ഗുരുവിൻ്റെ സാമൂഹികജീവിതത്തെ
തമസ്കരിക്കാൻ നോക്കണ്ട
എം.കെ.ഹരികുമാർ
ഗുരുവിനെ
സാമൂഹിക നവോത്ഥാനത്തിൻ്റെ മഹാധൈഷണിക കേന്ദ്രമായി കാണുന്നതിനെ ചിലർ
എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല . ഇക്കൂട്ടർക്ക് ഗുരു
ഉപനിഷത് ദാർശനികൻ മാത്രമാണ് .വേദാന്തം ഒരു പാഠ്യശാഖയാണ് .ലോകത്തിലെ എത്രയോ
കലാശാലകളിൽ വേദാന്തം പഠിപ്പിക്കുന്നു. പതിനെട്ടാത്മാവുകളും ലിംഗാത്മാവും
ആറുപടികളും ഷഡാധാരവും കുണ്ഡലിനിയും സഹസ്രാരപത്മവുമെല്ലാം
പാഠ്യവിഷയങ്ങളാണ്.അത് ഋഗ്വേദകാലം തൊട്ടുള്ളതാണ്.ഉപനിഷത്തുക്കളുടെ
നിർമ്മിതിയെക്കുറിച്ച് ആലോചിച്ചാൽ, അത് വളരെ ഉയർന്ന, ബൗദ്ധികജീവിതത്തിൽ
ഉയർച്ച കൈവരിച്ച ,പാഠ്യവിഷയത്തിൻ്റെ ഭാഗമായി നിലവിലുള്ള ഭരണ ക്രമത്തിൻ്റെ
അംഗീകാരം ലഭിച്ച മനീഷികളാൽ അന്വേഷിക്കപ്പെട്ട ആശയമാണെന്ന് കാണാം
.ഒരാളല്ല ,നൂറ്കണക്കിനാളുകൾ ഉപനിഷത്ത് രചനകളിലേർപ്പെട്ടു. അത് ആ കാലത്തെ
ബൗദ്ധികമായ സാരഗ്രാഹിയായ , സദാചാരപരമായ , ധനാത്മകമായ ഒരു വ്യവഹാര
മായിരുന്നു. വൈദികകാലത്ത്, ഉപനിഷത്ചിന്തയിൽ തൻ്റേതായ ഒരു പാഠം
കൂട്ടിച്ചേർക്കുക എന്നുള്ളത് ഉത്തരവാദിത്വത്തോടെയുള്ള ഒരു മത്സരമായിരുന്നു
.പാഠവും പഠിതാവും ഒന്നായിത്തീരുന്ന കാലത്തിൻ്റെ , അന്തരിന്ദ്രിയ
ജീവിതത്തിൻ്റെ ദർശനമാണത്. ഉപനിഷത്ത് വെളിച്ചമാണ് ;മനുഷ്യൻ്റെ അനന്തമായ
സിദ്ധികളെ അത് ഉദ്ഘോഷിക്കുന്നു .
മനുഷ്യൻ ഈ ലോകത്ത് തനിച്ചല്ല
എന്ന് അത് സമർത്ഥിക്കുന്നു . ഭൗതികമായിട്ടുള്ള നമ്മുടെ ഭയങ്ങളും
ഏകാന്തതകളും മിഥ്യയാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ അതിനു കഴിഞ്ഞു. ഈ ലോകം
യഥാർത്ഥത്തിൽ നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നതെന്താണ്? ഭൗതികഭോഗവും കാമവും
ഐന്ദ്രിയതയും നമ്മെ വീണ്ടും വീണ്ടും വിളിക്കുമ്പോൾ ,ആത്യന്തികമായ
മനുഷ്യാവസ്ഥയിൽ നമ്മൾ ആരാണെന്ന് ചോദിക്കുന്നതു തന്നെ ഒരു വെളിച്ചമാണ്. ആ
ചോദ്യം ഇപ്പോഴും ആളുകൾ ചോദിക്കുന്നു. മാനവജീവിതത്തിൻ്റെ നിർദാക്ഷിണ്യമായ
നിസ്സാരതയിൽ ഒരാൾ അഭിരമിക്കുന്നതിനെ തടയുന്ന ശക്തിയാണ് വൈദികദർശനം.
