2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 അഗാധനിശ്ശബ്ദതയെ
സംവേദനക്ഷമമാക്കുന്നത് 

 


 

 

 

 

 

എം.കെ.ഹരികുമാർ



ഒരു കലാകാരൻ ഒരിക്കലെങ്കിലും സ്വാതന്ത്ര്യം എന്താണെന്ന് രുചിച്ചുനോക്കുന്നത് നല്ലതാണ്. പലപ്പോഴും അതുണ്ടാകാറില്ലല്ലോ. മറ്റുള്ളവർ സ്വരൂപിച്ച ഫ്രെയിമുകൾ , ചിന്തിച്ച വസ്തുതകൾ യാതൊരു മാറ്റവുമില്ലാതെ സ്വീകരണമുറിയിൽ വാങ്ങിവയ്ക്കുകയും അതിൻ്റെ  നിയമങ്ങൾ തെറ്റിക്കാതെ പുന:സൃഷ്ടിക്കുകയുമാണ് ഔദ്യോഗിക സാഹിത്യകാരന്മാരും കലാകാരന്മാരും ചെയ്യുന്നത്. സ്വതന്ത്രനാകണമെങ്കിൽ സ്വന്തം മനസ്സിനെ അനാവശ്യ ചിന്തകളിൽനിന്ന് ഒഴിവാക്കേണ്ടതുണ്ട്. മനസ്സിനെ ശൂന്യമാക്കേണ്ടി വരും. അവിടെയാണ് പുതുചിന്തകൾ കടന്നു വരുന്നത് .'ഞാൻ ഒരു പ്രസ്ഥാനത്തിൻ്റെ വക്താവാണ് '  എന്ന്  ചിന്തിക്കുമ്പോൾ തന്നെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യം പോയി. അവൻ സ്വയം നിർമ്മിച്ചിരിക്കുന്ന വ്യവസ്ഥയുടെ തടവുകാരനായി തുടരുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് അയാൾ മുമ്പു  കണ്ടെത്തിയതിന് ,അംഗീകരിച്ചതിന്, നിർദ്ദേശിച്ചതിനു അപ്പുറമുള്ള മറ്റൊരു ലോകം, ആകാശം എപ്പോഴും അജ്ഞാതമായിരിക്കും. ഒരേ തരം  ശൈലിയിൽ നാമെന്തിനു തുടരണമെന്ന് സ്വയം ചോദിക്കേണ്ട ഘട്ടമാണിത്. ശൈലി ഇല്ലാതാവുന്നത്, പൊതുവായ ഒരു വ്യവസ്ഥയ്ക്കകത്ത് ജീർണിച്ചു  തുടങ്ങിയതിൻ്റെ ലക്ഷണമായി കാണാം.തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രയത്നം ഒരു ഗദ്യശൈലിയുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ജോർജ് ഓർവെൽ (eorge Orwell)പറഞ്ഞത് നമ്മെ അലട്ടുകയെങ്കിലും ചെയ്യണം.

പ്രമുഖ ഫ്രഞ്ച് ചിത്രകാരനായ ഹെൻറി  മാറ്റിസ് (Henry Mattise)ഇങ്ങനെ പറഞ്ഞു: "An artist must never be a prisoner. Prisoner? An artist should never be a prisoner of himself, prisoner of style, prisoner of reputation, prisoner of success etc " .
ശൈലിയുടെയും പ്രശസ്തിയുടെയും  തടവറയിൽ നിന്ന് മാത്രമല്ല, വിജയത്തിൻ്റെയും തടവറ ഭേദിക്കണമെന്നാണ് ഇതിനർത്ഥം. മധ്യവർഗചിന്തകന്മാരും സർക്കാർ ഏജൻസികളും നിശ്ചയിക്കുന്ന സൗന്ദര്യാത്മക മാനദണ്ഡങ്ങളാണ് ഒരാളെ ഈവിധം തടവറയിലാക്കുന്നത്‌. അയാൾക്കത് ബോധ്യമാകില്ല ;കാരണം അയാൾ അതിൻ്റെ ഗുണഭോക്താവാണല്ലോ. അഭിരുചിയും  ശൈലിയും ഒരിക്കലും ഇളക്കാനാവാത്ത വിധം ഭൂമിയിൽ ഉറച്ചുപോകുന്ന ഘട്ടത്തിലും, പ്രശസ്തിയുടെയും വിജയത്തിൻ്റെയും തടവറകൾ നിലനിൽക്കുന്നുണ്ടായിരിക്കും. ഒരു കലാസൃഷ്ടി അല്ലെങ്കിൽ സാഹിത്യസൃഷ്ടി വിജയിച്ചു എന്ന് കുറെ സ്ഥാപനങ്ങളും ഏജൻസികളും വിധിയെഴുതുമ്പോഴും അതിനെയും തടവറയായി കാണുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ അല്ലെങ്കിൽ കലാകാരൻ.

