2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

ഏകാത്മകത സാക്ഷാത്‌ക്കരിക്കപ്പെടുന്നത്


എം.കെ.ഹരികുമാർ



ജാതി ദൈവം സൃഷ്ടിച്ചതാണെന്ന് വിചാരിച്ച് ജീവിക്കുന്നവരുണ്ട്.അവരാണല്ലോ ദളിത് പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു കൊല്ലുന്നത്. എന്നാൽ ഹേ ,മതാന്ധരേ ,നിങ്ങൾ ഒന്നു മനസ്സിലാക്കുക .ഒരു പെൺകുട്ടി ദളിത് വിഭാഗത്തിൽ പിറക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. ഏതെങ്കിലും ഒരു ജാതിയിലേ പിറക്കാനാകൂ.ആ പിറവിയെ പിന്നീട് നിന്ദിച്ചിട്ടെന്ത് കാര്യം ?

ജാതി ഒരിനമാണെന്ന് ഗുരു പറയുന്നതിൻ്റെ അർത്ഥം ,മനുഷ്യരിലെ ജാതികൾ ഓരോന്നും ഓരോ ഇനമാണെന്നല്ല .സംഭോഗത്തിലൂടെ കുട്ടികൾക്ക് ജന്മം നല്കുന്ന ജീവികൾ ഒരു ജാതിയാണ് ,ഒരിനമാണ്. മനുഷ്യർ ഇണചേർന്ന് കുട്ടികളുണ്ടാകുന്നു; അതുകൊണ്ട് ആ കുട്ടികളെല്ലാം ഒരേ ജാതിയാണ്.

എന്നാൽ നൂറ്റാണ്ടുകളായി മനുഷ്യർ പല തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുകയാണ്. വേറെ വഴിയില്ലാത്തതുകൊണ്ട് പിതാവിൻ്റെ തൊഴിൽ തന്നെ മക്കളും സ്വീകരിക്കുന്നു. അങ്ങനെ അത് ഒരു ജാതിയായി മാറുന്നു. അതിനപ്പുറം ജാതിക്ക് നിലനില്പില്ല. ജാതി ശാശ്വത സത്യമല്ല; മനുഷ്യൻ്റെ തൊഴിൽപരമായ ,ജ്ഞാനപരമായ വിഭജനത്തിൻ്റെ അളവുകോലാണ്. ആളുകളെ തട്ടുകളായി തിരിക്കാൻ ഇത് സഹായിച്ചിട്ടുണ്ടാകാം.പക്ഷേ, അത് ആത്യന്തിക സത്യമല്ല. ബുദ്ധിയുടെയോ സർഗാത്മകതയുടെയോ മാനദണ്ഡമല്ല അത്.

''ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതിൽ "
എന്നു പറഞ്ഞതിൽ നിന്ന് മനുഷ്യ ശരീരം എല്ലാവർക്കും ഒരേപോലെയാണെന്നും അതിൽ ഭേദമില്ലെന്നും ഗുരു സൂചിപ്പിക്കുന്നു. എല്ലാവർക്കും രോഗം വരും; മരിച്ചാൽ പിന്നെ ശവമാണ്. ശവം ദഹിപ്പിച്ചില്ലെങ്കിൽ നാറും. അപ്പോൾ വ്യത്യസ്ത ജാതികൾക്ക് എന്താണ് വില ? എല്ലാ മനുഷ്യരുടെയും അവയവങ്ങൾ ഒരു പോലെയാണല്ലോ. അവയുടെ സ്ഥാനം സമാനമാണ്. ഉന്നത ജാതി എന്ന് വിവക്ഷിക്കപ്പെടുന്നവർക്ക്‌ കണ്ണുകൾ കൊണ്ട് കൂടുതൽ കാണാനൊക്കില്ല .അവർക്കും മുഖത്തു യഥാസ്ഥാനത്ത് തന്നെയാണ് കണ്ണുകളുള്ളത്. വിശേഷ ശരീരമില്ലാത്തതിനാൽ  വിശേഷ ജാതിയുമില്ല. വിശേഷ മനസില്ലാത്തതിനാൽ  വിശേഷ ജാതിയുമില്ല. ബ്രാഹ്മണനായതു കൊണ്ട് കൊറോണയുടെ വ്യാപനം മുൻകൂട്ടി പറയാനോ ഭാവി പ്രവചിക്കാനോ കഴിയില്ല. അതുകൊണ്ട് ഉയർന്ന ജാതി എന്നു പറയുന്നത് സംവേദനക്ഷമമല്ല.ഹൂസ്റ്റണിലുള്ള (അമേരിക്ക) ഒരു പ്രൊഫസറുടെ കരളും താംബരത്തുള്ള ഒരു മത്സ്യവ്യാപാരിയുടെ കരളും ഒരുപോലെയാണല്ലോ; പ്രവർത്തനത്തിലും ലക്ഷ്യത്തിലും. അപ്പോൾ വ്യത്യസ്ത ജാതി എങ്ങനെ യാഥാർത്ഥ്യമാകും ? അതേസമയം വ്യക്തിഗതമായ സർഗാത്മക കഴിവുകൾ എപ്പോഴും ഇതിനെല്ലാം അതീതമായിരിക്കും. ഇത് ജാതിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. ഡാവിഞ്ചിയുടെയോ വാൻഗോഗിൻ്റെയോ ചിത്രരചനാപരമായ സിദ്ധികൾ ജാതിയുടെ മേൽവിലാസത്തിൽ വിലയിരുത്താനാവില്ല.എം.എഫ്. ഹുസൈൻ വരയ്ക്കുന്നതും എസ്.പി.ബാലസുബ്രഹ്മണ്യം പാടുന്നതും ജാതിയുടെ ഗുണം കൊണ്ടല്ല .

മുടിയിൽ ജാതി




ഇന്ന് എഴുത്തുകാരും ഫെയ്സ്ബുക്കർമാരും യൂ ട്യൂബർമാരും ജാതി അറിയിക്കാൻ കഷ്ടപ്പെടുകയാണ്. പേരിൻ്റെ അറ്റത്തുള്ള വാൽ പ്രകടമാക്കാൻ ഒരവസരം വീണു കിട്ടിയ പോലെയാണ് ചിലർ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത്.സർക്കാർ രേഖകളിൽ തങ്ങളുടെ പേരിനൊപ്പം ജാതിവാൽ ഇല്ലെങ്കിലും തൂലികാനാമമായി ചിലർ ജാതി കൊണ്ടു നടക്കുന്നു; ഒരു കോണക വാൽപോലെ. കോവിലൻ്റെ നോവലിൽ പറയുന്ന പോലെ ,കോണകത്തിൻ്റെ നീളം കൂടുന്നതിനനുസരിച്ച് സാമൂഹികമായ അംഗീകാരവും വർദ്ധിക്കുമായിരുന്നു.
ഈ വിഭാഗത്തോട് ഗുരു വളരെ പണ്ടേ ഇങ്ങനെ പറഞ്ഞു:

"ഇനമാർന്നുടൽ താൻ തൻ്റെ -
യിനമേതെന്നു ചൊൽകയാൽ
ഇനമേതെന്നു കേൾക്കില്ല
നിനവും കണ്ണുമുള്ളവർ " .

