2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 നമ്മുടെ ഉള്ളിൽ ദയയുടെ ലോകമുണ്ടോ ?



 

 

 

 

 

 

 എം.കെ.ഹരികുമാർ


മനുഷ്യൻ്റെ ഏറ്റവും വലിയ ഗുണം സ്നേഹമാണോ ?അല്ലെന്നാണ് തോന്നുന്നത്. സ്നേഹത്തിൽ ഒരു സമസ്യയുണ്ട്. സ്നേഹം വിശേഷപ്പെട്ട , നശിക്കാൻ പാടില്ലാത്ത ഗുണമാണ്; പക്ഷേ ,അത് ഒരു വ്യക്തിയോടും പിന്നെ സമൂഹത്തോടുമാണ്. ഒരു വ്യക്തിയോടു  മാത്രമാകുമ്പോൾ അതിൽ സ്വാർത്ഥത വന്നുചേരുന്നത്  സ്വാഭാവികമാണ് .പിന്നീട് വ്യക്തിയുടെ അഹന്തയുടെയും അഭിമാനത്തിൻ്റെയും  പ്രശ്നമാകും. വൈയക്തികമായ ഒരു ആകർഷണത്തിൽ നിന്ന് സമ്പൂർണ്ണമായ വ്യക്തിവാദത്തിലേക്കാണ് നീങ്ങുന്നത്. സമൂഹത്തെയാകെയോ ലോകത്തെ യാകെയോ ഒരാൾക്ക് സ്നേഹിക്കാൻ കഴിയുമോ ?അങ്ങനെ ഭാവന ചെയ്യാൻ കഴിയുന്ന മഹാന്മാരുണ്ട് .

ലോകത്തിനു വേണ്ടി ഒരു പുസ്തകമെഴുതുമ്പോൾ, ചിത്രം വരയ്ക്കുമ്പോൾ ,പ്രാർത്ഥന നടത്തുമ്പോൾ ഈ സ്നേഹമാണുണ്ടാകുന്നത്. ലോകത്തെ ഒരു വ്യക്തിയായിട്ടാണ് അപ്പോൾ അനുഭവിക്കുന്നത്. ലോകം അനേകം  വ്യക്തികളാണെന്നും അവർ ഭിന്നരാണെന്നും ചിന്തിച്ചുകൊണ്ടല്ല പെൻസിലിൻ കണ്ടുപിടിക്കപ്പെട്ടത്. അതുകൊണ്ട് ലോകത്തോടുള്ള സ്നേഹം അനിവാര്യമായിരിക്കെ തന്നെ അത് അമൂർത്തവും അതാര്യവുമാണ്.



എന്നാൽ സ്നേഹത്തേക്കാൾ മഹത്തരമല്ലേ ദയ ?അത് നമ്മെ  എപ്പോഴും വളർത്തുകയാണ്. സ്നേഹം കിട്ടാതായാൽ ചിലരെങ്കിലും ആന്തരികമായി ദുർബ്ബലരാകും. ദയ കിട്ടാതായാൽ അത് സംഭവിക്കില്ല.കാരണം ദയ  കൊടുക്കാനുള്ളതാണ്.ദയ കൊടുക്കുന്നവന് ദയ കിട്ടണമെന്നില്ല. ദയയിൽ കിട്ടണം എന്ന ചിന്തയില്ല .തന്നിലെ ദയ ഇല്ലാതാകുന്നതാണ് , ദയാലുവിനെ അല്പമെങ്കിലും അസ്വസ്ഥനാക്കുന്നത്.


പ്രമുഖ എഴുത്തുകാരൻ ജോർജ് സോണ്ടേഴ്സ് (George Saunders) തന്നെ  ഏറ്റവുമധികം വിഷമിപ്പിച്ചത് ദയയുള്ളവനായിരിക്കുന്നതിൽ  പരാജയപ്പെട്ടതാണെന്ന് കുമ്പസാരിച്ചിട്ടുണ്ട്. ഇതാണ് മനുഷ്യത്വത്തിൻ്റെ അളവുകോലായിതീരുന്നത്‌. ഇതൊരു   മാനുഷികമായ ജാഗ്രതയാണ് .

