കുകയാണ് .മലയാള സാഹിത്യത്തിൽ ഇപ്പോൾ
ഇങ്ങനെയൊക്കെ എഴുതാം. കാരണം വായനയോട് വിട പറഞ്ഞവരും ചിന്താശൂന്യരുമായ
ധാരാളം കഥാകൃത്തുക്കൾ പെരുമഴക്കാലത്തെന്ന പോലെ
ഒലിച്ചെത്തിയിരിക്കുകയാണിപ്പോൾ.
എം.ടി. എഴുതാത്തത് ബോർഹസ്
വായനക്കാരനെ
തന്നേ പോലെ ബഹുമാനിക്കുന്ന എഴുത്തുകാരിൽ ഉന്നത സ്ഥാനമാണ് എം.ടിക്കുള്ളത്.
അദ്ദേഹം സകലമാന ഓണപ്പതിപ്പുകളിലും എഴുതുന്നില്ലല്ലോ. ഓണം കഴിഞ്ഞാലും
എഴുതുന്നില്ല. എഴുതാൻ വേണ്ടി എഴുതുകയില്ല .മറ്റു ചിലരെപ്പോലെ ,മനസ്സിൽ
ഒന്നുമില്ലാത്തപ്പോഴും എന്തെങ്കിലും കുത്തിക്കുറിച്ച് അയയ്ക്കുകയില്ല
.എം.ടി എഴുത്തിനെ പരമപ്രധാനമായി കാണുന്നു. തന്നെ വായിക്കുന്നവരെ
ഗൗരവത്തോടെ പരിഗണിക്കുന്നു. അതുകൊണ്ടാണ് ശരിയായ പ്രചോദനം ഉണ്ടാകാൻ വേണ്ടി
വർഷങ്ങളോളം എഴുതാതിരിക്കുന്നത് .ആരെങ്കിലും വിളിച്ചു പറഞ്ഞാലുടനെ എഴുതാനിരി
ക്കുകയല്ല അദ്ദേഹം. ഷെർലക് ,വാനപ്രസ്ഥം തുടങ്ങിയ കഥകൾ എഴുതിയിട്ട് എത്ര
വർഷങ്ങളായി ! .എം.ടി.പിന്നീട് എഴുതിക്കാണുന്നില്ല .ഇപ്പോൾ എം ടിയുടെ ഒരു കഥ
മലയാള സാഹിത്യം ശരിക്കും ആഗ്രഹിക്കുന്നു.
ബോർഹസും നോവലും
അർജൻറയിൻ
കഥാകൃത്ത് ഹൊർ ഹെ ലൂയി ബോർഹസ് നോവലെഴുതിയിട്ടില്ല .തനിക്ക് ദീർഘമായി
പ്രതിപാദിക്കാൻ ഒന്നും തന്നെയില്ലെന്നാണ് ബോർഹസ് ഒരിക്കൽ പറഞ്ഞത്. Pierre
Menard Author of the Quixote ,The Library of Babel തുടങ്ങിയ വ്യത്യസ്തമായ
കഥകൾ എഴുതിയ അദ്ദേഹം മറ്റൊരു പ്രമുഖ എഴുത്തുകാരനായ വർഗാസ് യോസയുമായി
സംസാരിച്ചതോർക്കുന്നു. ഇഷ്ടപ്പെട്ട ഏതാനും നോവലിസ്റ്റുകളുടെ പേരു പറയാൻ
ആവശ്യപ്പെട്ടപ്പോൾ ബോർഹസ് മൗനം പാലിക്കുകയാണ് ചെയ്തത്. താൻ വളരെ കുറച്ചു
നോവലുകളാണ് വായിച്ചിട്ടുള്ളതെന്ന് പറയുകയും ചെയ്തു.
ഒരു മാങ്ങാക്കറിയും ഒത്തിരി സ്നേഹവും
രേഖ
.കെ യുടെ 'അങ്കമാലിയിലെ മാങ്ങാക്കറിയും നിൻ്റെ അപ്പവും വീഞ്ഞും '
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 27) എന്ന കഥ ഓർമ്മയിൽ വരുകയാണ് .രേഖ
കഥപറയുന്നതിനിടയിൽ ആധുനികതയോടോ ഉത്തരാധുനികതയോടോ ഉള്ള പക വരികൾക്കിടയിൽ
ഒളിപ്പിക്കുന്നില്ല. രേഖ തൻ്റെ സ്നേഹത്തിൻ്റെ പല കൈവഴികൾ
കണ്ടുപിടിക്കുകയാണ്. മനുഷ്യർക്ക് സ്നേഹം എന്നൊരു വികാരമുണ്ട്. അത് ഒരു
അനുഗ്രഹവും സിദ്ധിയുമാണ്. നമ്മെ അരും സ്നേഹിക്കാത്തപ്പോഴും, ഇരുട്ടിൽ
പ്രകാശിക്കുന്ന ഒരു വിളക്ക് പോലെ അത് നമുക്ക് ആശ്വാസമാകും. സ്നേഹം
വറ്റാതിരിക്കുന്നതാണ് മനുഷ്യത്വം .രേഖ അത് ഈ കഥയിൽ പലയിടത്തായി
സൂക്ഷിക്കുന്നുണ്ട്.ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം:
"ജോലിയിലെ
അവൻ്റെ മികവ് ,പെരുമാറ്റത്തിലെ മര്യാദ ,ആർക്കും അനിയാ എന്ന് വിളിച്ച്
ചേർത്തു പിടിക്കാൻ തോന്നുന്ന രൂപവും ഭാവവും ! .അങ്കമാലി മാങ്ങാക്കറിയും
,കനലിൽ ചുട്ടെടുത്ത ഉണക്കമീനും അവൻ്റെ അമ്മ എപ്പോഴോ ഉണ്ടാക്കി വച്ചിരുന്ന
പയർ കൊണ്ടാട്ടവും അരിവറ്റലും തൈരുമുളകും കൂടിയായപ്പോൾ അത്രയും രുചിയുള്ള
ഊണു നാളിതുവരെ കഴിച്ചിട്ടില്ലെന്നു തോന്നി.
''നീയിതു വരെ ഒന്നും കഴിച്ചിരുന്നില്ലേ ?"
"ഇല്ല
ചേച്ചി.... ഒറ്റയ്ക്കിരിക്കുമ്പോൾ നമുക്കൊന്നും ഉണ്ടാക്കാനോ കഴിക്കാനോ
തോന്നില്ല .ഇപ്പോ ചേച്ചി കൂട്ടിനുള്ളതുകൊണ്ടാ കഴിക്കുന്നത് " .
കഥയും മതവും
സമീപകാലത്ത്
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ "കെ.പി.ഉമ്മർ ' (മാതൃഭൂമി
ആഴ്ചപ്പതിപ്പ്)അങ്ങേയറ്റം മതവിദ്വേഷം വമിക്കുന്ന ഒരു വിധ്വംസക
രചനയായിരുന്നു. വായനക്കാരെ ദുഷ്ടലാക്കോടെ ഹിന്ദുക്കളും മുസ്ലിങ്ങളുമായി
വിഭജിക്കുകയാണ്. കെ.പി.ഉമ്മറിനെക്കുറിച്ച് ഓർത്ത് അനാവശ്യമായി
ദേഷ്യപ്പെടുന്ന ഒരു ഹിന്ദു കഥാപാത്രത്തെ എന്തിനാണ് സൃഷ്ടിച്ചത്.?
ഉമ്മറുമായി യാതൊരു പ്രശ്നവും ഈ കഥയിലെ ഗോപാലകൃഷ്ണനില്ല .എന്നിട്ടും അയാൾ
ഉമ്മറിനെ വെറുക്കുകയാണ്. ഉമ്മർ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ട്
ആരെങ്കിലും അദ്ദേഹത്തെ വെറുക്കുമോ ? അങ്ങനെയാണെങ്കിൽ ബാലൻ കെ.നായരെയും ജോസ്
പ്രകാശിനെയും വെറുക്കണല്ലൊ. അതുണ്ടാകുന്നില്ല. ഇവിടെ കാര്യം വ്യക്തമാണ്.
ഒരു മതത്തിൽപ്പെട്ടവരെയെല്ലാം വില്ലന്മാരായി കണ്ട് വെറുക്കുന്ന ചിലർ ഇവിടെ
ഉണ്ടെന്ന കുബുദ്ധി പ്രയോഗിക്കുകയാണ് കഥാകൃത്ത്.അതു വേണ്ട .നമ്മുടെ നാട്ടിൽ
പ്രേം നസീർ ,സത്യൻ ,ഉമ്മർ ,മധു തുടങ്ങിയവരെ പ്രേക്ഷകർ സ്വീകരിച്ചത് അവരുടെ
മതം നോക്കിയല്ല .ഈ വിവേകം കഥാകൃത്തുക്കൾക്കും ഉണ്ടാകണം.
പ്രേമിക്കുന്നത് കല്യാണം കഴിക്കാനോ ?
ജോർജ്
ഓണക്കൂറിൻ്റെ 'എനിക്ക് എന്നെ ഇഷ്ടമാണ് ' (ദീപിക വാർഷികപ്പതിപ്പ്)എന്ന
കഥയിലെ ലോകം വളരെ ചെറുതാണ്.ഒരാൾ കഷ്ടപ്പെട്ട് കോളജ് പഠനം
പൂർത്തിയാക്കുന്നു. പിന്നീട് കോളജിൽ ജോലി കിട്ടിയെങ്കിലും
തുടരാനായില്ല.അതിനു ശേഷമാണ് ഒരു പത്രത്തിൽ ചേർന്നത്. അതിനിടയിൽ
യാദൃച്ഛികമായി ഒരു കഞ്ഞിക്കടയിൽ വച്ച് പഴയ കോളജ് കാമുകിയെ കാണുന്നു.
പൊടുന്നനെ ആ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയാണ് !.
എന്തിനാണ് പ്രേമിച്ച
പെണ്ണിനെ വിവാഹ ജീവിതത്തിൽ കൊണ്ടുപോയി നശിപ്പിക്കുന്നത് ?പ്രണയം
ആകാശമാണെങ്കിൽ വിവാഹം ഞാണിന്മേൽ കളിയാണ്. വിവാഹിതർക്ക് പ്രേമമില്ല;
പ്രേമത്തെക്കുറിച്ചുള്ള സങ്കല്പത്തിന്നകത്ത് ട്രിപ്പീസിയം ആടിയാൽ മതി.
മനുഷ്യരുടെ
പ്രണയമൊക്കെ കല്യാണത്തിനുള്ള കുറുക്കുവഴിയാകുന്നത് ഇന്ന് പ്രതിലോമ
ചിന്തയാണ്. കാരണം ,രണ്ടു പേർ പ്രേമിച്ച് സ്വാർത്ഥതയോടെ നാലു
ചുവരുകൾക്കുള്ളിലേക്ക് വലിയുന്നതിനെ ആദർശവത്ക്കരിക്കേണ്ടതില്ല .
പ്രണയം
ഒരു മഴവില്ലാണ്. അത് പ്രതീക്ഷയും സ്വാതന്ത്ര്യവുമാണ്. ഇതിനു നേരെ
വിപരീതമാണ് വിവാഹം.വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'മതിലുകൾ' എന്തുകൊണ്ടാണ്
ശ്രദ്ധ നേടിയത് ? നിരാശനായി ജയിലിൽ കഴിയുന്ന ബഷീർ പ്രണയത്തിലേക്ക്
വീഴുകയാണ്. അനിവാര്യമായ വീഴ്ചയാണത്. താൻ കാണാത്ത ഒരു പെണ്ണിനെ അവളുടെ ശബ്ദം
കേട്ട് പ്രേമിക്കുന്നു. ഇത് വിവാഹം കഴിക്കാനല്ല .പ്രേമം മനുഷ്യൻ്റെ
ആന്തരികമായ ആവശ്യമായി ഉയിർ കൊള്ളുകയാണ് .എന്നാൽ ഓണക്കൂറിൻ്റെ കഥയിലെ പ്രേമം
വളരെ ആസൂത്രിതവും പ്രായോഗിക ലക്ഷ്യം നോക്കിയുള്ളതും ദുഷ്ടസാമർത്ഥ്യത്തെ
വിളംബരം ചെയ്യുന്നതുമാണ്. പ്രണയിക്കുന്നവരുടെ ജീവിതത്തിൻ്റെ അതിർത്തി
പ്രപഞ്ചമാണ്. എന്നാൽ വിവാഹിതരുടെ പ്രണയത്തിൻ്റെ അതിർത്തി വീട്ടുമുറ്റത്തെ
മതിലിൽ അവസാനിക്കും.
ചീത്തക്കഥകളുടെ പാരായണംകാൽവിനോ
ഒരു ചീത്തക്കഥ
വായിച്ചാൽ മനസ്സ് തളരും; കുറ്റബോധം തോന്നും. ചിലപ്പോൾ അസുഖം ബാധിച്ചേക്കാം.
ഓണക്കാലത്തെ കഥകൾ വായിച്ച് എൻ്റെ ആരോഗ്യനില വഷളായി.വാതവും അലർജിയും
പിടിപെട്ടോ എന്ന് സംശയമുണ്ട്. വായന ഒരു സർഗാത്മക പ്രക്രിയയാണ്. നമ്മുടെ
മനസ്സിനെ അത് ജ്വലിപ്പിക്കണം. വായിക്കുമ്പോൾ മനസ്സിലേക്ക് ഒരു പരിമളം വരും,
നല്ല രചനയാണെങ്കിൽ. ഹെർമ്മൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ ', തോമസ് മന്നിൻ്റെ '
മാജിക് മൗണ്ടൻ', റിച്ചാർഡ് ബാക്കിൻ്റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ തുടങ്ങിയ
കൃതികൾ വായിക്കുമ്പോൾ മനസ്സ് ഒരു പക്ഷിയെപ്പോലെ പറക്കാനായും. അത്
അസ്തിത്വത്തിൻ്റെ രഹസ്യം സാവധാനം മറനീക്കുകയാണ്. നമ്മൾ ഒരു തേനീച്ചയെപ്പോലെ
പറന്നു ചെന്ന് സുഗന്ധമുള്ള പൂക്കളിലിരിക്കും. അവിടെ നിന്ന് വീണ്ടും
പറക്കുകയാണ്; പരാഗണമാണ് നടക്കുന്നത്. ലോകത്തിൻ്റെ നിലനില്പ് ഈ
പരാഗണത്തിലാണുള്ളത്. ഒരു സുമനസ്സിൽ നിന്ന് തേനുംകൊണ്ട് മറ്റൊരിടത്തേക്ക്
യാത്രയാവുകയാണ് നമ്മൾ .ഇതിനുപകരിക്കാത്ത കൃതികളെ വർജിക്കണം. വിമർശനത്തിൻ്റെ
പ്രസക്തി ഇവിടെയാണ്.
അശോകൻ ചരുവിലിൻ്റെ രണ്ടു കഥകളാണ് അടുത്തിടെ
വായിച്ചത്. മഠത്തിൽ ബലരാമൻ (മാതൃഭൂമി ഓണപ്പതിപ്പ് ) ,തലകുത്തി മറിയുന്ന
മൂന്ന് വൃദ്ധന്മാർ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 27 ) എന്നീ രചനകൾ
മലയാള കഥയിൽ വിശേഷിച്ച് ഒരു മാറ്റവുമുണ്ടാക്കുന്നില്ല. കഥാബാഹ്യമായ ചില
ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എഴുതിയത്.കഥ എന്ന
കലാരൂപത്തിൻ്റെ സൗന്ദര്യാത്മകമായ അനുഭവം ഇവിടെ ലക്ഷ്യമേയല്ല.
മഠത്തിൽ
ബലരാമൻ എന്ന ആഢ്യൻ ഇടതുപക്ഷ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന
യാഥാസ്ഥിതിക സാംസ്കാരിക നായകന്മാരെയാണ് ഓർമ്മിപ്പിക്കുന്നത്.രോഗത്താൽ
ആന്തരിക ശൂന്യതയിലമർന്ന ഈ കൃശഗാത്രനിൽ പക്ഷേ ,ഉന്നതജാതി എന്ന മിഥ്യാബോധം
സർപ്പത്തിൻ്റെ ഫണം പോലെ ചീറ്റുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോ ,തോമസ്
ഐസക്കോ ,എം എ.ബേബിയോ ഒന്നും ഇതിൽ കുറ്റക്കാരല്ല .എന്നാൽ സാംസ്കാരിക
സ്ഥാപനങ്ങളെ നയിക്കുന്നവർ സ്വജനപക്ഷപാതികളും അയിത്തക്കാരുമാണെന്ന്
സൂചിതമാവുന്നു.
'തലകുത്തി മറിയുന്ന മൂന്നു വൃദ്ധന്മാർ ' മുസ്ലിം
സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടി എഴുതിയതാണ്.ഒരു കുടുംബത്തിലെ മൂന്നു
പുരുഷന്മാർ പല കാരണങ്ങൾ കൊണ്ട് പുറത്തിറങ്ങാൻ വയ്യാതെ വീട്ടിൽ കഴിയുകയാണ്.
അവർ മാനസികമായി ഒറ്റപ്പെട്ടിരിക്കയാണ്. അവരെ ബാഹ്യലോകം പിൻവാങ്ങാൻ
പ്രേരിപ്പിച്ചു എന്നാണ് കഥയിൽ സൂചിപ്പിക്കുന്നത്. ഇക്കാലത്ത് ഇതുപോലുള്ള
കഥകൾ എഴുതുന്നത് കൃത്യമായി മതരാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. പക്ഷേ ,ഇത്
സഹൃദയത്വമല്ല ,വിദ്വേഷമാണ് ജനിപ്പിക്കുന്നത്.
അഷ്ടമർത്തിയുടെ
'യേശുദാസും ജയചന്ദ്രനും ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 28) എന്ന കഥയും
ഏഴാച്ചേരി രാമചന്ദ്രൻ്റെ 'യേശുദാസും വൈലോപ്പിളളിയും' (ഗ്രന്ഥാലോകം
,സെപ്റ്റംബർ ) എന്ന കവിതയും ഒരേ തരംഗദൈർഘ്യത്തിൽ ചുറ്റിത്തിരിയുകയാണ്.
സ്കൂൾ കാലത്തെ പാട്ടുമത്സരത്തെക്കുറിച്ച് എഴുതി അഷ്ടമർത്തി കഥ എന്ന
മാധ്യമത്തിൽ വന്നിട്ടുള്ള എല്ലാ മാറ്റങ്ങൾക്കും പുറം തിരിഞ്ഞു
നില്ക്കുകയാണ്. ബോർഹസ് ,ഗാർസിയ മാർകേസ് തുടങ്ങിയവരുടെ കഥകൾ വായിച്ച്
ഉയർന്ന സംവേദനക്ഷമത നേടിയ വായനക്കാരുടെ മുന്നിലേക്ക് ഇതുപോലുള്ള രചനകൾ
കൊണ്ടുവരുന്നതിൻ്റെ ലക്ഷ്യമെന്താണ് ? ഗൃഹാതുരത്വത്തിൻ്റെ ചതുപ്പുനിലങ്ങളിൽ
കഴിഞ്ഞിട്ട് പ്രയോജനമില്ല .ഏഴാച്ചേരിയുടെ കവിതയിലെ വരികൾ ദുർബലമായ ഭാഷ
കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. യാന്ത്രികമായ കവനമാണിത്.
"വൈലോപ്പിള്ളിയെ -
ത്തോളിലേറ്റിക്കടൽ
മങ്കമാരിതാ കൊന്നച്ചുവട്ടിൽ!
പാടിയാടിത്തളിർക്കുകയാണവർ
മേടരാവിൻ കവിൾത്തിളക്കത്തിൽ "
എന്ന് എഴുതുന്നത് ഏത് കാലത്തെയാണ് ഉൾക്കൊള്ളുന്നത് ?
ടി.പത്മനാഭനും വായനക്കാരനും
ടി.പത്മനാഭൻ്റെ
കഥകളിൽ ഇപ്പോഴും പ്രകൃതിയും വായനയും സ്നേഹവും വറ്റാതെ
നിലനില്ക്കുന്നുണ്ട്. സത്രം (മാത്യഭൂമി ഓണപ്പതിപ്പ്) വായന (പ്രഭാതരശ്മി)
എന്നീ കഥകളിൽ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രമായി വരുന്നത്.ജീവിതത്തിലെ
നേരനുഭവങ്ങളിൽ നിന്ന് മാനുഷികമായ നന്മകൾക്ക് ആധാരമായ ചില ചിന്തകൾ ഈ
കഥാകൃത്ത് കണ്ടെത്തുന്നു. സാഹിത്യം വായിക്കുന്ന ഒരു നല്ല വായനക്കാരനെ
പത്മനാഭൻ്റെ കഥകൾ അന്വേഷിക്കുകയാണ്. പത്രാധിപന്മാർ എഴുത്തുകാരെ
വളർത്തുന്നതിൽ പങ്കുവഹിക്കന്നുണ്ടോ എന്ന ചോദ്യത്തോട് പത്മനാഭൻ ( പ്രസാധകൻ
ഓണപ്പതിപ്പ്) ഇങ്ങനെ പ്രതികരിച്ചു: "പക്ഷേ, എഴുത്തുകാരെ സൃഷ്ടിക്കാനൊന്നും
ഒരു പത്രാധിപർക്കും കഴിയില്ല. അയാൾ എത്ര വലിയവനായാലും .എന്നാൽ കഴിവുള്ള
,നല്ല ,ഒരു തുടക്കക്കാരന് ദിശാബോധം നല്കാനും അയാളുടെ വളർച്ചയിൽ ഒരു വലിയ
അളവോളം സഹായിക്കാനും പരിണതപ്രജ്ഞനായ ഒരു പത്രാധിപർക്ക് കഴിഞ്ഞുവെന്ന് വരും.