by matisse


ചിത്രങ്ങൾ വരച്ച് വിജയം ആഘോഷിക്കുന്ന ഒരാൾ വല്ലാതെ ജീർണിച്ചിരിക്കുന്നു എന്ന് അവസാനം മനസ്സിലാക്കുന്നത് അയാൾ മാത്രമായിരിക്കും. അതുകൊണ്ട് ഒരു രചനാപ്രക്രിയയിലേക്ക് പോകുമ്പോൾ ചുറ്റുപാടുമുള്ളതിനെ മറക്കുകയോ അകറ്റുകയോ വേണ്ടിവരും.ഇത് സൃഷ്ടിപരമായ നിശ്ശബ്ദത ആവശ്യപ്പെടുന്ന അകലമാണ്. ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക (Franz Kafka) പറഞ്ഞു ,തനിക്ക് ഒരു കഥ എഴുതാൻ മൃതദേഹത്തിൻ്റെ ഏകാന്തത വേണമെന്ന്! ഈ  ഏകാന്തത എത്ര അഗാധവും സ്വയം സമ്പൂർണ്ണവും നിസ്സംഗവും നിരുപാധികവുമാണ്. മാറ്റിസിനും ഇതിനോട് സമാനമായ കാഴ്ചപ്പാടാണുള്ളത്. പ്രാർത്ഥനയ്ക്ക് തുല്യമായ ഒരു മനോനിലയിൽ എത്തിച്ചേരുമ്പോഴേ തനിക്ക് വരയ്ക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞത്, ബാഹ്യമായ ചിന്തകളും ഓർമ്മകളും തന്നെ തടവറയിലാക്കുമെന്ന അറിവിൻ്റെ വെളിച്ചത്തിലാണ്. വെളിച്ചം ചോർന്നു പോയാൽ പിന്നെ ഇരുട്ടല്ലേ ശേഷിക്കുക!

അതുകൊണ്ടാണ് മഹാചിന്തകനായ വിൽ ഡുറാൻ്റ് (Will Durant)  പ്രതിഭയാണ് ഒട്ടും കലർപ്പില്ലാത്ത മാനസികതലമെന്ന് പറഞ്ഞത്. അഹത്തിൻ്റെ അല്ലെങ്കിൽ ഇച്ഛയുടെ  ഒരു കണം വീണുപോയാൽ സൃഷ്ടി പങ്കിലമായി; പ്രതിഭയിൽ മായം  ചേർക്കപ്പെട്ടു. ജീവിതത്തിലെ ലൗകിക കാര്യങ്ങൾക്ക് ചുറ്റുമാണ് മനുഷ്യൻ്റെ  ആഗ്രഹം അല്ലെങ്കിൽ മനസ്സ് മിക്കപ്പോഴും കറങ്ങുന്നത് .പ്രതിഭ അതിനു മുകളിലാണ് .സാധാരണ മനസ്സിനപ്പുറത്തേക്ക് പോകുമ്പോഴാണ് പ്രതിഭ ജ്ഞാനമായി രൂപാന്തരപ്പെടുന്നത്. വിൽ ഡുറാൻ്റ്  പറയുന്ന പോലെ , പ്രതിഭ സംവേദനക്ഷമതയുടെ മേൽ  അസാധാരണമായ ഒരു ചുവടുവയ്ക്കുന്നു .അത് പുതിയൊരു കോണിലൂടെയുള്ള നോട്ടമായിരിക്കും.
HOME


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME