2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 അഭിമുഖം

അപാരമായ അനുഭവങ്ങളുടെ പ്രക്രിയകൾ

എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ / രാജേന്ദ്രൻ നിയതി



ചോദ്യം: ഒരാൾ ഒരു വ്യക്തിയായിരിക്കുന്നത് ശരീരത്തിൻ്റെ തലത്തിൽ  മാത്രമാണെന്ന് താങ്കൾ എഴുതിയത് വായിച്ചു. വ്യക്തി, വ്യക്തിത്വം തുടങ്ങിയ സങ്കല്പങ്ങളും  ഇല്ലാതാവുകയാണോ ? വ്യക്തി ഇല്ലാതാവുകയാണെങ്കിൽ ആ സ്ഥാനത്ത് പിന്നെ എന്താണ് വരുക ? എങ്കിൽ സമൂഹജീവിതം, കുടുംബജീവിതം ,വ്യക്തിജീവിതം എന്നീ പ്രശ്നങ്ങളെ എങ്ങനെ വിശദീകരിക്കാനാവും ? ഒരു വ്യക്തി നന്നാവുമ്പോൾ സമൂഹം നന്നാകുമെന്ന് പറയാറുണ്ടല്ലോ. അതിലൊന്നും അർത്ഥമില്ലാതെ വരുമോ?

എം.കെ.ഹരികുമാർ :വ്യക്തി ശരീരത്തിൻ്റെ തലത്തിലാണ് ഇന്ന് സാന്നിദ്ധ്യമറിയിക്കുന്നതെന്ന് ഞാൻ പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതിൽ എല്ലാമുണ്ട്. വ്യക്തി ശരീരമല്ലേ? ഒരാൾ വ്യക്തിയെന്ന നിലയിലുള്ള ശാരീരിക വ്യവസ്ഥ മാത്രമാണിപ്പോൾ. കാരണം, സംഘടിതമായ ,ആദിമധ്യാന്തപൊരുത്തമുള്ള സർവത്ര യുക്തിയാൽ രൂപീകരിക്കപ്പെട്ട ഒരു വ്യക്തി ഇന്നില്ലല്ലോ. പലയിടങ്ങളിൽ ജീവിക്കുന്നതുകൊണ്ട് പല പ്രതിനിധാനങ്ങൾ വേണ്ടിവരുന്നു. ആരാധനാലയത്തിലും മതത്തിലും  രാഷ്ട്രീയത്തിലും തൊഴിലിലും  വിനോദത്തിലും കാഴ്ചക്കാരൻ എന്ന നിലയിലും വ്യക്തി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇന്ന് കാണി എന്ന തസ്തിക വളരെ വലുതാണ്. എത്ര വലിയ ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രവർത്തകനുമാകട്ടെ ,അയാൾ ഇന്ന് ഒരു കാണിയാണ്‌. അയാൾ ടെലിവിഷൻ്റെയും മറ്റനേകം വീഡിയോകളുടെയും ആൾക്കൂട്ട മാധ്യമങ്ങളുടേയും കാണിയാണ്. ആ നിലയിൽ ഒരാൾക്ക് വേറൊരു സ്വഭാവ സവിശേഷതയാണ് ഉണ്ടാവുക.എന്നാൽ തൊഴിലിൽ മറ്റൊരു സ്വഭാവഗുണവും കടന്നുവരുന്നു. ഇതെല്ലാം ഈ പ്രത്യേക കാലത്തിൻ്റെ സാങ്കേതിക, സാംസ്കാരിക മാറ്റങ്ങൾക്കകത്ത്  രൂപപ്പെടുന്നതാണ് .ആൾക്കൂട്ടത്തിൽ ഞാൻ ശരീരമായി പങ്കുചേരുന്നു. അവിടെ വേറിട്ട് നില്ക്കാനാവില്ല.എന്നാൽ ഒരു  കുടുംബത്തിലോ ഓഫീസിലോ ഇതിൽ നിന്ന് വിഭിന്നമായ  സാഹചര്യമാണുള്ളതെങ്കിലും, ആൾക്കൂട്ടത്തിലെന്ന പോലെ  ശാരീരികമായ ജീവിതം മാത്രമായി നാം ചുരുങ്ങിയിരിക്കുന്നു .  നമുക്ക് നിയതമായ ചിന്താപദ്ധതിയോ ആശയപരമായ ദൃഢതയോ ഇല്ല. സ്വയം വിചാരണ ചെയ്യുന്ന പക്ഷം നമ്മൾ ഉണ്ടെന്ന് കരുതുന്നതെല്ലാം മിഥ്യയാണെന്ന് കണ്ടെത്താനാവും.

ചോദ്യം: കവി സോദ്ദേശ്യ വ്യക്തിയല്ലെന്ന് വാദിക്കുന്നതിൻ്റെ യുക്തിയെന്താണ് ?കവി ദർശനമുള്ള വ്യക്തിയായിരിക്കുമല്ലോ .ഒരു കവി തൻ്റെ ജീവിതത്തിലാകമാനം ഒരു ദർശനമല്ലേ ആവിഷ്കരിക്കുന്നത്? വയലാറിൻ്റെ കാവ്യദർശനം ,വള്ളത്തോളിൻ്റെ കാവ്യദർശനം എന്നൊക്കെ  പറയുന്നത് തെറ്റാണെന്ന് താങ്കൾ വിവക്ഷിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയില്ലേ? കവി ഓരോ സമയത്തും പരസ്പരവിരുദ്ധമായി ചിന്തിക്കുന്നു എന്നു പറയുന്നതല്ലേ യഥാർത്ഥത്തിൽ അരുചി ?

എം.കെ.ഹരികുമാർ :കവി ഒരു സോദ്ദേശ്യ വ്യക്തിയാകുകയാണെങ്കിൽ അയാൾക്ക് ധാർമികമൂല്യങ്ങളുടെ പരിചാരകനാകാനേ കഴിയൂ. ഈ ലോകത്തിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരും കവികളുമെല്ലാം യോജിക്കുന്ന ഒരു കാര്യമുണ്ട്; മൂല്യങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു നല്ലപിള്ളയാകാനാണ് എഴുതുന്നതെന്ന്  പറയുന്നത് അസംബന്ധമാണ്. ഈ സമൂഹം അല്ലെങ്കിൽ ലോകം  മറച്ചുവെച്ചതാണ് എഴുത്തുകാരൻ പുറത്തെടുക്കേണ്ടത്. സമൂഹത്തിൻ്റെ  വിവിധ തലങ്ങളിൽ മൂടിവച്ചിരിക്കുന്ന അധാർമികതകളുണ്ട്. അത്  എല്ലാവരും അറിഞ്ഞുകൊണ്ട് പാലിക്കുന്ന ക്രൂരതയാണ്.മറച്ചുവച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തെടുക്കാൻ സാഹിത്യമല്ലാതെ വേറെ വഴിയില്ല. മാന്യത വിട്ട് ഇടപെടേണ്ട  കാര്യമാണിത്. ഒ. വി. വിജയൻ 'ധർമ്മപുരാണം' എന്ന നോവലിൽ  ചരിത്രം മൂടിവച്ചിരിക്കുന്ന മാലിന്യം പുറത്തെടുത്ത് പരിശോധിക്കുന്നത് കാണാം. അധികാരവും രതിയും ക്രൂരതയും അസംബന്ധവും കൂടി ക്കുഴയുന്നത് നാം കാണുന്നു .ജുഗുപ്സയുടെ സൗന്ദര്യമാണിത്. റഷ്യൻ എഴുത്തുകാരനായ ഇവാൻ ബുനിൻ (Ivan Bunin) എഴുതിയ The Gentleman From Sanfrancisco എന്ന കഥയിൽ ,ധനികനായ ഒരു കച്ചവടക്കാരൻ വലിയ സ്വപ്നങ്ങളുമായി കപ്പലിൽ യൂറോപ്പ് ചുറ്റിയടിക്കാൻ പോകുന്നതിൻ്റെ  വിവരണമാണുള്ളത് .അയാൾ യാത്രാമധ്യേ മരിക്കുകയാണ്. അയാളുടെ ശവം എഞ്ചിൻ മുറിയിലാണ് സൂക്ഷിച്ചത് .അയാളുടെ കുടുംബം പോലും മറ്റുള്ളവരുടെ കൂടെ ചേരുന്നു .കപ്പൽ യാത്രക്കാർ ലോകത്തിൻ്റെ ബധിരവും നിർദ്ദയവുമായ മനോഭാവത്തിൻ്റെ  പ്രതിനിധാനമാണ് .ഒരാളുടെ ശവം അടിച്ചമർത്തപ്പെട്ട നേരുകളുടെ  സാക്ഷ്യമാണ്.ഒരു സോദ്ദേശ്യ വ്യക്തിയാകുന്നപക്ഷം ,എഴുത്തുകാരന് അല്ലെങ്കിൽ കവിക്ക് ആരെയും വിമർശിക്കാനാവില്ല .എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി കള്ളം പറയേണ്ടി വരും.പ്രേമിച്ചാൽ കല്യാണം കഴിക്കണമെന്ന് പറയുന്നതുപോലെ ജീവിതത്തിൻ്റെ അടിത്തട്ടിലെ ദുഃഖവും ഏകാന്തതയും മറച്ചു വച്ച്  എഴുതേണ്ടിവരും. വായനക്കാരെ ഉറക്കിക്കിടത്താൻ വേണ്ടി എഴുതിയിട്ട് കാര്യമില്ലല്ലോ. അവരെ ഉണർത്തേണ്ടതാണ്. അവർ കാണാത്ത നേരുകൾ പറയണം. അപ്പോഴാണ് എഴുത്തിൽ അത്മാർത്ഥതയുണ്ടാകുന്നത്.പരുക്കൻ  യാഥാർത്ഥ്യങ്ങൾ ജീവിതത്തിലുള്ളതാണല്ലോ. അപ്രിയമായ പലതുമുണ്ട് . അതെല്ലാം മൂടിവെച്ചിട്ട് ഉപരിതലത്തിൽ കാണുന്ന പൂക്കളെക്കുറിച്ചു മാത്രം എഴുതുന്നതാണ് അധാർമ്മികം. കവിക്ക് ഒരു സോദ്ദേശ്യ കഥാപാത്രമായി മാറാനാവില്ല. അയാൾ  അടിത്തട്ടിലുള്ള വർത്തമാനങ്ങൾ കേൾക്കേണ്ടവനാണ്.

