2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 
ഗുരുവിനെ

 മതവിരോധിയാക്കുന്നവരുടെ

 മന:ശാസ്ത്രം


 എം.കെ.ഹരികുമാർ



ഗുരുവിൻ്റെ 'ഈശാവാസ്യ'ത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

''സർവ്വഭൂതവുമാത്മാവി
ലാത്മാവിനെയുമങ്ങനെ
സർവ്വഭൂതത്താലും കാണു-
മവനെന്തുള്ളു നിന്ദ്യമായ് ''

പ്രപഞ്ചവസ്തുക്കളിലെല്ലാം തന്നെത്തന്നെ കാണുന്നവനും, തന്നിൽ സകലഭൂതത്തെയും കാണുന്നവനും നിന്ദിക്കാൻ യാതൊന്നുമില്ല. ഗുരു ഈ പ്രപഞ്ചസാരത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഈ ജ്ഞാനം രാഷ്ട്രീയ ,മത ,സാംസ്കാരിക പ്രവർത്തകർക്ക് ഇല്ലല്ലോ. അതിൻ്റെ പേരിൽ ഗുരുവിനെ പഴിച്ചിട്ട് കാര്യമില്ല.

ഗുരു സാരഗ്രാഹിയായ ഒരു മനസ്സാണ്. അതുകൊണ്ടു ഭ്രാന്തമായ അന്ധവിശ്വാസങ്ങളെയോ കലഹങ്ങളെയോ ഇഷ്ടപ്പെടുന്നില്ല. ഗുരു വേറൊരു പാതയിൽ നീങ്ങുകയാണ്. ലോകത്ത് എത്രയൊക്കെ ആശയങ്ങളും കൂട്ടങ്ങളും ഉണ്ടാകട്ടെ. അത് ഒരു മായയാണ്.ഒരു മതത്തിൽ നിന്നു തന്നെ പല സംഘങ്ങളും വേറെ മതങ്ങളും ഉണ്ടാകുന്നുണ്ടല്ലോ. ഇത് തുടരുക തന്നെ ചെയ്യും.രാഷ്ട്രങ്ങൾ പല കഷണങ്ങളാകുകയോ വീണ്ടും കൂടിച്ചേരുകയോ ചെയ്യും.യുദ്ധങ്ങൾ വർധിച്ച വീര്യത്തോടെ ഉണ്ടാകുകയും പെട്ടെന്നു അവസാനിക്കുകയും ചെയ്യും.യുദ്ധം തുടങ്ങിക്കഴിഞ്ഞ് അത് അവസാനിപ്പിക്കുന്നവൻ്റെ ശൂന്യത വേറൊരിടത്തും കാണില്ല.ഇതെല്ലാം മായയാണ്‌.

മായ എന്താണ് ? പൊയ് വിശ്വാസങ്ങൾ, പൊയ് കാഴ്ചകൾ, പൊയ് പ്രേമങ്ങൾ ,പൊയ് സൗന്ദര്യങ്ങൾ എല്ലാം മായ തന്നെ.ഈ മായയെ നശിപ്പിക്കാനാകുമോ ?മായയോടൊപ്പം എല്ലാ 'യാഥാർത്ഥ്യ'ങ്ങളും കെട്ടടങ്ങും.
പിന്നെയൊന്നുമുണ്ടാകില്ല. അതു കൊണ്ട് മായയ്ക്ക് ഒരു വർണഭംഗി, ആലങ്കാരിക ഭംഗി കൊടുക്കാവുന്നതാണ്.അത് നിശ്ശൂന്യതയിലും നമ്മെ മോഹിപ്പിക്കും.നശ്വരമാണെങ്കിലും മനുഷ്യൻ എന്ന വികാരജീവി അതിൽ നിലയുറപ്പിക്കും.

സൗന്ദര്യം യഥാർത്ഥത്തിലുണ്ടോ? സൂക്ഷിച്ചു നോക്കിയാൽ എല്ലാം രോഗഗ്രസ്തമാണ്. മനുഷ്യൻ്റെ കോശങ്ങൾ നിമിഷം തോറും ക്ഷയിക്കുകയും പുതുതായി ഉണ്ടാകുകയും ചെയ്യുന്നു.വയസ്സാകുന്തോറും കോശനഷ്ടം ഒരു സമുന്നത യാഥാർത്ഥ്യമായി തുടരുന്നു.അതിൽ നിന്നു മോചനമില്ല. മരണത്തിനോടടുക്കുന്നതിനെ ചെറുക്കാൻ യുക്തിയോ സൗന്ദര്യമോ മതിയാവുകയില്ല. പിന്നെയും മായ വരുന്നു.മായ തന്നെ മരണം.

ഈ സാരം ഗുരുവിനെ കൂടുതൽ പ്രസന്നനാക്കുകയാണ് ചെയ്തത്; വിഷാദവാനാക്കിയില്ല. മിഥ്യകൾ മുന്നിൽ വന്നു നിൽക്കുമ്പോൾ കർമ്മം ചെയ്യാതെ വിമുഖമാകുന്നതിനു പകരം ഗുരു പുതിയ വാതായനങ്ങൾ തുറന്നിട്ടു.മനുഷ്യൻ എന്തിനാണ് വഴക്കടിക്കുന്നത്.? ഓരോരുത്തരും വേറെ വേറെ വ്യക്തികൾ ആകുന്നതുകൊണ്ട് ഇതു  സംഭവിക്കുന്നു. ഉറുമ്പുകളിലോ, പക്ഷികളിലോ, പശുക്കളിലോ ഈ വ്യക്തിപ്രതിസന്ധിയില്ല.അവർ വ്യക്തികളായിരിക്കുന്നില്ല; മിത്രങ്ങളാവുകയാണ് ചെയ്യുന്നത്.

മനുഷ്യർക്ക് വ്യക്തികളാകാതിരിക്കാൻ കഴിയാത്തതുകൊണ്ട് സത്യങ്ങളും പലതാണ്. പലതായി പൊട്ടിപ്പിളരുക എന്ന വിധിയാണ് മനുഷ്യനുള്ളത്. അവൻ ഒന്നിൻ്റെയും കേന്ദ്രമല്ല.എന്നാൽ ഗുരു ആത്മാവ് എന്ന കേന്ദ്രത്തെ കണ്ടുപിടിക്കുന്നു. ആത്മാവിൽ എല്ലാറ്റിനെയും ചേർത്തു വയ്ക്കുക. എത്രയോ വലിയ സ്നേഹതത്ത്വമാണത്. പ്രവാചകമായ ഒരു സ്വരം കാതുകളിൽ മുഴങ്ങാൻ അതുമതി.എല്ലാ സത്തകളിൽ നിന്നും സാഹോദര്യത്തിൻ്റെയും മൈത്രിയുടെയും ആനന്ദത്തിൻ്റെയും സ്വരം ഒഴുകി വരുന്നുവെന്ന് പറയുന്നത് കാല്പനികമായല്ല കാണേണ്ടത്.അങ്ങനെയൊരു ഘടന മനുഷ്യനിലുണ്ട്. ഗുരുവിൻ്റെ ആത്മതത്ത്വമാണത്. എല്ലാം അത്മാവിൽ വന്ന് മൈത്രി നേടുന്നു.പുറത്ത് വിഭിന്നതയുടെ സംഘക്കളി .എന്നാൽ അത്മാവിൽ അത് സൗമ്യസ്വരങ്ങളുടെ രമ്യതയാണ്. അതുപോലെ തിരിച്ചും സംഭവിക്കുന്നു.പുറത്തുള്ളതെല്ലാം രൂപത്തിലും രുചിയിലും വ്യത്യാസപ്പെട്ടിരിക്കെ തന്നെ ,നമ്മെ ആ കൂട്ടത്തിലേക്ക് കണ്ണി ചേർക്കുന്ന എന്തോ സംഭവിക്കുന്നുണ്ട്. എല്ലാറ്റിലും സ്വയം ദർശിക്കുക.ഈ പാരസ്പര്യത്തെ ഞാൻ നവാദ്വൈതമെന്ന് വിളിക്കട്ടെ. കുറേക്കൂടി വിശദമാക്കാം. ഒരു രചയിതാവു ചുറ്റിനുമുള്ളവയിൽ വേറെന്തു കാണും. ? ഒരു മൈനയിൽ അയാൾ സ്വയം ദർശിക്കുന്നു. ഒരു നായയിൽ അയാൾ സ്വയം ദർശിക്കുകയാണ്. എങ്കിലേ നായയുടെ വിചാരവും മൈനയുടെ സംഗീതവും നമുക്ക് ഗ്രഹിക്കാനാകൂ .രണ്ടിലും മനുഷ്യനാണ് നിറയുന്നത്; അതു നാം തന്നെ .ആ അറിവു അസാധാരണവും പ്രചോദനാത്മകവുമാണ്. നാം അന്യനല്ല എന്ന തോന്നൽ ദൃഢമാവുകയാണ്. പുറംലോകത്തെ ഓരോന്നിനെയും നാം ഒരു പാലം പണിത് നമ്മിലേക്ക് ബന്ധിപ്പിക്കുകയാണ്.ഒരു കവിക്ക് പുറംലോകത്തെ കാഴ്ച്ചകൾ മറ്റൊന്നല്ല; ആയിരിക്കരുത്. അയാൾ എല്ലാറ്റിലും സ്വയം തിരയുകയാണ്. ഇതാണ് മൈത്രി. അതായത് ഞാൻ എല്ലാറ്റിലും ഇടം നൽകുന്നു. അതുപോലെ  എല്ലാറ്റിലും ഞാൻ എന്നെത്തന്നെ കാണുന്നു.ഇത് സാഹിത്യത്തിൻ്റെ നവാദ്വൈതവും ആത്മീയതയുമാണ്.



വേറിടാൻ യാതൊന്നുമില്ലാത്തതു കൊണ്ട് എല്ലാറ്റിനെയും ഒന്നായി കാണുകയെന്ന് പറഞ്ഞാൽ ,ഏതെങ്കിലും ഒന്നിൽ നിന്ന് അകലുക എന്നല്ല അർത്ഥം. ഇപ്പോൾ പൊതുവേദികളിലും ലേഖന തനിയാവർത്തനങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു വാദം ,അല്ലെങ്കിൽ ഉത്സാഹത്തോടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ  താല്പര്യം ഗുരു ഹിന്ദുവല്ല എന്നുള്ളതാണ്.ഗുരുവിനെ ഹിന്ദു വല്ലാതാക്കുന്നവരുടെ നിക്ഷിപ്തമായ താല്പര്യം നാം തിരിച്ചറിയണം.

ആരാണ് തപസ്സ് ചെയ്യാറുള്ളത്.? ഇന്ത്യയുടെ ഒരു ജ്ഞാനമാർഗമാണത്‌. അത് ഗുരു അവലംബിച്ചു.ഹിന്ദുവല്ലാതാകാനാണോ ഗുരു അത് ചെയ്തത് ? അല്ലെങ്കിൽ മറ്റു മതങ്ങളിലേക്ക് കണ്ണെറിഞ്ഞുകൊണ്ടാണോ അദ്വൈതാശ്രമം സ്ഥാപിക്കുന്നത് ?ഹിന്ദുവല്ലാതാകാൻ വേണ്ടിയാണോ ഗുരു ശിവസ്തുതി എഴുതുന്നത് ?
ഗുരു ഒരു മതവും മാറിയിട്ടില്ല. ഗുരു ചില പരീക്ഷണങ്ങൾ നടത്തി.അത് സാമൂഹ്യതലങ്ങളിലും രാഷ്ട്രീയതലങ്ങളിലും മാറ്റത്തിൻ്റെ കാറ്റായി മാറി.ഗുരുവിനു ഹിന്ദുവല്ലാതായിരിക്കേണ്ടതിൻ്റെ അവശ്യകത എന്താണ് ? ബുദ്ധമതം സ്വീകരിച്ചില്ലല്ലോ.ഗുരുവിൻ്റെ ഉപകരണങ്ങൾ എല്ലാം ഹൈന്ദവമാണ്. എന്നാൽ അത് ഹൈന്ദവപക്ഷപാതമല്ല. പ്രതിഷ്ഠ, സ്തുതി, പ്രാർത്ഥന, വൈവിധ്യമുള്ള ആരാധനാരീതി, ദേവതകളെ സന്ദർഭാനുസരണം തിരഞ്ഞെടുക്കൽ, അധ:കൃതൻ്റെ ശിവനെ കണ്ടെത്തൽ, സംന്യാസം തുടങ്ങിയവയെല്ലാം ഹൈന്ദവമാണ്.

ജാതിവ്യവസ്ഥയുടെ അപകടകരമായ പ്രവണതകളെ എതിർത്തു കൊണ്ട് ഗുരു യഥാർത്ഥമായ ഉപനിഷത്ത് സാരത്തിലേക്ക് മനുഷ്യനെ നയിച്ചു.അത് ഹിന്ദു വിരുദ്ധമല്ല .അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ ഹിന്ദുവിരുദ്ധമല്ല; മറിച്ച് ഹൈന്ദവ ആരാധനയിലെ വ്യവസ്ഥാപിതത്വത്തെ തകർക്കുകയും പുതിയൊരു ആലോചന സൃഷ്ടിക്കുകയും അതുവഴി ഹൈന്ദവ ദൈവികതയെ വിപുലീകരിക്കുകയുമാണ് ഗുരു ചെയ്തത്.ഒരു പുതിയ ഇടം സൃഷ്ടിക്കുന്ന നവീകരണ പ്രവർത്തനമാണിത്.

ഹിന്ദുമതത്തിലെ ചിലരുടെ വരേണ്യ, മേൽജാതി കോംപ്ളക്സുകൾ ഗുരു പൊളിച്ചു നീക്കി. മതദ്വേഷത്തെ  വല്ലാതെ ശകാരിച്ചു. മതം  നമുക്ക് സ്വയം അറിയാനും പ്രബുദ്ധരാകാനും ഉദ്ദേശിച്ചുള്ളതാണ്;പരസ്പരം കുത്തിച്ചാകാനുള്ളതല്ല. ദൈവങ്ങളുടെ പേരിൽ എന്തിനാണ് കലഹിക്കുന്നത് ? ഗുരു എന്തിനാണ് നാരായണൻ എന്ന പേര് സ്വീകരിച്ചത് ?നാരായണൻ ഏത് മതത്തിലുൾപ്പെടുന്നു ?മതേതരമാവുന്നതു കൊള്ളാം.എന്നാൽ മതേതരത്വം നിലനിൽക്കുന്നത് ഒരു മതരഹിത രാജ്യത്തല്ല: മതങ്ങൾക്ക് തോളോടുതോൾ ചേരാവുന്ന രാജ്യത്താണ്. ഇറാനിൽ മതേതരത്വമുണ്ടോ ?മതേതരത്വം ഒരു മതമല്ല. ഒട്ടും മതമില്ലെങ്കിൽ  മതഭീകരതയാണുണ്ടാവുക. മതേതരത്വം മതവിരുദ്ധതയല്ല; മത സൗഹാർദ്ദമാണ്. സർവ്വമതസംവാദമാണ്. ഗുരു സർവ്വ മത സമ്മേളനം നടത്തിയത് മതങ്ങളുടെ സംവാദത്തെ പ്രോത്സാഹിപ്പിക്കാനാണ്; മതവിരുദ്ധതയ്ക്കല്ല .

തീവ്രനിലപാടുകൾക്ക് അന്യമായ ഹിന്ദുമതത്തിലെ സൗന്ദര്യാത്മകമായ മേഖലകൾ തിരയേണ്ടതുണ്ട്. അത് മാനവനെ കൂടുതൽ പ്രാപഞ്ചികമായ തലത്തിൽ കാല്പനികനാകാനും പ്രബുദ്ധനാകാനും സഹായിക്കുന്ന ഒരു മിത്തിക്കൽ ലോകമാണ്. വെറുപ്പ് ഒരിക്കലും സ്വീകാര്യമല്ല .ഗുരു  മതത്തെ ഭാവന കൊണ്ടു നവീകരിക്കുകയാണ് ചെയ്തത്. വാതിലും ജനലുകളുമുള്ള  ഒരു ശാരദാക്ഷേത്രം നവഭാവനയാണ്, മതവിരുദ്ധതയല്ല .ഇത് മതത്തിനുള്ളിലെ സർഗാത്മകതയുടെ  ഇടമാണ്. അത് അർത്ഥങ്ങളുടെ നിർമ്മിതിയും തുടർപ്രക്രിയയുമാണ്.മതത്തിൻ്റെ ആകാശത്തെ വിപുലീകരിക്കുന്ന പ്രവൃത്തി .

ഒരു കാര്യം സത്യസന്ധമായി പറയട്ടെ, ഗുരുവിനു അൽപമെങ്കിലും സ്വീകാര്യത കിട്ടുന്നത് കുറച്ചു ഹിന്ദു കുടുംബങ്ങളിൽ മാത്രമാണ്. വലിയ മതേതരവാദിയായി ചമയുന്ന സക്കറിയ, എം.മുകന്ദൻ തുടങ്ങിയ എഴുത്തുകാർ  നാളിതുവരെ ഗുരുവിൽ നിന്നു പ്രചോദനം നേടി ഒരു കഥപോലും എഴുതിയിട്ടില്ല .എന്താണ് കാരണം. ?ഇതാണ് കപട മതേതരത്വം .യേശുദേവനെപ്പോലെ ഗുരുവും സ്വീകാര്യമാവേണ്ടതല്ലേ? ഗുരുവിൻ്റെ മതേതരത്വം ഇവർക്കൊന്നും സ്വീകാര്യമല്ല. ഗുരു ഹിന്ദുവല്ല എന്ന് ആണയിടുന്ന വിരുതന്മാർ ഇതു വല്ലതും കാണുന്നുണ്ടോ ?

ഗുരു ഒരു മതത്തിൻ്റെയും തടവറയിലല്ല.എന്നാൽ സകല മതസമന്വയ സംവാദങ്ങളുടെയും ശിൽപ്പിയുമാണ്. ഗുരു ഹിന്ദുവിരുദ്ധ നാണെന്ന് തട്ടിമൂളിക്കുന്നവർ ഗവേഷകരായി ചമഞ്ഞ് സമയം പാഴാക്കുകയേയുള്ളു. അവർ ആരെയോ സന്തോഷിപ്പിച്ച് നക്കാപ്പിച്ചാ നേട്ടങ്ങൾക്കായി നോക്കുന്നവരാണ്. ഗുരുവിനു ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം എങ്ങനെയും നഷ്ടപ്പെടുത്തുകയാണ് ഇവരുടെ ഗൂഢ പദ്ധതി. എന്നിട്ട് ഗുരുവിനെ ഒരു യുക്തിവാദിയാക്കി ,മതരഹിതനാക്കി ഏതാനും സങ്കുചിത വരട്ടു വാദികളുടെ ഇത്തിരി വട്ടത്തിലേക്ക് ഒതുക്കുകയാണ് ലക്ഷ്യം. ഗുരുവിനെ കേരളീയ മുഖ്യധാരയിൽ നിന്ന് പുറത്താക്കി ആരുടേതുമല്ലാതാക്കുക എന്നത് ഇക്കൂട്ടരുടെ വിനോദമാണ്.

ഇവർ പറയുന്നതുപോലെ ഗുരു ഹിന്ദുമതത്തിൽ നിന്ന് വേർപെട്ട വ്യക്തിത്വമാണെങ്കിൽ വേറെ മത കൺവൻഷനുകളിലും ഗുരുവിനു പ്രവേശനം കിട്ടുന്നില്ലല്ലോ. പാഠപുസ്തകങ്ങളിലോ, സിനിമയിലോ, സാഹിത്യത്തിലോ ഗുരു ഇല്ല.രാഷ്ട്രീയ സിനിമകളും നാടകങ്ങളും ഗുരുവിനെ എന്നേ വിസ്മരിച്ചു! ഭീകരമായ ഈ അവസ്ഥയുടെ നേർക്ക് ഒന്നു നോക്കാൻപോലും ഇവിടുത്തെ പുരോഗമന കലാസാഹിത്യ സംഘത്തിനു കഴിയുന്നില്ല.

ഗുരുവിനെ മതരഹിതമാക്കുന്നവർ സുബ്രഹ്മണ്യകീർത്തനം, ഭദ്രകാള്യഷ്ടകം, ശിവശതകം, ജനനീനവരത്നമഞ്ജരി ,കുണ്ഡലിനിപ്പാട്ട്, ഷൺമുഖസ്തോത്രം, വിഷ്ണ്വഷ്ടകം ,മണ്ണന്തല ദേവീസ്തവം തുടങ്ങിയ കൃതികൾ വായിക്കണം.ഗുരു ഹിന്ദുവല്ല എന്ന് വാദിക്കുന്ന വിഡ്ഢികളോടു ഒന്നേ ചോദിക്കാനുള്ളു. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഹിന്ദുമതവുമായി ബന്ധമില്ലാത്തവർ ഭദ്രകാള്യഷ്ടകം, ബാഹുലേയാഷ്ടകം എന്നിവ എഴുതുമോ? ചിലർ എഴുതുമായിരിക്കും, തൊഴിലിൻ്റെ ഭാഗമായി വേതനം പറ്റിക്കൊണ്ട് .

ഗുരുവിനെ മതവിരോധിയാക്കാമെന്നത് ചില വിവേകശൂന്യരുടെ അതിമോഹമാണ്. അതിനെ ചിലരുടെ രാഷ്ട്രീയപൊങ്ങച്ചത്തിൻ്റെ കപട വാദമായി കാണാവുന്നതാണ്. എല്ലാ ചിന്തകളും മരവിച്ചു നിൽക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്.ഗുരുവിനെ സ്വന്തം ഭാവനയുടെ ക്ഷേത്രഗണിതത്തിൽ നിന്ന് പുറത്തിറക്കി ആത്മീയ ശൂന്യതയിലേക്ക് തള്ളിവിടാനുള്ള ശ്രമം ,ഗുരു നാണു എന്ന  മാറ്റി നാരായണൻ എന്ന പേരു സ്വീകരിച്ചതിലെ യുക്തി കൊണ്ടു തടയാൻ സാധിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.