സ്നേഹത്തെയും ദയയെയും  താരതമ്യം ചെയ്തുകൊണ്ട് ടോൾസ്റ്റോയ് ഇങ്ങനെ എഴുതി: മറ്റൊരാൾക്ക് വേണ്ടി സ്വയം ത്യജിക്കാൻ കഴിയുമ്പോഴാണ് സ്നേഹം യാഥാർത്ഥമാകുന്നത്. മറ്റൊരാളുടെ നന്മയ്ക്കുവേണ്ടി ഒരുവൻ സ്വയം മറക്കുന്നു;മറ്റൊരു ജീവിക്കുവേണ്ടി ജീവിക്കുന്നു. ഇത്തരത്തിലുള്ള സ്നേഹമാണ് യഥാർത്ഥ സ്നേഹം. ഈ സ്നേഹത്തിലാണ് ജീവിതത്തിൻ്റെ  അനുഗ്രഹവും നേട്ടവും കാണുന്നത്. ഇതാണ് ലോകത്തിൻ്റെ അടിത്തറ. സ്ഥിരമായ ദയയെക്കാൾ നമ്മുടെ ജീവിതത്തെയോ, മറ്റുള്ളവരുടെ ജീവിതത്തെയോ മനോഹരമാക്കുന്ന വേറൊന്നില്ല" .

സ്നേഹത്തെക്കുറിച്ചും ദയയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഈ പ്രസ്താവത്തിൽ നീങ്ങിപ്പോകുന്നതാണ്. ദയ എല്ലാവരിലുമുണ്ട് ,വളരെ അടിത്തട്ടിലാണെന്ന് മാത്രം. ഒരാൾ സ്വയം ചോദിച്ചാൽ ഉത്തരം കിട്ടാത്ത വിധം ദുർഗ്രഹമായി ,അത് ഒരാളിൽ  നിഗൂഢമാണ്. എങ്ങനെയാണ് ദയ ഉണ്ടാകുന്നത് ?അതിനായി നാം നമ്മേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടിവരും. ഓരോ ദിവസവും ദയ ഉണ്ടായിരിക്കാൻ പ്രതിജ്ഞ ചെയ്താൽ പോരാ; അത് പ്രവൃത്തിയിൽ കൊണ്ടുവരികയും വേണം. എങ്കിലേ ദയ  എന്താണെന്ന് നമുക്കു തന്നെ ബോധ്യമാകൂ. ഒരു  ജീവിയോട് ദയ കാണിച്ചാൽ അത് നമ്മളിൽ വിശ്വസിക്കാൻ കൂടുതൽ പ്രേരണ നല്കും; ആത്മനിന്ദ ഇല്ലാതാകും. ഒരു  തെരുവുനായയോടോ , കാക്കയോടോ, ആഫ്രിക്കൻ ഒച്ചിനോടോ, അട്ടയോടോ ദയ കാണിച്ചു നോക്കൂ. ദയ കാണിക്കാൻ പ്രയാസമാണെങ്കിൽ, ആത്മാവിൻ്റെ മതിൽ ചാടിക്കടന്ന് ദയ എന്താണെന്ന് സ്വയം മനസ്സിലാക്കാൻ ശ്രമിക്കൂ. അപ്പോൾ രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത് .ഒന്ന്, ഒരു ജീവിക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശം. രണ്ട് ,നമ്മളിലുള്ള വിശ്വാസം .ഈ ലോകം നമ്മളിൽ  തന്നെയാണ് കറങ്ങിത്തിരിയുന്നതെന്ന വലിയ വിശ്വാസമാണത്. ആ വിശ്വാസത്തിനകത്ത് ഈ ബ്രഹ്മാണ്ഡമാണുള്ളത്. എന്നിലാണ്  ഈ ലോകമെന്ന് ഭഗവാൻ പറയുന്നതിൻ്റെ പൊരുൾ അപ്പോൾ കേൾക്കാനാകും.


HOME

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.