ഇത്തരം സഹായം എനിക്ക് എൻ.വി.കൃഷ്ണവാരിയരിൽ നിന്നും എം.ഗോവിന്ദനിൽ നിന്നും
ലഭിച്ചിട്ടുണ്ട് എന്ന് നന്ദിപൂർവ്വം ഓർക്കുന്നു."
ടി.പത്മനാഭൻ |
കെ.പി .അപ്പൻ മോശമായിട്ടെന്തെങ്കിലും എഴുതിയാലും മതിയെന്ന് കരുതിയിരുന്ന പ്രശസ്തരായ കഥാകൃത്തുക്കൾ ഉണ്ടായിരുന്നുവെന്ന് ബോർഹസ് അഭിമുഖത്തിൽ പറയുന്നുണ്ട്. കാരണം അപ്പൻ്റെ ഒരു പരാമർശം അവർക്ക് ജീവിതപ്രഭ നല്കുമായിരുന്നു. പക്ഷേ ,കെ.പി.അപ്പൻ്റെ മരണാനന്തര ജീവിതം നല്കുന്നത് ചില ചോദ്യങ്ങളാണ് .അപ്പൻ്റെ ശിഷ്യന്മാർ എന്ന് പറഞ്ഞു നടന്ന മിക്കവരും അദ്ദേഹത്തെ വേണ്ടപോലെ അറിഞ്ഞിരുന്നില്ല .ബാഹ്യപ്രലോഭനത്തിൻ്റെ പേരിലാണ് പലരും കൊല്ലത്തെ അശ്വതിയിലേക്ക് ചെന്നത്. അപ്പൻ്റെ ക്ളാസിലിരുന്ന പലരും പിന്നീട് എഴുത്തുകാരായി.എന്നാൽ അവരാരും ആ ക്ളാസിനെക്കുറിച്ച് ഒരു ലേഖനമെഴുതിയില്ല. അപ്പനെ അനുകരിച്ചവരുണ്ട് .പക്ഷേ ,അവർക്ക് അപ്പനെ മനസ്സിലായിട്ടില്ല .
കാൽവിനോയുടെ രീതികൾ
ഇറ്റാലിയൻ എഴുത്തുകാരനായ ഇറ്റാലോ കാൽവിനോ സാഹിത്യരചനയിൽ പരിവർത്തനം സാധ്യമാക്കി .Under the Jaguar Sun ,The name,the nose തുടങ്ങിയ കഥകൾ ഈ ഗണത്തിൽപ്പെടുന്നു.
ഒരിക്കൽ അദ്ദേഹം തൻ്റെ എഴുത്തിൻ്റെ ആവശ്യങ്ങളെപ്പറ്റി ഇങ്ങനെ പറഞ്ഞു: "എല്ലാ ദിവസവും എഴുതണമെന്നതാണ് എൻ്റെ നിയമം.എന്നാൽ പ്രഭാതങ്ങളിൽ എഴുതാതിരിക്കാൻ ഞാനെന്തെങ്കിലും ഉപായം കണ്ടുപിടിക്കുകയാണ് ചെയ്യാറുള്ളത്. എന്തെങ്കിലും വാങ്ങാനായി പുറത്തു പോകും;പത്രം വാങ്ങും. അതുകൊണ്ട് ഉച്ചകഴിഞ്ഞാണ് ഞാൻ എഴുതാനിരിക്കുക. എനിക്ക് രാത്രിയിലും എഴുതാൻ സാധിക്കും. പക്ഷേ ,ഉറക്കം വരില്ല .അതുകൊണ്ട് രാത്രിയിൽ എഴുതാറില്ല. എഴുതാനുള്ള ഇരുപതു പുസ്തകങ്ങളുടെയെങ്കിലും ലിസ്റ്റ് എൻ്റെ കൈയിലുണ്ട്. ഓരോന്നിനും പറ്റിയ സമയം നോക്കി എഴുതി പൂർത്തിയാക്കും" .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.