ഗുരുവും അതിൽ മനനം ചെയ്തു. പുതിയ അന്വേഷണങ്ങൾ നടത്തി. ചിന്തയുടെ
അകക്കാമ്പിലുള്ള താമരവർണ്ണത്തിനുവേണ്ടി ഗുരു തപസ്സ് ചെയ്തു. ആ തപസ്സിൻ്റെ
ഫലമാണ് ദർശനമാല ,ആത്മോപദേശശതകം തുടങ്ങിയ കൃതികൾ . സാരാന്വേഷണത്തിൻ്റെ
ക്ലേശകരവും, വ്യഥിതവും താപസികവുമായ മേഖലകളിലൂടെ ഗുരു ഒറ്റയ്ക്ക് അലഞ്ഞു.
ഗുരു ഇന്ന് ഒരു വേദാന്ത വിഷയമാണ് .ഗുരുവിനെക്കൂടി പഠിച്ചാലേ വേദന്തപഠനം
പൂർത്തിയാവുകയുള്ളൂ .'ചിജ്ജഡചിന്തകം' എന്ന ലേഖനത്തിൽ ഗുരു ഇങ്ങനെ
എഴുതുന്നു: "അയ്യോ, ഇത് എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! . വെളിയിൽ
കാണുന്നതുമല്ല, ഇന്ദ്രിയങ്ങളിൽ നിന്നും തള്ളിവരുന്നതുമല്ല
,ഇന്ദ്രിയങ്ങളിൽക്കൂടി വരുന്നതുമല്ല .പിന്നെ എങ്ങനെയാണ് ഇപ്രകാരം
നിർഹേതുകമായി കാണപ്പെടുന്നതെന്ന് ചോദിച്ചാൽ ,അതു അവിചാരദശയിൽ കാനൽജലം
പോലെ തോന്നുന്നതല്ലാതെ വിചാരിച്ചു നോക്കുമ്പോൾ ഇതെല്ലാം തന്നെ
ശുഭചിത്തായിത്തന്നെ വിളങ്ങുന്നു " . പ്രപഞ്ചത്തിന് നേർക്ക് ഗുരു
ആന്തരികമായി നോക്കിയതിൻ്റെ ചിത്രമാണിത് .ഇത് ഗുരു സ്വന്തം നിലയിൽ നോക്കി
കണ്ടതാണ്. ഒരു സമൂഹത്തിൻ്റെയോ രാഷ്ട്രത്തിൻ്റെയോ വഴിയല്ല.
ഗുരുനിന്ദ വേണ്ട
എന്നാൽ ഗുരു ഇത് മാത്രമല്ല. ഈ വെളിച്ചത്തെ സമൂഹനന്മയ്ക്കായി ഉപയോഗിച്ച മഹാപ്രതിഭയാണ് .സമൂഹത്തിൻ്റെ അന്ധത ദിവാന്മാരിലൂടെയോ മന്ത്രിമാരിലൂടെയോ, ഉയർന്ന ഉദ്യോഗസ്ഥന്മാരിലൂടെയോ പരിഹരിക്കപ്പെടുമെന്ന് ,അവരുടെ ഉത്തരവുകളിലൂടെ ദൂരീകരിക്കപ്പെടുമെന്ന് വിചാരിക്കുന്ന കാര്യഗൗരവമില്ലാത്തവരുണ്ട്. അവരെ നമുക്ക് വിടാം. എന്നാൽ ചിന്താശേഷിയുള്ളവർ ഗുരുവിൻ്റെ സാമൂഹിക നവീകരണപ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നത് ഗുരുനിന്ദയായി കാണേണ്ടതാണ് .ഗുരുവിൻ്റെ സാമൂഹിക പ്രവർത്തനത്തിൽ ക്രാന്തദർശനമുണ്ട്. അത് ഭാവിയെ കുറേക്കൂടി മെച്ചപ്പെടുത്താനുള്ളതാണ് .ആത്യന്തികമായ വ്യർത്ഥതകളെ എങ്ങനെ പരിഹരിക്കണമെന്നാണ് അത് അറിയിക്കുന്നത് .തൻ്റെ വേദജ്ഞാനവും ബ്രഹ്മജ്ഞാനവും മനുഷ്യോപകാരപ്രദമായി ഗുരു പരീക്ഷിച്ചത് സാമൂഹ്യമേഖലകളിലാണ്. വെറുതെ വേദവാക്യങ്ങളുരുവിട്ട് , വ്യക്തിമോക്ഷമെന്ന തലത്തിലൂടെ യൂറോപ്യൻ വ്യക്തിവാദത്തിൻ്റെ ആത്മവൈകൃതങ്ങളിലേക്കല്ല ഗുരു സഞ്ചരിച്ചത് .പൊതുവേ സന്യാസിമാർ ചെയ്യുന്ന തരത്തിലുള്ള ഒഴിഞ്ഞുമാറലും വൈദികപരിപ്രേക്ഷ്യത്തിലൂന്നിയുള്ള ബൗദ്ധിക അന്തരീക്ഷനിർമിതിയും സ്വീകരിച്ചിട്ടില്ല .കാലങ്ങളുടെ ഉപയോഗത്തിലൂടെ പൊടിപിടിച്ചു നിറം കെടുകയോ ,തുരുമ്പെടുത്തു ചീത്തയാകുകയോ ചെയ്ത ആത്മീയപദ്ധതികളെ കാലികമായി പുതിയ സന്ദേശങ്ങൾകൊണ്ട് നിറച്ച് , പ്രാചീനമായ സത്യാന്വേഷണങ്ങളെ നഷ്ടപ്പെടുത്താതെ ഗുരു പുതിയൊരു ജീവിതധർമ്മത്തെക്കുറിച്ച് സംസാരിച്ചു. സാധാരണ വേദാന്തികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത മഹത്വവും മഹനീയതയുമാണ് ഇതിലുള്ളത്. തൻ്റെ ജീവിതംകൊണ്ട് അനേകായിരങ്ങൾക്ക് പ്രത്യക്ഷത്തിൽ സൗഖ്യം നൽകാൻ എത്ര സന്യാസിമാർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആലോചിക്കണം. ശരിക്ക് ആലോചിക്കണം .അപ്പോഴേ ഗുരു കാണിച്ചുതന്ന പാത വ്യക്തമാവുകയുള്ളൂ .കുമാരനാശാൻ തന്നെ പാടിയില്ലേ ,ഗുരുവിൻ്റെ സന്യാസം എങ്ങനെ വ്യതിരക്തമാണെന്ന്.
"അന്യർക്കു ഗുണം ചെയ്- വതിനായുസ്സു വപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലി ചെയ് വൂ"
അന്യർക്കു വേണ്ടി ഇതുപോലെ ഏത് സന്യാസിയാണ് പ്രവർത്തിച്ചിട്ടുള്ളത് ? ദീർഘകാലം അതു തുടർന്നു .ആത്മതപസ്സ് ബലി ചെയ്യുകയായിരുന്നു. ഇതു കാണണ്ടേ ? ഗുരുവിൻ്റെ ഔന്നത്യമാണിത്.ഗുരുവിൻ്റെ സാമൂഹിക പ്രവർത്തനമേഖലയിലെ ഉൾക്കാഴ്ചയും പരിവർത്തനത്തിനായുള്ള പ്രക്ഷോഭവും കാണാത്തവർ ,കണ്ടില്ലെന്നു നടിക്കുന്നവർ, കാണാൻ കഴിവില്ലാത്തവർ വലിയൊരു മാസക് കൊണ്ട് മുഖം മറയ്ക്കുകയാണ് ചെയ്യുന്നത്. ഗുരുവിൻ്റെ സമൂഹം എന്ന ആശയം തന്നെ വിപുലമായ ഒന്നാണ്. അത് ദൈവത്തെ പുനരവതരിപ്പിക്കുകയും അതിലൂടെ സ്വന്തം ജീവിതപഥങ്ങളെ ക്രിയാത്മകമായി സംസ്കരിക്കുകയും ചെയ്യുന്ന സമൂഹമാണ് .അത് വെറും ആരാധകരുടെ ലക്ഷ്യമറ്റ ലോകമല്ല. ഒരു നവലക്ഷ്യത്തിൻ്റെ പൂർത്തിക്കായി വെണ്മയോടെ അവതരിക്കയാണ് ആ ചേതന .
ദൈവത്തെ സൃഷ്ടിച്ചു
സാമൂഹികബോധവും പരിവർത്തന വാഞ്ചയും ആധുനികതയും ചേർന്നതാണ് ഗുരുവിൻ്റെ ലോകം. ഗുരുവിൽനിന്ന് ഇത് തുടച്ചുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഇതു കൂടി ചേരുമ്പോഴാണ് ഗുരു ഉണ്ടാകുന്നത്. സാമൂഹികപ്രബുദ്ധതയുടെ ദാർശനികതയും ബോധോദയത്തിൻ്റെ പ്രായോഗികവേദാന്തവുമാണ് ഗുരു.ഈ ഗുരുവിനെ തമസ്കരിച്ചിട്ട് തങ്ങൾ വേദവ്യാഖ്യാതാവായ ഗുരുവിനെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നു പറയുന്നത് ശരിയല്ല .പല ഗുരു പഠിതാക്കൾക്കും ഇതു രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. കൃതികളുടെ അർത്ഥം പറഞ്ഞുകൊണ്ടു ക്ലാസെടുത്താൽ ഗുരുവിൻ്റെ ലോകം പിടികിട്ടില്ല. അതിനുമപ്പുറമുള്ള രാഷ്ട്രീയ ,ആത്മീയ അനുപൂരക ബന്ധങ്ങൾ വേർതിരിച്ചെടുക്കണം.
ഗുരു ഒരു ദൈവത്തെ സൃഷ്ടിച്ചു. സാധാരണക്കാർക്കുകൂടി പ്രവേശനം നൽകുന്ന ദൈവം. താഴ്ന്നജാതിക്കാർക്ക് ജനാധിപത്യാവകാശങ്ങൾ നൽകുന്ന ദൈവം .ആ ദൈവത്തെ നിരാകരിക്കാൻ വേദാന്തപക്ഷം പിടിക്കുന്നവർക്ക് സാധിക്കുമോ? ദൈവമെന്ന സങ്കൽപ്പത്തെ തന്നെ നവീകരിച്ച് പുതിയതൊന്ന് നിർമ്മിച്ചത് വ്യത്യസ്തതരം പ്രതിഷ്ഠകളിലൂടെയാണ്. ദൈവത്തെ വീണ്ടും അവതരിപ്പിക്കുന്ന മഹാവിദ്യ നടപ്പാക്കിക്കാണിച്ചത് ഇതിലൂടെയാണ് .വരേണ്യ വിഭാഗത്തിൻ്റെ അധീശവസ്തുവായിരുന്ന ദൈവത്തെ, പ്രാചീനജ്ഞാനംകൊണ്ട് തന്നെ ഭേദിച്ചു. അരുവിപ്പുറത്തെ 'മാതൃകാസ്ഥാനം ' ഒരു സമൂഹത്തെക്കുറിച്ചുള്ള സൂചന തരുകയാണ് .അന്ധവിശ്വാസമോ, സ്വജനപക്ഷപാതമോ, ജാത്യഭിമാനമോ, സമ്പത്തിൻ്റെ അഹങ്കാരമോ ഇല്ലാത്ത ഒരു സമൂഹം ഉദയം ചെയ്യേണ്ടതിൻ്റെ ആഹ്വാനം അതിലുണ്ട്.
ഗുരുവിൽ സമൂഹമുണ്ട്
ചിലർ പറഞ്ഞു കേൾക്കാറുണ്ട്, ഗുരുവിനെപ്പോലെ വേറെ സന്യാസിമാർ പണ്ടേ ശിവപ്രതിഷ്ഠ നടത്തിയെന്ന് . ഇതിൽ എന്താണ് ഇത്ര അത്ഭുതം ? . ശിവൻ എന്നും ഉണ്ടായിരുന്നല്ലോ. സ്വാഭാവികമായും പ്രതിഷ്ഠകളും നടന്നിട്ടുണ്ടാകും. എന്നാൽ അത്തരത്തിൽ സാമ്പ്രദായികമോ, കേവലമോ ആയ പ്രതിഷ്ഠയല്ല ഗുരുവിൻ്റേത്.ഗുരു പ്രതിഷ്ഠയെ സമൂഹനിർമ്മിതിയിലേക്കുള്ള തിരി തെളിക്കലായി വ്യാഖ്യാനിക്കുന്നു. അതുകൊണ്ടാണ് ഭേദചിന്തകളില്ലാത്ത മാതൃകാസ്ഥാനത്തെ ഗുരു അവിടെ സങ്കല്പിച്ചത്. ഇതിൽ രാഷ്ട്രീയവുമുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ഉയർത്തെഴുന്നേഴ്ല്പാണ് ലക്ഷ്യം. ഈ സാമൂഹികനന്മയിൽ എത്തിച്ചേരാൻ കഴിയാത്തവരാണ് ഗുരുവിലെ സാമൂഹികപരിഷ്കർത്താവിനെ നിഷേധിക്കാൻ ശ്രമിക്കുന്നത്. ഗുരുവിൽ സമൂഹമുണ്ട്. ഗുരു പരിവർത്തനത്തിൻ്റെ കുതിരയോട്ട മാണ് .ആ ഓട്ടത്തിൽ ജീർണിച്ച അനേകം സ്ഥാപനങ്ങളും ആശയങ്ങളും കടപുഴകി വീണു.അതു കണ്ണുതുറന്നു കാണാത്തവർ ഇരുട്ടിനെ പ്രണയിച്ചാൽ മതി. മാതൃകാസ്ഥാനമായി ഗുരു കണ്ടത് ഒരു ക്ഷേത്രം മാത്രമല്ല; ക്ഷേത്രം പ്രതീകാത്മക പ്രത്യക്ഷതയാണ്. ആ ക്ഷേത്രത്തിനു പുറത്തുള്ള മുഴുവൻ സമൂഹങ്ങളുടെയും കണ്ണുതുറക്കലിൻ്റെ വേള എന്നുണ്ടാകുമെന്ന് ആ പ്രതിഷ്ഠ നിശബ്ദമായി ചോദിക്കുന്നുണ്ട്. അന്ധമായി വഴക്കടിക്കുന്നവരും മാനസിക വികാസമില്ലാത്തവരും സ്വയം തകരാൻ തീരുമാനിച്ചവരും കേൾക്കാനുള്ള മന്ത്രമാണത്- മാതൃകാ സ്ഥാനം .ഇവിടെയാണ് ഗുരു നിൽക്കുന്നത് .ഗുരുവിലെ ദൈവികത പോലെ പവിത്രമായതാണ് സമൂഹമനുഷ്യരെ ദൈവത്തിലേക്ക് പുന:പ്രവേശിപ്പിക്കുന്ന പ്രക്രിയ . ദൈവത്തെ നഷ്ടപ്പെട്ടവർക്ക് ദൈവത്തെ തിരിച്ചുനൽകിയ ഗുരുവിനെ സമൂഹരഹിതനായ വേദാന്തവ്യാഖ്യാതാവ് മാത്രമായി ചുരുക്കുന്നത് നിന്ദ്യമാണെന്ന് അറിയിക്കട്ടെ. ഗുരു ഇത് അംഗീകരിക്കുകയില്ല .
'ദൈവദശകം ' ഈ പുതിയ ദൈവത്തെ പുനരവതരിപ്പിക്കുന്നതിൻ്റെ തത്ത്വശാസ്ത്രമാണ് പകരുന്നത് .ഈ കൃതിയുടെ സാഹിത്യമൂല്യം പുതിയ ദൈവത്തെക്കുറിച്ചുള്ള സുവിശേഷത്തിൽ അടങ്ങിയിരിക്കുന്നു.
''അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ ''
ഇത് കേവല വേദാന്തികളെ തള്ളിക്കളയുകയും അധ്വാനിക്കുന്ന, പാവപ്പെട്ട ,അധ:സ്ഥിതരായ മനുഷ്യരുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറുകയും ചെയ്യുന്ന ദൈവമാണ്. കാരണം, അന്നവും വസ്ത്രവും മറ്റു സാമഗ്രികളും ജാതി നോക്കാതെ, വേണ്ടവർക്ക് എല്ലാം നൽകുന്ന ദൈവത്തെ സങ്കൽപിക്കുന്നതിലൂടെ , സമൂഹത്തോട് ബന്ധമില്ലാത്ത അദ്വൈതവാദികളായ സകല ദൈവവ്യവഹാരങ്ങളെയും പുറത്താക്കുകയും പുതിയൊരു സാ ഹോദര്യതത്ത്വത്തെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.