ശരീരം തന്നെ വിളിച്ചു പറയുന്നുണ്ട് ,അതിൻ്റെ ജാതി എന്താണെന്നന്ന് .അതുകൊണ്ട് ജാതിയേതാണ് എന്ന് ചോദിച്ചിട്ട് കാര്യമില്ല. ജാതിചിന്ത മനസ്സിനെ ബാധിച്ചാൽ മനസും വിഷമായി മാറും. താഴ്ന്ന ജാതിയിൽപ്പെട്ടവൻ്റെ ഭക്ഷണത്തിലും ജാതി ആരോപിക്കുന്നവർ കാണും. അധ:കൃതൻ നടത്തുന്ന ഹോട്ടലിൽ കയറാത്തവർ ഭക്ഷണത്തിൽ ജാതി കാണുന്നവരാണ്. ഇടുക്കിയിൽ  ബാർബർ ഷോപ്പിൽ ഒരു വിഭാഗത്തിൽപ്പെട്ടവരുടെ മുടി വെട്ടാതിരുന്നത് പത്രത്തിൽ വാർത്തയായിരുന്നല്ലോ.സർക്കാർ ഇടപെടേണ്ടി വന്നു മുടി വെട്ടിക്കിട്ടാൻ. ഇതുപോലുള്ള അന്ധത മാത്രമാണ് ജാതി നമ്മളിൽ വച്ചുകെട്ടുന്നത്. മുടിക്ക് പോലും ജാതി ,ഈ 2020 ലും, ഉണ്ടാകുകയാണ്. നാം പഠിച്ച പാഠങ്ങളും നമ്മെ പഠിപ്പിച്ച പള്ളിക്കൂടങ്ങളും തോറ്റു പോയിരിക്കുന്നു. നമ്മെ ഇനി ആരു പഠിപ്പിക്കും ?.

ജാതികൾ അധികാരശക്തിയായിക്കൊണ്ടിരിക്കുകയാണ്.ദുരഭിമാനക്കൊലകൾ ഇതിൻ്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ജാതീയമായ സമതുലിതാവസ്ഥ ഉണ്ടാകുന്നതിനാണ് ഗുരു അദ്വൈതം ഉപയോഗിച്ചത്.എല്ലാവരെയും ഒരു ചരടിൽ കോർക്കാൻ അദ്വൈതം സഹായിക്കുമെന്ന് ഗുരു കണ്ടു. എല്ലാവരിലുമുള്ളത് ഒരേ ചൈതന്യമാണെന്ന് പറയുന്നത് ,ഇന്നത്തെ ബാർബർ ഷോപ്പ് ജാതിവിവേചന കാലത്തും, വിപ്ലവമാണ്‌. ആ ചൈതന്യം ഒരു കെടാവിളക്കായി ഉൾക്കൊള്ളുന്നവർക്ക് ജാതി ഉണ്ടാവുകയില്ല. ഗുരുവിൻ്റെ ഏകജാതി വിളംബരത്തിൽ അന്തർഭവിച്ചിട്ടുള്ളത് അദ്വൈതത്തിൻ്റെ പ്രായോഗിക തത്ത്വമാണ്. മനുഷ്യജീവിതത്തെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിൽ സാംസ്കാരികമായി ഇടപെടാൻ അദ്വൈതം ഉപകരിക്കും. അദ്വൈതം നിഷ്ക്രിയത്വമായി വിലയിരുത്തപ്പെടരുത്. അത് കർമ്മ പരമായ ഒരു തുടർ പ്രക്രിയയാണ്. അതിനുള്ളിലേക്ക് പ്രവേശിക്കുന്നവർക്ക് പ്രത്യേക വെളിച്ചം കിട്ടും.

മനുഷ്യത്വം എന്ന ജാതി

"അറിവാമാഴിയിൽ നിന്നു
വരുമെല്ലാവുടമ്പിനും
കരുവാണിന, മീ നീരിൻ
നിര താൻ വേരുമായിടും " .

ശുചിത്വം ,ശുദ്ധി ,ജീവിതരീതി എന്നീ പ്രശ്നങ്ങളെ ആധാരമാക്കി മനുഷ്യർ അകലം പാലിക്കുന്നത് സ്വാഭാവികമാണ്. കുളിക്കാത്തവനുമായി സഹവസിക്കാൻ അവൻ്റെ ഭാര്യ പോലും തയ്യാറാവുകയില്ല. വ്യക്തി ശുചിത്വമുള്ളവൻ ഉന്നതകുലത്തിൽപ്പെട്ടവനായി മാറുന്നത് അങ്ങനെയാണ് .രാവും പകലും പണിയെടുക്കുന്നവന് കുളിക്കാൻ നേരം കിട്ടില്ല. അതുകൊണ്ട് തൊഴിലിൽ വിശ്രമം വേണം. ഉറങ്ങാതെ രാവും പകലും പണിയെടുത്താൽ പണ്ട്  ജാതിവിവേചനത്തിനു അടിമപ്പെടുമായിരുന്നു. ഉറങ്ങാതെ പണിയെടുത്താൽ നാറ്റം മാത്രമേ അവശേഷിക്കൂ. പൊതു സമ്പർക്കത്തിൽ വരണമെങ്കിൽ വ്യക്തി ശുചിത്വം വേണം. കൊറോണക്കാലത്ത് അത് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ശുചിത്വം ഒരു ജാതിയായി മാറുമ്പോൾ ,ബുദ്ധിയുള്ളവർക്ക് പോലും പിടിച്ചു നില്ക്കാനാവില്ല. അതുപോലൊരു ജാതിയാണ് മനുഷ്യത്വം. എല്ലാവർക്കും മനുഷ്യത്വമില്ലല്ലോ. സന്യാസിയായാൽപ്പോലും മനുഷ്യത്വമുണ്ടാകണമെന്നില്ല. ക്രൂരന്മാർ പെരുകുകയാണ്. ദളത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നവന്മാർ മനുഷ്യത്വമുള്ളവരല്ലല്ലോ.. അതുകൊണ്ട് അവർ മനുഷ്യരുമല്ല.അവർ വേറെ ഏതോ ജാതിയാണ്.അത് ഗുരുവിൽ നിന്നും കേൾക്കാം:

"അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ -
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം "

എത്ര ശക്തവും ധീരവും അർത്ഥപൂർണവുമാണ് 'അനുകമ്പാദശക 'ത്തിലെ ഈ വാക്കുകൾ .ഗുരുവിൻ്റെ ഏകജാതിയുടെ അർത്ഥം ശരിക്കു ഗ്രഹിക്കണമെങ്കിൽ ഈ പദ്യം കൂടി മനസിലാക്കണം .അരുളില്ലാത്തവൻ അഥവാ സ്നേഹശൂന്യൻ വെറും ശവമാണ്. അവന് തോൽ ,അസ്ഥി ,സിര തുടങ്ങിയവ ഉണ്ടാകും. പക്ഷേ ,മനുഷ്യനായിരിക്കില്ല .സ്നേഹമില്ലാത്തവൻ ,അനുകമ്പയില്ലാത്തവൻ വെറും അസ്ഥികൂടമാണെന്ന് പറയുകയാണ് ഗുരു .അങ്ങനെയുള്ളവൻ ഒരു യാഥാർത്ഥ്യമല്ല ;മനുഷ്യൻ എന്ന യാഥാർത്ഥ്യത്തിൻ്റെ സദ്ഫലമായ മഹത്വത്തെ നശിപ്പിച്ചവനാണ് അവൻ. അവൻ വ്യാജമാണ്. മരുഭൂമിയിൽ വളരെ ദൂരെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ജലം പോലെയാണവൻ. അടുത്തു ചെല്ലുമ്പോൾ ഒന്നും കാണില്ല. ഇന്ന് സ്നേഹം ,ത്യാഗം എന്നെല്ലാം  ഇരുപത്തിനാലു മണിക്കൂറും പറഞ്ഞു നടക്കുന്നവർ ഗുരു പറഞ്ഞ ഈ വിഭാഗത്തിൽപ്പെടും ;അതായത് സ്നേഹശൂന്യതകൊണ്ട് ശവമായിത്തീർന്ന മനുഷ്യർ.ഇക്കൂട്ടർ തങ്ങളുടെ ജീവിതത്തിൽ ഒരു വിളക്ക് കത്തിച്ചു വയ്ക്കണം -അരുളിൻ്റെ ,മനുഷ്യത്വത്തിൻ്റെ വിളക്ക്. സന്ധ്യയ്ക്ക് കൊളുത്തുന്ന വിളക്ക് ദൈവത്തിനു വെട്ടം കാണാനല്ല;നമുക്ക് കാണാനാണ്. നമ്മുടെ നിശ്ശൂന്യതയും ക്രൂരതയും നിമിത്തം വന്നണയുന്ന അന്ധതയെ അകറ്റാനാണ് ആ വിളക്ക്.അതിലൂടെ നമ്മൾ കാണണം, അടുത്തുള്ളവനെയും അകലെയുള്ളവനെയും . നാം തൊട്ടടുത്തുള്ളവൻ്റെ ഏറ്റവും വലിയ സങ്കടം കേൾക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥന ഉച്ചത്തിൽ ചൊല്ലുന്നവരാണല്ലോ. കൃത്രിമമായ അന്ധതയാണല്ലോ നമ്മുടേത്. പ്രാർത്ഥനയെ മതിലാക്കുകയാണ്‌, മറ്റുള്ളവരിൽ നിന്ന് അകന്നു നില്ക്കാൻ .സന്ധ്യാസമയത്ത് അരുളിൻ്റെ വിളക്ക് ഉണ്ടാവണം; മറ്റുള്ളവരെ കാണാനും സ്നേഹിക്കാനുമുള്ള പ്രകാശമാണ് ആ വിളക്ക് പൊഴിക്കുന്നതെന്ന് തിരിച്ചറിയണം. ഇതിലൂടെയേ നമുക്ക് ഗുരുവിൻ്റെ ഏകജാതിയെ സാർത്ഥകമായി പ്രയോഗവത്ക്കരിക്കാനാകൂ.



അരുളില്ലാത്തവൻ ശവമാണെന്ന് പറയുന്നതിലൂടെ ഗുരു ദാർശനികമായ, ബൗദ്ധികമായ ഒരു വലിയ തട്ടിത്തെറിപ്പിക്കൽ സാധ്യമാക്കുകയാണ്. ഹിറ്റ്ലറെയും നരാധമന്മാരെയും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന ശപഥമാണത്. ഈ ശപഥം ഉണ്ടാക്കുന്ന ശാബ്ദികമായ വിപ്ലവം ,പ്രകമ്പനം  നാം കേൾക്കാതിരിക്കരുത്. ഏകാത്മകത സാക്ഷാത്‌ക്കരിക്കപ്പെടുന്നത് ഓരോ ഇനത്തോടും സ്നേഹമുണ്ടാകുമ്പോഴാണ്. ഓരോന്നിനും കഴിവിനനുസരിച്ച് ജീവിക്കാൻ അവസരമുണ്ടാവണം. സഹജീവി സ്നേഹവും ഇതിലടങ്ങിയിരിക്കുന്നു. നമുക്ക് അന്യമായ ഇനങ്ങളെയും ചേർത്തുനിർത്താനാവണം.പാരിസ്ഥിതികമായ ചിന്തയാണിത്. അത് ഈ വരികളിൽ വ്യക്തമാണ്:

"ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാൽ
ഇനമില്ലെങ്കിലില്ലൊന്നു -
മിന്നതെന്നുള്ളതൂഴിയിൽ " .

ഇനങ്ങൾ തിരിച്ചറിവിനുള്ളതാണ്. സ്നേഹിക്കാം ,നമുക്ക് എല്ലാ ഇനങ്ങളെയും .പ്രപഞ്ച വൈവിധ്യത്തിൻ്റെ തലത്തിൽ സ്നേഹാത്മകമായ ഒരു പാശം നിർമ്മിക്കാൻ .

HOME 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.