2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

അഭിമുഖം
നവാദ്വൈതം

ജനിതക മാറ്റം സംഭവിക്കുന്ന ഓർമ്മകൾ

എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ /രാജേന്ദ്രൻ നിയതി



ചോദ്യം: താങ്കൾ അക്ഷരജാലകത്തിൽ (മെട്രോവാർത്ത) ഇങ്ങനെ എഴുതി: പദവിക്കു വേണ്ടിയല്ല കവിത; പദവിയുള്ളവരുടേതുമല്ല കവിത. അത്  കലാശാലകളുടേതോ അക്കാദമികളുടേതോ അല്ല . കവിത പ്രൊഫസർമാരുടേതോ അധ്യാപകരുടേതോ അല്ല ; കവിത യാതനയനുഭവിക്കുന്നവരുടേതാണ്  " . എന്താണ് ഇതിനർത്ഥം ? കവിത എഴുതാൻ വേണ്ടി ഒരാൾക്ക് പ്രത്യേക ജോലി തിരഞ്ഞെടുക്കാൻ  പറ്റുമോ ?അദ്ധ്യാപകനായതു കൊണ്ട്  കവിത എഴുതാൻ കഴിവില്ല എന്ന് പറയാനൊക്കുമോ ?അങ്ങനെ നോക്കിയാൽ മലയാളകവിതയിൽ  അരനൂറ്റാണ്ടിനിടയിലെങ്കിലും വലിയ കവികൾ അധ്യാപകരായിരുന്നില്ലേ ? ഈ വിഷയത്തിൽ യാതന എന്നു പറയുന്നത് ഏതു അർത്ഥത്തിലാണ്? വലിയ ഉദ്യോഗങ്ങളുള്ളവർക്ക് യാതന ഇല്ലെന്നാണോ ?

എം.കെ.ഹരികുമാർ: ബൈബിളിൽ യാതനയനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ എന്ന് പറഞ്ഞിരിക്കുന്നത് എന്നെ ചിന്തിപ്പിച്ചു. മാനസികമായ ഭാരമാണത്. ജീവിതത്തിൽ യാതനയനുഭവിക്കുന്നതിൽ ഒരു സത്യസന്ധതയുണ്ട്. സത്യസന്ധരാകുന്നത് മറ്റുള്ളവരെ  ബോധ്യപ്പെടുത്താനുമാകാം. എന്നാൽ അതിനുമപ്പുറം ഒരു ഘട്ടമുണ്ട്. സത്യത്തെ തന്നെ വീണ്ടും നഗ്നമാക്കുക. ലോകത്തിലെ ഏറ്റവും  നിസ്സാരമായ അസ്തിത്വമാണ് നമ്മളെന്ന് അറിയുന്നത് ആത്മീയമായ ഉണർവ്വാണ്. അത് നമ്മുടെ അഹന്ത മാറ്റിത്തരും. കൊറോണ വ്യാപനത്തിലൂടെ ലോകം വലിയ യാതനയനുഭവിച്ചല്ലോ. ഉള്ളുരുകി പ്രാർത്ഥിച്ചവരുണ്ട്. ഇതിനിടയിൽ പഴയ സൗഹൃദങ്ങൾ പേരിനെങ്കിലും പുതുക്കിയവരുണ്ട്. എന്തുകൊണ്ടാണ് ? ഒരു വീണ്ടുവിചാരമുണ്ടായി. കാരണമെന്താണ്? മനുഷ്യൻ യാതനയ്ക്ക് മുഖാമുഖം വരുമ്പോഴാണ് പഴയത് ഓർത്ത് വേവലാതിപ്പെടുന്നത്. നമ്മുടെ മാർഗ്ഗം തെറ്റായിരുന്നു, നമ്മുടെ സ്നേഹം വ്യാജമായിരുന്നു എന്ന് പെട്ടെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ പരിഭ്രാന്തനാകും. ഒരു വ്യക്തിക്ക് അയാളിൽ നിന്നു തന്നെ സ്വാതന്ത്ര്യം വേണമെന്ന് തോന്നിപ്പോകും. സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് മനസ്സിലാക്കുന്നത്  അപ്പോഴാണ് .ഭൂതകാലത്തിൽനിന്ന് മറവിയിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാം. പക്ഷേ, ഭൂതകാലത്തിൽ നമുക്കുള്ള പങ്കിനെ,  ഉത്തരവാദിത്വത്തെ ഒഴിവാക്കാനാവില്ല. തെറ്റുകളെ എങ്ങനെ ഇല്ലാതാക്കും? തെറ്റായ തിരഞ്ഞെടുപ്പിനെ എങ്ങനെ മായ്ച്ചു കളയും? ഞാൻ ജീവിച്ച ഭൂതകാലം അപരിചിതമാണ്. അതിന് വ്യാവഹാരികലോകത്ത് മറ്റൊരു മാർഗ്ഗമില്ല. വ്യാഖ്യാനംകൊണ്ട് മറ്റൊരു  അർത്ഥം കൊടുക്കാമെന്ന് മാത്രം. മനുഷ്യൻ്റെ സ്വാതന്ത്ര്യം ഇവിടെ അർത്ഥശൂന്യമാണ്; സ്വാതന്ത്ര്യം ഇല്ല എന്ന് മനസ്സിലാക്കാം.

"യാതന അനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ " എന്ന വാക്യം എന്നെ ചലിപ്പിച്ചു. അതിൽ മനുഷ്യാസ്തിത്വത്തിൻ്റെ സാർവ്വലൗകികമായ ഒരു വലിയ ആത്മീയസത്യം സന്നിവേശിപ്പിച്ചിട്ടുണ്ട്. യാതനയിൽ നിന്ന് പ്രാപഞ്ചികമായ ഒരു നേര് ഉത്ഭവിക്കുന്നു. പ്രാർത്ഥിക്കുന്ന ഹൃദയം അടിത്തട്ടിൽ  ശുദ്ധമാണ്. അപ്പോൾ സ്വന്തം അവസ്ഥയെ നേർക്കുനേർ കാണുന്നു.യാതനയിൽ നിന്നുള്ള പ്രാർത്ഥന കുറേക്കൂടി വിശുദ്ധമാണ്.  ദൈവത്തിന് നേർക്ക് കരങ്ങളുയർത്തുകയാണ്. മനുഷ്യൻ്റെ ക്ഷുദ്രമായ നിലനിൽപ്പ് മനസ്സിലാക്കുന്നതുകൊണ്ടാണ് ഇത് യാഥാർഥ്യമാകുന്നത് .മനുഷ്യനു  മറ്റൊന്നും ചെയ്യാനില്ല. അതുകൊണ്ടാണ് യാതനയനുഭവിക്കുന്നവർ പ്രാർത്ഥിക്കാൻ യോഗ്യരാണെന്ന ചിന്ത വരുന്നത്. അവരിൽ ദൈവം പ്രസാദിക്കുമെന്നാണ് ധ്വനി. കാരണം അവരിൽ നേരുണ്ട്. ആ നേരിൽ  പ്രപഞ്ചയാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചില രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. സാഹിത്യരചനയിലും പ്രാർത്ഥനയുടെ തലമുണ്ട്. തൻ്റെ കല പ്രാർത്ഥനയാണെന്ന് പ്രമുഖ ഫ്രഞ്ച് ചിത്രകാരനായ ഹെൻട്രി മാറ്റിസ് പറഞ്ഞിട്ടുണ്ട് .എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? വരയ്ക്കുമ്പോൾ അദ്ദേഹം സ്വയം എന്താണോ അതിലേക്ക് ശ്രദ്ധിക്കുകയാണ്. മറ്റുള്ള വസ്തുക്കളിൽ നിന്നു സ്വയം  വേർതിരിച്ചെടുക്കുകയാണ്. അപ്പോൾ  ആത്മീയമായ ഉദ്വേഗങ്ങൾ, തൃഷ്ണകൾ , വെളിപാടുകൾ വേർതിരിവുകൾ വേർതിരിഞ്ഞു കിട്ടുന്നു. അതാണ് വരയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു പൂവ് വരയ്ക്കുമ്പോൾ മറ്റാരുടെയും പൂവല്ല എന്ന് സ്ഥാപിക്കാൻ മാറ്റിസ് ഉത്സുക നാവുന്നു. അവനവനെയാണ് വരയ്ക്കുന്നത് ;അവനവനെ സ്ഥാപിച്ചുകൊണ്ടാണ് പ്രാർത്ഥിക്കുന്നത്. കലാരചന പ്രാർത്ഥനയാണ്. അതുകൊണ്ട് യാതനയനുഭവിക്കുന്നവരാണ് എഴുതേണ്ടത്. അതിലാണ് സ്വാഭാവികത ,ശുദ്ധതയുള്ളത് .അവിടെ കൃത്രിമമായതൊന്നുമില്ല .തൻ്റെ ആത്മീയ ജൈവയാതനകൾ ഒരാളെ ചിന്തിപ്പിക്കുന്നു; സത്യത്തെക്കുറിച്ചുള്ള നിർവ്യാജമായ അന്വേഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നു. ഇങ്ങനെയുള്ളവരാണ് എഴുതേണ്ടത്. അവരിലാണ് അസ്തിത്വത്തിൻ്റെ മറഞ്ഞിരിക്കുന്ന ലോകത്തിൻ്റെ ഒരു കണമെങ്കിലും അനാവൃതമാകുന്നത്. അവർക്ക് അനുഭവബലമുള്ളതുകൊണ്ട് അവർ മറ്റാരും കാണാത്ത ലോകങ്ങൾ തുറക്കാൻ ശേഷിയുള്ളവരായിത്തീരുന്നു.



