2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 കർമ്മം ചെയ്താൽ മതി




 
 
 
 
 
 
 
 
എം.കെ.ഹരികുമാർ


എന്തെല്ലാം ഉപകാരങ്ങളാണ്  ഓരോരുത്തരും ചെയ്യുന്നത്. ഞാൻ  വാഹനമോടിച്ച് യാത്ര ചെയ്യുന്ന ആളല്ല; എനിക്ക് വാഹനമില്ലെന്നു മാത്രമല്ല ,ഡ്രൈവിംഗും അറിയില്ല . ഇത്രകാലവും എനിക്ക് വേണ്ടി ആരൊക്കെയോ വാഹനം ഓടിക്കുകയായിരുന്നു .ഒരിടത്ത് പോലും ഞാൻ സഞ്ചരിച്ച വാഹനങ്ങൾ മുട്ടുകയോ തട്ടുകയോ ചെയ്തിട്ടില്ല. ആ മഹാസാരഥികൾക്കു നന്ദി. അവർ ആരാണ്? ഉന്നതരായ മാതാപിതാക്കളുടെ സ്വഭാവശുദ്ധിയുള്ള, വ്യക്തിമഹത്വമുള്ള മക്കളാണവർ. അവർ എന്തിന് എന്നെ അറിയണം? എന്നെ അവർ തിരിച്ചറിയേണ്ട ആവശ്യമില്ല .പക്ഷേ ,അവരെല്ലാം അച്ചടക്കമുള്ളവരും കാര്യക്ഷമതയുള്ളവരും ആദർശമുള്ളവരുമായിരുന്നു. അവരിൽ ഞാനിന്നും വിശ്വസിക്കുന്നു. അവരോടുള്ള എൻ്റെ നന്ദി ഞാൻ ഈ പ്രകൃതിയിലേക്ക് സന്നിവേശിപ്പിക്കുകയാണ്. പ്രകൃതിക്ക്  അതിൻ്റെ പേരിൽ ഒരു ചെറിയ ചലനമെങ്കിലുമുണ്ടാവട്ടെ. നമ്മുടെ ഊർജവും സ്നേഹവുമാണ്  ലോകത്തിനാധാരം. അത് ഓരോ നിമിഷവും ആയിരം മടങ്ങായി ശക്തിപ്രാപിക്കുകയാണ്. നമ്മൾ  ഒരാൾക്കു കൊടുക്കുന്ന മാനസികോല്ലാസം അയാൾ വേറൊരിടത്ത് പ്രദർശിപ്പിക്കാതിരിക്കില്ല. അതിൽനിന്ന് വേറെയും പ്രചോദനനങ്ങൾ ഉണ്ടാകാതിരിക്കില്ല.

ആ സാരഥികൾ വാഹനവുമായി പാഞ്ഞുപോയപ്പോൾ ഞാൻ അതിനകത്ത് സുരക്ഷിതനായിരുന്നുവല്ലോ. അവർ ജോലി ചെയ്തത് പ്രത്യേക ഫലം ആഗ്രഹിച്ചുകൊണ്ടല്ല .ഒരു ഫലവും വേണ്ടെന്നല്ല; ചെയ്തതിനുള്ള അർഹമായ വേതനം മതി. അത് ഒരു പൂർത്തീകരണമാണ്. അതിനപ്പുറം വേറൊന്നുമില്ല.അവർ ഞാൻ കയറിയി ല്ലെങ്കിലും വാഹനമോടിക്കും .അവർ എന്നെയോ എന്നെപ്പോലുള്ളവരെയോ പ്രത്യേകമായി ലക്ഷ്യംവച്ചല്ല പ്രവർത്തിക്കുന്നത്. കർമ്മം മാത്രമാണ് അവർ ചെയ്യുന്നത്. പൂർണ്ണതയിൽ നിന്ന് പൂർണത്തെ മാറ്റിനിർത്താനാവില്ലല്ലോ.