ചോദ്യം: കവിക്ക് ദർശനമില്ലെന്ന് പറയുന്നതിൻ്റെ യുക്തിയെന്താണ് ?



എം.കെ.ഹരികുമാർ :കവി വിശാലമായ ,ദീർഘമായ കാലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. കവിതയിൽ ചരിത്രവും സമൂഹവും തത്ത്വചിന്തയുമെല്ലാമുണ്ട്‌. ഒരു യാഥാർത്ഥ കവിക്ക് തനിക്ക് ഇഷ്ടപ്പെടുന്ന കുറെ കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വച്ച്  അതിനെക്കുറിച്ച് മാത്രം എഴുതാനാവില്ല. ഒരു  കവി ജീവിതകാലമത്രയും ദർശനപരമായി ഉദ്ഗ്രഥിച്ച് ജീവിക്കുന്നില്ല.ഓരോ കവിതയും എഴുതിക്കഴിഞ്ഞ് അതിനെ  നിരാകരിക്കേണ്ടി വരും.പരസ്പര വിരുദ്ധമായതിനെ നേരിടേണ്ടിവരും. ഒന്ന് മറ്റൊന്നിനോട് യുക്തിയിൽ ചേരുന്നുണ്ടോയെന്ന് നോക്കി കവിതയെഴുതാനൊക്കില്ല. കവിത യുക്തിക്കപ്പുറത്തേക്ക് പോകുന്നു. അത് വൈകാരികമായ അതിപ്രവാഹമല്ല .വൈകാരികതയുടെ അർത്ഥമാണത് .അതിൽ മനുഷ്യവ്യക്തിയുടെ സങ്കീർണതകളും വൈരുദ്ധ്യങ്ങളുമുണ്ട്.

എന്തിനാണ് ഒരു കവി പരസ്പരപൊരുത്തമുള്ള, സുഘടിതമായ ലോകമുണ്ടാക്കുന്നത്? അതിൻ്റെ ആവശ്യമില്ലല്ലോ. അയാൾ സ്വയം എങ്ങനെയെല്ലാം പരസ്പര വിരുദ്ധതയിൽ ആണ്ടുപോകുന്നുവോ അത് അതേപടി  ആവിഷ്കരിക്കുകയാണ് വേണ്ടത്. ആ വിരുദ്ധഘടകങ്ങൾ സമൂഹത്തിൻ്റെ  അന്തർലോകം കാണാൻ സഹായിക്കും.

ചോദ്യം: വിരുദ്ധഘടകങ്ങളുടെ ആകെത്തുകയാണ് ഒരു കവിയെ നിർമ്മിക്കുന്നതെങ്കിൽ ,യഥാർത്ഥത്തിൽ കവി എന്ന വ്യക്തിയുണ്ടോ ? കവി എന്ന വ്യക്തിയുടെ പ്രൊഫൈൽ എങ്ങനെയായിരിക്കും.? അയാൾ ഒരു എൻറിറ്റി അല്ലെന്നുണ്ടോ?

എം.കെ.ഹരികുമാർ: ഒരു കവി തൻ്റെ എൻറിറ്റി നിർമ്മിക്കാനായി സമയം പാഴാക്കേണ്ടതുണ്ടോ ? കവിത എഴുതിയാൽ പോരേ? Antipoetry എന്നൊരു വിഭാഗമുണ്ട് .മലയാളത്തിൽ പ്രതികവിത എന്ന് പറയാം. നിലവിലുള്ള കവിതയോട് അഭിരുചിപരമായി യോജിക്കാനാവാതെയാണ് ആൻറി പോയട്രി എഴുതപ്പെട്ടത്. ചിലിയൻ കവി നിക്കാനോർ പാർറ ഈ രംഗത്ത് സ്വയം പ്രഖ്യാപിക്കുകയാണ് .

"The poet asleep on the cross
Greets you with tears of blood "

കവി കുരിശിലാണ് ഉറങ്ങുന്നത്. അവൻ നിങ്ങളെ ആശീർവദിക്കുന്നത് രക്തമാകുന്ന കണ്ണുനീർകൊണ്ടാണ് - എന്നെഴുതിയ കവിയാണ് അദ്ദേഹം. എല്ലാ പൊങ്ങച്ചങ്ങളെയും  വീരവാദങ്ങളെയും തള്ളിക്കളയുകയാണ് പാർറ ചെയ്തത്. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി കിടന്ന അവസരത്തിൽ തന്നെ സന്ദർശിക്കാനെത്തിയ സുഹൃത്തിന് തൻ്റെ ശവകുടീരത്തിൽ എഴുതി വയ്ക്കേണ്ട വാക്യങ്ങൾ അദ്ദേഹം എഴുതി നൽകിയത് ഇങ്ങനെയാണ്:
"The worst is behind
There is no humiliation
Worse than existence "

ഒരു കവിയായിരിക്കുന്നതിൽ ,ആ പദമുണ്ടാക്കുന്ന പൊതുബോധത്തിൽ, അസ്വസ്ഥനായ കവിയാണ് പാർറ.  ഭൂതകാലം താലോലിച്ച് ജീർണമാക്കിയ ചിന്തകളിൽ സ്വയം അടയാളപ്പെടുത്തപ്പെടാൻ വിമുഖ നാവുന്നത് പുതിയ കവിയുടെ  പ്രശ്നമാണ്.

തൻ്റെ എല്ലാ വ്യക്തിത്വങ്ങളും അഴിച്ചു വച്ച് ശൂന്യനാകാനാണ് പാർറ ശ്രമിക്കുന്നത് .ഇത് കവിതയെ അന്വേഷിക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ്. വ്യക്തിത്വം കൃത്രിമമായി  സങ്കൽപ്പിക്കുന്നതിൽ അർത്ഥമില്ല. കവിയുടെ വ്യക്തിത്വമല്ല കവിത. അത് അപാരമായ അനുഭവങ്ങളുടെ പ്രക്രിയകൾ കൂടിച്ചേരുന്നതാണ്. കവി ഒരു എൻൻ്റിറ്റിയായി മാറി നില്ക്കുന്നില്ല. അയാൾ സ്വയം ചിതറിയോ, ഇല്ലാതായോ കവിതയിൽ മറ്റൊന്നായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. അയാൾ വാക്കുകളാണ്, പ്രകൃതി വസ്തുക്കളാണ്.

ചോദ്യം: കാവ്യവീക്ഷണവും സൗന്ദര്യ ശാസ്ത്രവും കവി വിഭാവനം ചെയ്യുകയാണെന്ന് പറയുന്നത് സദാചാര വിരുദ്ധമാണെന്ന് എഴുതിയത് അതിരുവിട്ടതായി തോന്നി. അത് കവിയെ നിഷേധിക്കുന്നതിനു തുല്യമല്ലേ ? കവി താൻ എഴുതാൻ പോകുന്ന ആശയത്തിൻ്റെ ,അനുഭവത്തിൻ്റെ  സൗന്ദര്യശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് അറിയുന്നത് തെറ്റാകുന്നതെങ്ങനെയാണ്?

എം.കെ.ഹരികുമാർ:കവിത മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ആശയസംഹിതയാണെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. കവിത ,അതെഴുതുന്നയാളിനു പോലും  നേരത്തെ അറിവുള്ളതല്ല. അതിനു  ഒരു സ്വകീയമായ ആവിർഭാവമുണ്ട്. അത് ഒരാശയത്തിൻ്റെ പദ്യവത്ക്കരണമല്ല. സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള മുൻധാരണയാണ് എഴുതാൻ നിർബന്ധിക്കുന്നതെങ്കിൽ, കവിത തന്നെ എഴുതണമെന്നുണ്ടോ? ആ സൗന്ദര്യശാസ്ത്രം ലേഖനമായി  എഴുതിയാലും മതിയല്ലോ. കാവ്യവീക്ഷണമാണോ കവി എഴുതുന്നത്? എങ്കിൽ ആ വീക്ഷണം എഴുതിയാൽ മതി ;കവിതയുടെ ആവശ്യമില്ലല്ലോ. ജീവിതകാലമത്രയും  കവി ഒരേയൊരു കാവ്യസ്വത്വത്തിൽ   അടയിരിക്കുകയാണെന്ന് പറയുന്നത് തെറ്റായ കാഴ്ചപ്പാടാണ്. മനുഷ്യമനസ്സ് നിശ്ചലമായ ഒരു വസ്തുവല്ല ;അത് പ്രതീതിയും സാധ്യതയും അയാഥാർത്ഥ്യവുമാണ്. അത് ഓരോ നിമിഷവും സ്വയം നിരസിക്കുകയും നിർമ്മിക്കുകയുമാണ് ചെയ്യുന്നതെന്നാണ് എൻ്റെ നവാദ്വൈതവീക്ഷണം. പത്തു വർഷം മുമ്പുള്ള ചിന്തകളാണോ ഇപ്പോൾ നമുക്കുള്ളത്?പ്രാപഞ്ചികമാറ്റത്തിനിടയിലെ താൽക്കാലികവും ക്ഷണികവുമായ  അവസ്ഥയാണ് നാമൊക്കെ . അപ്പോൾ അതെങ്ങനെയാണ് സൈബർ നിയമം പോലെയോ  നീതിന്യായവ്യവസ്ഥ പോലെയോ സുവ്യക്തവും സുദൃഢവും  യുക്തിസഹവുമായിരിക്കുന്നത്.?

യുക്തിയുടെ അധികഭാരമേല്പിച്ച ക്ഷതത്തിൽ നിന്ന് മുക്തി നേടാനാണ്  കവിതയെഴുതുന്നത് .അത് എപ്പോഴും ഒരുപോലെയല്ല; മാറിക്കൊണ്ടിരിക്കും. കവിക്ക് തൻ്റെ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ച് അമിതമായ ആത്മവിശ്വാസമുണ്ടെങ്കിൽ, അതിനൊപ്പിച്ച് തയ്പ്പിച്ച  കുപ്പായങ്ങളായിരിക്കുമോ അയാളുടെ കവിതകൾ? ആ കവിതകൾ എത്ര ബോറായിരിക്കും ? അത് ലക്ഷണശാസ്ത്രം പോലെ വിരസവും ഭാവനാശൂന്യവുമായിരിക്കും. എന്നാൽ ഭാവന ഒരു എതിരിടലും ബദലുമാണ്. ശാസ്ത്രസാങ്കേതിക സാഹചര്യങ്ങളെ പോലും മറികടക്കാൻ ഇതാവശ്യമാണ്. ശാസ്ത്രയുക്തികൾ എപ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തെയും ഭാവനയെയും  തടവിലാക്കുകയാണ് ചെയ്യുന്നത്. അതിനെ മറികടക്കാൻ ഭ്രമാത്മകതയും  സ്വപ്നവും ഭാവനയും നമുക്കാവശ്യമാണ് ;അല്ലെങ്കിൽ നമ്മൾ വെറും യന്ത്രങ്ങളായിപ്പോകും.  നമ്മുടെയുള്ളിലെ തരളമായ ലോകങ്ങൾ നശിപ്പിക്കപ്പെടാൻ പാടുള്ളതല്ല .അതിനെതിരായ ജാഗ്രത വേണം.
I want to do with you
What spring does
With the cherry trees

എന്ന് പാബ്ലോ നെരൂദ എഴുതിയത് Everyday you  play എന്ന കവിതയിലാണ് .എന്താണ് ഇതിനർത്ഥം? വസന്തം ചെറിമരങ്ങളോട് ചെയ്തത് കാമുകിയോട് താനും ചെയ്യുമെന്നാണ്. വസന്തം എത്ര സ്നിഗ്ദ്ധമായി, പവിത്രമായാണ്  അത് ചെയ്യുന്നത്! . അതുപോലെയാണ് തൻ്റെ മനസ്സും എന്നാണ് കവി സൂചിപ്പിക്കുന്നത് . പ്രണയം പ്രകൃതിയുടെ സ്വാഭാവിക നന്മയാണ്. അത് പരാഗണമാണ്‌, പൂവാണ് ,കായാണ്. അതിൻ്റെ  സ്വാഭാവികത നിറവാണ്. പ്രണയത്തെ  ഇങ്ങനെ വ്യാഖ്യാനിക്കാൻ വേണ്ടിയല്ല നെരൂദ എഴുതിയത്. അദ്ദേഹം തൻ്റെ  മനസ്സിലുടെ കടന്നുപോകുന്ന ഒരു കാറ്റിനെ അവിഷ്കരിക്കുകയാണ്.ഇതിനെ പ്രവചനമായി കാണണ്ട; മുദ്രാവാക്യവുമല്ല. നിരുപാധികമായ സ്വയം പ്രകാശനമാണിത്. ഇതാണ് കവിത. സൗന്ദര്യശാസ്ത്രത്തിനു വേണ്ടിയല്ല ഇതെഴുതിയത്. എന്നാൽ ഇത് വായിക്കുന്നവരിൽ സൗന്ദര്യാത്മകമായ അനുഭവങ്ങൾ ഒരേ രീതിയിലല്ല ഉണ്ടാകുന്നത്. വായനക്കാർ വ്യത്യസ്തരായതുകൊണ്ട് വിഭിന്ന രീതിയിലുള്ള മനോഗതങ്ങളുണ്ടാകും.     അതിൽ കവിക്ക് ഒന്നും ചെയ്യാനില്ല. അതിൻ്റെയർത്ഥം കവിതയുടെ നിർമ്മിതി ഒരാസൂത്രണമല്ല; കവി പ്രഹേളികകളെ നേരിടുന്നതിൻ്റെ ഒരു മാർഗ്ഗം മാത്രമാണ് എന്നാണ്. പൂർണ്ണമോ അന്തിമമോ ഉദ്ഗ്രഥനാത്മക മോ എന്ന നിലയിൽ കരുതാവുന്ന യാതൊന്നും ഇതിലില്ല.

ചോദ്യം :സൗന്ദര്യാത്മക ചിന്തകളാണ് ഒരു കഥാകൃത്തിനെ ഉത്ക്കണ്ഠാകുലനാക്കേണ്ടതെന്ന് എഴുതിയതോ? കഥാകൃത്തുക്കൾ എന്തെഴുതണമെന്ന് ചിന്തിക്കേണ്ടതില്ലേ ? സൗന്ദര്യത്തെക്കുറിച്ച് മാത്രം എഴുതിക്കൊണ്ടിരുന്നാൽ മതിയോ?  അങ്ങനെയാണെങ്കിൽ തകഴിക്ക്  'വെള്ളപ്പൊക്കത്തിൽ ' , വൈക്കം മുഹമ്മദ് ബഷീറിനു  'ഒരു മനഷ്യൻ'  എന്നീ കഥകൾ എഴുതാൻ സാധിക്കുമായിരുന്നോ ?

എം.കെ.ഹരികുമാർ: കഥ പറയാൻ  പുതിയ വിഷയങ്ങളൊന്നുമില്ലല്ലോ. പലരും പറഞ്ഞതു തന്നെയാണ് ഇന്നും   എഴുതിക്കൊണ്ടിരിക്കുന്നത്‌. പുതിയ കഥ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് രാഷ്ട്രീയ ,മത, സാംസ്കാരിക വിഷയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി കഥയെ ആശ്രയിക്കുന്നത്. കഥ പലതും  കുത്തിനിറയ്ക്കാനുള്ള മാധ്യമമാകരുത്. കഥ  പ്രാർത്ഥന പോലെയാണെന്ന് കാഫ്ക പറഞ്ഞിട്ടുണ്ട്. പ്രാർത്ഥിക്കുമ്പോൾ മറ്റ് വിഷയങ്ങൾക്ക് അവിടെ സ്ഥാനമില്ലല്ലോ. കഥാരചനയിൽ കലാബോധം വേണം. കലാബോധമില്ലാത്തവർ ,സാഹിത്യകലയിൽ അഭിരമിക്കാൻ കഴിവില്ലാത്തവർ  കഥയെഴുതിയാൽ വരണ്ടിരിക്കും.ഒരാളെ കഥയെഴുതാൻ പ്രേരിപ്പിക്കേണ്ടത് കലാനുഭവമായിരിക്കണം .ദസ്തയെവ്സ്കിയുടെയും  ഗാർസിയ മാർകേസിൻ്റെയും കഥകൾ അത് വ്യക്തമാക്കുന്നുണ്ട് .എത്ര വലിയ വിഷയം തിരഞ്ഞെടുത്തു എഴുതിയാലും അതിൽ അസ്തിത്വം എന്ന വൻകരയെക്കുറിച്ചുള്ള അവ്യക്തമായ ഒരു സൂചനയെങ്കിലും ഇല്ലെങ്കിൽ വ്യർത്ഥമായിരിക്കും. നമ്മെ ആഴത്തിലുള്ള അനുഭവിപ്പിക്കലിനു  സജ്ജമാക്കണം. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ വല്ലാതെ വിശദീകരിച്ചെഴുതുന്ന ഇപ്പോഴത്തെ രീതി അർത്ഥശൂന്യമാണ്. തകഴിയുടെ  'വെള്ളപ്പൊക്കത്തിൽ ' എന്ന കഥയിൽ ഒരു നായയുടെ അവസ്ഥയാണ് വിവരിക്കുന്നതെങ്കിലും, അതിൽ മനുഷ്യൻ്റെ അതുല്യമായ ഒരു നോട്ടമുണ്ട്. മനുഷ്യൻ ആ  അവസ്ഥയിൽ എത്തിച്ചേർന്നാൽ നായയെക്കാൾ ഒട്ടും മെച്ചമായിരിക്കില്ല. മനുഷ്യനു സ്വയം ദർശിക്കാനാണ് തകഴി നായയെ സൃഷ്ടിച്ചത്‌. ആ കഥ പറയേണ്ടതങ്ങനെയാണ്.  അതിനൊരു സന്ദർഭം വേണം .നായയെ വേറൊരു പശ്ചാത്തലത്തിൽ നിർത്തിയാൽ ഉദ്ദേശിക്കുന്ന ഫലമുണ്ടാകില്ല. വെള്ളപ്പൊക്കമാണ് ഏറ്റവും നല്ല സന്ദർഭം .അത് വായിക്കുന്ന ഓരോ വ്യക്തിയും നായയായി സ്വയം സങ്കല്പിക്കും.  ഇതാണ് കലയുമായുള്ള നമ്മുടെ ബന്ധം. ഇത് അറിയുന്ന എഴുത്തുകാരനാണ് തകഴി. തകഴിയിലൂടെ വായനക്കാരും അത് മനസ്സിലാക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.