പദവിയുഉള്ളവർ, ഉന്നത ജോലിയുള്ളവർ ,അധ്യാപകർ തുടങ്ങിയവർ കവിതയെഴുതരുതെന്ന്  ഞാൻ പറഞ്ഞിട്ടില്ല; അവരുടെ കവിതകളിൽ യാതനയിൽ നിന്നുണ്ടായ പ്രാർത്ഥനാതുല്യമായ ഭാവം കുറവായിരിക്കുമെന്നാണ് ഞാൻ അർത്ഥമാക്കിയത് .കാരണം, ഉന്നതശ്രേണിയിലുള്ളവർക്ക് ഏറ്റവും അടിത്തട്ടിലുള്ള ജീവിതപ്രശ്നങ്ങളെ ക്കുറിച്ച് അറിയാൻ പ്രയാസമാണല്ലോ. കവിത അലഞ്ഞവൻ്റെയും അന്വേഷിച്ചവൻ്റെയും ആത്മാവിൻ്റെ ഉദ്ഗാനമാണ്. അടിത്തട്ടിൽ ഉറഞ്ഞുപോയ ലോകത്തെ ഉയർത്തിയെടുക്കുകയാണ് കവി ചെയ്യുന്നത്. സകലസുഖവും അനുഭവിക്കുന്നവരിൽ നിന്ന്, യാതനാപൂർണമായ മനസ്സിൽനിന്ന് വരേണ്ട വാക്കുകൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. ആർക്കും എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് അംഗീകരിക്കുന്നു. പക്ഷേ, അത്തരം രചനകളിൽ മാനവസമൂഹത്തിന് അത്യന്താപേക്ഷിതമായ മൂല്യങ്ങൾ ഉണ്ടാകുകയില്ല.പുതിയതെന്തെങ്കിലും  കണ്ടെത്താൻ വിധിക്കപ്പെടുന്നവനാണ് യാതനയനുഭവിക്കുന്നത്. അവൻ ഒരു വാക്യത്തിനായി തപസ്സ് ചെയ്യുകയാണ്. വാക്കുകളുടെ ഉള്ളിലുള്ള യാഥാർത്ഥ്യത്തെ ഉണർത്തിയെടുക്കുക എന്ന വിധി എത്ര പേർ ഏറ്റെടുക്കും? മലയാളകവിതയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ എ .അയ്യപ്പൻ യാതന അനുഭവിച്ച് എഴുതിയതിൻ്റെ  മഹത്തായ ഫലമായി നിൽക്കുകയാണ്. തൻ്റെ ജീവിതത്തെക്കാൾ വിലപ്പെട്ടതാണ് കവിത എന്നു പറയുന്ന ഒരാളുടെ വാക്കിലെ ആത്മാർത്ഥതയെ എങ്ങനെ തള്ളിക്കളയാനാകും? താൻ എഴുതുന്നത് ജീവിച്ചിരിക്കാനാണെന്ന്  ചിന്തിക്കുന്നതിലെ ശുദ്ധി മറ്റെവിടെ കിട്ടും ?അതാണ് അയ്യപ്പൻ തന്നത്. കവിതയുടെ പ്രശസ്തിയോ തൻ്റെ വ്യക്തിപരമായ പദവിയോ ഒന്നും നോക്കാതെയാണ് അയ്യപ്പൻ ജീവിച്ചത്. ഇത് മാതൃകയാക്കണമെന്ന് പറയുന്നില്ല. എന്നാൽ ഇത് ചിലരുടെ അനിവാര്യതയാണ്.മറ്റെല്ലാവർക്കും അതിനോട് യോജിക്കാനാവില്ല; അതുകൊണ്ട് ഈ ജീവിതത്തിന് മൂല്യമില്ലാതാകുന്നില്ല. കപിലവസ്തു വിട്ട സിദ്ധാർത്ഥൻ്റെ ജീവിതരീതി എല്ലാവർക്കും സ്വീകാര്യമാവുകയില്ലല്ലോ.അയ്യപ്പൻ്റെ കവിത ആ ശരീരത്തിൻ്റെ തൂവലുകളായിരുന്നു. അത് മനസ്സിൽ നിന്നാണ് കൊഴിഞ്ഞത് .ആ കവിതകളിൽ അദ്ദേഹം ജീവിച്ചിരുന്നു. അദ്ദേഹം എഴുതി :

"ഞാൻ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു.
സ്വന്തമായൊരു
മുറിയില്ലാത്തവൻ .
എൻ്റെ കാട്ടാറിൻ്റെ 
അടുത്തുവന്നു നിന്നവർക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതർക്കും
ഞാനിത് പങ്കുവയ്ക്കുന്നു".( ഞാൻ )

മറ്റൊരിടത്ത് അയ്യപ്പൻ ഇങ്ങനെ എഴുതുന്നു :
"ഞാൻ പ്രണയത്തിൻ്റെ  രക്തസാക്ഷിയാണ്
ബോധിതണുപ്പിൽ
നീലവെളിച്ചം
തളർന്നുറങ്ങുന്ന രാവുകളിൽ
ഒരിക്കലും നടന്നുതീർന്നിട്ടില്ലാത്ത നാട്ടിടവഴികളിൽ എല്ലായിടത്തും
ഞാൻ പ്രണയമനുഭവിച്ചിട്ടുണ്ട്‌.
പ്രണയം നിലനിർത്താൻ
ഒറ്റ വഴിയേയുള്ളു: പ്രണയിക്കുക ".

ചോദ്യം :സാഹിത്യവിമർശനത്തിലും തത്ത്വചിന്തയിലും താങ്കൾ പുതിയ ചില സിദ്ധാന്തങ്ങൾ അവതരിപ്പിച്ചല്ലോ.വ്യാജ യാഥാർത്ഥ്യം ,നവാദ്വൈതം, ഉൽപ്പരിവർത്തനം തുടങ്ങിയവ ഓർക്കുകയാണ്.വാസ്തവത്തിൽ താങ്കൾ യാഥാർത്ഥ്യം എന്ന ആശയത്തെ അപനിർമ്മിക്കുകയല്ലേ  ചെയ്യുന്നത്?

എം.കെ.ഹരികുമാർ: നവാദ്വൈതത്തിൽ  ഒരു നിമിഷത്തിനാണ് മുല്യം.ഒരു നിമിഷത്തിൽ  ഈ പ്രപഞ്ചം മുഴുവനുമുണ്ടല്ലോ .ഒരു മാസത്തിലോ വർഷത്തിലോ അല്ലല്ലോ നമ്മൾ പ്രപഞ്ചാനുഭവം നേടുന്നത്.

നിമിഷത്തിനുള്ളിൽ അനന്തതയുണ്ട്. അനന്തമായ കാലത്തെ ഒരു നിമിഷം ആവിഷ്കരിക്കുന്നു. അതാണ് നവാദ്വൈതം.ഇതിൽ ബ്രഹ്മമൊന്നുമില്ല. ഇത് വേദാന്തജന്യവുമല്ല. ലോകം രണ്ടല്ല ,ഒന്നാണ് എന്ന് ആവിഷ്കരിക്കാനുള്ള കലയിലെയും തത്ത്വചിന്തയിലെയും മാർഗമാണ് ഈ പുതിയ അദ്വൈതം .ഇതിനെ  ഉൾപരിവർത്തനം (Mutation)എന്ന് വിളിക്കാം. ഉള്ളിൽ തന്നെ ജനിതക മാറ്റം സംഭവിക്കുന്ന ഓർമ്മകളും അനുഭവങ്ങളുമാണ് നമുക്കുള്ളത് .ഒരു നിമിഷത്തിൽ നാം നിലനിൽക്കുന്നത് ഒട്ടും 'യാഥാർഥ്യ'മായല്ല .കാരണം, അതിനു സാധ്യതയേയുള്ള ;നിയതസ്വഭാവമില്ല. പല പ്രലോഭനങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുകയാണ്. ഞാനെന്താണെന്നത് ഒരു  നിശ്ചലാവസ്ഥയാണ്, ഉൾപ്പരിവർത്തനം നടന്നില്ലെങ്കിൽ . എനിക്ക് സന്തോഷിക്കണമെങ്കിൽ മറ്റൊന്നായി നിന്നേ പറ്റൂ. ഒരേസമയം രണ്ടു നിമിഷമില്ല .ഒരേ സമയം എന്നിൽ രണ്ട് വ്യക്തികളില്ല .ഒരു നിമിഷത്തിൽ ആയിത്തീരുകയാണ് ഞാൻ. ഒരു നിമിഷത്തിനു വേണ്ടി ഞാൻ മറ്റൊന്നാകണം. അത്  നിരാകരണമാണ്;സ്വയം നിരാകരണമാണ്. ഞാൻ ഒരു അമ്പ് എയ്യുമ്പോൾ ,പുതിയൊരു ചിന്തയാണ് ,ഉന്നമാണ് ലക്ഷ്യം. അത് പൂർവ്വനിമിഷമല്ല ;നവനിമിഷമാണ്.ഈ നവനിമിഷം താൽക്കാലികമാണ്. ലക്ഷ്യം ഉള്ളിടത്തോളമേ എനിക്ക് അമ്പ് ഉള്ളു.അമ്പിലൂടെ ,എയ്ത്തിലൂടെ ഞാൻ ഈ നിമിഷത്തെ മറികടന്ന് മറ്റൊരു നിമിഷമാകുന്നു.അപ്പോൾ  അത് ഞാനല്ല; എനിക്കു മുമ്പുണ്ടായിരുന്ന ലക്ഷ്യരഹിതമായ നിമിഷമല്ല .ഞാൻ തന്നെ ഒരു അമ്പായി മാറുകയാണ്. സ്വയം മായ്ച്ചു കളഞ്ഞുകൊണ്ടാണ് ഓരോ നിമിഷത്തിലും ഞാൻ അസ്തിത്വമാകുന്നത്. അതുകൊണ്ട് അതിനെ യാഥാർത്ഥ്യമെന്ന് എങ്ങനെ വിളിക്കും? അതിനു സാധ്യതകളുടെ  സ്വഭാവമോ ,പ്രതീതിയോ ആണുള്ളത്.  പുറത്തുള്ള ഒരു പ്രണയത്തിനായാണ്  നാം ആത്മപ്രണയം ഉപേക്ഷിക്കുന്നത്. യഥാർത്ഥ പ്രണയത്തിൽ ആത്മപ്രണയമില്ല ;അപര പ്രണയമേയുള്ളു. അപരനെ പ്രേമിക്കാനായി നാം സ്വന്തം പ്രണയം ഉപേക്ഷിക്കകയാണ്. പ്രണയിക്കുമ്പോൾ നാം മറ്റൊന്നാണ്. അത് നവമാണ്. സ്വയം നിരസിച്ച്‌ ,സ്വയം നിർമ്മിക്കുകയാണവിടെ. ഈ പ്രണയം ഒരു വസ്തുവിനോടോ, വ്യക്തിയോടോ ആണല്ലോ. അത് അനേകങ്ങളിൽ  ഒരു തെരഞ്ഞെടുപ്പാണ്. അതുണ്ടാകുന്നത് അനേകങ്ങളിലെ ഒരു സാധ്യത എന്ന സങ്കല്പത്തിലാണ്. സന്ദർഭോചിതമായി അങ്ങനെ സംഭവിക്കുന്നു .അതുകൊണ്ട് വേറെ പ്രണയം അവിടെയില്ല എന്നർത്ഥമില്ല.ആ മനസ്സിൻ്റെ  ശിലയിൽ നിന്ന് അപ്പോൾ കൊത്തിയെടുക്കുന്നത് ആ പ്രേമമാണ്. അടുത്ത നിമിഷത്തിൽ അത് മറ്റൊന്നാണ്.മനസ്സിൻ്റെ നിലനില്പും  അതിജീവനവും ഇങ്ങനെയാണ്. മനസ്സ് ഒരിക്കലും ഒരു യാഥാർത്ഥ്യമല്ല; അതൊരു ഒഴുക്കിലാണ്. ഒഴുകിക്കൊണ്ടിരിക്കുന്നതുകൊണ്ട് അതിനു നിലനില്പുണ്ട്. അത്  ഒഴുകാതെ നിലനില്ക്കുന്നില്ല. പ്രണയമില്ലാത്ത മനസ്സിനെ നിരാകരിച്ച് പ്രണയമുള്ള മനസ്സിലേക്ക് നാം സ്വയം മാറുന്നു.രണ്ടും ഒരേ മനസ്സിൽ തന്നെയാണ് .ഒരു നിമിഷത്തിൽ പ്രണയമുണ്ടാകണമെങ്കിൽ ,ഒരാൾ സ്വയം നിരസിച്ച് സ്വയം നിർമ്മിക്കണം.ഇതിൻ്റെ അനന്ത സാധ്യതകൾ ആ നിമിഷത്തിൽ  നിശ്ശബ്ദമായിരിക്കുകയാണ് .ഒരേയൊരു നിരാസ-നിർമ്മാണം മാത്രം തലനീട്ടുന്നു. നമ്മൾ യാഥാർത്ഥ്യമേയല്ല; എങ്ങനെയാണ് അടുത്ത നിമിഷത്തിൽ പെരുമാറുക ,ചിന്തിക്കുക എന്നു പറയാനാവില്ലല്ലോ.

വ്യാജയാഥാർത്ഥ്യം ഇതിൽനിന്നുണ്ടായതാണ്. എൻ്റെ  ശ്രീനാരായണായ ,ജലഛായ ,വാൻഗോഗിന് എന്നീ നോവലുകളിൽ ഈ  സങ്കേതമാണ് ഞാൻ ആവിഷ്കരിച്ചത്.കാരണം , യാഥാർത്ഥ്യമെന്ന് പൊതുവിൽ വിവക്ഷിക്കപ്പെടുന്നതിനെ ആശ്രയിക്കാനാവാതെ വരികയാണ്. നിഗൂഢമായ പലതും മറഞ്ഞിരിക്കുന്നു. ഓർമ്മ ,അനുഭവം എന്നിവയെല്ലാം വീണ്ടും കണ്ടെത്തേണ്ടതാണ്. അങ്ങനെ മനസ്സിനെ തന്നെ വീണ്ടും തിരയേണ്ടി വരുന്നു. ഒരാൾ എന്തുകൊണ്ടാണ് പ്രത്യേക രീതിയിൽ പെരുമാറുന്നതെന്ന് ആർക്കുമറിയില്ല. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഞാൻ വ്യാജയാഥാർത്ഥ്യം (Pseudo realism) എന്ന തത്ത്വം കണ്ടുപിടിച്ചത്. യഥാർത്ഥ്യം വ്യാജമായി കടന്നുവരുന്നു. നോവലിൽ ഇതാവിഷ്കരിക്കാൻ സൗകര്യമുണ്ട്. അവിടെ ചരിത്രവസ്തുതകൾ, ഓർമ്മകൾ, കലകൾ ,മതപരമായ പുസ്തകങ്ങൾ, ചരിത്രപുരുഷന്മാർ തുടങ്ങിയവയെല്ലാം  മറ്റൊരു പരിവേഷത്തിൽ സ്വാഭാവികമായി അവതരിക്കുന്നു.

എഴുതപ്പെടാത്ത പുസ്തകങ്ങളും ജീവിച്ചിരിക്കാത്ത എഴുത്തുകാരും അങ്ങനെയാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമാസംവിധായകൻ ജോൺ എബ്രഹാമിനെ എൻ്റെ  'ജലഛായ'യിൽ നൂതനമായ ഒരു കഥകളിരൂപത്തിൻ്റെ ഉപജ്ഞാതാവായാണ്  പരിചയപ്പെടുത്തുന്നത്. സർപ്പങ്ങളുടെ കഥകളി എന്ന ഒരു പുതിയ കലാരൂപം തന്നെ നോവലിലുണ്ട്. അത്  അവതരിപ്പിക്കുന്ന കുടുംബങ്ങളുണ്ട്‌. അവർക്ക് ചില ചിട്ടകളും ആചാരങ്ങളുമുണ്ട്.ഉറുമ്പുകൾക്ക്  മാത്രമായി ഒരു ക്ഷേത്രമുള്ളത് വിവരിക്കുന്നു. ഉറുമ്പുകളുടെ യുദ്ധം തന്നെയുണ്ട്. നസീറും ഷീലയും ഒരു കാട്ടിൽ തനിച്ചാകുന്നത്  പ്രതിപാദിക്കുന്നു. കാഫ്കയുടെ
അപ്രകാശിത കഥ എഴുതുന്നു.ഇത് കാഫ്ക എഴുതിയതല്ല;അങ്ങനെയൊരു കഥ ഞാൻ സങ്കൽപ്പിക്കുകയാണ്. രണ്ട് അദ്ധ്യായങ്ങളിലായാണ് കാഫ്കയുടെ കഥ വിവരിക്കുന്നത്. ഇത്തരം അയാഥാർത്ഥ്യങ്ങൾ തുടരെ  വിവരിച്ചുകൊണ്ട് ഞാൻ യാഥാർത്ഥ്യത്തെ വികസിപ്പിക്കുകയോ മറ്റൊരു രീതിയിൽ സ്വയം കണ്ടെത്തുകയോ ചെയ്യുകയാണ്.എനിക്കു പറയാനുള്ളത് കൂടുതൽ കലാപരമായി പറയാൻ ഈ വ്യാജയാഥാർത്ഥ്യങ്ങൾ ആവശ്യമായിരുന്നു .'ജലഛായ' എൻ്റെ സർഗ്ഗപരമായ ചിന്തകളുടെ, അനുഭവങ്ങളുടെ പാരമ്യമാണ്. കലാപരമായ അനുഭൂതികൾ ഇവിടെ പ്രധാനമാണ്. ഇത് എനിക്ക് അനിവാര്യമായിരുന്നു .'ജലഛായ' എൻ്റെ രാഷ്ട്രീയ, സാമൂഹിക വീക്ഷണത്തിൻ്റെ സകല ഇടുക്കുവഴികളും കാണിച്ചു തരുന്നുണ്ട്. നോവൽ കലയാണെന്ന് ചിന്തിക്കുന്നവർക്ക് ആത്മാവ് നിറയ്ക്കാൻ ഈ കൃതി മതി.



ചോദ്യം:കവിത യാതനയനുഭവിക്കുന്നവരുടേതാണെന്ന് പറയുമ്പോൾ, ചിന്താപരമായ നിലപാടുകളെ തള്ളിക്കളയുകയാണോ ചെയ്യുന്നത്?. ജീവിതയാതനകൾക്കപ്പുറത്ത് മനനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയില്ലെന്നാണോ ?

എം.കെ.ഹരികുമാർ :കവിതയിൽ ചിന്തയ്ക്ക് രണ്ടാംസ്ഥാനമേയുള്ളൂ; പ്രഥമസ്ഥാനം അതിൻ്റെ വികാരത്തിനാണ്. വികാരം ഒരാളെ  ശരിക്കും തുറന്നുകാണിക്കുന്നു. കവി ലോറാ റൈഡിംഗി (Laura Riding)ൻ്റെ ഒരു നിരീക്ഷണം ഇങ്ങനെയാണ്:Because whenever you think or you believe or you know, you're a lot of other people ;but the moment you feel, you're nobody - but yourself.

ചിന്തിക്കുമ്പോൾ ,ആ വ്യക്തി മറ്റു പലരുമാകുന്നു .എന്നാൽ വികാരം കൊള്ളുമ്പോൾ അയാൾ മാത്രമാണ്. യഥാർത്ഥ കലാകാരൻ ശാന്തിയിലല്ല ജീവിക്കുന്നതെന്ന് അമേരിക്കൻ കവിയും ചിത്രകാരനുമായ ഇ.ഇ.കമിംഗ് സ് പറഞ്ഞു. ഒരു അക്കാദമിക്കിനെപ്പോലെ  അചഞ്ചലനായിരിക്കാൻ അവനു കഴിയില്ല .അവനു ശാന്തിയില്ല ;അവൻ വിഷാദത്തിലായിരിക്കും - കമിംഗ്സ് വെളിപ്പെടുത്തുന്നു. അനീതിയിൽ നിന്ന് വൈകാരികമായി അകലുന്ന പ്രകൃതമാണ് കലാകാരൻ്റേതെന്ന് The Agony of the Artist എന്ന ലേഖനത്തിൽ അറിയിക്കുന്നുണ്ട്.വിഷാദത്തെ  സ്വാഭാവികമായി അനുഭവിക്കാനായി  മനസ്സിനെ സജ്ജമാക്കി വച്ചിരിക്കുന്നവനാണ് കലാകാരൻ.  അയാൾക്ക് യാതനകൾ സത്യാന്വേഷണത്തിനുള്ളതാണ്.

ഒരാൾ കലാകാരനാകേണ്ടത് അതിൽ നിന്ന് എന്ത് നേടാം എന്ന് ചിന്തിച്ചു കൊണ്ടാകരുത്. ഒരാൾ കവിയോ കലാകാരനോ ആകാൻ പല കാരണങ്ങൾ കണ്ടേക്കാം; പക്ഷേ, അതിൻ്റെ ഫലങ്ങളാണ്  പ്രധാനം .ഒരാൾ എന്തിനു വേണ്ടി എഴുതി എന്നാണ് ആലോചിക്കേണ്ടത് ?എഴുതാനുണ്ടായ കാരണമല്ല അത്. പല പ്രലോഭനങ്ങളിൽപ്പെട്ട് എഴുതുന്നവരുണ്ട്. ചില പത്രാധിപന്മാർ അനുകൂലമായി പെരുമാറാനുണ്ട് എന്ന ചിന്തയിൽ എഴുതുന്നവരുണ്ട് .അത് വലിയ കാര്യമല്ല. എന്നാൽ അവർ എഴുതിയതുകൊണ്ട് എന്തു ഫലമുണ്ടായി എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇലക്ട്രീഷ്യനോ ,പ്ളംബറോ ആകാൻ  പരിശീലനം മതി. എന്നാൽ ഹെൻട്രി മാറ്റിസിനെപ്പോലെ ഒരു ചിത്രകാരനോ ,ചങ്ങമ്പുഴയെ പോലെ ഒരു കവിയോ ആകാൻ സവിശേഷ മാനസികാവസ്ഥ വേണം. ഇക്കാര്യമാണ് കമിംഗ്സ് ഊന്നിപ്പറയുന്നത് .എന്നാൽ മാനസികാവസ്ഥകൊണ്ടുമാത്രം കലാകാരനാവില്ല. അതിന്  എങ്ങനെയാണ് വരയ്ക്കണ്ടതെന്ന് പഠിക്കണം. ഒരു ഭൂപ്രകൃതി ദൃശ്യം  വരയ്ക്കുന്നതെങ്ങനെയെന്ന്  പഠിക്കുക തന്നെ വേണം. മാനസികാവസ്ഥ ഇല്ലെങ്കിൽ ഒരാൾക്ക് അക്കാദമിഷ്യനാകാം. മാനസികാവസ്ഥയുള്ളവർ അക്കാദമിക്  നിർദ്ദേശങ്ങൾ ഇല്ലാതെ സ്വന്തം യാതനകൾ തേടി പോവുകയാണ് ചെയ്യുന്നത് .സഹിക്കാനായി ഉത്സുകനാകുക (Eager to suffer), വിഷാദത്തിലൂടെ ആയിത്തീരാനായി ഉത്സുകനാവുക (Eager to become, through agony) യാണ് ചെയ്യുക. എങ്ങനെയാണ് ദുഃഖത്തെ കണ്ടെത്തുക ?അത്  സ്വയം അറിയുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്. നമ്മെ ആരും  സ്വീകരിക്കുകയോ  അംഗീകരിക്കുകയോ ഇല്ല എന്ന ചിന്ത ഒരാൾക്ക് മതിയായ വിഷാദം നല്കാതിരിക്കില്ല.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.