കർമ്മം  ചെയ്യുകയും ഫലം പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യുന്നതല്ലേ ഉത്തമം ? എന്തുകൊണ്ടാണ് ശ്രീകൃഷ്ണൻ ഇതു സൂചിപ്പിച്ചത്? ഫലം വേണ്ടേ? ഫലമില്ലാതെ പ്രവർത്തിക്കുന്നവർ കാണുമോ ? ഒരു കാര്യം വ്യക്തമാണ്. കർമ്മം ഒരു പൂർണ്ണതയാണ്. ഒരു തൊട്ടി കയറിൽ കെട്ടി കിണറ്റിലിറക്കി വെള്ളം നിറച്ച് വലിച്ചു കരയിലേക്ക് കയറ്റുമ്പോഴാണ് ഫലം കിട്ടുന്നത്; അത് ഒരു കർമ്മമാണ്. അത് പൂർണമാണ്. ആ കർമ്മത്തിന് വേറൊരു ലക്ഷ്യമില്ല. വെള്ളം ആ കർമ്മത്തിൻ്റെ ഫലമാണ്. വെള്ളമില്ലാതെ കർമ്മത്തിൽ വേറെ ഫലമില്ല. അതുപോലെ നമ്മൾ ഏത് കർമ്മം ചെയ്യുമ്പോഴും അത് പൂർണമാകാനാണ് ശ്രദ്ധിക്കേണ്ടത്. പൂർണമായിരിക്കുന്ന കർമ്മം മറ്റുള്ളവരെ സന്തോഷിപ്പിക്കാതിരിക്കില്ല. വേതനം കിട്ടുന്നത് കർമ്മത്തിൻ്റെ ഫലമല്ല.കർമ്മത്തിൻ്റെ ഫലം കർമ്മം തന്നെയാണ്.

എന്നാൽ നാം ഒരാൾക്ക് എന്തെങ്കിലും സഹായം ചെയ്യുകയോ ,ദയ കാണിക്കുകയോ ചെയ്താൽ അപ്പോൾ തന്നെ അത് മറക്കുകയാണ് നല്ലത്. അത് ഓർക്കാനുള്ളതല്ല. ഓർക്കുന്തോറും കണ്ഠത്തിൽ വിഷം നിറയും. അത് ഉള്ളിലേക്ക് ഇറക്കാനാവില്ല; വിഷമാണല്ലോ. ചില ഓർമ്മകൾ വിഷം കഴിക്കുന്നതിനു തുല്യമാണ് .ചിലത് മറക്കുമ്പോഴാണ് നാം കൂടുതൽ ശുദ്ധി നേടുന്നത്. അതിലൂടെ വിഷം ഉള്ളിൽ കയറാതെ സ്വയം സംരക്ഷിക്കാനാകും.


വ്യക്തികൾ ഉപകാരസ്മരണയുള്ളവരല്ല, പൊതുവേ.ചിലർ വ്യത്യസ്തരായി കണ്ടേക്കാം. വ്യക്തികളിൽ സ്വാർത്ഥ പ്രേരിതമായ അഭിലാഷങ്ങൾ നിമിത്തം  ജന്മനായുള്ള കുറ്റവാസനയും നിന്ദയുമാണ് നിറയുന്നത്. ഏതുതരത്തിൽ നോക്കിയാലും തിന്മയുടെ വാസനകൾ തകരാതെ പച്ചപിടിച്ചു നില്ക്കുന്നത് കാണാം. ഉപകാരം സ്വീകരിച്ച ശേഷം അതിൽ മതിപ്പില്ലാതിരിക്കുന്നതിലൂടെ ദു:സ്വാതന്ത്ര്യം എന്ന ബോധം ,ഒരു ജന്മവാസന പോലെ തലമുറകളെ പിടികൂടിയിട്ടുണ്ട്.കാരണം , ഓർമ്മകളുടെ സദ്സ്വരങ്ങളേക്കാൾ നിന്ദയിലൂടെ അതിജീവനമാണ് ലക്ഷ്യംവയ്ക്കുന്നത്. വ്യക്തികൾ മാറുകയാണ്. സ്വഭാവം നിമിഷം തോറും  നഷ്ടപ്പെടുകയാണ്. പലരും  പലരാവുകയാണ് .ഒരു ജീവിതകാലത്തുതന്നെ പല ജന്മങ്ങളായി മനുഷ്യർ ചിതറുകയാണ്. അതുകൊണ്ട് അവരിൽനിന്നു ഉപകാരസ്മരണയോ,  നന്ദിയോ  പ്രതീക്ഷിക്കുന്നത് പിന്നീട് മനോവ്യഥയ്ക്ക് ഇടയാക്കും. പ്രതീക്ഷ, പ്രതീക്ഷിക്കുന്ന ആളെ മാനസികമായി വിഷമഘട്ടങ്ങളിലേക്ക് നയിക്കും.ഇതിൽ നിന്നു മുക്തിനേടി ശാന്തമായ മനസ്സ് നിലനിർത്തണമെങ്കിൽ, കർമ്മം ചെയ്തശേഷം അത് മറക്കുന്നതാണ് ഉത്തമം. അപ്പോൾ അസുഖകരമായ, നിന്ദാപരമായ ,കുറ്റകരമായ, അധാർമ്മികമായ ഓർമ്മകൾ അലട്ടുകയില്ല .മനുഷ്യനുള്ള ശാന്തി  അവൻ തന്നെ കണ്ടെത്തണമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME