2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link
HOME

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 അഗാധനിശ്ശബ്ദതയെ
സംവേദനക്ഷമമാക്കുന്നത് 

 


 

 

 

 

 

എം.കെ.ഹരികുമാർ



ഒരു കലാകാരൻ ഒരിക്കലെങ്കിലും സ്വാതന്ത്ര്യം എന്താണെന്ന് രുചിച്ചുനോക്കുന്നത് നല്ലതാണ്. പലപ്പോഴും അതുണ്ടാകാറില്ലല്ലോ. മറ്റുള്ളവർ സ്വരൂപിച്ച ഫ്രെയിമുകൾ , ചിന്തിച്ച വസ്തുതകൾ യാതൊരു മാറ്റവുമില്ലാതെ സ്വീകരണമുറിയിൽ വാങ്ങിവയ്ക്കുകയും അതിൻ്റെ  നിയമങ്ങൾ തെറ്റിക്കാതെ പുന:സൃഷ്ടിക്കുകയുമാണ് ഔദ്യോഗിക സാഹിത്യകാരന്മാരും കലാകാരന്മാരും ചെയ്യുന്നത്. സ്വതന്ത്രനാകണമെങ്കിൽ സ്വന്തം മനസ്സിനെ അനാവശ്യ ചിന്തകളിൽനിന്ന് ഒഴിവാക്കേണ്ടതുണ്ട്. മനസ്സിനെ ശൂന്യമാക്കേണ്ടി വരും. അവിടെയാണ് പുതുചിന്തകൾ കടന്നു വരുന്നത് .'ഞാൻ ഒരു പ്രസ്ഥാനത്തിൻ്റെ വക്താവാണ് '  എന്ന്  ചിന്തിക്കുമ്പോൾ തന്നെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യം പോയി. അവൻ സ്വയം നിർമ്മിച്ചിരിക്കുന്ന വ്യവസ്ഥയുടെ തടവുകാരനായി തുടരുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് അയാൾ മുമ്പു  കണ്ടെത്തിയതിന് ,അംഗീകരിച്ചതിന്, നിർദ്ദേശിച്ചതിനു അപ്പുറമുള്ള മറ്റൊരു ലോകം, ആകാശം എപ്പോഴും അജ്ഞാതമായിരിക്കും. ഒരേ തരം  ശൈലിയിൽ നാമെന്തിനു തുടരണമെന്ന് സ്വയം ചോദിക്കേണ്ട ഘട്ടമാണിത്. ശൈലി ഇല്ലാതാവുന്നത്, പൊതുവായ ഒരു വ്യവസ്ഥയ്ക്കകത്ത് ജീർണിച്ചു  തുടങ്ങിയതിൻ്റെ ലക്ഷണമായി കാണാം.തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രയത്നം ഒരു ഗദ്യശൈലിയുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ജോർജ് ഓർവെൽ (eorge Orwell)പറഞ്ഞത് നമ്മെ അലട്ടുകയെങ്കിലും ചെയ്യണം.

പ്രമുഖ ഫ്രഞ്ച് ചിത്രകാരനായ ഹെൻറി  മാറ്റിസ് (Henry Mattise)ഇങ്ങനെ പറഞ്ഞു: "An artist must never be a prisoner. Prisoner? An artist should never be a prisoner of himself, prisoner of style, prisoner of reputation, prisoner of success etc " .
ശൈലിയുടെയും പ്രശസ്തിയുടെയും  തടവറയിൽ നിന്ന് മാത്രമല്ല, വിജയത്തിൻ്റെയും തടവറ ഭേദിക്കണമെന്നാണ് ഇതിനർത്ഥം. മധ്യവർഗചിന്തകന്മാരും സർക്കാർ ഏജൻസികളും നിശ്ചയിക്കുന്ന സൗന്ദര്യാത്മക മാനദണ്ഡങ്ങളാണ് ഒരാളെ ഈവിധം തടവറയിലാക്കുന്നത്‌. അയാൾക്കത് ബോധ്യമാകില്ല ;കാരണം അയാൾ അതിൻ്റെ ഗുണഭോക്താവാണല്ലോ. അഭിരുചിയും  ശൈലിയും ഒരിക്കലും ഇളക്കാനാവാത്ത വിധം ഭൂമിയിൽ ഉറച്ചുപോകുന്ന ഘട്ടത്തിലും, പ്രശസ്തിയുടെയും വിജയത്തിൻ്റെയും തടവറകൾ നിലനിൽക്കുന്നുണ്ടായിരിക്കും. ഒരു കലാസൃഷ്ടി അല്ലെങ്കിൽ സാഹിത്യസൃഷ്ടി വിജയിച്ചു എന്ന് കുറെ സ്ഥാപനങ്ങളും ഏജൻസികളും വിധിയെഴുതുമ്പോഴും അതിനെയും തടവറയായി കാണുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ അല്ലെങ്കിൽ കലാകാരൻ.

by matisse


ചിത്രങ്ങൾ വരച്ച് വിജയം ആഘോഷിക്കുന്ന ഒരാൾ വല്ലാതെ ജീർണിച്ചിരിക്കുന്നു എന്ന് അവസാനം മനസ്സിലാക്കുന്നത് അയാൾ മാത്രമായിരിക്കും. അതുകൊണ്ട് ഒരു രചനാപ്രക്രിയയിലേക്ക് പോകുമ്പോൾ ചുറ്റുപാടുമുള്ളതിനെ മറക്കുകയോ അകറ്റുകയോ വേണ്ടിവരും.ഇത് സൃഷ്ടിപരമായ നിശ്ശബ്ദത ആവശ്യപ്പെടുന്ന അകലമാണ്. ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക (Franz Kafka) പറഞ്ഞു ,തനിക്ക് ഒരു കഥ എഴുതാൻ മൃതദേഹത്തിൻ്റെ ഏകാന്തത വേണമെന്ന്! ഈ  ഏകാന്തത എത്ര അഗാധവും സ്വയം സമ്പൂർണ്ണവും നിസ്സംഗവും നിരുപാധികവുമാണ്. മാറ്റിസിനും ഇതിനോട് സമാനമായ കാഴ്ചപ്പാടാണുള്ളത്. പ്രാർത്ഥനയ്ക്ക് തുല്യമായ ഒരു മനോനിലയിൽ എത്തിച്ചേരുമ്പോഴേ തനിക്ക് വരയ്ക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞത്, ബാഹ്യമായ ചിന്തകളും ഓർമ്മകളും തന്നെ തടവറയിലാക്കുമെന്ന അറിവിൻ്റെ വെളിച്ചത്തിലാണ്. വെളിച്ചം ചോർന്നു പോയാൽ പിന്നെ ഇരുട്ടല്ലേ ശേഷിക്കുക!

അതുകൊണ്ടാണ് മഹാചിന്തകനായ വിൽ ഡുറാൻ്റ് (Will Durant)  പ്രതിഭയാണ് ഒട്ടും കലർപ്പില്ലാത്ത മാനസികതലമെന്ന് പറഞ്ഞത്. അഹത്തിൻ്റെ അല്ലെങ്കിൽ ഇച്ഛയുടെ  ഒരു കണം വീണുപോയാൽ സൃഷ്ടി പങ്കിലമായി; പ്രതിഭയിൽ മായം  ചേർക്കപ്പെട്ടു. ജീവിതത്തിലെ ലൗകിക കാര്യങ്ങൾക്ക് ചുറ്റുമാണ് മനുഷ്യൻ്റെ  ആഗ്രഹം അല്ലെങ്കിൽ മനസ്സ് മിക്കപ്പോഴും കറങ്ങുന്നത് .പ്രതിഭ അതിനു മുകളിലാണ് .സാധാരണ മനസ്സിനപ്പുറത്തേക്ക് പോകുമ്പോഴാണ് പ്രതിഭ ജ്ഞാനമായി രൂപാന്തരപ്പെടുന്നത്. വിൽ ഡുറാൻ്റ്  പറയുന്ന പോലെ , പ്രതിഭ സംവേദനക്ഷമതയുടെ മേൽ  അസാധാരണമായ ഒരു ചുവടുവയ്ക്കുന്നു .അത് പുതിയൊരു കോണിലൂടെയുള്ള നോട്ടമായിരിക്കും.
HOME


എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

കാണിയായപ്പോൾ

 


 

 

 

 

 

 

 

 എം.കെ.ഹരികുമാർ

സ്വന്തം സ്ഥലം വിറ്റ്
മറ്റുനാടുകൾ കാണാൻ
എനിക്കാവില്ല.

എന്നെ ഒരു സ്ഥലവും
സന്തോഷിപ്പിച്ചില്ല.
ഓരോ യാത്രയും കഴിഞ്ഞു
ഞാൻ എന്നിലേക്ക് തന്നെ
വേഗം തിരിച്ചെത്തുകയായിരുന്നു
യാത്രയിൽ കണ്ട സ്ഥലങ്ങളെല്ലാം 

ഒച്ചുകളായി പിന്നിൽ ഇഴയുന്നുണ്ടായിരുന്നു 




ഞാൻ എന്നെയാണ് തേടുന്നത്
ഓരോ ഇടവും കാണാൻ പോകുമ്പോൾ
എൻ്റെ ജീവിതം തന്നെ
അവിടേക്ക് എത്തിച്ചേരുന്നു.


HOME

 

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

ഉള്ളടക്കം

 

ഗസ്റ്റ് എഡിറ്റോറിയൽ  /രാജേന്ദ്രൻ നിയതി

എം.കെ.ഹരികുമാർ


 
 

 

 

 

 

ആമുഖം/എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാറിൻ്റെ കവിതകൾ

 

അട്ടകൾ


കവിയുടെ പ്രതിമ 

മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം


വേമ്പനാട്ടു കായലിലെ പള്ളത്തികൾ


റഷ്യൻ മരങ്ങൾ

അടുത്ത ജന്മമോ?

കാണിയായപ്പോൾ

 

എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ

ആൾക്കൂട്ടമാധ്യമങ്ങളും എഴുത്തുകാരൻ എന്ന
വൈരുദ്ധ്യാത്മക ജീവിയും

 

നമ്മുടെ ഉള്ളിൽ ദയയുടെ ലോകമുണ്ടോ ?

 

 വായനയും എഴുത്തും


 കർമ്മം ചെയ്താൽ മതി

 

 അഗാധനിശ്ശബ്ദതയെ
സംവേദനക്ഷമമാക്കുന്നത്  


നവാദ്വൈതം
എം.കെ.ഹരികുമാറുമായി അഭിമുഖം


ജനിതക മാറ്റം സംഭവിക്കുന്ന ഓർമ്മകൾ
എം.കെ.ഹരികുമാർ/രാജേന്ദ്രൻ നിയതി

 
അപാരമായ അനുഭവങ്ങളുടെ പ്രക്രിയകൾ
എം.കെ.ഹരികുമാർ/രാജേന്ദ്രൻ നിയതി

 
ഇത് സ്വാതന്ത്ര്യത്തിൻ്റെ പ്രമേയമാണ്
എം.കെ.ഹരികുമാർ/രാജേന്ദ്രൻ നിയതി

 

ഗുരു: ഏറ്റുമുട്ടലിൻ്റെ കാലത്ത്
സമന്വയവും സഹവർത്തിത്വവും


വൈരുദ്ധ്യാത്മക ഭൗതികവാദവും
ഗുരുവിൻ്റെ സമൂഹബ്രഹ്മമഠവും

എം.കെ.ഹരികുമാർ


ഹൈന്ദവ സംസ്കാരവും
ശ്രീനാരായണഗുരുവും
എം.കെ.ഹരികുമാർ

ഗുരുവിൻ്റെ സാമൂഹികജീവിതത്തെ
തമസ്കരിക്കാൻ നോക്കണ്ട
എം.കെ.ഹരികുമാർ

 
ഏകാത്മകത സാക്ഷാത്‌ക്കരിക്കപ്പെടുന്നത്
 എം.കെ.ഹരികുമാർ

 ഗുരുവിനെ  മതവിരോധിയാക്കുന്നവരുടെ മന:ശാസ്ത്രം
എം.കെ.ഹരികുമാർ

 ഗുരുവും ആത്മാവിന്റെ രാഷ്ടീയവും
എം.കെ.ഹരികുമാർ

 

അനുധാവനം
കഥാവലോകനം


കഥയിലെ യാഥാസ്ഥിതിക ശക്തികൾ
എം.കെ.ഹരികുമാർ

കഥകൾക്ക് വേണ്ടത്
കാഴ്ചയുടെ മൂർച്ച
എം.കെ.ഹരികുമാർ

 കറുപ്പ് നിറവും ലൈംഗിക ഫ്യൂഡലിസവും
എം.കെ.ഹരികുമാർ

 

ലിങ്കുകൾ


അക്ഷരജാലകം

മലയാളസമീക്ഷ

നവവത്സരപ്പതിപ്പ്


പദാനുപദം

അക്ഷരജാലകം ബ്ലോഗ് 


HOME

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

എം.കെ.ഹരികുമാർ

 

 ഗസ്റ്റ് എഡിറ്റോറിയൽ
ആത്മാവ് തപം ചെയ്ത് ശുദ്ധമാക്കിയ വാക്കുകൾ

 

രാജേന്ദ്രൻ നിയതി

എഴുത്തുകാരും കൃതികളും ഏറുകയും വായനക്കാർ കുറയുകയും ചെയ്യുന്ന ഈ കാലവേഗത്തിലാണ് എം.കെ.ഹരികുമാർ തൻ്റെ എഴുത്തിൻ്റെ നാലു പതിറ്റാണ്ട് പൂർത്തീകരിക്കുന്നത്.എഴുത്ത് അവിടെ ധ്യാനത്തിൻ്റെ മേഘസഞ്ചാരവും ദ്രുമ മുദ്രയും കുന്നുകളുടെ നിശ്ശബ്ദ ഭാഷണവും സമുദ്രത്തിൻ്റെ അന്തർദാഹവുമാണ്.ഇതുവഴിയാണ് ഏതു വസ്തുവിനും ഒരു ഭാഷണമുണ്ടെന്ന് ഹരികുമാറിലെ എഴുത്തുകാരൻ തിരിച്ചറിയുന്നത്.


'ശ്രീനാരായണായ'പോലെ ഒരു നോവൽ മലയാളത്തിൽ ഇല്ലാതിരുന്നതും ,ആ നോവലിൻ്റെ ഭാഷണവൈവിധ്യം നമ്മെ പിടിച്ചുലയ്ക്കുന്നതും പ്രപഞ്ചാണുക്കളുമായി ഹരികുമാർ സംവാദത്തിലാകുന്നതും  അതുകൊണ്ടാണ്.എഴുത്ത് ഭൂതകാലമുക്തമാകണമെന്ന ധാരണ ഈ എഴുത്തുകാരനിൽ പ്രകടമാണ്."നടന്നുവരുമ്പോൾ ഒരു കാല് പിന്നാലെ വരും.വീണ്ടും മറ്റേക്കാൽ പിന്നാലെ വരും.പിന്നാലെ വന്ന കാൽ ഭൂതകാലത്തിൽ നിന്നും തിരിച്ചെത്തുകയാണ്.അത് ഭൂതകാലത്തിൽ തന്നെയായിരിക്കാൻ ഇഷ്ടപ്പെടുകയും എന്നാൽ വർത്തമാനകാലത്തിൽ ആയിരിക്കുകയുമാണ്.പിന്നാലെ വരുന്ന കാൽ ഒരു നിമിഷം ഭൂതകാലത്തിൽ നിലയുറപ്പിക്കുന്നു.അതൊരു ജീവിതമാണ്.എന്നാൽ അതിന് അവിടെ തുടരാനാവില്ല" എന്ന് എം.കെ .ഹരികുമാർ 'ശ്രീനാരായണായ ' എന്ന നോവലിൽ എഴുതിയിരിക്കുന്നു.ആത്മാവ് അനുഭവത്തിനുമേൽ തപം ചെയ്ത് ശുദ്ധമാകുമ്പോൾ വാക്കുകൾ ഗതകാലങ്ങളുടെ ഇലപൊഴിഞ്ഞ് തളിരണിയുന്നു.കൊഴിയുകയും തളിർക്കുകയും ചെയ്യുന്ന നിത്യതയുടെ നിശ്ശബ്ദതയാകുന്നു ഈ നോവൽ.പ്രകൃതി കാത്തുസൂക്ഷിക്കുന്ന നിരാസവും നിർമ്മാണവും ജൈവിക പ്രതിഭാസമാണ്.ഇതുതന്നെയാണ് അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന 'നവാദ്വൈത'ത്തിൻ്റെ കാതൽ.
       കേരള സാഹിത്യ അക്കാദമിക്കുവേണ്ടി ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ പുറത്തിറക്കിയ നിരൂപണ ഗ്രന്ഥമാണ് 'അഹംബോധത്തിൻ്റെ സർഗ്ഗാത്മകത'.ഈ ഗ്രന്ഥത്തെ പരാമർശിക്കുമ്പോൾ സാഹിത്യ അക്കാദമി പോലുള്ള അക്കാദമിക സ്ഥാപനങ്ങളുടെ ഗതാനുഗതിക പാത എം.കെ.ഹരികുമാർ ഉഴുതുമറിച്ച് സർഗ്ഗാത്മകതയുടെ പുതു വഴി വെട്ടുന്നത് അത്യന്തം കൗതുകത്തോടെ നമുക്ക് ദർശിക്കാം.

രാജേന്ദ്രൻ നിയതി




'ആത്മായനങ്ങളുടെ ഖസാക്കിൽ'തുടങ്ങുന്ന ഭാഷയുടെ അയാഥാർത്ഥ്യം 'അഹംബോധത്തിൻ്റെ സർഗ്ഗാത്മകതയിൽ' ഭാഷയ്ക്കു മാത്രം സാധിക്കുന്ന സ്വപ്നത്തിൻ്റെ ദാഹമാകുന്നു.സ്വപ്നത്തിൻ്റെ മൃദുലതയോടൊപ്പം നിരൂപകൻ്റെ ഖഡ്ഗം അവ്യക്തതയുടെ ശിരസറുക്കുന്നു."സമൂഹത്തിൻ്റെ ഉപഭോക്തൃ സങ്കൽപ്പങ്ങൾക്കനുസരിച്ച് ആരെയും നോവിക്കാതെ എഴുതിയാൽ ഒരു പക്ഷെ ,കൂടുതൽ പേർ ആസ്വദിച്ചേക്കും.കൂടുതൽപ്പേർ ആസ്വദിക്കുന്നതല്ല കഥ.കഥാകാരൻ ഒരു വിശ്വാസത്തിൻ്റെയും തടവുകാരനാകാൻ പാടുള്ളതല്ല.വിശ്വാസങ്ങളെക്കാൾ വലിയ ലക്ഷ്യങ്ങളാണ് അയാളെ കാത്തുകിടക്കുന്നത്."കൂടുതൽപ്പേർ വായിക്കുന്നത് സംഘടിതമായ രതിയാണെന്നും യാഥാസ്ഥിതിക വായനക്കാരൻ ഭാഷയിലെ സൂക്ഷ്മതകളോ കലാപമോ കാണുന്നില്ല എന്നും ഹരികുമാർ നിരീക്ഷിക്കുന്നു.ഇന്നിപ്പോൾ സൈബർ ലോകം വായനയെ സംഘടിത രതിയുടെ ഉത്സവമാക്കുന്നു.

      'അക്ഷരജാലകം' പോലുള്ള സ്ഥിരം പംക്തി ഹരികുമാർ കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് ആകുവാൻ പോകുന്നു.എം.കൃഷ്ണൻനായർ തുടങ്ങി വയ്ക്കുകയും അതേ പ്രാധാന്യത്തോടെ ഇപ്പോഴും അത് തുടരുന്നു എന്നതും അഭിനന്ദനാർഹമാണ്.സാഹിത്യവും സാഹിത്യബാഹ്യവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ,എഴുത്ത് എന്നത് വായിക്കാനും ഇടപഴകാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഉൽപ്പന്നമാണെന്നും അത് വേറെ പല ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്തുവാണെന്നും എം.കെ.ഹരികുമാർ എഴുതിയിരിക്കുന്നു.

1989



കലയ്ക്ക് സംഭവിച്ച അപചയത്തെ സമകാലിക ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്നതാണ് 'മറവിയുടെ നിർമ്മാണം'എന്ന കൃതി."കക്കൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ കവിതയും വിൽക്കാം"എന്ന് ഹരികുമാർ എഴുതുമ്പോൾ കലയുടെ ഏകാന്തഭജനം നഷ്ടമായൊരു സമൂഹത്തെ ഈ നിരൂപകൻ സാക്ഷ്യപ്പെടുത്തുന്നു.


HOME

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 ആമുഖം



എം.കെ.ഹരികുമാർ

എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിഷുപ്പതിപ്പ് എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. എഴുത്തുകാർ  ഇങ്ങനെയൊക്കെയാണ് എന്നാണ് ഉത്തരം. എഴുത്തുകാരന്  ആഘോഷിക്കാൻ സ്വന്തം രചനളേയുള്ളു.സ്വന്തം പുസ്തകങ്ങൾ  സുഹൃത്തുക്കളെ കൂട്ടി എഴുത്തുകാർ പ്രകാശനം ചെയ്യാറുണ്ടല്ലാ. അതുപോലെ ഇതിനെയും കണ്ടാൽ മതി.
ഞാൻ 1981 ലാണ് എഴുതി തുടക്കിയത്:മൂന്നു കഥകൾ എന്ന ലഘു ഗ്രന്ഥത്തിനു അവതാരിക എഴുതിക്കൊണ്ട് .1984 ൽ ,വിദ്യാർത്ഥിയായിരിക്കെ എഴുതിയ ആത്മായനങ്ങളുടെ ഖസാക്ക് ആണ് ആദ്യ കൃതി. എൻ്റെ രചനകൾ വായനക്കാരിൽ ആത്മീയമായ ഉണർവും വെളിപാടും ചിന്തയും ദാർശനികതയാണ് സൃഷ്ടിക്കുന്നത്; അവരെ അധാർമ്മികതയിലേക്ക് തള്ളിവിടില്ല ,ഒരിക്കലും. പദവിയോ ,പ്രശസ്തിയോ ,പാർട്ടി ആനുകൂല്യമോ നേടാൻ വേണ്ടി ഞാൻ ഒരു വാക്കു പോലും എഴുതിയിട്ടില്ല.


കഴിഞ്ഞ ഓണത്തിന് ഒരു പ്രത്യേക എം.കെ.ഹരികുമാർ പതിപ്പും 2021 ജനുവരി ഒന്നിന് നവവത്സരപ്പരിപ്പും ഇതുപോലെ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാരിൽ നിന്ന് വലിയ പ്രതികരണങ്ങളുണ്ടായി. ചിലർ നന്ദി പറഞ്ഞു.


മറ്റൊരു പ്രചോദനം ചില നല്ല വായനക്കാരിൽ നിന്നാണ് ലഭിച്ചത്.എൻ്റെ രചനകളുടെ ലിങ്കുകൾ കൃത്യമായി അയച്ചുതരണമെന്ന് പറയുന്ന കുറെ നല്ല വായനക്കാരെ അറിയാം. അവർ സ്ഥിരം വായനക്കാരാണ്. അവരാണ് എൻ്റെ രചനകൾ ഇങ്ങനെ ഒന്നിച്ചു കാണുന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ചത്.

പല പ്രസിദ്ധീകരണങ്ങളിലും വരുന്ന എൻ്റെ ലേഖനങ്ങൾ ലോകത്തിൻ്റെ  വിവിധ ഭാഗങ്ങണ്ടലുള്ളവർക്ക്  കാണാൻ കഴിയാറില്ല. ചില മാഗസിനുകൾക്ക് ഓൺലൈൻ ലിങ്ക് ഇല്ലാത്തതാണ് കാരണം. സമീപകാലത്ത് അച്ചടിക്കപ്പെട്ട ലേഖനങ്ങളോടൊപ്പം മറ്റു പുതിയ രചനകളും ചേർത്താണ് ഈ വിഷുപ്പതിപ്പ് പൂർത്തീകരിച്ചിരിക്കുന്നത്.



സംസ്കാരിക, സാഹിത്യരംഗത്ത്  സങ്കുചിമായ മനസ്സുള്ള ചിലർ കടന്നു കയറി സ്വാർത്ഥ താൽപര്യത്തോടെ ചില പ്രധാന എഴുത്തുകാരെ വർഗീകരിക്കുകയും  തമസ്കരിക്കുകയും ചെയ്യുന്ന ഈ കാലത്ത് സ്വയം ഒരു മാധ്യമമോ , ഓൺലൈൻ പ്ളാറ്റ്ഫോമോ ആകാതിരിക്കാൻ എനിക്കാവില്ല.


നല്ല വായനക്കാരെ കണ്ടെത്താൻ  ഇതുപോലുള്ള പതിപ്പുകൾ  അനിവാര്യമായിരിക്കുന്നു.


എല്ലാവർക്കും വിഷു ആശംസകൾ!


HOME

2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

മറവിയുടെ ആഘോഷമായി 

മാറുന്ന ആംഗ്യം

പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍
നൃത്തം ചെയ്യിച്ച്‌
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ
ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.രതിബന്ധത്തിന്‍റെ 
ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,
പക്ഷേ പ്രണയിക്കുന്നില്ല.
രതിയെപ്പറ്റി പറഞ്ഞാല്‍
അവള്‍ ഓടിപ്പോകും.
പ്രണയത്തെയും രതിയെയും തള്ളുകയും
മാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .
അവള്‍ക്കോ സ്വന്തമായി രതിയില്ല.
കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു.
അനിശ്‌ചിതവും വിസ്മയകരവുമായ
അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.
അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം…

നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?

 


 

കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്‌
എല്ലാ പ്രേമഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്‌.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം.

HOME

 

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

അട്ടകൾ

 ഒരു മന്ദയാത്രയ്ക്ക്
അലട്ടലുകളില്ല

വളരെ ദൂരം സഞ്ചരിക്കേണ്ട
ഒരു ലക്ഷ്യവും
അട്ടയുടെ ജീവിതത്തിലില്ല
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വർദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയിൽ
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകൾക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത ,അവയ്ക്ക്‌ സ്വന്തം
ആകാരത്തിലും ഉടലിലും പറ്റിച്ചേർന്ന്‌
കിടക്കുകയും ,ആവശ്യപ്പെടുമ്പോൾ
മറ്റൊരു ഉരഗമായി ചലിച്ചു
തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്‌. 

 


അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.
ഇണയെ കാണുമ്പോൾ
വേഗം ഹൃസ്വചലനങ്ങളുമായി ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളിൽ
വലിയൊരു രാഷ്ട്രം
നിർമ്മിക്കാൻ തുടങ്ങുന്നു.
അക്കാരണത്താൽ അത്‌ നീണ്ടുപോകും.
സമയം എത്രയായാലും
അട്ടയ്ക്കൊന്നുമില്ല .
സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ ,
സ്വച്ഛന്ദമായ ജീവിതമാണ്‌ .
വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന

അട്ടകൾക്ക്‌ പക്ഷേ ,അതിരുകളില്ല.
ഉയരമുള്ള മതിലിന്റെ ഓരത്ത്‌
താഴേക്ക്‌ വീഴുമെന്ന ഭയമില്ലാതെ
അട്ട ഇണയുടെ മുകളിലമർന്നിരിക്കുന്നു .
ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ്‌ ,
അത്‌ മൈഥുനമല്ല ;
ജീവിതമെന്ന മൈഥുനമാണ്‌.
അട്ടയുടെ രതി വൈകാരിക പൂർത്തിയല്ല ,
ജീവിത സംവേദനമാണ്‌ .

മറ്റൊരിടത്ത്‌ ,തീവ്രമായ ഭൗതിക അസക്തിയുമായി
അലയുന്നതിനു പകരം ,
ഇണയുടെ മുകളിലിരിക്കുന്നതാണ്‌
അതിന്റെ ജീവിതം.
ജീവിതം മറ്റെവിടെയുമില്ല ;
സ്വന്തം ഇണയുടെ മുകളിൽ –
സപ്തസ്വരങ്ങളുടെ നിശ്ശബ്ദ തടാകങ്ങൾ ,
ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങൾ .
ഇണയ്ക്ക്‌ മേലെ കിടന്ന്‌
സമയത്തെ അനുഭവമാക്കുന്നത്‌ ,
ആനന്ദത്തെ വേർതിരിച്ചെടുക്കുന്നത്‌
അട്ടയുടെ സൈബർ സ്പേസാണ്‌ .

അനുരാഗം ദീർഘിച്ച വ്യവഹാരമോ
കാമം ഒരിടത്തുവച്ച്‌ തീരുന്ന
ആവേഗമോ അല്ല ;
അത് മൈഥുന ക്രീഡയിൽ നിന്ന്‌
വേർപെട്ട്‌ വീഴുന്ന പാതാളക്കുഴിയാകാം .
പക്ഷേ, അതൊന്നും
അട്ടയെ ദുഃഖിപ്പിക്കുന്നില്ല
 

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 
വൈരുദ്ധ്യാത്മക ഭൗതികവാദവും
ഗുരുവിൻ്റെ സമൂഹബ്രഹ്മമഠവും



 എം.കെ.ഹരികുമാർ


ഗുരുവിൻ്റെ അദ്വൈതം മനുഷ്യോപകാരപ്രദമാണ്, വേദാന്തപക്ഷം മാത്രമല്ല എന്ന് ഈ പംക്തിയിൽ ഇതിനു മുമ്പു തന്നെ  എഴുതിയിട്ടുള്ളതാണ്. അദ്വൈതം ഒരു അറിവായിരിക്കെ, അത്  അകർമ്മണ്യതയല്ലാതാകേണ്ടതുണ്ട്.  പഠിച്ചതിൽ നിന്നും അറിഞ്ഞതിൽ നിന്നും കൂടുതൽ ഉയർന്നു പറക്കുന്ന ജീവിയാണല്ലോ മനുഷ്യൻ .അദ്വൈതം  ഒരു പ്രാപഞ്ചിക നിർവ്വചനമാണ്. ഞാൻ, നീ എന്ന ദ്വന്ദത്തെ അത് പരിഹരിക്കുന്നു. ഞാനും നീയുമായിരിക്കുന്ന അവസ്ഥ ഭൗതികവും കാമക്രോധ നിബിഡവുമാണ്‌. അത്  വൈരുദ്ധ്യാത്മകമാണ്. ഞാൻ നിന്നെയും നീ എന്നെയും എപ്പോഴും നോട്ടമിടുന്നു. മാനസികമായ ഒരു അകൽച്ച ഉണ്ടെന്ന് മാത്രമല്ല ,ഒന്ന് മറ്റൊന്നിനെ പലവിധത്തിൽ സ്വാധീനിക്കാനും നിയന്ത്രിക്കാനും തോൽപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഈ ദ്വന്ദമാണ് ജാതിയിലും തൊഴിലിലും സമ്പത്തിലും നാം കാണുന്നത്‌. ഇത് പ്രപഞ്ചയാഥാർത്ഥ്യമാണ്. ഹെഗൽ ഈ വൈരുദ്ധ്യത്തെ സമന്വയിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ മാർക്സ് ഇതിൻ്റെ അടിസ്ഥാനത്തിൽ ഒന്ന് മറ്റൊന്നിൻ്റെ മേൽ അധികാരം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്, അതിൻ്റെ അനിവാര്യതയെക്കുറിച്ചാണ് സംസാരിച്ചത്. മാർക്സിൻ്റെ  വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു കൂട്ടർക്ക് വിനാശമോ ദു:ഖമോ ഉണ്ടാക്കുന്നു.മഹാചിന്തകനായ ബർ ട്രാൻഡ് റസ്സൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാർക്സിൻ്റെ തത്ത്വം ഒരു വിഭാഗത്തിൻ്റെ സന്തോഷം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉള്ളവനെ ഇല്ലാത്തവൻ  ഭരിക്കണമെന്നാണ് മാർക്സ് ഭാവന ചെയ്യുന്നത്.പക്ഷേ, ഇല്ലാത്തവൻ ഉള്ളവനായി മാറുമ്പോൾ വേറൊരു കൂട്ടം ഇല്ലാത്തവരായി രൂപാന്തരപ്പെടും . മാത്രമല്ല, പെട്ടെന്ന് അധികാരവും സമ്പത്തും പദവിയും നേടുന്നവർ അത് നിലനിർത്താനാവും  ആഗ്രഹിക്കുക . ഈ പ്രക്രിയയിൽ  മനസ്സിൻ്റെ വിമലീകരണമില്ല ,പ്രകൃതിയുടെ  ശുദ്ധീകരണമില്ല. മലിനീകരണത്തിൻ്റെ ഇടം മാറുന്നുവെന്നേയുള്ളൂ.

എന്നാൽ ഗുരു വൈരുദ്ധ്യാത്മകതയെയും  ഭൗതികതയെയും വിട്ടു ബൗദ്ധിക സമന്വയവും ആത്മീയമൂല്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുമാണ് അവതരിപ്പിച്ചത്. കാരണം  മനുഷ്യനിലെ ഉന്നതമായ സംസ്കാരം, അത്  ദൈവത്തിൻ്റേതോ ,മനുഷ്യൻ്റേതോ ആകട്ടെ മാനവരാശിക്ക് ആവശ്യമാണ്. മനുഷ്യൻ ഏകാധിപതിയോ, മറ്റുള്ളവരുടെ മേൽ ഉണ്മയില്ലാത്ത അധികാരം നിലനിർത്തുന്നവനോ  ആണെങ്കിൽ അവൻ്റെ രാഷ്ട്രീയം കൊണ്ട് പ്രയോജനമുണ്ടാവുകയില്ല.

ദൈവസൗഹൃദ സമൂഹം




പ്രകൃതിയെ നിലനിർത്തുക എന്ന ആശയം ഗുരുവിലുണ്ടായിരുന്നു. ഒരാളുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തെ പോലെ തുല്യതയ്ക്കും സ്ഥാനമുണ്ട്. തുല്യതയില്ലാതെ വന്നാൽ ദാമ്പത്യബന്ധമോ ,പ്രണയബന്ധമോ , സുഹൃത്ബന്ധമോ നിലനില്ക്കുകയില്ല. തുല്യതയില്ലാതായാൽ സ്നേഹത്തിൻ്റെ സ്വാഭാവികത മരിക്കും. ഗുരു പ്രകൃതിയെ മനുഷ്യനുമായി  തുല്യതയിൽ കൊണ്ടുവരാനാണ് പ്രയത്നിച്ചത്. ചെടികൾ നട്ടുവളർത്തുന്നതും ആശ്രമങ്ങൾ പരിപാലിക്കുന്നതും അതിൻ്റെ  ഭാഗമാണ്. മനസ്സിൽ ഭയമുണ്ടാകുകയും മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ അലട്ടുകയും വേണം. ഗുരു അത് പ്രവൃത്തിയിൽ കാണിച്ചു .പൊതുവേ സന്യാസിമാർ ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ ഗുരു  അതുണ്ടാക്കുകയാണ് ചെയ്തത്. ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചിട്ട്  ഒറ്റയ്ക്ക് ബ്രഹ്മത്തെ ലക്ഷ്യമാക്കി ഗുരു നടന്നില്ല. പകരം ഗുരു എല്ലാവരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിച്ചും  സഹവസിച്ചും കൂട്ടമായി സഞ്ചരിച്ചും  പ്രബോധനങ്ങൾ നല്കിയും മഹത്തായ ആത്മീയ ഏകാത്മകതത്ത്വങ്ങൾ പരിചയപ്പെടുത്തിയും കുറേക്കൂടി  ദൈവസൗഹൃദപരമായ സമൂഹത്തെ  സൃഷ്ടിച്ചെടുക്കാൻ സ്വയം സമർപ്പിച്ചു.

സാമൂഹിക ബ്രഹ്മവീക്ഷണം

ഒരു സന്യാസി ഒറ്റയ്ക്ക് ബ്രഹ്മം തേടുന്നതും ഒരു സമൂഹത്തെയാകെ ചൈതന്യവത്തായി സാക്ഷരരാക്കി  ബ്രഹ്മത്തെ തേടുന്നതും വ്യത്യസ്തമാണ്. ഗുരു സാമൂഹിക സംഭവങ്ങളിൽ അകമേ കണ്ണീർവാർത്തുകൊണ്ടിരുന്നു. മണ്ണിൽ പൂണ്ടുപോയ മനുഷ്യചേതനയെ സാഹോദര്യത്തിൻ്റെ ആകാശത്തിലേക്ക്  ഉയർത്തുന്ന പ്രക്രിയയാണ് ഗുരുവിൻ്റേത്. ബ്രഹ്മം ഒരാളുടേതതല്ലല്ലോ; അതിൽ പോലും സമൂഹമുണ്ട്. അത് എല്ലാവരുടേതുമാണ്. എല്ലാവരും മുഖം നോക്കുന്ന കണ്ണാടിയാണത്. ആ ബോധം നല്കുന്നതല്ലേ ഏറ്റവും വലിയ വിദ്യാഭ്യാസം? .അതിലല്ലേ മഹത്തായ സൗമ്യതയും അറിവും ദയയും ഉരുത്തിരിയുന്നത്‌ ?. വ്യക്തിപരമായ  ബ്രഹ്മവാദിയിൽ നിന്ന് ഒരാൾ സമൂഹബ്രഹ്മവാദിയാകുന്നിടത്താണ് ഗുരുമാർഗം തെളിഞ്ഞുവരുന്നത് .ഈ സവിശേഷമായ ബ്രഹ്മമാർഗ്ഗം ഗുരുവിൽ മാത്രമാണ് നാം കാണുന്നത്. കേരളം ആ സാക്ഷരതയിൽ എത്രയോ മുമ്പേതന്നെ പദമൂന്നി വളർന്നു ! .

എന്നാൽ അതുൾക്കൊള്ളാൻ സഹജമായ അന്ധതമൂലം പലർക്കും കഴിയുന്നില്ല .സാമൂഹിക ബ്രഹ്മവീക്ഷണം ഗുരുവിൻ്റെ  ഒരു സ്കൂളാണ് .അതിൽ നമ്മളെല്ലാം പഠിതാക്കളാണ്. ശേഷിക്കുന്നവരും , വ്യക്തിപരമായ കുശുമ്പും അല്പത്വവും  ഭൗതികമായ പരിമിതികളും വിമുഖതകളും മാറ്റിവച്ച്, ചെരുപ്പ് ഊരി വച്ച് ആ ബ്രഹ്മവിദ്യാമഠത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ഒരു പുതിയ സാംസ്കാരിക സൂര്യോദയമാണ് അവിടെ കാണാനാവുക .മനുഷ്യർക്ക് ഏതു മതത്തിൽ വിശ്വസിച്ചുകൊണ്ടും  ഉയർന്ന സാഹോദര്യത്തെ, പ്രാപഞ്ചിക ജൈവബന്ധങ്ങളെ ഉൾക്കൊള്ളാനുള്ള സ്ഥലമാണത്. ഗുരുവിൻ്റെ ഈ സ്കൂളിനെക്കുറിച്ച് എത്രപേർ പഠിച്ചിട്ടുണ്ട്? .
സാമൂഹ്യബ്രഹ്മം എന്ന സ്കൂൾ

"എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ '' എന്ന് കുമാരനാശാൻ  എഴുതിയത് ഈ സാമൂഹ്യബ്രഹ്മം എന്ന  സ്കൂളിൻ്റെ നിദർശനമായി കാണാം. ജനമനസ്സുകളെ കൂട്ടിയോജിപ്പിക്കുന്നവനാണ് ഏറ്റവും വലിയ ചികിത്സകൻ . ഒരാളെ  മറ്റൊരാളോട് ചേർക്കാൻ പോലും കഴിയാത്തത്തരാണല്ലോ നമ്മളിൽ പലരും. തന്നെ മാത്രം സ്നേഹിച്ചിരിക്കുന്നവർക്ക് മറ്റൊരാളെ സ്നേഹിക്കാനാകുമോ ?വെറുപ്പായിരിക്കും രണ്ടു കൈകളിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ടാവുക . ഗുരുവാകട്ടെ , സ്നേഹമാണ് രണ്ട് കൈകളിലും ഏന്തിയിട്ടുള്ളത് .ഒരു ജനതയെ പരസ്പരം ഇണക്കുന്നിടത്താണ് സാമൂഹിക ബ്രഹ്മമഠം പ്രാവർത്തികമാകുന്നത്. കാൾ മാർക്സിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ നിന്ന് ഗുരുവിൻ്റെ സാമൂഹിക ബ്രഹ്മമഠത്തിലേക്ക് വലിയ ദൂരമുണ്ട്. ഉപാധിയില്ലാത്ത വന്യമായ ശക്തിയിൽ നിന്ന് മനോരഥ്യകളിലെ രമ്യതയിലേക്കുള്ള ദൂരമാണത്. 'സന്യാസികളില്ലിങ്ങനെ ' എന്ന് കുമാരനാശാന് എഴുതേണ്ടി വന്നത് ഇതുകൊണ്ടാണ്.
''ആഹാ ബഹുലക്ഷം ജനമങ്ങേ തിരുനാമ
വ്യാഹാരബലത്താൽ  വിജയിപ്പൂ ഗുരുമൂർത്തേ " എന്ന് ആശാൻ എഴുതുന്നത് മഹത്തായ ഒരു ഏടാണ്.

കപടനാടകം എന്ന അനുസ്യൂതി




ജനലക്ഷങ്ങൾക്ക് ഈ ദിവ്യകാരുണ്യ ബ്രഹ്മമഠം മോചനമായിത്തീർന്നിരിക്കുന്നു.
"അലയുമിതൊക്കെയും കപടനാടകമെന്നറിയും
നിലയിലിരുന്നറിഞ്ഞഴിതിന്നു നിനയ്ക്കുക നീ
തലയിലെഴും തരoഗനിര തള്ളി നിറഞ്ഞു മറ -
ഞ്ഞലർശരവൈരി ,നിന്നുടെ പദങ്ങളിലെന്നിനിയാം?"

ഈ ലോകജീവിതം വെറും നാടകമാണെന്ന് ഗുരു പറഞ്ഞിരിക്കുന്നു. ഷേക്സ്പിയർ പറഞ്ഞത് ഓർമയില്ലേ ,മനുഷ്യജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥയാണെന്ന്. ഗുരുവിൻ്റെ കാഴ്ചപ്പാടിൽ, ഇത് നാടകമല്ല ,കപടനാടകമാണ്. നാടകമെന്ന സങ്കല്പത്തിൽ എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെ കപടനാടകം അരങ്ങേറ്റുന്നു. അപ്പോൾ അഭിനയം എന്ന പേരിലുണ്ടാവുക കാപട്യമായിരിക്കും .യാഥാർഥ്യം വറ്റി വരണ്ടുപോയ ഒരവസ്ഥയിൽ മനുഷ്യനു  കാരുണ്യം തന്നെയാണ് വേണ്ടതെന്ന് സൂചിതമാവുന്നു. അർത്ഥശൂന്യതയ്ക്ക്  അഭിമുഖമായി നില്ക്കുന്ന ലോക ജീവിതത്തെ എങ്ങനെ അർത്ഥപരമായി ഉൾവെളിച്ചമുള്ളതാക്കാം.? അവിടെയാണ് സമൂഹബ്രഹ്മമഠം പ്രവർത്തിക്കുന്നത്‌. നമ്മളെല്ലാം പൊരുളുകളാൽ ,സ്നേഹപാശത്താൽ  ബന്ധിക്കപ്പെട്ടിരിക്കുന്നതറിഞ്ഞാൽ, നമുക്ക് പിരിയാൻ പ്രയാസം തോന്നും. വേർപെടൽ ദുസ്സഹമാകുന്നത്  അപ്പോഴാണ്. വെറും മനുഷ്യർക്ക്  വേർപെടാൻ ക്ലേശമുണ്ടാവില്ല. എന്നാൽ ആത്മബോധമുള്ളവർ ദു:ഖിക്കും; കാരണം ഒന്നിൽ നിന്ന് പറിച്ചെടുക്കുകയാണല്ലോ. ഈ ബോധം  നേടുന്നപക്ഷം ,സാർവ്വലൗകികമായ പാരസ്പര്യത്തെ ഉൾക്കൊള്ളുന്ന പക്ഷം  അത് ദൈവികമായിതീരുന്നതായി ഗുരു എഴുതുന്നു. ആ ബോധത്തിൽ ഇരുന്നുകൊണ്ടുതന്നെ തനിക്ക് ദൈവ സാക്ഷ്യം നല്കണമെന്ന് ഗുരു അപേക്ഷിക്കുന്നതിൻ്റെ പൊരുൾ മറ്റൊന്നല്ല. മഹാദേവൻ്റെ ശിരസ്സിൽ നിന്നു വരുന്ന ഗംഗയിലെ തരംഗങ്ങൾ ഈ നശ്വരജീവികളെയാണ് ഓർമ്മിപ്പിക്കുന്നത്.ആ തരംഗങ്ങൾ പ്രവാഹമായി നിറഞ്ഞൊഴുകുകയാണ്. ജീവിതം പരന്നൊഴുകുകയാണല്ലോ, കാലത്തിൽ .പ്രപഞ്ചവും ഒരു കാല വിസ്താരമാണ് .അതിലെ  തിരകളാണ് ജീവനുകൾ. കോടിക്കണക്കിന് ജീവനുകൾ ഓരോ നിമിഷവും തിര പോലെ ഉയരുന്നു ,പിന്നീട് വീഴുന്നു .വേറെ പിറക്കുന്നു .എന്നാൽ തിരകൾ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നു. അപ്പോഴും ജലമവിടെയുണ്ട് .ലയം ബ്രഹ്മമഠത്തിൻ്റെ സാക്ഷാത്ക്കാരമാണ്.

വിസ്മൃതിയുടെ കാലം

ഗുരുവിൻ്റെ  ആത്മമഠം എന്താണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ജീവിതത്തിൻ്റെ നൈമിഷികത തിരകൾ പോലെയാണ്.അത് മറയാനുള്ളതാണ്; ബൃഹത്തായ ഒരു കാലത്തിലേക്ക് മറയുകയാണ്. കാലമാകട്ടെ അനുസ്യൂതമാണ്‌. ആ അനുസ്യൂതിയിൽ എല്ലാം വിസ്മൃതമാവുകയാണ് .കാലം എല്ലാറ്റിനെയും വിസ്മൃതമാക്കാനുള്ളതാണ്. പ്രപഞ്ചത്തിൽ വിസ്മൃതിയാണ് മുഖ്യമായും ആലേഖനം ചെയ്യുന്നത്. ജീവനുകളാകുന്ന തിരകൾ അപ്രത്യക്ഷമായി ,നദിയിൽ പ്രവാഹമായി നിറയുമ്പോൾ ജീവിതത്തിൻ്റെ പെരുംപരപ്പ്  ദൃശ്യമാകുന്നു. അവിടെ നാമരൂപങ്ങളില്ല;  ജീവിതങ്ങൾ മാത്രം. മറഞ്ഞ തിരകൾ പിന്നീട് വരില്ല. മറ്റൊന്നാണ് വരുന്നത്. മഹാജീവിതതത്ത്വം, പ്രപഞ്ചതത്ത്വം ഇതിനേക്കാൾ സരളമായി പറയാനാകുമോ? അനശ്വരതയെയും മറികടക്കുന്ന ആത്യന്തികമായ അനന്തതയെ ഗുരു പ്രവാഹമായി സങ്കല്പിച്ചിരിക്കുന്നു. കാലമാണ് ആ പ്രവാഹം .അവിടെ മനുഷ്യരോ  പ്രാണികളോ ആരുമില്ല .ശൂന്യതയാണ് ശേഷിക്കുന്നത് .ആ ശൂന്യതയിൽ സ്വന്തം ജാതിയിലും സ്വത്തിലും കഴമ്പുണ്ടെന്ന് പറഞ്ഞ് അട്ടഹസിക്കുന്നവൻ എത്ര വലിയ വിഡ്ഢിയായിരിക്കും ?പലരും ആത്മീയ മൂല്യങ്ങളെ തൃണവൽഗണിച്ച്, മറ്റുള്ളവരെ ദ്രോഹിച്ച് ,വെറുത്ത് സമ്പത്തും ധനവും കുന്നുകൂട്ടുന്നു. മരിക്കാൻ നേരമാണ് അതെല്ലാം എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നത്. മറച്ചുവെച്ച സമ്പാദ്യങ്ങൾ, ചിലപ്പോൾ ആ സമയത്താകും പുറത്തു പറയുന്നത്.എന്നാൽ അതെല്ലാം നിരർത്ഥകമാകുകയാണ് .യാതൊന്നും അയാൾക്ക് ഉപകരിക്കുകയില്ല. അയാൾ നേടിയ ലാഭങ്ങളെല്ലാം കെട്ടുകഥകളാകുന്നു. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമാവും ശേഷിക്കുക.കാരണം അത് മായ്ച്ചു കളയാനാവില്ല.

വ്യർത്ഥതയ്ക്ക് കനം വയ്പിക്കാൻ മനുഷ്യർ നടത്തുന്ന ഹീനശ്രമങ്ങളെയാണ് ഗുരു കപടനാടകം എന്ന് വിളിച്ചിരിക്കുന്നത്. അജ്ഞയുടെ അന്ധതമസ്സിൻ്റെ ആഴങ്ങളിലേക്ക് ഗുരു എറിഞ്ഞ  തീപ്പന്തമാണ് ഈ സാരവാക്കുകൾ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 ഹൈന്ദവ സംസ്കാരവും
ശ്രീനാരായണഗുരുവും


എം.കെ.ഹരികുമാർ

 


 



ശ്രീനാരായണഗുരുവിനെ മതവിരുദ്ധനാക്കാനുള്ള ചില വ്യാജ മതേതരവാദികളുടെ ബീഭത്മായ  മുഖങ്ങൾ പുറത്തേക്ക് വരുകയാണ്‌. ഇതിനു മുമ്പൊരു ലക്കം 'ഗുരുദേവൻ ' മാസികയിൽ ഗുരു ഹിന്ദുവാണെന്ന് ഞാൻ എഴുതിയതിൽ അഭിപ്രായ ഭിന്നതയുള്ളവർ ഉണ്ടാകാം. പക്ഷേ ,ഇക്കാര്യത്തിൽ സത്യമേ പറയൂ എന്നാണെൻ്റെ നിലപാട്.

ഗുരു എങ്ങനെയാണ് അഹിന്ദുവാകുന്നത്? ഹിന്ദു എന്ന  വാക്ക് അപകർഷതയുണ്ടാക്കുന്ന നാമമല്ല; അത് ഒരു മതമല്ലെന്ന് പറയുന്നവർ ഉണ്ടെങ്കിൽ അവരോടും  സംവദിക്കാം. പക്ഷേ, ഹിന്ദു എന്ന ഒരിലിഖിത മതമുണ്ട്. ഹിന്ദുവായിരിക്കുന്നതാണ്  ലോകത്തിലെ ഏറ്റവും വലിയ പാപമെന്ന് പറയുന്നതിനോട് യോജിപ്പില്ല. രാഷ്ട്രീയ അപ്പക്കഷണങ്ങൾക്ക് വേണ്ടി ഹിന്ദുവിനെ ആക്ഷേപിക്കുന്നത് മനസ്സിലാക്കാം. ചില കോളേജ് അധ്യാപകർ അതിനു ശ്രമിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു കോളേജ് അദ്ധ്യാപികയുടെ  പുസ്തകത്തിനു വേണ്ടി തയ്യാറാക്കിയ ഓഡിയോ ക്ലിപ്പിൽ അവർ പറയുന്നത് ഉപനിഷത്തും വേദങ്ങളുമൊക്കെ ഋഷികൾ എഴുതിയത് കള്ളു കുടിച്ചിട്ടാണെന്ന മട്ടിലാണ്. ഈ  പറയുന്നതിൻ്റെ പിന്നിലുള്ള ലക്ഷ്യം എത്രയോ വ്യക്തമാണ് .
രാഷ്ട്രീയലാഭമാണിതിലുള്ളത്.  രാഷ്ട്രീയവീക്ഷണം മാത്രമുള്ളവർക്ക് ഇത്തരം വിഷയങ്ങളിൽ കാലികമായ സമീപനമേ കാണൂ.

ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ ആയിരിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടല്ലോ . അതുപോലെ ഹിന്ദുവായിരിക്കുന്നതിലും കുഴപ്പമില്ല. മനുഷ്യൻ്റെ സ്വാതന്ത്ര്യമാണ് പ്രധാനം. ഹിന്ദു എന്നാൽ വർഗീയതയും സവർണതയുമായി കാണേണ്ടതില്ല. മതഭ്രാന്ത് എല്ലാക്കാലത്തു മുണ്ടായിരുന്നല്ലോ. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ചല്ലോ. അതുകൊണ്ട് വിവേകാനന്ദൻ ഹിന്ദുവല്ല എന്ന് പറയുന്നത് ശരിയല്ല. ഗുരുവിൻ്റെ ജീവിതത്തിൽ സർവ്വമതമൈത്രിയും സാഹോദര്യവും തുല്യതാബോധവുമാണ് നിറഞ്ഞു നിലനില്ക്കുന്നത്. ഗുരു ഒരു മതത്തിൻ്റെയും പ്രതിനിധാനം ഏറ്റെടുത്തില്ല. ഹിന്ദുവാകാൻ വേണ്ടി കച്ച കെട്ടിയിട്ടില്ല. ഗുരുവിൻ്റെ മനസ്സിൽ ജാതി ഉണ്ടായിരുന്നില്ല.  ഒരുതരത്തിലുള്ള മൗലികവാദവുമില്ല. മനുഷ്യൻ്റെ മഹത്വമാണ് ഗുരു  ഉദ്ബോധിപ്പിച്ചത്. വിവേചനവും വെറുപ്പും അംഗീകരിച്ചില്ല. ജാതിക്കതീതമായ മാനവമൈത്രി ഉണ്ടായാലേ സമൂഹത്തിൽ തുല്യനീതി യാഥാർത്ഥ്യമാവുകയുള്ള എന്നാണ് ഗുരു പറഞ്ഞത്. അതിൻ്റെ ആദ്യപടിയായിട്ടാണ് സർവ്വമത സമ്മേളനം നടത്തിയത്. എന്നാൽ  ഇതുകൊണ്ട് ഗുരു ഹിന്ദുവല്ല എന്ന്  വാദിക്കേണ്ടതില്ല. കാരണം ,ഹിന്ദു മതത്തിൻ്റെ ,സംസ്കാരത്തിൻ്റെ വൈവിധ്യമാർന്ന രൂപഭാവങ്ങൾ മനസ്സിലാക്കിയവർക്ക് ഇതിൽ അത്ഭുതം തോന്നില്ല .ഹിന്ദുവായിരിക്കുന്നതു  കൊണ്ടാണ് ഗുരു സുബ്രഹ്മണ്യ കീർത്തനം എഴുതിയത്. 



തിരുവനന്തപുരത്ത് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരു എഴുതിയ 'കോലതീരേശസ്തവം 'എന്ന കവിത എന്താണ് സൂചിപ്പിക്കുന്നത് ?അഹിന്ദുവാകാനുള്ള ആഹ്വാനമാണോ അത്? ശിവനാണ് അവിടുത്തെ മൂർത്തി .ഇന്ത്യയിൽ എത്രയോ  ശിവക്ഷേത്രങ്ങളുണ്ട്. ഗുരു എഴുതുന്നു:
" രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
ഹേ! കാമദ ,കാമാന്തക,കാരുണ്യ പയോധേ!
ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ!
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ?"

സകലദു:ഖങ്ങളും മാറ്റിത്തരണേയെന്ന്  പ്രാർത്ഥിക്കുകയാണ് ശിവനോട്. ഇതുപോലൊരു കവിത , ശിവനെ സ്തുതിച്ചെഴുതുന്നത് ഗുരുവിൽ ഹൈന്ദവസംസ്കാരത്തിൽ നിന്നുണ്ടായ ജ്ഞാനസങ്കല്പമുള്ളതുകൊണ്ടാണ്.

ഗുരു ശിവഭക്തൻ

പ്രാർത്ഥന ഓരോ മതത്തിൽപ്പെട്ടവർക്കും ഓരോ ശൈലിയിലാണ്. ക്രിസ്ത്യൻ പള്ളികളിലെ പ്രാർത്ഥന എങ്ങനെയാണ്? ബൈബിൾ  വചനങ്ങളാണ് അവിടെ ഉരുവിടുന്നത്. ബുദ്ധക്ഷേത്രങ്ങളിൽ പുതിയ ആരാധന ശൈലികൾ അവർ നിർമ്മിച്ചെടുത്തിരിക്കുന്നു. ഗുരുവും  താൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ  ഏത് പ്രാർത്ഥന വേണമെന്ന് കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്ക്ക്  ശേഷമാണ് അവിടെ ചൊല്ലാനുള്ള കാവ്യം ഗുരു രചിക്കുക.ശിവനെ പ്രതിഷ്ഠിക്കുന്നത് എന്തുകൊണ്ടാണ് ? ശിവൻ്റെ സർവ്വവ്യാപനവും  സർവ്വവ്യാപിയായ അനുകമ്പയുമാണ് ഗുരു ലക്ഷ്യംവയ്ക്കുന്നത്. ശിവനിൽനിന്ന് പ്രീതി ആർജിക്കണമെന്നാണ് സാരം. ഇത് 'ദൈവദശക 'ത്തിലും പറയുന്നുണ്ട്. ആർക്കാണ് ശിവനിൽനിന്ന് പ്രീതി ആർജിക്കുവാൻ കഴിയുക ?എത്രയോ ക്ഷേത്രങ്ങളിൽ ഗുരു ശിവനെ പ്രതിഷ്ഠിച്ചു. ഗുരു പ്രവർത്തിച്ചത്, അതാഗ്രഹിക്കുന്നവരുടെ ഇടയിലാണ്. അന്നത്തെ സാഹചര്യം പതിതരുടെ പ്രശ്നത്തെ നേരിടാനുള്ളതായിരുന്നു. ഗുരു അവരുടെ കൂടെ നിന്നു.അവരുടെ  ആവശ്യം എന്ന നിലയിലാണ് പ്രതിഷ്ഠ നടത്തിയതെങ്കിലും ,അതിൽ ഗുരുവിൻ്റെ വിശ്വാസവും ജ്ഞാനവും പ്രവർത്തിക്കുന്നുണ്ട്. ഗുരുവിനില്ലാത്ത വിശ്വാസം മറ്റൊരാൾക്ക് നിർദ്ദേശിക്കില്ല .ഗുരു ദൈവത്തെ അവർക്ക് നിർമ്മിച്ചു നല്കുകയായിരുന്നു. ഗുരു  ശിവഭക്തനായിരുന്നു;സുബ്രഹ്മണ്യഭക്തനായിരുന്നു. ദേവീഭക്തനായിരുന്നു. അതുകൊണ്ടാണ് ഭക്‌തികാവ്യങ്ങൾ എഴുതിയത്. ഭക്തിയില്ലാത്ത ഗുരു ഭക്തന്മാർക്കു വേണ്ടി ഭക്തികാവ്യമെഴുതി എന്ന് വാദിക്കുന്ന വിരുതന്മാർ കണ്ടേക്കാം.

'ശിവശതകത്തിലും ഇതിനു സമാനമായ പ്രാർത്ഥന കാണാം. ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗുരു വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
" അവമതി ചെയ്തു തഴച്ചു കാടു തന്നിൽ 
ഭവമൃതിവിത്തുമുളച്ചു മൂടുമൂന്നി
ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
ശവമെരിതിന്നുവതോ നരിക്കൊരൂണോ "?

ചിലർ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നതാണ് ജീവിതം നശിക്കാനിടയാക്കുന്നത്.അതിൻ്റെ ഫലമായി ലോകം ഭോഗാസക്തിയിലേക്കമരുകയാണ് . ശരീരം മണ്ണായിത്തീരുകയാണ്. തീ ശവത്തെ ഭക്ഷിക്കുന്നു ;അല്ലെങ്കിൽ നരി കടിച്ചു പറിക്കുന്നു. വേറെ യാതൊന്നിനും കൊള്ളില്ല. ഈ വീക്ഷണം ഏതു മതത്തിനാവും ഇണങ്ങുക?. ഭാരതീയമായ ആത്മീയ മണ്ഡലത്തിൽ ശരീരത്തെ കാണുന്നത് എങ്ങനെയാണ്?. ഇതാണ് ഗുരു  എഴുതുന്നത്.
മണ്ണന്തല ദേവീസ്തവത്തിലും ഹൈന്ദവമായ പ്രാർത്ഥനയാണ്:

"തിങ്കളും ത്രിദശഗംഗയും തിരുമുടിക്കണിഞ്ഞു വിലസുന്ന നൽ-
ത്തിങ്കൾ നേർമുഖി ,ദിഗംബരൻ്റെ തിരുമെയ് പകുത്ത ശിവമേനിയെ
നിൻ കഴൽക്കമലമെൻ കരുത്തിൽ നിലനിർത്തി നിത്യവുമഹന്തവ -
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫലമായ്
വരാതരളുകംബികേ " .

ദിഗംബരൻ ഏത് സങ്കല്പമാണ് ? തിങ്കൾ നേർമുഖി, തിരുമെയ് പകുത്ത ശിവമേനിയെ തുടങ്ങിയ വാങ്മയങ്ങളും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.
'
ഗുരു ഹിന്ദുവാണെന്ന് ഞാൻ എഴുതിയത് വലിയ അപരാധമാണെന്ന മട്ടിൽ ഒരാൾ ഒരു മാന്യതയുമില്ലാതെ കത്തെഴുതിയത് (ഗുരുദേവൻ മാസിക, ജനുവരി)വായിച്ചു. ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി ,ഞാൻ 2015ൽ ഒരു നോവലെഴുതി. 'ശ്രീനാരായണായ ' എന്നാണ് പേര്.വളരെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ്. എന്നാൽ കത്തെഴുതിയ വ്യക്തി അതിനെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: " അദ്ദേഹത്തെക്കുറിച്ച് ഒരു നോവലെഴുതി എന്ന് പറയപ്പെടുന്ന " ..... .

ഗുരുവിനെ ആരും അദ്ദേഹം എന്നു പറയാറില്ല .കത്തെഴുതിയ വ്യക്തി ഗുരുവിനെ എങ്ങനെ  കാണുന്നു എന്ന് വ്യക്തം. ഇനി എൻ്റെ നോവലിൻ്റെ കാര്യം. അഞ്ഞൂറ്റി അറുപത് പേജുള്ള ഈ കൃതി പ്രകാശനം ചെയ്തത് മുൻ മന്ത്രി എം .എ .ബേബിയും മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയും സൂക്ഷ്മാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും ചേർന്നാണ്.  

എം.എ.ബേബി 'ശ്രീനാരായണായ 'യെ മരണമില്ലാത്ത പുസ്തകമെന്ന് വിശേഷിപ്പിച്ചു. ഈ നോവലിനെക്കുറിച്ച് കുറേ ലേഖനങ്ങൾ ഉണ്ടായി. ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ,സൂക്ഷ്മാനന്ദ സ്വാമി ,അവ്യയാനന്ദ സ്വാമി ,ഡോ.ഗോപി മണി ,ഡോ.പ്രദീപൻ പാമ്പിരി കുന്ന് ,തുളസി കോട്ടുക്കൽ ,ഡോ.ടി.എം.മാത്യൂ തുടങ്ങി കറേ പേർ എൻ്റെ നോവലിനെക്കുറിച്ച് ആഴത്തിൽ എഴുതിയിട്ടുണ്ട്. 'ശ്രീനാരായണായ 'ഗുരുവിൻ്റെ ജീവചരിത്ര നോവലല്ല .അത് എഴുതാൻ എനിക്ക് താത്പര്യവുമില്ലായിരുന്നു. ജീവചരിത്ര നോവലെഴുതാൻ ശരാശരി പ്രതിഭ മതി .പുതുതായി ഒന്നും കണ്ടെത്തുന്നില്ലല്ലോ. ഞാൻ ഗുരുവിനെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് പുതിയ ടെക്സ്റ്റ് സൃഷ്ടിക്കുകയാണ് ചെയ്തത്. ഇതുവരെ ഒരിടത്തും ഇല്ലാത്ത ടെക്സ്റ്റാണിത്.ഗുരുവിൻ്റെ പുറം ജീവിതമല്ല, മനസ്സ് സഞ്ചരിച്ച വഴികൾ തേടിപ്പോവുകയാണ് ; ദാർശനിക തലങ്ങളിൽ .ഒരു മുൻ മാതൃകയില്ലാതെ. നോവലിൻ്റെ സാമ്പ്രദായിക വഴികളെല്ലാം ഉപേക്ഷിച്ച് സ്വയം രൂപപ്പെട്ട ആഖ്യാനമാണിത്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ ഉപരിതല യാഥാർത്ഥ്യംകൊണ്ട് തൃപ്തിപ്പെട്ട സാഹിത്യ സംഘങ്ങൾക്കു അപ്രാപ്യമാണ് 'ശ്രീനാരായണായ ' എന്ന് ഒരു വായനക്കാരൻ ഭോപ്പാലിൽ നിന്ന് എഴുതി അറിയിച്ചത് ഓർക്കുകയാണ്.

'പിന്നീട് മരുത്വാമലയിൽ വച്ച് വിശുദ്ധാനന്ദ സ്വാമിയും ഇത് പ്രകാശനം ചെയ്തു. സ്വാമി അന്നു പറഞ്ഞത് ,ശ്രീനാരായണായ എല്ലാവരും വീടുകളിൽ നിത്യവും പാരായണം ചെയ്യേണ്ട പുസ്തകമാണ് എന്നാണ്.



മറ്റൊരു മര്യാദയില്ലാത്ത വാചകം ഇങ്ങനെയാണ്: "തൻ്റെ  മുന്നിൽ കാണുന്നവരെ മുഴുവൻ ഹിന്ദു ആക്കാനുള്ള ശ്രമം ഉത്തരേന്ത്യയിൽ കൊണ്ടുപിടിച്ച കൊണ്ടുപിടിച്ച നടക്കുകയാണല്ലോ. ഈയൊരു കാലാവസ്ഥയിൽ അത്തരക്കാരുടെ കാരുണ്യം തന്നിലുമെത്തട്ടെ എന്ന ത്വരകൊണ്ടാണ് ഇദ്ദേഹം ഇതിന് ഒരുങ്ങിയതെന്ന്  കരുതുന്നതിൽ തെറ്റില്ല " .ഇത് സ്വന്തം അനുഭവത്തിൽനിന്നുള്ള  തുറന്നു പറച്ചിലായിരിക്കും.ആർക്കെങ്കിലും വിടുപണി ചെയ്ത് 'കാരുണ്യം' നേടി ശീലമുള്ളവർക്ക് ഇതിൻ്റെ ഉള്ളുകള്ളികൾ അറിയാമായിരിക്കും. രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നു സാംസ്കാരികസ്ഥാപനങ്ങളിൽ ഒരു ചെറിയ കസേര ഒപ്പിക്കുന്നവരുടെ രാഷ്ട്രീയചിന്ത എവിടെ വരെ പോകുമെന്ന് നമുക്കറിയാം. അവനവൻ്റ   നേട്ടമാണ് ഇക്കൂട്ടരുടെ രാഷ്ട്രീയം. അക്കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട. ഞാൻ നാല്പത്  വർഷമായി എഴുതിതുടങ്ങിയിട്ട്. ഇതുവരെയും ഒരു മന്ത്രിയുടെ വീട്ടിൽ പോയിട്ടില്ല. സ്തുതിച്ചും ചാക്കിട്ടു പിടിച്ചും  ഒരു സ്ഥാപനത്തിൻ്റെ കമ്മിറ്റിയിൽ പോലും കയറി കൂടിയിട്ടില്ല .അധികാരത്തിലിരിക്കുന്ന ആരെയും സ്വാധീനിച്ചോ അല്ലാതെയോ ഒന്നും നേടിയിട്ടില്ല .മന്ത്രിമാരുടെ വീടുകൾ സന്ദർശിച്ച് പദവികൾ നേടുന്നവരെ ഞാൻ വെറുക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യില്ല .അതൊക്കെ വ്യക്തിപരമായ സംസ്കാരത്തിൻ്റെ പ്രശ്നമാണ്.
എന്നാൽ ഒരു സംഘടനയിലും അംഗമാകാത്ത ,ഒരു സർക്കാർ കമ്മിറ്റിയിലും അംഗമായിരുന്നിട്ടില്ലാത്ത എനിക്ക് ഇതൊക്കെ പറയാൻ സ്വാതന്ത്യമുണ്ട്. അത് നിങ്ങൾക്കില്ല.

ജ്ഞാനത്തിൻ്റെ ഭാഗം

ശിവൻ ഹിന്ദുവല്ല എന്ന് സ്ഥാപിക്കാനാണ് കത്തെഴുതിയ വ്യക്തിയുടെ ശ്രമം.എല്ലാ ശിവക്ഷേത്രങ്ങളുടെയും  മുൻപിൽ പോയി നിന്ന് ഇതു പറഞ്ഞു കൊടുത്ത് അവരെ തിരുത്തിയിട്ടു വരിക .

ഗുരുവിനു ജാതിയില്ല എന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട് .ഗുരുവിനു  എങ്ങനെയാണ് ഒരു ജാതിയുടെ വക്താവാകാൻ കഴിയുന്നത് ? ഗുരുവിനു ഹിന്ദുവിൻ്റെ വക്താവാകാനും സാധ്യമല്ല.പക്ഷേ, ഗുരുവിൻ്റെ ആത്മീയ സംസ്കാരം ഭാരതത്തിൽ നിലനിന്ന  വേദോപനിഷത്തുകളിൽ നിന്ന്  ഉത്ഭവിച്ചതാണ്. ജാതി അസംബന്ധമാണെന്ന് പറയുന്നതിൻ്റെ പിന്നാലെ ജ്ഞാനം ഉപനിഷത്തിൽ നിന്നാണ്.  അതിനെ ഹൈന്ദവം എന്നാണ് ലോകം മനസ്സിലാക്കുന്നത്. ഗുരു ഹിന്ദുവാകുന്നത് ഒരു സംഘടനയുടെ ഭാഗമായതുകൊണ്ടല്ല;ജ്ഞാനത്തിൻ്റെ ഭാഗമാണത്. നാരായണൻ എന്ന പേര് ഗുരു തന്നെ തിരഞ്ഞെടുത്തതാണ്. എങ്ങനെ ആ നാമം വന്നു? ഗുരു സങ്കല്പം ഏതാണ് ?ശുക്രാചാര്യർ ,ബൃഹസ്പതി തുടങ്ങിയ ഗുരുക്കന്മാരെ ഓർക്കുക. മതബോധമില്ലാത്ത പേര് ഗുരു സ്വീകരിച്ചില്ലല്ലോ. മതം മാറാൻ ഉപദേശി ച്ചില്ലല്ലോ. ഇതൊക്കെ കുറേക്കൂടി ആഴത്തിൽ മനസ്സിലാക്കിയാൽ കപട ഹിന്ദുവാകുന്നത് ഒഴിവാക്കാം. കപട മതേതരവാദി ആകുന്നത് വലിയ ശല്യമാണ്.

ഗുരു ഹിന്ദുവാണെന്ന് എപ്പോഴും പറഞ്ഞു സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്.ചിലർ  മതവും അദ്വൈതവും ബ്രഹ്മവും സമൂഹവും ഇല്ലാത്ത ത്രിശങ്കുവിലാണ് ഗുരു നില്ക്കുന്നത് എന്ന് പറഞ്ഞപ്പോൾ ,ആരോടും പ്രത്യേക മമത ഇല്ലാത്തയാളെന്നനിലയിൽ  എൻ്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം.



എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021



ഗുരുവിൻ്റെ സാമൂഹികജീവിതത്തെ
തമസ്കരിക്കാൻ നോക്കണ്ട

എം.കെ.ഹരികുമാർ


 


ഗുരുവിനെ  സാമൂഹിക നവോത്ഥാനത്തിൻ്റെ  മഹാധൈഷണിക കേന്ദ്രമായി  കാണുന്നതിനെ ചിലർ എതിർക്കുന്നത് എന്തിനാണെന്ന്  മനസ്സിലാകുന്നില്ല . ഇക്കൂട്ടർക്ക്  ഗുരു ഉപനിഷത് ദാർശനികൻ മാത്രമാണ് .വേദാന്തം ഒരു പാഠ്യശാഖയാണ് .ലോകത്തിലെ എത്രയോ കലാശാലകളിൽ വേദാന്തം പഠിപ്പിക്കുന്നു. പതിനെട്ടാത്മാവുകളും ലിംഗാത്മാവും ആറുപടികളും ഷഡാധാരവും കുണ്ഡലിനിയും  സഹസ്രാരപത്മവുമെല്ലാം പാഠ്യവിഷയങ്ങളാണ്.അത് ഋഗ്വേദകാലം തൊട്ടുള്ളതാണ്.ഉപനിഷത്തുക്കളുടെ നിർമ്മിതിയെക്കുറിച്ച്  ആലോചിച്ചാൽ, അത് വളരെ ഉയർന്ന, ബൗദ്ധികജീവിതത്തിൽ ഉയർച്ച കൈവരിച്ച ,പാഠ്യവിഷയത്തിൻ്റെ  ഭാഗമായി നിലവിലുള്ള ഭരണ ക്രമത്തിൻ്റെ  അംഗീകാരം ലഭിച്ച മനീഷികളാൽ   അന്വേഷിക്കപ്പെട്ട ആശയമാണെന്ന് കാണാം .ഒരാളല്ല ,നൂറ്കണക്കിനാളുകൾ ഉപനിഷത്ത് രചനകളിലേർപ്പെട്ടു.  അത് ആ കാലത്തെ  ബൗദ്ധികമായ  സാരഗ്രാഹിയായ , സദാചാരപരമായ , ധനാത്മകമായ ഒരു വ്യവഹാര മായിരുന്നു. വൈദികകാലത്ത്, ഉപനിഷത്ചിന്തയിൽ തൻ്റേതായ  ഒരു പാഠം കൂട്ടിച്ചേർക്കുക എന്നുള്ളത്  ഉത്തരവാദിത്വത്തോടെയുള്ള ഒരു മത്സരമായിരുന്നു .പാഠവും പഠിതാവും ഒന്നായിത്തീരുന്ന കാലത്തിൻ്റെ , അന്തരിന്ദ്രിയ ജീവിതത്തിൻ്റെ  ദർശനമാണത്. ഉപനിഷത്ത്  വെളിച്ചമാണ് ;മനുഷ്യൻ്റെ  അനന്തമായ സിദ്ധികളെ അത്  ഉദ്ഘോഷിക്കുന്നു .

മനുഷ്യൻ ഈ ലോകത്ത് തനിച്ചല്ല എന്ന് അത് സമർത്ഥിക്കുന്നു . ഭൗതികമായിട്ടുള്ള നമ്മുടെ ഭയങ്ങളും ഏകാന്തതകളും മിഥ്യയാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ അതിനു കഴിഞ്ഞു. ഈ ലോകം യഥാർത്ഥത്തിൽ നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നതെന്താണ്? ഭൗതികഭോഗവും കാമവും ഐന്ദ്രിയതയും  നമ്മെ വീണ്ടും വീണ്ടും വിളിക്കുമ്പോൾ ,ആത്യന്തികമായ  മനുഷ്യാവസ്ഥയിൽ  നമ്മൾ ആരാണെന്ന് ചോദിക്കുന്നതു തന്നെ ഒരു വെളിച്ചമാണ്. ആ ചോദ്യം ഇപ്പോഴും ആളുകൾ ചോദിക്കുന്നു. മാനവജീവിതത്തിൻ്റെ  നിർദാക്ഷിണ്യമായ നിസ്സാരതയിൽ ഒരാൾ  അഭിരമിക്കുന്നതിനെ തടയുന്ന ശക്തിയാണ് വൈദികദർശനം. ഗുരുവും അതിൽ  മനനം ചെയ്തു. പുതിയ അന്വേഷണങ്ങൾ നടത്തി. ചിന്തയുടെ അകക്കാമ്പിലുള്ള താമരവർണ്ണത്തിനുവേണ്ടി ഗുരു തപസ്സ് ചെയ്തു. ആ തപസ്സിൻ്റെ  ഫലമാണ് ദർശനമാല ,ആത്മോപദേശശതകം തുടങ്ങിയ  കൃതികൾ . സാരാന്വേഷണത്തിൻ്റെ  ക്ലേശകരവും, വ്യഥിതവും താപസികവുമായ മേഖലകളിലൂടെ ഗുരു ഒറ്റയ്ക്ക്  അലഞ്ഞു. ഗുരു ഇന്ന് ഒരു വേദാന്ത വിഷയമാണ് .ഗുരുവിനെക്കൂടി പഠിച്ചാലേ വേദന്തപഠനം പൂർത്തിയാവുകയുള്ളൂ .'ചിജ്ജഡചിന്തകം' എന്ന ലേഖനത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു: "അയ്യോ, ഇത് എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! . വെളിയിൽ കാണുന്നതുമല്ല, ഇന്ദ്രിയങ്ങളിൽ നിന്നും തള്ളിവരുന്നതുമല്ല ,ഇന്ദ്രിയങ്ങളിൽക്കൂടി വരുന്നതുമല്ല .പിന്നെ എങ്ങനെയാണ് ഇപ്രകാരം നിർഹേതുകമായി  കാണപ്പെടുന്നതെന്ന്   ചോദിച്ചാൽ ,അതു അവിചാരദശയിൽ കാനൽജലം പോലെ തോന്നുന്നതല്ലാതെ വിചാരിച്ചു നോക്കുമ്പോൾ ഇതെല്ലാം തന്നെ ശുഭചിത്തായിത്തന്നെ വിളങ്ങുന്നു " . പ്രപഞ്ചത്തിന് നേർക്ക് ഗുരു ആന്തരികമായി നോക്കിയതിൻ്റെ  ചിത്രമാണിത് .ഇത് ഗുരു സ്വന്തം നിലയിൽ നോക്കി കണ്ടതാണ്. ഒരു സമൂഹത്തിൻ്റെയോ രാഷ്ട്രത്തിൻ്റെയോ വഴിയല്ല.

ഗുരുനിന്ദ വേണ്ട




എന്നാൽ  ഗുരു ഇത് മാത്രമല്ല.  ഈ വെളിച്ചത്തെ സമൂഹനന്മയ്ക്കായി ഉപയോഗിച്ച മഹാപ്രതിഭയാണ് .സമൂഹത്തിൻ്റെ  അന്ധത ദിവാന്മാരിലൂടെയോ  മന്ത്രിമാരിലൂടെയോ,  ഉയർന്ന ഉദ്യോഗസ്ഥന്മാരിലൂടെയോ  പരിഹരിക്കപ്പെടുമെന്ന് ,അവരുടെ ഉത്തരവുകളിലൂടെ ദൂരീകരിക്കപ്പെടുമെന്ന് വിചാരിക്കുന്ന കാര്യഗൗരവമില്ലാത്തവരുണ്ട്. അവരെ നമുക്ക് വിടാം. എന്നാൽ ചിന്താശേഷിയുള്ളവർ ഗുരുവിൻ്റെ  സാമൂഹിക  നവീകരണപ്രവർത്തനങ്ങളെ  ഇകഴ്ത്തിക്കാണിക്കുന്നത് ഗുരുനിന്ദയായി കാണേണ്ടതാണ് .ഗുരുവിൻ്റെ സാമൂഹിക പ്രവർത്തനത്തിൽ ക്രാന്തദർശനമുണ്ട്. അത്  ഭാവിയെ കുറേക്കൂടി മെച്ചപ്പെടുത്താനുള്ളതാണ് .ആത്യന്തികമായ വ്യർത്ഥതകളെ എങ്ങനെ പരിഹരിക്കണമെന്നാണ് അത്  അറിയിക്കുന്നത് .തൻ്റെ വേദജ്ഞാനവും ബ്രഹ്മജ്ഞാനവും മനുഷ്യോപകാരപ്രദമായി ഗുരു പരീക്ഷിച്ചത് സാമൂഹ്യമേഖലകളിലാണ്. വെറുതെ വേദവാക്യങ്ങളുരുവിട്ട് , വ്യക്തിമോക്ഷമെന്ന തലത്തിലൂടെ യൂറോപ്യൻ വ്യക്തിവാദത്തിൻ്റെ  ആത്മവൈകൃതങ്ങളിലേക്കല്ല ഗുരു സഞ്ചരിച്ചത് .പൊതുവേ സന്യാസിമാർ ചെയ്യുന്ന തരത്തിലുള്ള ഒഴിഞ്ഞുമാറലും വൈദികപരിപ്രേക്ഷ്യത്തിലൂന്നിയുള്ള ബൗദ്ധിക അന്തരീക്ഷനിർമിതിയും   സ്വീകരിച്ചിട്ടില്ല .കാലങ്ങളുടെ ഉപയോഗത്തിലൂടെ പൊടിപിടിച്ചു നിറം കെടുകയോ ,തുരുമ്പെടുത്തു ചീത്തയാകുകയോ ചെയ്ത ആത്മീയപദ്ധതികളെ കാലികമായി പുതിയ സന്ദേശങ്ങൾകൊണ്ട് നിറച്ച് , പ്രാചീനമായ സത്യാന്വേഷണങ്ങളെ നഷ്ടപ്പെടുത്താതെ ഗുരു പുതിയൊരു ജീവിതധർമ്മത്തെക്കുറിച്ച് സംസാരിച്ചു. സാധാരണ വേദാന്തികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത മഹത്വവും മഹനീയതയുമാണ് ഇതിലുള്ളത്. തൻ്റെ  ജീവിതംകൊണ്ട് അനേകായിരങ്ങൾക്ക് പ്രത്യക്ഷത്തിൽ സൗഖ്യം നൽകാൻ എത്ര സന്യാസിമാർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആലോചിക്കണം. ശരിക്ക് ആലോചിക്കണം .അപ്പോഴേ ഗുരു കാണിച്ചുതന്ന പാത വ്യക്തമാവുകയുള്ളൂ .കുമാരനാശാൻ  തന്നെ പാടിയില്ലേ ,ഗുരുവിൻ്റെ സന്യാസം എങ്ങനെ വ്യതിരക്തമാണെന്ന്.

"അന്യർക്കു ഗുണം ചെയ്- വതിനായുസ്സു വപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലി ചെയ് വൂ"

അന്യർക്കു വേണ്ടി ഇതുപോലെ ഏത് സന്യാസിയാണ് പ്രവർത്തിച്ചിട്ടുള്ളത് ? ദീർഘകാലം അതു തുടർന്നു .ആത്മതപസ്സ് ബലി ചെയ്യുകയായിരുന്നു. ഇതു കാണണ്ടേ ? ഗുരുവിൻ്റെ ഔന്നത്യമാണിത്.ഗുരുവിൻ്റെ സാമൂഹിക പ്രവർത്തനമേഖലയിലെ ഉൾക്കാഴ്ചയും പരിവർത്തനത്തിനായുള്ള പ്രക്ഷോഭവും കാണാത്തവർ ,കണ്ടില്ലെന്നു നടിക്കുന്നവർ, കാണാൻ കഴിവില്ലാത്തവർ വലിയൊരു മാസക് കൊണ്ട് മുഖം മറയ്ക്കുകയാണ് ചെയ്യുന്നത്. ഗുരുവിൻ്റെ  സമൂഹം എന്ന ആശയം തന്നെ വിപുലമായ ഒന്നാണ്. അത്  ദൈവത്തെ പുനരവതരിപ്പിക്കുകയും അതിലൂടെ  സ്വന്തം  ജീവിതപഥങ്ങളെ ക്രിയാത്മകമായി സംസ്കരിക്കുകയും ചെയ്യുന്ന സമൂഹമാണ് .അത് വെറും ആരാധകരുടെ ലക്ഷ്യമറ്റ ലോകമല്ല. ഒരു നവലക്ഷ്യത്തിൻ്റെ  പൂർത്തിക്കായി വെണ്മയോടെ അവതരിക്കയാണ് ആ ചേതന .

ദൈവത്തെ സൃഷ്ടിച്ചു

സാമൂഹികബോധവും പരിവർത്തന വാഞ്ചയും  ആധുനികതയും ചേർന്നതാണ് ഗുരുവിൻ്റെ ലോകം. ഗുരുവിൽനിന്ന് ഇത് തുടച്ചുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഇതു കൂടി ചേരുമ്പോഴാണ് ഗുരു ഉണ്ടാകുന്നത്. സാമൂഹികപ്രബുദ്ധതയുടെ ദാർശനികതയും ബോധോദയത്തിൻ്റെ  പ്രായോഗികവേദാന്തവുമാണ് ഗുരു.ഈ  ഗുരുവിനെ തമസ്കരിച്ചിട്ട്  തങ്ങൾ വേദവ്യാഖ്യാതാവായ ഗുരുവിനെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നു പറയുന്നത് ശരിയല്ല .പല ഗുരു പഠിതാക്കൾക്കും ഇതു രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. കൃതികളുടെ അർത്ഥം പറഞ്ഞുകൊണ്ടു ക്ലാസെടുത്താൽ  ഗുരുവിൻ്റെ  ലോകം പിടികിട്ടില്ല. അതിനുമപ്പുറമുള്ള രാഷ്ട്രീയ ,ആത്മീയ അനുപൂരക ബന്ധങ്ങൾ വേർതിരിച്ചെടുക്കണം.

ഗുരു ഒരു ദൈവത്തെ സൃഷ്ടിച്ചു. സാധാരണക്കാർക്കുകൂടി പ്രവേശനം നൽകുന്ന ദൈവം. താഴ്ന്നജാതിക്കാർക്ക്  ജനാധിപത്യാവകാശങ്ങൾ നൽകുന്ന ദൈവം .ആ ദൈവത്തെ നിരാകരിക്കാൻ വേദാന്തപക്ഷം പിടിക്കുന്നവർക്ക് സാധിക്കുമോ?  ദൈവമെന്ന സങ്കൽപ്പത്തെ തന്നെ നവീകരിച്ച്  പുതിയതൊന്ന്  നിർമ്മിച്ചത്  വ്യത്യസ്തതരം പ്രതിഷ്ഠകളിലൂടെയാണ്. ദൈവത്തെ വീണ്ടും അവതരിപ്പിക്കുന്ന മഹാവിദ്യ നടപ്പാക്കിക്കാണിച്ചത് ഇതിലൂടെയാണ് .വരേണ്യ വിഭാഗത്തിൻ്റെ  അധീശവസ്തുവായിരുന്ന ദൈവത്തെ, പ്രാചീനജ്ഞാനംകൊണ്ട് തന്നെ ഭേദിച്ചു. അരുവിപ്പുറത്തെ 'മാതൃകാസ്ഥാനം ' ഒരു സമൂഹത്തെക്കുറിച്ചുള്ള സൂചന തരുകയാണ് .അന്ധവിശ്വാസമോ, സ്വജനപക്ഷപാതമോ, ജാത്യഭിമാനമോ, സമ്പത്തിൻ്റെ അഹങ്കാരമോ  ഇല്ലാത്ത ഒരു സമൂഹം ഉദയം ചെയ്യേണ്ടതിൻ്റെ ആഹ്വാനം അതിലുണ്ട്. 

ഗുരുവിൽ സമൂഹമുണ്ട്



ചിലർ പറഞ്ഞു കേൾക്കാറുണ്ട്, ഗുരുവിനെപ്പോലെ വേറെ സന്യാസിമാർ പണ്ടേ  ശിവപ്രതിഷ്ഠ നടത്തിയെന്ന് . ഇതിൽ എന്താണ് ഇത്ര അത്ഭുതം ? . ശിവൻ എന്നും  ഉണ്ടായിരുന്നല്ലോ. സ്വാഭാവികമായും  പ്രതിഷ്ഠകളും  നടന്നിട്ടുണ്ടാകും. എന്നാൽ അത്തരത്തിൽ സാമ്പ്രദായികമോ, കേവലമോ ആയ പ്രതിഷ്ഠയല്ല ഗുരുവിൻ്റേത്.ഗുരു പ്രതിഷ്ഠയെ സമൂഹനിർമ്മിതിയിലേക്കുള്ള തിരി തെളിക്കലായി വ്യാഖ്യാനിക്കുന്നു. അതുകൊണ്ടാണ് ഭേദചിന്തകളില്ലാത്ത മാതൃകാസ്ഥാനത്തെ ഗുരു അവിടെ സങ്കല്പിച്ചത്.  ഇതിൽ രാഷ്ട്രീയവുമുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ  ഉയർത്തെഴുന്നേഴ്ല്പാണ് ലക്ഷ്യം. ഈ സാമൂഹികനന്മയിൽ എത്തിച്ചേരാൻ കഴിയാത്തവരാണ് ഗുരുവിലെ  സാമൂഹികപരിഷ്കർത്താവിനെ  നിഷേധിക്കാൻ ശ്രമിക്കുന്നത്. ഗുരുവിൽ  സമൂഹമുണ്ട്. ഗുരു പരിവർത്തനത്തിൻ്റെ  കുതിരയോട്ട മാണ് .ആ ഓട്ടത്തിൽ ജീർണിച്ച അനേകം സ്ഥാപനങ്ങളും ആശയങ്ങളും കടപുഴകി വീണു.അതു കണ്ണുതുറന്നു  കാണാത്തവർ ഇരുട്ടിനെ  പ്രണയിച്ചാൽ മതി. മാതൃകാസ്ഥാനമായി ഗുരു കണ്ടത്  ഒരു ക്ഷേത്രം  മാത്രമല്ല; ക്ഷേത്രം   പ്രതീകാത്മക പ്രത്യക്ഷതയാണ്. ആ ക്ഷേത്രത്തിനു പുറത്തുള്ള മുഴുവൻ സമൂഹങ്ങളുടെയും കണ്ണുതുറക്കലിൻ്റെ വേള എന്നുണ്ടാകുമെന്ന് ആ പ്രതിഷ്ഠ നിശബ്ദമായി ചോദിക്കുന്നുണ്ട്. അന്ധമായി വഴക്കടിക്കുന്നവരും  മാനസിക വികാസമില്ലാത്തവരും  സ്വയം തകരാൻ തീരുമാനിച്ചവരും കേൾക്കാനുള്ള മന്ത്രമാണത്- മാതൃകാ സ്ഥാനം .ഇവിടെയാണ് ഗുരു നിൽക്കുന്നത് .ഗുരുവിലെ ദൈവികത പോലെ പവിത്രമായതാണ്  സമൂഹമനുഷ്യരെ ദൈവത്തിലേക്ക് പുന:പ്രവേശിപ്പിക്കുന്ന പ്രക്രിയ . ദൈവത്തെ  നഷ്ടപ്പെട്ടവർക്ക് ദൈവത്തെ തിരിച്ചുനൽകിയ ഗുരുവിനെ സമൂഹരഹിതനായ വേദാന്തവ്യാഖ്യാതാവ് മാത്രമായി ചുരുക്കുന്നത് നിന്ദ്യമാണെന്ന് അറിയിക്കട്ടെ. ഗുരു ഇത് അംഗീകരിക്കുകയില്ല .

'ദൈവദശകം ' ഈ പുതിയ ദൈവത്തെ  പുനരവതരിപ്പിക്കുന്നതിൻ്റെ തത്ത്വശാസ്ത്രമാണ്  പകരുന്നത് .ഈ കൃതിയുടെ  സാഹിത്യമൂല്യം പുതിയ ദൈവത്തെക്കുറിച്ചുള്ള സുവിശേഷത്തിൽ അടങ്ങിയിരിക്കുന്നു.
''അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ ''

ഇത് കേവല വേദാന്തികളെ തള്ളിക്കളയുകയും അധ്വാനിക്കുന്ന, പാവപ്പെട്ട ,അധ:സ്ഥിതരായ മനുഷ്യരുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറുകയും ചെയ്യുന്ന ദൈവമാണ്. കാരണം, അന്നവും വസ്ത്രവും മറ്റു സാമഗ്രികളും ജാതി നോക്കാതെ, വേണ്ടവർക്ക് എല്ലാം നൽകുന്ന ദൈവത്തെ സങ്കൽപിക്കുന്നതിലൂടെ ,  സമൂഹത്തോട് ബന്ധമില്ലാത്ത അദ്വൈതവാദികളായ  സകല ദൈവവ്യവഹാരങ്ങളെയും പുറത്താക്കുകയും പുതിയൊരു സാ ഹോദര്യതത്ത്വത്തെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

ഏകാത്മകത സാക്ഷാത്‌ക്കരിക്കപ്പെടുന്നത്


എം.കെ.ഹരികുമാർ



ജാതി ദൈവം സൃഷ്ടിച്ചതാണെന്ന് വിചാരിച്ച് ജീവിക്കുന്നവരുണ്ട്.അവരാണല്ലോ ദളിത് പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു കൊല്ലുന്നത്. എന്നാൽ ഹേ ,മതാന്ധരേ ,നിങ്ങൾ ഒന്നു മനസ്സിലാക്കുക .ഒരു പെൺകുട്ടി ദളിത് വിഭാഗത്തിൽ പിറക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. ഏതെങ്കിലും ഒരു ജാതിയിലേ പിറക്കാനാകൂ.ആ പിറവിയെ പിന്നീട് നിന്ദിച്ചിട്ടെന്ത് കാര്യം ?

ജാതി ഒരിനമാണെന്ന് ഗുരു പറയുന്നതിൻ്റെ അർത്ഥം ,മനുഷ്യരിലെ ജാതികൾ ഓരോന്നും ഓരോ ഇനമാണെന്നല്ല .സംഭോഗത്തിലൂടെ കുട്ടികൾക്ക് ജന്മം നല്കുന്ന ജീവികൾ ഒരു ജാതിയാണ് ,ഒരിനമാണ്. മനുഷ്യർ ഇണചേർന്ന് കുട്ടികളുണ്ടാകുന്നു; അതുകൊണ്ട് ആ കുട്ടികളെല്ലാം ഒരേ ജാതിയാണ്.

എന്നാൽ നൂറ്റാണ്ടുകളായി മനുഷ്യർ പല തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുകയാണ്. വേറെ വഴിയില്ലാത്തതുകൊണ്ട് പിതാവിൻ്റെ തൊഴിൽ തന്നെ മക്കളും സ്വീകരിക്കുന്നു. അങ്ങനെ അത് ഒരു ജാതിയായി മാറുന്നു. അതിനപ്പുറം ജാതിക്ക് നിലനില്പില്ല. ജാതി ശാശ്വത സത്യമല്ല; മനുഷ്യൻ്റെ തൊഴിൽപരമായ ,ജ്ഞാനപരമായ വിഭജനത്തിൻ്റെ അളവുകോലാണ്. ആളുകളെ തട്ടുകളായി തിരിക്കാൻ ഇത് സഹായിച്ചിട്ടുണ്ടാകാം.പക്ഷേ, അത് ആത്യന്തിക സത്യമല്ല. ബുദ്ധിയുടെയോ സർഗാത്മകതയുടെയോ മാനദണ്ഡമല്ല അത്.

''ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതിൽ "
എന്നു പറഞ്ഞതിൽ നിന്ന് മനുഷ്യ ശരീരം എല്ലാവർക്കും ഒരേപോലെയാണെന്നും അതിൽ ഭേദമില്ലെന്നും ഗുരു സൂചിപ്പിക്കുന്നു. എല്ലാവർക്കും രോഗം വരും; മരിച്ചാൽ പിന്നെ ശവമാണ്. ശവം ദഹിപ്പിച്ചില്ലെങ്കിൽ നാറും. അപ്പോൾ വ്യത്യസ്ത ജാതികൾക്ക് എന്താണ് വില ? എല്ലാ മനുഷ്യരുടെയും അവയവങ്ങൾ ഒരു പോലെയാണല്ലോ. അവയുടെ സ്ഥാനം സമാനമാണ്. ഉന്നത ജാതി എന്ന് വിവക്ഷിക്കപ്പെടുന്നവർക്ക്‌ കണ്ണുകൾ കൊണ്ട് കൂടുതൽ കാണാനൊക്കില്ല .അവർക്കും മുഖത്തു യഥാസ്ഥാനത്ത് തന്നെയാണ് കണ്ണുകളുള്ളത്. വിശേഷ ശരീരമില്ലാത്തതിനാൽ  വിശേഷ ജാതിയുമില്ല. വിശേഷ മനസില്ലാത്തതിനാൽ  വിശേഷ ജാതിയുമില്ല. ബ്രാഹ്മണനായതു കൊണ്ട് കൊറോണയുടെ വ്യാപനം മുൻകൂട്ടി പറയാനോ ഭാവി പ്രവചിക്കാനോ കഴിയില്ല. അതുകൊണ്ട് ഉയർന്ന ജാതി എന്നു പറയുന്നത് സംവേദനക്ഷമമല്ല.ഹൂസ്റ്റണിലുള്ള (അമേരിക്ക) ഒരു പ്രൊഫസറുടെ കരളും താംബരത്തുള്ള ഒരു മത്സ്യവ്യാപാരിയുടെ കരളും ഒരുപോലെയാണല്ലോ; പ്രവർത്തനത്തിലും ലക്ഷ്യത്തിലും. അപ്പോൾ വ്യത്യസ്ത ജാതി എങ്ങനെ യാഥാർത്ഥ്യമാകും ? അതേസമയം വ്യക്തിഗതമായ സർഗാത്മക കഴിവുകൾ എപ്പോഴും ഇതിനെല്ലാം അതീതമായിരിക്കും. ഇത് ജാതിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. ഡാവിഞ്ചിയുടെയോ വാൻഗോഗിൻ്റെയോ ചിത്രരചനാപരമായ സിദ്ധികൾ ജാതിയുടെ മേൽവിലാസത്തിൽ വിലയിരുത്താനാവില്ല.എം.എഫ്. ഹുസൈൻ വരയ്ക്കുന്നതും എസ്.പി.ബാലസുബ്രഹ്മണ്യം പാടുന്നതും ജാതിയുടെ ഗുണം കൊണ്ടല്ല .

മുടിയിൽ ജാതി




ഇന്ന് എഴുത്തുകാരും ഫെയ്സ്ബുക്കർമാരും യൂ ട്യൂബർമാരും ജാതി അറിയിക്കാൻ കഷ്ടപ്പെടുകയാണ്. പേരിൻ്റെ അറ്റത്തുള്ള വാൽ പ്രകടമാക്കാൻ ഒരവസരം വീണു കിട്ടിയ പോലെയാണ് ചിലർ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത്.സർക്കാർ രേഖകളിൽ തങ്ങളുടെ പേരിനൊപ്പം ജാതിവാൽ ഇല്ലെങ്കിലും തൂലികാനാമമായി ചിലർ ജാതി കൊണ്ടു നടക്കുന്നു; ഒരു കോണക വാൽപോലെ. കോവിലൻ്റെ നോവലിൽ പറയുന്ന പോലെ ,കോണകത്തിൻ്റെ നീളം കൂടുന്നതിനനുസരിച്ച് സാമൂഹികമായ അംഗീകാരവും വർദ്ധിക്കുമായിരുന്നു.
ഈ വിഭാഗത്തോട് ഗുരു വളരെ പണ്ടേ ഇങ്ങനെ പറഞ്ഞു:

"ഇനമാർന്നുടൽ താൻ തൻ്റെ -
യിനമേതെന്നു ചൊൽകയാൽ
ഇനമേതെന്നു കേൾക്കില്ല
നിനവും കണ്ണുമുള്ളവർ " .

ശരീരം തന്നെ വിളിച്ചു പറയുന്നുണ്ട് ,അതിൻ്റെ ജാതി എന്താണെന്നന്ന് .അതുകൊണ്ട് ജാതിയേതാണ് എന്ന് ചോദിച്ചിട്ട് കാര്യമില്ല. ജാതിചിന്ത മനസ്സിനെ ബാധിച്ചാൽ മനസും വിഷമായി മാറും. താഴ്ന്ന ജാതിയിൽപ്പെട്ടവൻ്റെ ഭക്ഷണത്തിലും ജാതി ആരോപിക്കുന്നവർ കാണും. അധ:കൃതൻ നടത്തുന്ന ഹോട്ടലിൽ കയറാത്തവർ ഭക്ഷണത്തിൽ ജാതി കാണുന്നവരാണ്. ഇടുക്കിയിൽ  ബാർബർ ഷോപ്പിൽ ഒരു വിഭാഗത്തിൽപ്പെട്ടവരുടെ മുടി വെട്ടാതിരുന്നത് പത്രത്തിൽ വാർത്തയായിരുന്നല്ലോ.സർക്കാർ ഇടപെടേണ്ടി വന്നു മുടി വെട്ടിക്കിട്ടാൻ. ഇതുപോലുള്ള അന്ധത മാത്രമാണ് ജാതി നമ്മളിൽ വച്ചുകെട്ടുന്നത്. മുടിക്ക് പോലും ജാതി ,ഈ 2020 ലും, ഉണ്ടാകുകയാണ്. നാം പഠിച്ച പാഠങ്ങളും നമ്മെ പഠിപ്പിച്ച പള്ളിക്കൂടങ്ങളും തോറ്റു പോയിരിക്കുന്നു. നമ്മെ ഇനി ആരു പഠിപ്പിക്കും ?.

ജാതികൾ അധികാരശക്തിയായിക്കൊണ്ടിരിക്കുകയാണ്.ദുരഭിമാനക്കൊലകൾ ഇതിൻ്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ജാതീയമായ സമതുലിതാവസ്ഥ ഉണ്ടാകുന്നതിനാണ് ഗുരു അദ്വൈതം ഉപയോഗിച്ചത്.എല്ലാവരെയും ഒരു ചരടിൽ കോർക്കാൻ അദ്വൈതം സഹായിക്കുമെന്ന് ഗുരു കണ്ടു. എല്ലാവരിലുമുള്ളത് ഒരേ ചൈതന്യമാണെന്ന് പറയുന്നത് ,ഇന്നത്തെ ബാർബർ ഷോപ്പ് ജാതിവിവേചന കാലത്തും, വിപ്ലവമാണ്‌. ആ ചൈതന്യം ഒരു കെടാവിളക്കായി ഉൾക്കൊള്ളുന്നവർക്ക് ജാതി ഉണ്ടാവുകയില്ല. ഗുരുവിൻ്റെ ഏകജാതി വിളംബരത്തിൽ അന്തർഭവിച്ചിട്ടുള്ളത് അദ്വൈതത്തിൻ്റെ പ്രായോഗിക തത്ത്വമാണ്. മനുഷ്യജീവിതത്തെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിൽ സാംസ്കാരികമായി ഇടപെടാൻ അദ്വൈതം ഉപകരിക്കും. അദ്വൈതം നിഷ്ക്രിയത്വമായി വിലയിരുത്തപ്പെടരുത്. അത് കർമ്മ പരമായ ഒരു തുടർ പ്രക്രിയയാണ്. അതിനുള്ളിലേക്ക് പ്രവേശിക്കുന്നവർക്ക് പ്രത്യേക വെളിച്ചം കിട്ടും.

മനുഷ്യത്വം എന്ന ജാതി

"അറിവാമാഴിയിൽ നിന്നു
വരുമെല്ലാവുടമ്പിനും
കരുവാണിന, മീ നീരിൻ
നിര താൻ വേരുമായിടും " .

ശുചിത്വം ,ശുദ്ധി ,ജീവിതരീതി എന്നീ പ്രശ്നങ്ങളെ ആധാരമാക്കി മനുഷ്യർ അകലം പാലിക്കുന്നത് സ്വാഭാവികമാണ്. കുളിക്കാത്തവനുമായി സഹവസിക്കാൻ അവൻ്റെ ഭാര്യ പോലും തയ്യാറാവുകയില്ല. വ്യക്തി ശുചിത്വമുള്ളവൻ ഉന്നതകുലത്തിൽപ്പെട്ടവനായി മാറുന്നത് അങ്ങനെയാണ് .രാവും പകലും പണിയെടുക്കുന്നവന് കുളിക്കാൻ നേരം കിട്ടില്ല. അതുകൊണ്ട് തൊഴിലിൽ വിശ്രമം വേണം. ഉറങ്ങാതെ രാവും പകലും പണിയെടുത്താൽ പണ്ട്  ജാതിവിവേചനത്തിനു അടിമപ്പെടുമായിരുന്നു. ഉറങ്ങാതെ പണിയെടുത്താൽ നാറ്റം മാത്രമേ അവശേഷിക്കൂ. പൊതു സമ്പർക്കത്തിൽ വരണമെങ്കിൽ വ്യക്തി ശുചിത്വം വേണം. കൊറോണക്കാലത്ത് അത് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ശുചിത്വം ഒരു ജാതിയായി മാറുമ്പോൾ ,ബുദ്ധിയുള്ളവർക്ക് പോലും പിടിച്ചു നില്ക്കാനാവില്ല. അതുപോലൊരു ജാതിയാണ് മനുഷ്യത്വം. എല്ലാവർക്കും മനുഷ്യത്വമില്ലല്ലോ. സന്യാസിയായാൽപ്പോലും മനുഷ്യത്വമുണ്ടാകണമെന്നില്ല. ക്രൂരന്മാർ പെരുകുകയാണ്. ദളത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നവന്മാർ മനുഷ്യത്വമുള്ളവരല്ലല്ലോ.. അതുകൊണ്ട് അവർ മനുഷ്യരുമല്ല.അവർ വേറെ ഏതോ ജാതിയാണ്.അത് ഗുരുവിൽ നിന്നും കേൾക്കാം:

"അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ -
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം "

എത്ര ശക്തവും ധീരവും അർത്ഥപൂർണവുമാണ് 'അനുകമ്പാദശക 'ത്തിലെ ഈ വാക്കുകൾ .ഗുരുവിൻ്റെ ഏകജാതിയുടെ അർത്ഥം ശരിക്കു ഗ്രഹിക്കണമെങ്കിൽ ഈ പദ്യം കൂടി മനസിലാക്കണം .അരുളില്ലാത്തവൻ അഥവാ സ്നേഹശൂന്യൻ വെറും ശവമാണ്. അവന് തോൽ ,അസ്ഥി ,സിര തുടങ്ങിയവ ഉണ്ടാകും. പക്ഷേ ,മനുഷ്യനായിരിക്കില്ല .സ്നേഹമില്ലാത്തവൻ ,അനുകമ്പയില്ലാത്തവൻ വെറും അസ്ഥികൂടമാണെന്ന് പറയുകയാണ് ഗുരു .അങ്ങനെയുള്ളവൻ ഒരു യാഥാർത്ഥ്യമല്ല ;മനുഷ്യൻ എന്ന യാഥാർത്ഥ്യത്തിൻ്റെ സദ്ഫലമായ മഹത്വത്തെ നശിപ്പിച്ചവനാണ് അവൻ. അവൻ വ്യാജമാണ്. മരുഭൂമിയിൽ വളരെ ദൂരെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ജലം പോലെയാണവൻ. അടുത്തു ചെല്ലുമ്പോൾ ഒന്നും കാണില്ല. ഇന്ന് സ്നേഹം ,ത്യാഗം എന്നെല്ലാം  ഇരുപത്തിനാലു മണിക്കൂറും പറഞ്ഞു നടക്കുന്നവർ ഗുരു പറഞ്ഞ ഈ വിഭാഗത്തിൽപ്പെടും ;അതായത് സ്നേഹശൂന്യതകൊണ്ട് ശവമായിത്തീർന്ന മനുഷ്യർ.ഇക്കൂട്ടർ തങ്ങളുടെ ജീവിതത്തിൽ ഒരു വിളക്ക് കത്തിച്ചു വയ്ക്കണം -അരുളിൻ്റെ ,മനുഷ്യത്വത്തിൻ്റെ വിളക്ക്. സന്ധ്യയ്ക്ക് കൊളുത്തുന്ന വിളക്ക് ദൈവത്തിനു വെട്ടം കാണാനല്ല;നമുക്ക് കാണാനാണ്. നമ്മുടെ നിശ്ശൂന്യതയും ക്രൂരതയും നിമിത്തം വന്നണയുന്ന അന്ധതയെ അകറ്റാനാണ് ആ വിളക്ക്.അതിലൂടെ നമ്മൾ കാണണം, അടുത്തുള്ളവനെയും അകലെയുള്ളവനെയും . നാം തൊട്ടടുത്തുള്ളവൻ്റെ ഏറ്റവും വലിയ സങ്കടം കേൾക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥന ഉച്ചത്തിൽ ചൊല്ലുന്നവരാണല്ലോ. കൃത്രിമമായ അന്ധതയാണല്ലോ നമ്മുടേത്. പ്രാർത്ഥനയെ മതിലാക്കുകയാണ്‌, മറ്റുള്ളവരിൽ നിന്ന് അകന്നു നില്ക്കാൻ .സന്ധ്യാസമയത്ത് അരുളിൻ്റെ വിളക്ക് ഉണ്ടാവണം; മറ്റുള്ളവരെ കാണാനും സ്നേഹിക്കാനുമുള്ള പ്രകാശമാണ് ആ വിളക്ക് പൊഴിക്കുന്നതെന്ന് തിരിച്ചറിയണം. ഇതിലൂടെയേ നമുക്ക് ഗുരുവിൻ്റെ ഏകജാതിയെ സാർത്ഥകമായി പ്രയോഗവത്ക്കരിക്കാനാകൂ.



അരുളില്ലാത്തവൻ ശവമാണെന്ന് പറയുന്നതിലൂടെ ഗുരു ദാർശനികമായ, ബൗദ്ധികമായ ഒരു വലിയ തട്ടിത്തെറിപ്പിക്കൽ സാധ്യമാക്കുകയാണ്. ഹിറ്റ്ലറെയും നരാധമന്മാരെയും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന ശപഥമാണത്. ഈ ശപഥം ഉണ്ടാക്കുന്ന ശാബ്ദികമായ വിപ്ലവം ,പ്രകമ്പനം  നാം കേൾക്കാതിരിക്കരുത്. ഏകാത്മകത സാക്ഷാത്‌ക്കരിക്കപ്പെടുന്നത് ഓരോ ഇനത്തോടും സ്നേഹമുണ്ടാകുമ്പോഴാണ്. ഓരോന്നിനും കഴിവിനനുസരിച്ച് ജീവിക്കാൻ അവസരമുണ്ടാവണം. സഹജീവി സ്നേഹവും ഇതിലടങ്ങിയിരിക്കുന്നു. നമുക്ക് അന്യമായ ഇനങ്ങളെയും ചേർത്തുനിർത്താനാവണം.പാരിസ്ഥിതികമായ ചിന്തയാണിത്. അത് ഈ വരികളിൽ വ്യക്തമാണ്:

"ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാൽ
ഇനമില്ലെങ്കിലില്ലൊന്നു -
മിന്നതെന്നുള്ളതൂഴിയിൽ " .

ഇനങ്ങൾ തിരിച്ചറിവിനുള്ളതാണ്. സ്നേഹിക്കാം ,നമുക്ക് എല്ലാ ഇനങ്ങളെയും .പ്രപഞ്ച വൈവിധ്യത്തിൻ്റെ തലത്തിൽ സ്നേഹാത്മകമായ ഒരു പാശം നിർമ്മിക്കാൻ .

HOME 

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 
ഗുരുവിനെ

 മതവിരോധിയാക്കുന്നവരുടെ

 മന:ശാസ്ത്രം


 എം.കെ.ഹരികുമാർ



ഗുരുവിൻ്റെ 'ഈശാവാസ്യ'ത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

''സർവ്വഭൂതവുമാത്മാവി
ലാത്മാവിനെയുമങ്ങനെ
സർവ്വഭൂതത്താലും കാണു-
മവനെന്തുള്ളു നിന്ദ്യമായ് ''

പ്രപഞ്ചവസ്തുക്കളിലെല്ലാം തന്നെത്തന്നെ കാണുന്നവനും, തന്നിൽ സകലഭൂതത്തെയും കാണുന്നവനും നിന്ദിക്കാൻ യാതൊന്നുമില്ല. ഗുരു ഈ പ്രപഞ്ചസാരത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഈ ജ്ഞാനം രാഷ്ട്രീയ ,മത ,സാംസ്കാരിക പ്രവർത്തകർക്ക് ഇല്ലല്ലോ. അതിൻ്റെ പേരിൽ ഗുരുവിനെ പഴിച്ചിട്ട് കാര്യമില്ല.

ഗുരു സാരഗ്രാഹിയായ ഒരു മനസ്സാണ്. അതുകൊണ്ടു ഭ്രാന്തമായ അന്ധവിശ്വാസങ്ങളെയോ കലഹങ്ങളെയോ ഇഷ്ടപ്പെടുന്നില്ല. ഗുരു വേറൊരു പാതയിൽ നീങ്ങുകയാണ്. ലോകത്ത് എത്രയൊക്കെ ആശയങ്ങളും കൂട്ടങ്ങളും ഉണ്ടാകട്ടെ. അത് ഒരു മായയാണ്.ഒരു മതത്തിൽ നിന്നു തന്നെ പല സംഘങ്ങളും വേറെ മതങ്ങളും ഉണ്ടാകുന്നുണ്ടല്ലോ. ഇത് തുടരുക തന്നെ ചെയ്യും.രാഷ്ട്രങ്ങൾ പല കഷണങ്ങളാകുകയോ വീണ്ടും കൂടിച്ചേരുകയോ ചെയ്യും.യുദ്ധങ്ങൾ വർധിച്ച വീര്യത്തോടെ ഉണ്ടാകുകയും പെട്ടെന്നു അവസാനിക്കുകയും ചെയ്യും.യുദ്ധം തുടങ്ങിക്കഴിഞ്ഞ് അത് അവസാനിപ്പിക്കുന്നവൻ്റെ ശൂന്യത വേറൊരിടത്തും കാണില്ല.ഇതെല്ലാം മായയാണ്‌.

മായ എന്താണ് ? പൊയ് വിശ്വാസങ്ങൾ, പൊയ് കാഴ്ചകൾ, പൊയ് പ്രേമങ്ങൾ ,പൊയ് സൗന്ദര്യങ്ങൾ എല്ലാം മായ തന്നെ.ഈ മായയെ നശിപ്പിക്കാനാകുമോ ?മായയോടൊപ്പം എല്ലാ 'യാഥാർത്ഥ്യ'ങ്ങളും കെട്ടടങ്ങും.
പിന്നെയൊന്നുമുണ്ടാകില്ല. അതു കൊണ്ട് മായയ്ക്ക് ഒരു വർണഭംഗി, ആലങ്കാരിക ഭംഗി കൊടുക്കാവുന്നതാണ്.അത് നിശ്ശൂന്യതയിലും നമ്മെ മോഹിപ്പിക്കും.നശ്വരമാണെങ്കിലും മനുഷ്യൻ എന്ന വികാരജീവി അതിൽ നിലയുറപ്പിക്കും.

സൗന്ദര്യം യഥാർത്ഥത്തിലുണ്ടോ? സൂക്ഷിച്ചു നോക്കിയാൽ എല്ലാം രോഗഗ്രസ്തമാണ്. മനുഷ്യൻ്റെ കോശങ്ങൾ നിമിഷം തോറും ക്ഷയിക്കുകയും പുതുതായി ഉണ്ടാകുകയും ചെയ്യുന്നു.വയസ്സാകുന്തോറും കോശനഷ്ടം ഒരു സമുന്നത യാഥാർത്ഥ്യമായി തുടരുന്നു.അതിൽ നിന്നു മോചനമില്ല. മരണത്തിനോടടുക്കുന്നതിനെ ചെറുക്കാൻ യുക്തിയോ സൗന്ദര്യമോ മതിയാവുകയില്ല. പിന്നെയും മായ വരുന്നു.മായ തന്നെ മരണം.

ഈ സാരം ഗുരുവിനെ കൂടുതൽ പ്രസന്നനാക്കുകയാണ് ചെയ്തത്; വിഷാദവാനാക്കിയില്ല. മിഥ്യകൾ മുന്നിൽ വന്നു നിൽക്കുമ്പോൾ കർമ്മം ചെയ്യാതെ വിമുഖമാകുന്നതിനു പകരം ഗുരു പുതിയ വാതായനങ്ങൾ തുറന്നിട്ടു.മനുഷ്യൻ എന്തിനാണ് വഴക്കടിക്കുന്നത്.? ഓരോരുത്തരും വേറെ വേറെ വ്യക്തികൾ ആകുന്നതുകൊണ്ട് ഇതു  സംഭവിക്കുന്നു. ഉറുമ്പുകളിലോ, പക്ഷികളിലോ, പശുക്കളിലോ ഈ വ്യക്തിപ്രതിസന്ധിയില്ല.അവർ വ്യക്തികളായിരിക്കുന്നില്ല; മിത്രങ്ങളാവുകയാണ് ചെയ്യുന്നത്.

മനുഷ്യർക്ക് വ്യക്തികളാകാതിരിക്കാൻ കഴിയാത്തതുകൊണ്ട് സത്യങ്ങളും പലതാണ്. പലതായി പൊട്ടിപ്പിളരുക എന്ന വിധിയാണ് മനുഷ്യനുള്ളത്. അവൻ ഒന്നിൻ്റെയും കേന്ദ്രമല്ല.എന്നാൽ ഗുരു ആത്മാവ് എന്ന കേന്ദ്രത്തെ കണ്ടുപിടിക്കുന്നു. ആത്മാവിൽ എല്ലാറ്റിനെയും ചേർത്തു വയ്ക്കുക. എത്രയോ വലിയ സ്നേഹതത്ത്വമാണത്. പ്രവാചകമായ ഒരു സ്വരം കാതുകളിൽ മുഴങ്ങാൻ അതുമതി.എല്ലാ സത്തകളിൽ നിന്നും സാഹോദര്യത്തിൻ്റെയും മൈത്രിയുടെയും ആനന്ദത്തിൻ്റെയും സ്വരം ഒഴുകി വരുന്നുവെന്ന് പറയുന്നത് കാല്പനികമായല്ല കാണേണ്ടത്.അങ്ങനെയൊരു ഘടന മനുഷ്യനിലുണ്ട്. ഗുരുവിൻ്റെ ആത്മതത്ത്വമാണത്. എല്ലാം അത്മാവിൽ വന്ന് മൈത്രി നേടുന്നു.പുറത്ത് വിഭിന്നതയുടെ സംഘക്കളി .എന്നാൽ അത്മാവിൽ അത് സൗമ്യസ്വരങ്ങളുടെ രമ്യതയാണ്. അതുപോലെ തിരിച്ചും സംഭവിക്കുന്നു.പുറത്തുള്ളതെല്ലാം രൂപത്തിലും രുചിയിലും വ്യത്യാസപ്പെട്ടിരിക്കെ തന്നെ ,നമ്മെ ആ കൂട്ടത്തിലേക്ക് കണ്ണി ചേർക്കുന്ന എന്തോ സംഭവിക്കുന്നുണ്ട്. എല്ലാറ്റിലും സ്വയം ദർശിക്കുക.ഈ പാരസ്പര്യത്തെ ഞാൻ നവാദ്വൈതമെന്ന് വിളിക്കട്ടെ. കുറേക്കൂടി വിശദമാക്കാം. ഒരു രചയിതാവു ചുറ്റിനുമുള്ളവയിൽ വേറെന്തു കാണും. ? ഒരു മൈനയിൽ അയാൾ സ്വയം ദർശിക്കുന്നു. ഒരു നായയിൽ അയാൾ സ്വയം ദർശിക്കുകയാണ്. എങ്കിലേ നായയുടെ വിചാരവും മൈനയുടെ സംഗീതവും നമുക്ക് ഗ്രഹിക്കാനാകൂ .രണ്ടിലും മനുഷ്യനാണ് നിറയുന്നത്; അതു നാം തന്നെ .ആ അറിവു അസാധാരണവും പ്രചോദനാത്മകവുമാണ്. നാം അന്യനല്ല എന്ന തോന്നൽ ദൃഢമാവുകയാണ്. പുറംലോകത്തെ ഓരോന്നിനെയും നാം ഒരു പാലം പണിത് നമ്മിലേക്ക് ബന്ധിപ്പിക്കുകയാണ്.ഒരു കവിക്ക് പുറംലോകത്തെ കാഴ്ച്ചകൾ മറ്റൊന്നല്ല; ആയിരിക്കരുത്. അയാൾ എല്ലാറ്റിലും സ്വയം തിരയുകയാണ്. ഇതാണ് മൈത്രി. അതായത് ഞാൻ എല്ലാറ്റിലും ഇടം നൽകുന്നു. അതുപോലെ  എല്ലാറ്റിലും ഞാൻ എന്നെത്തന്നെ കാണുന്നു.ഇത് സാഹിത്യത്തിൻ്റെ നവാദ്വൈതവും ആത്മീയതയുമാണ്.



വേറിടാൻ യാതൊന്നുമില്ലാത്തതു കൊണ്ട് എല്ലാറ്റിനെയും ഒന്നായി കാണുകയെന്ന് പറഞ്ഞാൽ ,ഏതെങ്കിലും ഒന്നിൽ നിന്ന് അകലുക എന്നല്ല അർത്ഥം. ഇപ്പോൾ പൊതുവേദികളിലും ലേഖന തനിയാവർത്തനങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു വാദം ,അല്ലെങ്കിൽ ഉത്സാഹത്തോടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ  താല്പര്യം ഗുരു ഹിന്ദുവല്ല എന്നുള്ളതാണ്.ഗുരുവിനെ ഹിന്ദു വല്ലാതാക്കുന്നവരുടെ നിക്ഷിപ്തമായ താല്പര്യം നാം തിരിച്ചറിയണം.

ആരാണ് തപസ്സ് ചെയ്യാറുള്ളത്.? ഇന്ത്യയുടെ ഒരു ജ്ഞാനമാർഗമാണത്‌. അത് ഗുരു അവലംബിച്ചു.ഹിന്ദുവല്ലാതാകാനാണോ ഗുരു അത് ചെയ്തത് ? അല്ലെങ്കിൽ മറ്റു മതങ്ങളിലേക്ക് കണ്ണെറിഞ്ഞുകൊണ്ടാണോ അദ്വൈതാശ്രമം സ്ഥാപിക്കുന്നത് ?ഹിന്ദുവല്ലാതാകാൻ വേണ്ടിയാണോ ഗുരു ശിവസ്തുതി എഴുതുന്നത് ?
ഗുരു ഒരു മതവും മാറിയിട്ടില്ല. ഗുരു ചില പരീക്ഷണങ്ങൾ നടത്തി.അത് സാമൂഹ്യതലങ്ങളിലും രാഷ്ട്രീയതലങ്ങളിലും മാറ്റത്തിൻ്റെ കാറ്റായി മാറി.ഗുരുവിനു ഹിന്ദുവല്ലാതായിരിക്കേണ്ടതിൻ്റെ അവശ്യകത എന്താണ് ? ബുദ്ധമതം സ്വീകരിച്ചില്ലല്ലോ.ഗുരുവിൻ്റെ ഉപകരണങ്ങൾ എല്ലാം ഹൈന്ദവമാണ്. എന്നാൽ അത് ഹൈന്ദവപക്ഷപാതമല്ല. പ്രതിഷ്ഠ, സ്തുതി, പ്രാർത്ഥന, വൈവിധ്യമുള്ള ആരാധനാരീതി, ദേവതകളെ സന്ദർഭാനുസരണം തിരഞ്ഞെടുക്കൽ, അധ:കൃതൻ്റെ ശിവനെ കണ്ടെത്തൽ, സംന്യാസം തുടങ്ങിയവയെല്ലാം ഹൈന്ദവമാണ്.

ജാതിവ്യവസ്ഥയുടെ അപകടകരമായ പ്രവണതകളെ എതിർത്തു കൊണ്ട് ഗുരു യഥാർത്ഥമായ ഉപനിഷത്ത് സാരത്തിലേക്ക് മനുഷ്യനെ നയിച്ചു.അത് ഹിന്ദു വിരുദ്ധമല്ല .അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ ഹിന്ദുവിരുദ്ധമല്ല; മറിച്ച് ഹൈന്ദവ ആരാധനയിലെ വ്യവസ്ഥാപിതത്വത്തെ തകർക്കുകയും പുതിയൊരു ആലോചന സൃഷ്ടിക്കുകയും അതുവഴി ഹൈന്ദവ ദൈവികതയെ വിപുലീകരിക്കുകയുമാണ് ഗുരു ചെയ്തത്.ഒരു പുതിയ ഇടം സൃഷ്ടിക്കുന്ന നവീകരണ പ്രവർത്തനമാണിത്.

ഹിന്ദുമതത്തിലെ ചിലരുടെ വരേണ്യ, മേൽജാതി കോംപ്ളക്സുകൾ ഗുരു പൊളിച്ചു നീക്കി. മതദ്വേഷത്തെ  വല്ലാതെ ശകാരിച്ചു. മതം  നമുക്ക് സ്വയം അറിയാനും പ്രബുദ്ധരാകാനും ഉദ്ദേശിച്ചുള്ളതാണ്;പരസ്പരം കുത്തിച്ചാകാനുള്ളതല്ല. ദൈവങ്ങളുടെ പേരിൽ എന്തിനാണ് കലഹിക്കുന്നത് ? ഗുരു എന്തിനാണ് നാരായണൻ എന്ന പേര് സ്വീകരിച്ചത് ?നാരായണൻ ഏത് മതത്തിലുൾപ്പെടുന്നു ?മതേതരമാവുന്നതു കൊള്ളാം.എന്നാൽ മതേതരത്വം നിലനിൽക്കുന്നത് ഒരു മതരഹിത രാജ്യത്തല്ല: മതങ്ങൾക്ക് തോളോടുതോൾ ചേരാവുന്ന രാജ്യത്താണ്. ഇറാനിൽ മതേതരത്വമുണ്ടോ ?മതേതരത്വം ഒരു മതമല്ല. ഒട്ടും മതമില്ലെങ്കിൽ  മതഭീകരതയാണുണ്ടാവുക. മതേതരത്വം മതവിരുദ്ധതയല്ല; മത സൗഹാർദ്ദമാണ്. സർവ്വമതസംവാദമാണ്. ഗുരു സർവ്വ മത സമ്മേളനം നടത്തിയത് മതങ്ങളുടെ സംവാദത്തെ പ്രോത്സാഹിപ്പിക്കാനാണ്; മതവിരുദ്ധതയ്ക്കല്ല .

തീവ്രനിലപാടുകൾക്ക് അന്യമായ ഹിന്ദുമതത്തിലെ സൗന്ദര്യാത്മകമായ മേഖലകൾ തിരയേണ്ടതുണ്ട്. അത് മാനവനെ കൂടുതൽ പ്രാപഞ്ചികമായ തലത്തിൽ കാല്പനികനാകാനും പ്രബുദ്ധനാകാനും സഹായിക്കുന്ന ഒരു മിത്തിക്കൽ ലോകമാണ്. വെറുപ്പ് ഒരിക്കലും സ്വീകാര്യമല്ല .ഗുരു  മതത്തെ ഭാവന കൊണ്ടു നവീകരിക്കുകയാണ് ചെയ്തത്. വാതിലും ജനലുകളുമുള്ള  ഒരു ശാരദാക്ഷേത്രം നവഭാവനയാണ്, മതവിരുദ്ധതയല്ല .ഇത് മതത്തിനുള്ളിലെ സർഗാത്മകതയുടെ  ഇടമാണ്. അത് അർത്ഥങ്ങളുടെ നിർമ്മിതിയും തുടർപ്രക്രിയയുമാണ്.മതത്തിൻ്റെ ആകാശത്തെ വിപുലീകരിക്കുന്ന പ്രവൃത്തി .

ഒരു കാര്യം സത്യസന്ധമായി പറയട്ടെ, ഗുരുവിനു അൽപമെങ്കിലും സ്വീകാര്യത കിട്ടുന്നത് കുറച്ചു ഹിന്ദു കുടുംബങ്ങളിൽ മാത്രമാണ്. വലിയ മതേതരവാദിയായി ചമയുന്ന സക്കറിയ, എം.മുകന്ദൻ തുടങ്ങിയ എഴുത്തുകാർ  നാളിതുവരെ ഗുരുവിൽ നിന്നു പ്രചോദനം നേടി ഒരു കഥപോലും എഴുതിയിട്ടില്ല .എന്താണ് കാരണം. ?ഇതാണ് കപട മതേതരത്വം .യേശുദേവനെപ്പോലെ ഗുരുവും സ്വീകാര്യമാവേണ്ടതല്ലേ? ഗുരുവിൻ്റെ മതേതരത്വം ഇവർക്കൊന്നും സ്വീകാര്യമല്ല. ഗുരു ഹിന്ദുവല്ല എന്ന് ആണയിടുന്ന വിരുതന്മാർ ഇതു വല്ലതും കാണുന്നുണ്ടോ ?

ഗുരു ഒരു മതത്തിൻ്റെയും തടവറയിലല്ല.എന്നാൽ സകല മതസമന്വയ സംവാദങ്ങളുടെയും ശിൽപ്പിയുമാണ്. ഗുരു ഹിന്ദുവിരുദ്ധ നാണെന്ന് തട്ടിമൂളിക്കുന്നവർ ഗവേഷകരായി ചമഞ്ഞ് സമയം പാഴാക്കുകയേയുള്ളു. അവർ ആരെയോ സന്തോഷിപ്പിച്ച് നക്കാപ്പിച്ചാ നേട്ടങ്ങൾക്കായി നോക്കുന്നവരാണ്. ഗുരുവിനു ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം എങ്ങനെയും നഷ്ടപ്പെടുത്തുകയാണ് ഇവരുടെ ഗൂഢ പദ്ധതി. എന്നിട്ട് ഗുരുവിനെ ഒരു യുക്തിവാദിയാക്കി ,മതരഹിതനാക്കി ഏതാനും സങ്കുചിത വരട്ടു വാദികളുടെ ഇത്തിരി വട്ടത്തിലേക്ക് ഒതുക്കുകയാണ് ലക്ഷ്യം. ഗുരുവിനെ കേരളീയ മുഖ്യധാരയിൽ നിന്ന് പുറത്താക്കി ആരുടേതുമല്ലാതാക്കുക എന്നത് ഇക്കൂട്ടരുടെ വിനോദമാണ്.

ഇവർ പറയുന്നതുപോലെ ഗുരു ഹിന്ദുമതത്തിൽ നിന്ന് വേർപെട്ട വ്യക്തിത്വമാണെങ്കിൽ വേറെ മത കൺവൻഷനുകളിലും ഗുരുവിനു പ്രവേശനം കിട്ടുന്നില്ലല്ലോ. പാഠപുസ്തകങ്ങളിലോ, സിനിമയിലോ, സാഹിത്യത്തിലോ ഗുരു ഇല്ല.രാഷ്ട്രീയ സിനിമകളും നാടകങ്ങളും ഗുരുവിനെ എന്നേ വിസ്മരിച്ചു! ഭീകരമായ ഈ അവസ്ഥയുടെ നേർക്ക് ഒന്നു നോക്കാൻപോലും ഇവിടുത്തെ പുരോഗമന കലാസാഹിത്യ സംഘത്തിനു കഴിയുന്നില്ല.

ഗുരുവിനെ മതരഹിതമാക്കുന്നവർ സുബ്രഹ്മണ്യകീർത്തനം, ഭദ്രകാള്യഷ്ടകം, ശിവശതകം, ജനനീനവരത്നമഞ്ജരി ,കുണ്ഡലിനിപ്പാട്ട്, ഷൺമുഖസ്തോത്രം, വിഷ്ണ്വഷ്ടകം ,മണ്ണന്തല ദേവീസ്തവം തുടങ്ങിയ കൃതികൾ വായിക്കണം.ഗുരു ഹിന്ദുവല്ല എന്ന് വാദിക്കുന്ന വിഡ്ഢികളോടു ഒന്നേ ചോദിക്കാനുള്ളു. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഹിന്ദുമതവുമായി ബന്ധമില്ലാത്തവർ ഭദ്രകാള്യഷ്ടകം, ബാഹുലേയാഷ്ടകം എന്നിവ എഴുതുമോ? ചിലർ എഴുതുമായിരിക്കും, തൊഴിലിൻ്റെ ഭാഗമായി വേതനം പറ്റിക്കൊണ്ട് .

ഗുരുവിനെ മതവിരോധിയാക്കാമെന്നത് ചില വിവേകശൂന്യരുടെ അതിമോഹമാണ്. അതിനെ ചിലരുടെ രാഷ്ട്രീയപൊങ്ങച്ചത്തിൻ്റെ കപട വാദമായി കാണാവുന്നതാണ്. എല്ലാ ചിന്തകളും മരവിച്ചു നിൽക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്.ഗുരുവിനെ സ്വന്തം ഭാവനയുടെ ക്ഷേത്രഗണിതത്തിൽ നിന്ന് പുറത്തിറക്കി ആത്മീയ ശൂന്യതയിലേക്ക് തള്ളിവിടാനുള്ള ശ്രമം ,ഗുരു നാണു എന്ന  മാറ്റി നാരായണൻ എന്ന പേരു സ്വീകരിച്ചതിലെ യുക്തി കൊണ്ടു തടയാൻ സാധിക്കും.


എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

ആൾക്കൂട്ടമാധ്യമങ്ങളും എഴുത്തുകാരൻ എന്ന
വൈരുദ്ധ്യാത്മക ജീവിയും

 


എം.കെ.ഹരികുമാർ


ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ പിയർ ദയ്യാ ദുഷാദ് (Pierre teilhard de chardin) പറഞ്ഞത് ഈ ചർച്ചയിൽ പ്രധാനമാണ്: "ആത്മീയ അനുഭവമുള്ള മനുഷ്യജീവികളല്ല നാം; മനുഷ്യാനുഭവമുള്ള ആത്മീയജീവികളാണ്'' . ഇത് നമ്മുടെ മുറിവുണക്കാനുള്ള ലേപനമായി ഉപയോഗിക്കാവുന്നതാണ്. മനുഷ്യർ അവരുടെ ഓർമ്മകളിൽ നിന്നും കലാനുഭവങ്ങളിൽ നിന്നും താഴേക്ക് പതിച്ച വെറും ആൾക്കൂട്ടമാധ്യമജീവിയാകുന്ന ഈ കാലത്ത് അദൃശ്യരായി ജീവിക്കാമെങ്കിലും , മുൻഗണനാക്രമങ്ങൾ ആകെ മാറി. വേഗത്തിനൊത്ത് നീങ്ങാനായി  എല്ലാത്തിനെയും കാലികമായ വസ്തുക്കളായി (durable goods) മനുഷ്യർ പുന:ക്രമീകരിച്ചിരിക്കുന്നു. പവിത്രമായതെല്ലാം അപ്രത്യക്ഷമാകുകയാണ്. ഇവിടെ മനുഷ്യൻ അവൻ്റെ കോപവും ഭയവും തീവ്രമായ ഉത്ക്കണ്ഠയുമായി പുനരവതരിക്കുകയാണ്. ദുഷാദ് പറഞ്ഞത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. മനുഷ്യനെന്ന നിലയിൽ  നമ്മൾ ആത്മീയജീവികളാണ് എന്ന തിരിച്ചറിവ് നേടേണ്ടിയിരിക്കുന്നു. ആത്മീയജീവിതം എന്നാൽ മതപരമായി കാണേണ്ടതില്ല. മനുഷ്യൻ അവനെക്കുറിച്ച് ചിന്തിക്കുന്നതിൻ്റെ  ഫലമായി ഉണ്ടാകുന്ന പാരസ്പര്യമാണത്. അത് ഉദാരവും നിരുപാധികവുമാണ്. ആത്മീയജീവിയായ നമുക്ക് മറ്റുള്ളവരെ അറിയാനുള്ള സിദ്ധിയുണ്ട്. പാരസ്പര്യത്തെ വലിയ ലോകങ്ങളിലേക്ക് ക്രമീകരിക്കണം. മുറിവുകളും വ്യഥകളുമായി ചിതറുന്ന മനുഷ്യരോടും ഇതര ജീവികളോടും സ്ഥിരമായ സഹവർത്തിത്വം ഉണ്ടായാൽ മാത്രം പോര ,അതിന് മുൻകാലപ്രാബല്യം ഉണ്ടാകണം. പരസ്പരവിരുദ്ധമായി നിൽക്കുന്നതിനെ ചേർത്തുകൊണ്ടുള്ള ഭാവന ഉണ്ടാകണം.

ഒരു കവിയോ  നോവലിസ്റ്റോ ഏകമുഖമായ ,പരസ്പര പൊരുത്തമുള്ള സൗന്ദര്യശാസ്ത്രം സൃഷ്ടിക്കേണ്ടതില്ല .ഇത്തരം കാഴ്ചപ്പാടുകൾ ഒരാൾക്ക് തോന്നുന്നതാണ്. വേറൊരാൾ വായിക്കുമ്പോൾ അത് മാറും .ഏകമുഖമായ ,പൊരുത്തുള്ള ദർശനം വേണമെന്നാണ് ഇക്കാലമത്രയും പലരും പറഞ്ഞുകൊണ്ടിരുന്നത്. ഇനി അതിൻ്റെ ആവശ്യമില്ല. കാരണം ഏകകേന്ദ്രീകൃതമായ ,സാംസ്കാരിക കേന്ദ്രീകൃതമായ ലോകം ഇല്ലാതായി. ലോകം അതിൻ്റെ സൈബർ ഇടങ്ങളുമായി ചേർന്ന് ഘടനയിൽ ശത ഗുണീഭവിച്ചിരിക്കുന്നു. അതുകൂടി ചേരുന്നതാണ് പുതിയ ലോകം. ഇരുപതാംനൂറ്റാണ്ടിനെ കേന്ദ്രീകരിച്ചു നിർത്തിയത് പുസ്തകങ്ങളും കലകളും ശാസ്ത്രവുമാണ്. ഒരു സംസ്കാരത്തിൻ്റെ  കണ്ണിലൂടെ അല്ലെങ്കിൽ ഒരു സൗന്ദര്യശാസ്ത്രത്തിൻ്റെ  കാഴ്ച്ചവട്ടത്തിലൂടെ ലോകത്തെ  നോക്കിക്കൊണ്ടിരുന്നു. ഈ  സാഹചര്യമല്ല ഇപ്പോഴുള്ളത്.വലിയ പരിവർത്തനം വന്നിരിക്കുന്നു. സ്വത്വമോ സ്വഭാവമോ ഇല്ലാതായി.ജോലിസമയമോ സ്ഥലമോ ശരീരമോ മനസ്സോ ഇല്ലാതായി. ഫ്രോയിഡിൻ്റെ സ്വഭാവമനസ്സ് എന്ന ആശയം തന്നെ തകർന്നു .മനസ്സ് സന്ദർഭങ്ങളുടെ സൃഷ്ടി മാത്രമായി. എല്ലാം സൈബർ ഇടങ്ങളിലെ  മെസ്സേജുകളും ഇമോജികളും പോസ്റ്റുകളുമായിരിക്കുന്നു .

കാവ്യദർശനമോ ?

പല സംസ്കാരങ്ങളാണ് ഒരാൾ ഇന്ന്  കൊണ്ടുനടക്കുന്നത് .ക്ളാസിക്കൽ ഏകാധികാര സംസ്കാരങ്ങളുടെ അധീശത്വം ഇല്ലാതായി. ഒരാൾ ഒരു വ്യക്തിയായിരിക്കുന്നത് അയാളുടെ ശരീരത്തിൻ്റെ തലത്തിലാണ്. അതുകൊണ്ട് പല സൗന്ദര്യശാസ്ത്രങ്ങളും  കാഴ്ചപ്പാടുകളും അനുഭൂതികളും വിരുദ്ധമായി തന്നെ ഒരാളിൽ  ജീവിക്കുകയാണ്. ഒരു കവിയുടെ കാവ്യദർശനം എന്ന് പറയുന്നത് തന്നെ അബദ്ധമാണ്. കലാശാലാവിമർശകരും പഠനങ്ങൾ എഴുതുന്നവരും സൃഷ്ടിച്ച ഏകശിലാ വീക്ഷണമാണിത്. ഒരു കവിക്ക് വ്യക്തവും ഏകശിലാ രൂപത്തിലുള്ളതും കേന്ദ്രീകൃതവുമായ ദർശനമില്ല. എ.അയ്യപ്പനെ നോക്കിയാൽ ഇത് മനസ്സിലാവും. അദ്ദേഹം നിയതമായ ഒരു സൗന്ദര്യ ശാസ്ത്രത്തിൻ്റെയോ ദർശനത്തിൻ്റെയോ  വക്താവായിരുന്നില്ലല്ലോ.പലതരം  വിരുദ്ധഘടകങ്ങളാണ് കവിയെ നിർമ്മിക്കുന്നത് .യഥാർത്ഥ കവി ഒരു സോദ്ദേശ്യ വ്യക്തിയല്ല .അയാൾ  പാരമ്പര്യത്തിൽ നിന്ന് വേർപെടുകയാണ് ചെയ്യുന്നത്‌. കവിതയ്ക്ക് ഇതാവശ്യമാണ്‌. ഒരു കവി വിഭാവനം ചെയ്യുന്ന സംയുക്തമായ, അഖണ്ഡമായ കാവ്യവീക്ഷണമോ സൗന്ദര്യശാസ്ത്രമോ ഇന്ന് സദാചാരവിരുദ്ധമാണ്. മാർക്സിയൻ സൗന്ദര്യശാസ്ത്രമാണ് കവി പിന്തുടരുന്നത് എന്ന് പറയുന്നത് അങ്ങേയറ്റം കാവ്യവിരുദ്ധമാണ് .കാരണം കവിത പ്രത്യയശാസ്ത്രങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കവിത ,മുൻകൂട്ടിയുള്ള പദ്ധതിയല്ല .മാർക്സിയൻ പ്രത്യയശാസ്ത്രത്തിനകത്ത് കവിതയില്ല .

ചെറുകഥ എഴുതുന്നവർ ഇന്ന് പ്രധാനമായും ശ്രദ്ധിക്കുന്നത് ഏത്  വിഷയത്തെക്കുറിച്ച് എഴുതണമെന്നുള്ളതാണ് .ഈ ചിന്തയ്ക്ക് പ്രസക്തിയില്ല .ചെറുകഥ ഒരു കലാരൂപമാണെന്ന് ചിന്തിക്കണം.അതിൽ നിന്ന് ഉണ്ടാകേണ്ടത് കലയാണ്. സൗന്ദര്യാത്മകചിന്തകളാണ് ഒരു എഴുത്തുകാരനെ അസ്വസ്ഥനാക്കേണ്ടത് .അതിൻ്റെ  ശൈലി രൂപീകരിക്കുന്നതിന് വേണ്ടി വർഷങ്ങളോളം അന്വേഷണം നടത്തുന്നതിന് എത്ര പേർ ഇവിടെ ശ്രമിക്കുന്നുണ്ട് ? . ഗദ്യശൈലിയുണ്ടാക്കാൻ ജീവിതം മുഴുവൻ മാറ്റിവച്ചിരിക്കുകയാണെന്ന് ജോർജ് ഓർവെൽ പറഞ്ഞത് ,ഈ സന്ദർഭത്തിൽ ഓർക്കുന്നത് നല്ലതാണ്.

മനുഷ്യൻ ചിന്തിക്കുന്നു ,
ദൈവം ചിരിക്കുന്നു


സ്പാനീഷ് നോവലിസ്റ്റ് സെർവാന്തസ്   പറയാൻ ശ്രമിച്ചത് സത്യം ഐകകണ്ഠ്യേന  പാസാക്കാനുള്ളതല്ലെന്നാണ്‌. എല്ലാവരും കൈയ്യടിച്ചു പാസ്സാക്കിയാൽ സത്യം ഉണ്ടാകില്ല. അല്ലെങ്കിൽ തന്നെ സത്യത്തെ  എല്ലാവർക്കും ഒരുപോലെ ബോധ്യപ്പെടുകയാണെങ്കിൽ പിന്നെ, മനുഷ്യവ്യക്തിയുണ്ടോ? കലയുണ്ടോ ?ചിന്തയുണ്ടോ ?ചിന്തിക്കുന്നവനു  മുന്നിൽ പുതിയ ലോകങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതാണ് ചിന്തയുടെ പ്രത്യേകത. ചിന്ത വേറൊരു  യാഥാർത്ഥ്യമാണ്.
അതുകൊണ്ട് മനുഷ്യൻ ചിന്തിക്കുന്നു എന്നു പറയുന്നത് ഒരു വലിയ സാംസ്കാരിക പ്രവർത്തനമാണ് .അത്  മനുഷ്യാവസ്ഥയിലേക്കുള്ള സഞ്ചാരമാണ്.  ഒരു ഗൃഹസ്ഥനോ സന്യാസിയോ ആവുന്നത് ഒരുപോലെ  പ്രയാസകരമാണ്. സന്യാസിക്ക് എല്ലാറ്റിനെയും ത്യജിച്ച് ,സ്വന്തം ബലത്തിലും ഏകാന്തതയിലും ആർത്ത് തളിർത്ത്  ജീവിക്കേണ്ടതുണ്ട്. അതൊരു അഗ്നിപരീക്ഷണമാണ്. യഥാർത്ഥ സന്യാസം ഒരു തപമാണ്;സ്വയം തീപ്പിടിക്കാനുള ഒരു കാരണം അതിലുണ്ട്. അതിനു സ്വയം നിർധാരണം ചെയ്യാനുള്ള യുക്തി വേണം. അതൊരു സുരക്ഷിതമായ താവളമല്ല; എപ്പോഴും നഷ്ടപ്പെടാനിടയുള്ള കൂടാരമാണ്. അത് നിലനിർത്താനായി പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്.  എന്തിനാണ് സന്യാസമെന്ന് സ്വയം ചോദിക്കുന്നതിൽ ഒരു അലച്ചിലുണ്ട്. അതിനൊടുവിലാണ് താൻ സന്യസിക്കേണ്ടവനാണെന്ന് തിരിച്ചറിയുന്നത്. ഗൃഹസ്ഥനാകുന്നതിലും ഈ  കഠിനമായ തപസ്സുണ്ട്.ഗൃഹസ്ഥൻ ഒരു അഭ്യാസിയാണ്. പ്രതിബന്ധങ്ങളെ നേരിടുന്നതിൽ അതിവൈകാരികത പാടില്ല. അതുണ്ടായാൽ എല്ലാം പാളം തെറ്റും .എല്ലാറ്റിനെയും നിയന്ത്രിക്കേണ്ടവനാണ് താനെന്ന ചിന്ത ഗൃഹസ്ഥനെ സൗമ്യനും കർമ്മനിരതനുമാക്കുന്നു. അവൻ സേവനപാതയിലാണ് .അവനെക്കൊണ്ടുള്ള ഏറ്റവും അർത്ഥവത്തായ പ്രയോജനം വീട്ടുകാർക്കാണ്. സ്വന്തം അധ്വാനം മറ്റുള്ളവർക്കുള്ളതാണെന്ന വിലപ്പെട്ട പാഠം അതിലുണ്ട്. അതുകൊണ്ട് ഇതുപോലെയുള്ള ആഗ്രഹങ്ങളിൽ മനുഷ്യൻ്റെ ഏറ്റവും ശ്രദ്ധേയവും പവിത്രവുമായ ചുവടുവയ്പുകളുണ്ട്.

വ്യക്തികളാണ് സത്യത്തെ പകുത്തെടുക്കുന്നത് .അവരവരുടെ  ഓഹരിയാണത്. അതിൽ അവർ സ്വയം കണ്ടെത്തുന്നു. നോവലിസ്റ്റ് മിലാൻ കുന്ദേര തൻ്റെ  ഒരു ജൂത പഴഞ്ചൊല്ല് ഉദ്ധരിക്കുന്നുണ്ട്: " മനുഷ്യൻ ചിന്തിക്കുന്നു ,ദൈവം ചിരിക്കുന്നു" . എന്തുകൊണ്ടാണ് ദൈവം ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട് .മനുഷ്യൻ ചിന്തിക്കുമ്പോഴാണ്  ദൈവം ചിരിക്കുന്നത്. കാരണം ചിന്തിക്കുമ്പോൾ സത്യം രക്ഷപ്പെടുകയാണല്ലോ ചെയ്യുന്നത്.  കൂടുതൽ ചിന്തിക്കുന്നതോടെ , ഒരാളുടെ ചിന്ത മറ്റൊരാളുടെ ചിന്തയിൽനിന്ന് വ്യത്യാസപ്പെടുന്നു. മനുഷ്യൻ ചിന്തിക്കുന്നത് അവൻ്റെ  മാത്രം സത്യമാണ്. അതുകൊണ്ടുതന്നെ അവൻ തന്നെക്കുറിച്ച് എന്താണോ ചിന്തിക്കുന്നത് ,അതല്ലാതായിതീരുന്നു. ഒരാൾ സ്വയം എന്താണെന്ന് മനസ്സിലാക്കികൊണ്ടല്ല ചിന്തിക്കുന്നത്. അതാണ് അവനു സ്വയം അജ്ഞാതമാകുന്നത്. ഒരാൾ അയാളുടെ  അയുക്തിയും അബദ്ധവും  ആക്രമണകാരിയായ ഭാവനയുമാണ്. ആ ഭാവനയുടെ ഇരയാകാതാരിക്കാൻ അയാൾക്കാവില്ല. ഇതാണ് ജീവിതത്തിലെ വിഷാദാത്മകത്വത്തിനു  കാരണം .

വൈയക്തികത എന്ന വൈരുദ്ധ്യം




സാഹിത്യത്തിൻ്റെ പുതിയ സാഹചര്യമാണിതെന്ന് കുന്ദേര ചൂണ്ടിക്കാണിക്കുന്നു. പുതിയ സാഹിത്യത്തിൻ്റെ  വിചാരജീവിതം ഇവിടെയാണ്. ഇതൊരു  അന്വേഷണവും അറിവുമാണ്‌. മനുഷ്യനെ കണ്ടെത്തുന്നതിൻ്റെ  നിമിഷമാണ്. ഫ്രാൻസ്വാ റെബേലിയസ്  നോവലിൻ്റെ കലയിൽ വിഭാവന ചെയ്ത ആശയങ്ങൾ ഇവിടെ തുടങ്ങുകയാണ്.ഓരോ വ്യക്തിയും അവനവനെപ്പറ്റിയുള്ള അറിവുകളുടെ വേറൊരു കൂടാരമാണ്. വ്യക്തി ഒരു കൂട്ടമല്ല ;ഒരു കണ്ണിയായിരിക്കാം. എന്നാൽ തനിച്ചാണ് അനുഭവിക്കുന്നത്. അതിൽ സത്യത്തിൻ്റെ ലഘൂകരിക്കാനാവാത്ത ഭാവനയുണ്ട്. തന്നിൽ നിന്ന് ഒളിച്ചോടുന്നത് പോലും സത്യമാണ്; പരസ്പരം പോരടിക്കുന്ന സത്യങ്ങളെയാണ് നാം വ്യക്തമായി അനുഭവിക്കുന്നത്. ചിന്തിക്കുന്നു എന്ന യഥാർത്ഥ്യത്തിൽ നാം പലതാകാനും  വിധിക്കപ്പെട്ടിരിക്കുന്നു. ഒരു ശരീരത്തിൽ ബന്ധിതമായിരിക്കുന്ന വ്യക്തിയാണെങ്കിലും, അതിൽ പരസ്പരം ചേരാത്ത പലതുമുണ്ട്. അതിൽനിന്നെല്ലാം വൈയക്തികമായ വൈരുദ്ധ്യങ്ങളും ആരംഭിക്കുന്നു. വൈരുദ്ധ്യങ്ങളുള്ളത് ഒരു ക്ഷീണമല്ല; വൈരുദ്ധ്യങ്ങൾ വേണം. ജീവിക്കുന്നതിൻ്റെ തെളിവാണത്. ചിന്തിക്കുക എന്ന മനോഭാവത്തിൻ്റെ പ്രത്യക്ഷവത്ക്കരണമാണ് വൈരുദ്ധ്യം. വൈരുദ്ധ്യമില്ലെങ്കിൽ നാം  വ്യവസ്ഥയുള്ളയുള്ളവരാകുമെന്ന്  ശഠിക്കരുത് ;ആ വ്യവസ്ഥ തന്നെ പൊള്ളതും ചിന്താശൂന്യവുമാണ്.

ഒരു പ്രശ്നത്തിൻ്റെ വിവിധ വശങ്ങളാണ് വൈരുദ്ധ്യങ്ങൾ. അതാണ്  വ്യക്തിയെ നിർണയിക്കുന്നത് .വ്യക്തി ഒരു അടഞ്ഞ ലോകമല്ല; വ്യക്തി  പ്രശ്നപരിഹാരവുമല്ല .വ്യക്തി സുഘടിതമായ ഒരു സൂത്രമല്ല. വ്യക്തി എതിരിടലും അന്വേഷണവുമാണ്.ഒരു തീരുമാനത്തിൽ എത്തുന്നതാണ് രമ്യത. അതിൽ നിന്ന് മുന്നോട്ടുപോകുന്നതിനാവശ്യമായ ചിന്താശക്തിയാണ് വൈരുധ്യങ്ങളായി  രൂപാന്തരപ്പെടുന്നത് .

ഈ വൈരുദ്ധ്യങ്ങളിലാണ് ഒരു നോവലിസ്റ്റ് കൃഷിയിറക്കുന്നത്. കഥാപാത്രങ്ങൾ വൈരുദ്ധ്യങ്ങളെയാണ്  ആഖ്യാനം ചെയ്യുന്നത് .അത് നിർദ്ധാരണാത്മകമായ ആഖ്യാനമാണ്. കഥപറയുന്നത് വൈരുദ്ധ്യങ്ങളെ  അനുവദിക്കിലാണ്. അതുകൊണ്ട് നോവൽ വൈയക്തികതയിലുള്ള ഒരു പരീക്ഷണമാണ്. ആ  പരീക്ഷണാത്മകതയുടെ അർത്ഥവും പ്രാധാന്യവും മനസ്സിലാക്കാത്തവർ നോവലെഴുതായിട്ട് കാര്യമില്ല.

കുന്ദേര എഴുതുന്നു: " വ്യക്തികളുടെ സാങ്കൽപ്പിക പറുദീസയാണ് നോവൽ. ആരുംതന്നെ സത്യത്തെ  സ്വന്തമാക്കാത്ത ഒരു ഭൂഭാഗമാണത്; അന്നയോ കരേനിനയോ ഒന്നും സ്വന്തമാകാത്ത പോലെ .എന്നാൽ എല്ലാവർക്കും, അന്നയ്ക്കും കരേനിനയ്ക്കും , മനസ്സിലാക്കപ്പെടാനുള്ള അവകാശമുണ്ട് " .സത്യത്തെ പാരമാർത്ഥികമായി വേർതിരിച്ചെടുക്കാൻ കഴിയില്ല;  അതുകൊണ്ട്  വ്യക്തികൾക്ക് ശണ്ഠ കൂടാരിക്കാനാവില്ല . വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തിനായി ഭാവനയിലൂടെ എങ്ങനെയും  സഞ്ചരിക്കുമെന്നാണ് നോവൽ കാണിച്ചുതരുന്നത് .ജീവിതത്തിൽ സാമൂഹ്യനിയമങ്ങളും പിന്തുടർച്ചാവകാശ ചട്ടങ്ങളും ധാർമ്മികതയും വ്യക്തിയെ തടവിലാക്കുമ്പോൾ ,നോവലിൽ  കഥാപാത്രങ്ങൾ അതെല്ലാം  പരാജയപ്പെടുത്തി ജീവിതത്തിൻ്റെ  സാധ്യത കണ്ടെത്തുന്നു. ജീവിതത്തിൻ്റെ  അതിർത്തിരേഖ മാറ്റിവരയ്ക്കാൻ അത് സഹായിക്കുന്നു .നമുക്ക് ജീവിക്കാൻ കുറേക്കൂടി ഇടം ഇനിയും അവശേഷിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.

ഇങ്ങനെയാണ് നവനോവൽ എന്ന ആശയം തന്നെ ഉണ്ടാകുന്നത്. അതിൽ അനുഭവമായി മാറുന്ന മനുഷ്യൻ  ക്ളാസിക്കൽ ടൈപ്പല്ല; പ്രവചനാതീതമായ അവസ്ഥയാണ്.അത് വ്യക്തിഗതമായ സത്യത്തിൻ്റേതാണ്.അതുകൊണ്ട് പുതിയ നോവൽ ഒരിക്കലും  പ്രത്യയശാസ്ത്രപരമായ വാർപ്പല്ല ;സ്വന്തം അഭിരുചികളിലെ മാലിന്യം മാറ്റി എഴുത്തുകാരൻ സ്വയം വിമോചിപ്പിക്കണം.  എന്തെങ്കിലുമൊക്കെ ബ്രേക്ക് ചെയ്യാനുണ്ടാകണം.ആ  തോന്നൽ ,നാം ജീവിച്ചിരിക്കുന്നതിൻ്റെ   വലിയ തെളിവാണ്. ഒരു അനുസരണയുള്ള കുട്ടിയായി, പൂർവ്വികരെ സ്തുതിച്ച് , യാതൊരു സ്വകാര്യ ഉത്ക്കണ്ഠകളുമില്ലാതെ  സ്വന്തമായി എന്തെങ്കിലും ആവിഷ്കരിക്കണമെന്ന നിർബന്ധമില്ലാതെ പ്രസന്നതയോടെ കഴിയുന്നവർ സാഹിത്യരംഗത്ത് കൂണുകൾ പോലെ വളർന്നിരിക്കുകയാണ്.  അവർ യാതൊന്നിനോടും പ്രതികരിക്കുകയില്ല. ഈ നൂറ്റാണ്ടിലെയും കഴിഞ്ഞ ന്തൂറ്റാണ്ടിലെയും അനീതികൾ അവരിൽ ചെറിയ, വളരെ ചെറിയ അസ്വസ്ഥത പോലും ഉണ്ടാക്കുന്നില്ല. അവർ ആത്മരതിയുടെ അത്യുന്നതങ്ങളിൽ ചിരിച്ചുകൊണ്ട് ക്രൂരന്മാരായിരിക്കാൻ പരിശീലനം നേടിയെടുക്കുകയായിരുന്നു.

ദൈവത്തിൻ്റെ ചിരിയാണ് ദസ്തയെവ്സ്കിയെയും കാഫ്കയെയും കസൻദ്സാക്കിസിനെയും  അസ്വസ്ഥരാക്കിയത്‌. ആ ചിരി അവരെ കരയിപ്പിക്കുകയും ചെയ്തു. തങ്ങൾ ചെന്നുപെട്ടിരിക്കുന്ന അന്ധതമസ്സ് നീതിയോ ന്യായമോ ഇല്ലാത്തതാണെന്ന ബോധ്യം അവരെ വീണ്ടും സങ്കീർണമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. അങ്ങനെ ചിന്തിക്കുക എന്ന വിധിയിൽ  തുടർന്നു. അവിടെ ഒരു  നിബന്ധനയ്ക്കും സ്ഥാനമില്ല. സത്യസന്ധമായ ഒരു വ്യക്തിമണ്ഡലമാണത്.അവിടെ പ്രത്യയശാസ്ത്രങ്ങളോട്  വിയോജിക്കാന നിർവാഹമുള്ളൂ.

കുന്ദേര പറയുന്നു, നോവലിസ്റ്റ് എഴുതേണ്ടത് അയാളുടെ ധാർമ്മിക ബോധ്യങ്ങളല്ല .നമ്മുടെ എഴുത്തുകാർ ഇതിനു വിപരീതമായി രാഷട്രീയ ,ധാർമ്മിക ബോധ്യങ്ങളാണ്  എഴുതിക്കൊണ്ടിരിക്കുന്നത് . എഴുത്തിലെ യാഥാർത്ഥ്യം വ്യക്തി തലത്തിലുള്ള ശരിതെറ്റുകൾക്കപ്പുറത്തേക്കാണ്  പോകേണ്ടത്. സമൂഹനിർമ്മിതിയായ സത്യത്തിൻ്റെ ചുമട്ടുകാരനാവാൻ എഴുത്തുകാരനു ബാധ്യതയില്ല. അതിൻ്റെയർത്ഥം എഴുത്തുകാരൻ ചുമക്കുന്ന സാമൂഹികജീവി എന്ന നിലയിലുള്ള ജയപരാജയസങ്കല്പങ്ങൾ അയാളുടെ രചനയിൽ വരേണ്ടതില്ല എന്നാണ്. അപ്പോഴാണ് അയാൾ പര്യവേക്ഷകനാവുന്നത് .അയാൾ ബ്രേക്ക് ചെയ്യുന്നത് അവിടെയാണ്. നോവൽ അയാൾ  കണ്ടെത്തുന്ന ജീവിതമാണ്. അത് സ്ഥലം പഞ്ചായത്ത് ഓഫീസോ , കലാശാലകളോ ഇതുവരെ കാണാതിരുന്നതാണ്. അവർക്ക് അതൊന്നും കാണാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് താൻ എഴുതുന്നതെന്ന വിചാരം ഉണ്ടാകണം. ഒരു രജിസ്ട്രാർക്ക് മനസ്സിലാവുന്ന സത്യങ്ങൾ പലപ്പോഴും ഒരു നോവലിസ്റ്റിനു വിലപ്പെട്ടതാകുന്നില്ല. അതുകൊണ്ട് കുന്ദേര പറയുന്ന ഈ  നോവൽ ജ്ഞാനമണ്ഡലമാണ്. അത് കണ്ടെത്തലാണ് ,അറിവാണ്. അത്  ചരിത്രത്തിൽ നിന്ന് കുതറിമാറിയ സ്വതന്ത്ര സഞ്ചാരമാണ് .നോവൽ കണ്ടെത്താൻ ശ്രമിക്കുന്നത്  ഈ ചോദ്യത്തിനുള്ള ഉത്തരമാണെന്ന് അദ്ദേഹം അറിയിക്കുന്നു :എന്താണ് മനുഷ്യാസ്തിത്വം ?എവിടെയാണ് അതിൻ്റെ കവിതയുള്ളത് ?

നിഴൽ എഴുത്തുകാരൻ



ഒരു പുസ്തകം വായിക്കുന്നതോടെ അതിൻ്റെ കർത്താവാകുകയല്ല ,പുതിയൊരു പുസ്തകം രചിക്കുകയാണ് വായനക്കാരൻ . ഈ ആശയം ഒരു വലിയ താക്കോൽ കൂട്ടമാണ്.പല ആശയങ്ങൾ അതുപയോഗിച്ചു തുറക്കാനാകും .എംടി 'മഞ്ഞ്' എഴുതിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞല്ലോ. എത്രയോ പേർ അത്  വായിച്ചു ! .പലരും പല രീതിയിൽ അതിനെ സമീപിച്ചു. ഓരോ തവണ വായിക്കുമ്പോഴും പുതിയതെന്തെങ്കിലും അതിൻ്റെ അനുഭൂതി ലോകത്തിൽ കൂട്ടിച്ചേർക്കുന്നവരുണ്ട്. വായന എപ്പോഴും മാറ്റത്തിന് വിധിക്കപ്പെട്ടിരിക്കുന്നു. വായിക്കുക എന്നു പറഞ്ഞാൽ ഒരാൾ സ്വയം മാറാൻ തയ്യാറെടുക്കുക എന്നാണർത്ഥം. എന്താനാണ് മാറുന്നത് ? ഒരു പുതിയ ലോകത്തെ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പാണിത്.

മഞ്ഞും സസ്യാഹാരവും

എം.ടി എഴുതിയ 'മഞ്ഞ്' ഓരോ വായനക്കാരനും വഹിക്കുകയാണ്. എം.ടി. എഴുതി എന്നത് നേരു തന്നെ .  എന്നാൽ അത് വായിക്കുന്നവൻ്റെ  മനസ്സിൽ ആ നോവൽ എങ്ങനെയാണോ പതിയുന്നത് അതും നേരാണ്.എം.ടിയെ പോലെ അയാളും 'മഞ്ഞ്' മനസ്സിൽ പേറുകയാണ്.എം.ടിയെ പോലെ ആ വായനക്കാരനും വിമലയെ  സ്നേഹിക്കുന്നു .കാത്തിരിക്കുന്നതിൻ്റെ  മൗനത്തെ അശോകപുഷ്പംപോലെ മനോഹരമാക്കുന്ന ആ സ്ത്രീ വായനക്കാരൻ്റെ ആവേശമാണ്. അവൻ്റ സ്വകാര്യതകളിൽ അവൾ നിറയുന്നു .അവൻ തൻ്റെ  വികാരങ്ങൾക്ക് സാധ്യമായ വിധം അവളുമായി മൗനബന്ധം ആരംഭിക്കുന്നു ,സംവാദം നടത്തുന്നു. അവൻ്റെ സ്വകാര്യപ്രണയത്തിൻ്റെ  നഷ്ടപ്പെട്ട എല്ലാ നൂൽബന്ധങ്ങളും അവൾ തിരിച്ചെടുത്തു കൊടുക്കുന്നു. എം.ടിയേക്കാൾ ,ചിലപ്പോൾ  അവളെ അടുത്തറിയുന്നത് വായനക്കാരനാണ്. വിമല വായനക്കാരൻ്റെ മനസ്സിലാണ് അസ്തിത്വം തേടുന്നത്. കാരണം ഓരോ വായനയിലും വായനക്കാരൻ വിമലയെയും മഞ്ഞുതാഴ്വരകളെയും പുനർനിർവ്വചിക്കുന്നു.  അത് വായനക്കാരൻ്റെ മേഖലയാണ്. അവൻ്റെ  ഉത്തരവാദിത്വവുമാണത്. അവന് അതിൽനിന്നും ഒഴിയാനൊക്കില്ല .അവൻ നോവൽ വായനയിലൂടെ അതിൻ്റെ  രചയിതാവായിരിക്കുന്നു. അയാളാണ് നിഴൽ എഴുത്തുകാരൻ .'മഞ്ഞി'ൻ്റെ രചയിതാവിൻ്റെ ഒരു നിഴലാണ് ഓരോ വായനക്കാരനും. വായനക്കാരൻ  എം.ടിയെ പോലെ തന്നെ നോവൽ ഉള്ളിൽ വഹിക്കുകയാണ്. കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ എം.ടിയേക്കാൾ അത് ഉള്ളിൽ കൊണ്ടുനടക്കുന്നത് അതിൻ്റെ വായനക്കാരനാണ്.എം.ടി.തൻ്റെ നോവൽ വീണ്ടും വീണ്ടും വായിക്കുകയില്ല . അതിന് അദ്ദേഹത്തിന് സമയമില്ല. മാത്രമല്ല, ഓരോ വായനയിലും അതിലെ പ്രധാന കഥാപാത്രമായ വിമലയെ വേറൊരു  രീതിയിൽ അദ്ദേശം ദർശിക്കുകയില്ല. അദ്ദേഹത്തിൻ്റെ ലോകത്ത്  തൻ്റെ  നോവൽ പണിതീർത്ത് വച്ചിരിക്കുന്ന വസ്തുവാണ് .അതിൽ ഇനി ഒന്നും ചെയ്യാൻ നിവൃത്തിയില്ല. അത് ഉപയോക്താവിന് കൈമാറിയിട്ടുള്ളതാണ്. ഇനി അത് മാറ്റി എഴുതാനൊക്കില്ല .എന്നാൽ  വായനക്കാരന് പല ആത്മത്വരകളും ഇതുമായി ചേർത്തുവച്ച് കൊണ്ടുനടക്കാനാകും .അവൻ്റെ  ആകുലതകളുടെ നാനാവിധത്തിലുള്ള ആലേഖനങ്ങളായി ഈ കൃതി പുനരവതരിക്കുകയാണ്. ജീവിത സങ്കൽപ്പങ്ങളാൽ ആന്തരികവ്യഥ  അനുഭവിക്കുന്നവർ 'മഞ്ഞ്' വായിക്കുന്നതോടെ വിവിധ അർത്ഥങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. അത് എം.ടി. ചിന്തിച്ചതുപോലുമാകില്ല.  

 


ഇവിടെയാണ് നോവൽ വായനയിലൂടെ  'നിഴൽ' എഴുത്തുകാരനായിത്തീരുന്ന വായനക്കാരൻ തന്നെ വായന എന്ന സൗന്ദര്യാത്മക പ്രക്രിയയുടെ ഉൾപ്പരിവർത്തനം (Mutation) അനുഭവിക്കുന്നത് .നോവൽ അതിനെ തന്നെ നിരാകരിച്ച്‌ വായനക്കാരൻ്റെ  മനസ്സിൽ പല നിർമ്മിതികളായി  മാറുന്നു .ഇത് ആരും മുൻകൂട്ടി നിർവ്വചിക്കുന്നതല്ല. ഉദാഹരണത്തിന് എൻ്റെ അനുഭവം പറയാം. ഞാൻ കോളജിൽ പഠിക്കുമ്പോഴാണ് 'മഞ്ഞ്' വായിക്കുന്നത് .അന്നുതന്നെ വിമലയുടെ പ്രണയവും നോവലിലെ ഹിരണ്മയമായ അന്തരീക്ഷവും എന്നെ ആകർഷിച്ചിരുന്നു.വിഷാദത്തെ ആന്തര സൗന്ദര്യമാക്കുന്ന വിമല എന്ന കഥാപാത്രം എൻ്റെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല .സ്ത്രീകളിൽ തന്നെ പരമോന്നതമായ ഒരു മുഖഭാവം ആ കഥാപാത്രത്തിൽ ദർശിക്കാനായി. ഈ നോവൽ കുറേ വർഷങ്ങൾ കഴിഞ്ഞു വീണ്ടും വായിച്ചപ്പോൾ എൻ്റെ  അനുഭവം വച്ച് അത് ഒരു പ്രചോദനമാകുകയായിരുന്നു; സസ്യാഹാരം വർജിക്കണമെന്ന ചിന്തയാണ് തത്ഫലമായി എന്നിലുണർന്നത്. എന്തുകൊണ്ട് മനുഷ്യൻ മാംസം കഴിക്കുന്നു എന്ന്  കുറ്റബോധത്തോടെ ഞാൻ ചിന്തിച്ചു. അത് മാനവരാശിക്ക് ആകെ വേണ്ടിയുള്ള ഒരു ചിന്തയായിരുന്നു. അതിൻ്റെ ഫലമായി ഞാൻ മാംസാഹാരത്തിൽ നിന്ന് സാവധാനം പിന്തിരിയാൻ തുടങ്ങി. മാംസം പൂർണമായും ഒരു വർഷത്തിനുള്ളിൽ വർജിച്ചു. ഇപ്പോൾ ശരിക്കും ഒരു വെജിറ്റേറിയനാണ്.ഇത് സാഹിത്യത്തിൻ്റെ ശക്തിയല്ലെങ്കിൽ പിന്നെന്താണ് ?

ഒരു നിഴൽ എഴുത്തുകാരൻ്റെ കർമ്മകാണ്ഡമായി ഇതിനെ കാണാം. ഞാൻ 'മഞ്ഞ്' എന്ന നോവലിൻ്റെ നിഴൽ എഴുത്തുകാരനായി. അതെന്നിൽ പ്രവേശിക്കുകയും സ്ഥിരമായി നിലകൊള്ളുകയും ചെയ്യുന്നതിൻ്റെ ഫലമാണിത്. ഇത്  ഉൾപ്പരിവർത്തനത്തിൻ്റെ തലത്തിൽ കാണണം .'മഞ്ഞ്' എന്ന നോവൽ വായനയുടെ വേളയിൽ സ്വയം നിരസിക്കുകയും വായനക്കാരൻ്റെ മനസ്സിൽ മറ്റൊന്നാകുകയും ചെയ്യുകയാണ് ,പലമടങ്ങായി പടരുകയാണ് .ഓരോ വായനയും ആന്തരിക പരിവർത്തനമാണ്. നോവൽ ഉള്ളിൽ പേറുന്നവൻ അതിൻ്റെ നിഴൽ  എഴുത്തുകാരനാവുന്നത് ആ കൃതി അവൻ മറ്റൊരു രീതിയിൽ രചിച്ചതിനു സമാനമാണ്. ഒരാളുടെ ജീവിതാനുഭവം എന്ന നിലയിൽ 'മഞ്ഞ്' പില്ക്കാല ജീവിതങ്ങളെ പല രീതിയിൽ വ്യാഖ്യാനിക്കുന്നു. ഇത് സംഭവിക്കുന്നത് ഉൾപ്പരിവർത്തനമുണ്ടാകുന്നതുകൊണ്ടാണ്.

വലിയ ലോകങ്ങൾ വേണം

ചിലിയൻ എഴുത്തുകാരി ഇസബെൽ അലൻഡെ (Isabel Allande)പറഞ്ഞു, നമ്മുടെ തൊട്ടടുത്തുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം എഴുതാമെന്ന് വ്യാമോഹിക്കരുതെന്ന് .വലിയ ലോകങ്ങളുമായി ബന്ധപ്പെടണം. വലിയ ചിത്രങ്ങൾ, വലിയ കാഴ്ചകൾ, വലിയ സാഹചര്യങ്ങൾ ഒരിക്കലും മറക്കരുത് - അവർ വിശദീകരിക്കുന്നു. കാരണം നമ്മൾ എത്രത്തോളം സ്വയം മനസ്സിലാക്കുന്നുവോ അതിൻ്റെ മറുവശത്ത് അതിവിപുലമായ ഒരു ലോകവുമുണ്ട് .ആ ലോകം നമ്മേക്കാൾ വലുതാണ്. അഖിലലോകവുമായി ബന്ധമുള്ള ,പ്രാപഞ്ചികമായ അനുരണനങ്ങളെ അഭിസംബോധന ചെയ്താൽ നമുക്ക് കുറേക്കൂടി ആഴമുള്ള മാനുഷികതയിൽ എത്താനാവും. ഇരുപതാംനൂറ്റാണ്ടിൻ്റെ  ആദ്യവർഷങ്ങളിൽ കുമാരനാശാൻ എഴുതിയ കവിതകൾ ഒരിക്കലും അദ്ദേഹത്തിൻ്റെ തൊട്ടടുത്തുള്ള സാധാരണ പ്രശ്നങ്ങളായിരുന്നില്ല. 'വീണപൂവ്' ഏറ്റവും നല്ല ഉദാഹരണം. 'കരുണ' മറ്റൊരു വലിയ ലോകമാണ്. 'ചിന്താവിഷ്ടയായ സീത' ആശാൻ്റെ ഗ്രാമത്തിലെ വിഷയമല്ലല്ലോ പകരുന്നത്. ഇങ്ങനെ സ്വന്തം ചിന്താമണ്ഡലത്തെ, വ്യാവഹാരിക ലോകത്തെ ആത്മീയതയിലൂടെ വികസിപ്പിച്ച്‌ ലോകാനുഭവമാക്കുമ്പോഴാണ് യഥാർത്ഥ പ്രതിഭ പ്രവർത്തിക്കുന്നത്.ഈ കാലം അതാവശ്യപ്പെടുന്നു. പീഡിതവും ക്ഷീണിതവുമായ മനസ്സുകളെ രമ്യതയിലേക്ക് കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമിക്കേണ്ടതുണ്ട്. ഭിന്നിപ്പും വർഗീയതയുമല്ല സൃഷ്ടിക്കേണ്ടത് .മതങ്ങളെയും മൂർത്തികളെയും അപകീർത്തിപ്പെടുത്തി, കോലാഹലമുണ്ടാക്കി, സമൂഹത്തിൽ വിദ്വേഷം വിതയ്ക്കുകയല്ല സാഹിത്യത്തിൻ്റെ ധർമ്മം. അങ്ങനെ ചെയ്താൽ ആത്മീയജീവിയല്ലാതാകും. ആത്മീയജീവിയാകുന്നത് ,എഴുത്തുകാരൻ വ്യവസ്ഥാപിത സ്കൂളുകൾ ഉപേക്ഷിച്ച് സ്വയം ഒരു വൈരുദ്ധ്യമാകുമ്പോഴാണ്. ചേരാത്തതിനെ സ്വന്തം മാർഗത്തിൽ ചേർത്തുവയ്ക്കുന്നു. ഇതിനു വിപരീതമായി ,സമീപകാലത്ത് മതവൈരം എഴുതി, വിവാദമുണ്ടാക്കി ചില എഴുത്തുകാർ കുറെ കോപ്പികൾ ചെലവാക്കിയെടുത്തു. ഇത് ധർമ്മമല്ല .

വിസ്മൃതിയുടെ നീണ്ട ഘോഷയാത്ര




ഭാരതം മൃത്യുവിനെ  നിരാകരിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു സ്ഥാനവും കൊടുക്കുന്നില്ല. ബൃഹദാരണ്യകോപനിഷത്തിൽ  അഗ്നിയെ മൃത്യുവായി ദർശിക്കുന്നുണ്ട്. കാരണം മൃത്യു എല്ലാത്തിനെയും ഭക്ഷിക്കുകയാണല്ലോ. എന്നാൽ അഗ്നിയെ ജലം ഭക്ഷിക്കുന്നതാകയാൽ ജലത്തെ അഗ്നിയുടെ മൃത്യുവായി  ഗണിക്കുന്നു.ജലത്തിൻ്റെ മൃത്യു എന്തായിരിക്കും. ?മനുഷ്യന് സംസാര  ജീവിതത്തിലെ പല വേഷപ്പകർച്ചകളിലൂടെയും അവസ്ഥാന്തരങ്ങളിലൂടെയും പോകേണ്ടതുണ്ട് .പലജാതി  മൃഗങ്ങളായും  ഉരഗങ്ങളായും നമ്മൾ ജീവിക്കുകയല്ലേ?. ചിലപ്പോൾ നാം ഇഴയുന്നു. ഒരു യാചകനാകുന്നത്  സർവ്വസാധാരണമായ നിയോഗമാണ്. പാട്ടുപാടുന്നവന് പാടാൻ അവസരം തേടേണ്ടി വരും. അവിടെ കലയ്ക്ക് വേണ്ടി യാചിക്കണം. ചിലപ്പോൾ  ഭാര്യക്കും ഭർത്താവിനും പരസ്പരം യാചിക്കേണ്ടി വരും. ഒരു കാമുകന്  എപ്പോഴും കാമുകിക്ക് മുന്നിൽ യാചിക്കേണ്ടി വരും.ഇഷ്ടമുള്ള പ്രണയത്തിനും രതിക്കും യാചന വേണം. യാചിക്കുമ്പോൾ മനുഷ്യന് വേറൊരു മുഖമാണ്. യാചന നമ്മെ  ഭൂമിയോട് ചേർത്ത് കിടത്തും ,താഴാൻ ഇനി ഇടമില്ലാത്ത വിധം. ഉരഗങ്ങൾ ഭൂമിയിൽ പറ്റിച്ചേർന്നാണല്ലോ സഞ്ചരിക്കുന്നത് .

അതേസമയം പറക്കാനും നമ്മൾ ശീലിച്ചിട്ടുണ്ട്. ഒരിക്കലല്ല , പലപ്പോഴും നാം പറവകളായി രൂപാന്തരപ്പെടുന്നു.പക്ഷികൾ നമ്മുടെ ആത്മത്വരകളുടെ  ആകാശങ്ങളിലേക്കാണ് പറക്കുന്നത്. പ്രത്യക്ഷ ലോകത്ത് നമ്മൾ കാണുന്ന പറവകൾ ,പക്ഷികൾ നമ്മുടെ തന്നെ ത്വരകളല്ലെന്ന് ആരു കണ്ടു. ? മനുഷ്യശരീരത്തിൽ നിന്ന് ഉയർന്നു പറക്കുന്ന പറവകളായി നമ്മെ തന്നെ ഭാവന ചെയ്യാവുന്നതാണ്. ആഗ്രഹിച്ച സ്നേഹവും സമ്പത്തും ലഭിച്ചു കഴിയുമ്പോൾ മനുഷ്യൻ പക്ഷിയായി മാറും. ദൂരെ ,കാണാത്ത ദിക്കുകളിലേക്ക് വെറുതെ ചിറകു വീശിപ്പറക്കും. അപ്പോൾ കുട്ടിക്കാലത്ത് ഒരുമിച്ച്‌ കളിച്ചവരെ , സ്നേഹിച്ചവരെ ഓർക്കാൻ നേരമുണ്ടാവില്ല. അവരെ കൂടെ കൂട്ടാനുമാവില്ല. കാരണം അവർ പക്ഷികളായി വളർന്നിട്ടില്ലല്ലോ. പക്ഷികളാകാൻ അവസരം ലഭിച്ചവർ ,എല്ലാവരെയും താഴെയാണെന്ന് ഉറപ്പാക്കി  ഉയരങ്ങളിൽ തന്നെ വട്ടം കറങ്ങിക്കൊണ്ടിരിക്കും ; റിച്ചാർഡ് ബാക്കിൻ്റെ ജോനഥൻ ലിവിംഗ്സ്റ്റൺ സീഗളി(Jonathan Livingston seagull, Richard Bach) ലെ കാക്കയെപ്പോലെ. ആ പക്ഷി ,പക്ഷേ ജ്ഞാനത്തിൻ്റെ ബലത്തിലാണ് സഞ്ചരിച്ചതെന്ന വ്യത്യാസമുണ്ട്. അത് സവിശേഷ ജ്ഞാനത്തിൻ്റെ സഹായത്താലുള്ള പറക്കലായിരുന്നു. നമ്മൾ തന്നെയാണ് മൃഗങ്ങൾ ,പറവകൾ ,ഉരഗങ്ങൾ. ഹിംസ്ര ജന്തുക്കൾ വേറെ ആരിൽ  തിരയണം?

ജലത്തിൻ്റെ മൃത്യു  എന്തായിരിക്കുമെന്ന ചിന്തയിലുടക്കിയാണ് നമ്മൾ മറ്റു ജീവികളുമാണെന്ന അവബോധത്തിലേക്ക് എത്തിയത്.  മനുഷ്യൻ്റെ മൃത്യു മിഥ്യയാണെന്ന് മഹാഗുരു യാജ്ഞവല്ക്യൻ ബൃഹദാരണ്യകോ പനിഷത്തിൽ ഉപദേശിക്കുന്നു.നമ്മുടെ ശരീരത്തിലെ ,മനസ്സിലെ മൃഗ, പക്ഷി  രൂപാന്തരങ്ങൾക്കെല്ലാം അനിവാര്യമായ   പതനവുമുണ്ട്. അതൊക്കെ കുറെ കഴിയുമ്പോൾ മിഥ്യ എന്ന ജലത്തിൽ ലയിച്ചുചേരും.

എത്ര ഉയരത്തിൽ പറക്കുന്ന പക്ഷിയും  മരിച്ചാൽ താഴെ തന്നെ വരുമല്ലോ. മണ്ണാണ് അതിൻ്റെ മൃത്യു. മണ്ണ് എല്ലാത്തിനെയുമൊടുവിൽ വാരിക്കൂട്ടി എടുക്കുന്നു. മണ്ണ് പാചകശാലയാണ് .ശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും അത് പലതായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. യാജ്ഞവൽക്യൻ പറഞ്ഞത് കലർപ്പില്ലാത്ത ആന്തരികമതമായ  ആത്മാവ് പ്രപഞ്ചസാരത്തിലേക്ക് ലയിക്കുന്നതോടെ അത് മൃത്യുവിനെ ജയിക്കുന്നുവെന്നാണ്‌.  അകന്നിരിക്കലോ,  സ്വപ്നം കാണലോ ,മൗനമോ ,മറവിയോ പോലെ മരണം നമ്മളിൽ നിന്ന് തൂർന്നു പോകുന്നു. ബ്രഹ്മൈക്യം സംഭവിക്കുന്നതോടെ ,പിന്നെ മരണമല്ല ; മറ്റൊരു ശാന്തിയാണ് ഉണ്ടാകുന്നത് .അല്ലെങ്കിൽ തന്നെ ജീവിക്കുന്നു എന്ന് ചിന്തിച്ചുറപ്പിച്ച മനുഷ്യൻ എന്തിനാണ് മരിക്കുന്നത്? ഇതിൽ നിന്ന് നാം എന്താണ് ഗ്രഹിക്കേണ്ടത് ?മരണമില്ലെന്നു തന്നെയാണ്. വിസ്മൃതിയാണ് അവശേഷിക്കുന്നത്.

കാലം എന്ന വിസ്മൃതി

കോടാനുകോടി ഉരഗങ്ങൾ കാടുകളിലും താഴ്വരകളിലും മറ്റും പ്രദേശങ്ങളിലുമായി മരിച്ചു. അതുപോലെ മറ്റു ജീവികളും തിരോഭവിച്ചു. അവയൊക്കെ ജീവിച്ചിരുന്നു. എന്നാൽ അതിനു ഇപ്പോൾ തെളിവില്ല .ലക്ഷം കോടി പഴുതാരകൾ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നത്, അതിൻ്റെ  വർഗ്ഗത്തിൽപ്പെട്ട ഒരെണ്ണമെങ്കിലും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതു കൊണ്ടാണ്. ഒരു ചിത്രം കണ്ടാലും  നമ്മൾ ആ ജീവിയുടെ വർഗ്ഗത്തെ ഓർമ്മിക്കും.ജീവികൾക്ക് പേരോ , പ്രത്യേക പ്രതിഭയോ  ഇല്ലാത്തതുകൊണ്ട് ,അവയെ  വ്യക്തിപരമായി വേർതിരിച്ചറിയാൻ സാധിക്കുന്നില്ല.മനുഷ്യരിൽ  കുറച്ചുപേരെ മാത്രമേ ഓർക്കുന്നുള്ളൂ. അത് സാമൂഹിക ,രാഷ്ട്രീയ സംഘാടനംകൊണ്ടാണ്. ഷേക്സ്പിയർ ഓർമ്മിക്കപ്പെടുന്നു .അത് ഇംഗ്ലീഷ് ഭാഷയുള്ളതുകൊണ്ടും ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ  സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ടുമാണ്. ഷേക്സ്പിയറെപോലുള്ള എത്രയോ പ്രതിഭകൾ ആരുമറിയാതെ  മരിച്ചുപോയി ! മനുഷ്യവർഗത്തിൽ ഒരു  ശതമാനം പോലും ഓർക്കപ്പെടില്ല.

വിസ്മൃതമാവുകയാണ് പ്രപഞ്ചനീതി. പ്രകൃതി ആരുടെയും പേരിലോ, പ്രശസ്തിയിലോ യാതൊരു നീതിയും കാണുന്നില്ല .പക്ഷികളെപ്പോലെയും വൃക്ഷങ്ങളെപ്പോലെയും  മൃഗങ്ങളെപ്പോലെയും മനുഷ്യരും വിസ്മരിക്കപ്പെടുകയാണ് . പ്രവൃത്തികളെല്ലാം ജലരേഖകൾപോൽ അസ്തമിക്കുന്നു. മനുഷ്യരുടെ ഓർമ്മകൾ തന്നെ പരിവർത്തനത്തിന് വിധേയമാണ്. സ്വയമെന്താണെന്നു മനസ്സിലാക്കാതെ മനുഷ്യനു മൃത്യുവിനു ശേഷവും അതിനവസരമില്ല .ഹിറ്റ്‌ലർ ഗ്യാസ്‌ചേംബറിൽ ലക്ഷക്കണക്കിനാളുകളെ കൊന്നല്ലോ. മനുഷ്യർ ഇതര ജീവിവർഗങ്ങളെപോലെ കാലത്തിൻ്റെ  തണുത്തുറഞ്ഞ വിസ്മൃതിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; തെളിവൊന്നും അവശേഷിപ്പിക്കാതെ. തെളിവുകൾ ഉണ്ടെന്ന് ധരിക്കുന്നവരും മൃത്യുവിൻ്റെ നാമത്തിൽ വിസ്മൃതി എന്ന യവനികയ്ക്കുള്ളിലേക്ക് മറയുകയാണ് .ആരും തെളിവുകളുടെ വാഹകരല്ല .

കാലം ഒരു വിസ്മൃതിയാണ്. അതനുഭവിക്കുന്നവർക്ക് ജീവിതവും വിസ്മൃതിയാണ്. മറക്കാൻ വേണ്ടി ഓർമ്മിക്കപ്പെടുന്ന പോലെ. ആയിരക്കണക്കിനു  പതിറ്റാണ്ടുകളിലൂടെ എത്രയോപേർ നിശ്ശൂന്യരായി; മറയ്ക്കപ്പെട്ടു. അവരെ ആരെയും ഓർക്കുന്നില്ല. നമ്മുടെ ബോധത്തിൻ്റെ സമീപത്തുള്ള ഏതാനും പേരെ നൈമിഷികമായി ഓർക്കുന്നുണ്ടാകും. അതും വിസ്മൃതിയുടെ വായിലേക്ക് പോകാനുള്ളതാണ് .ശ്മശാനത്തിനു പോലും താങ്ങാനാവാത്ത നിശ്ശൂന്യതയാണത്. കാലത്തിൻ്റെ  അഗാധമായ മറവി മാത്രം  ശേഷിക്കുന്നു. ഇതിൻ്റെ വെളിച്ചത്തിൽ ചോദിക്കാം, മനുഷ്യൻ ശരിക്കും ജീവിക്കുന്നുണ്ടോ? യുദ്ധം ചെയ്തും   ബുദ്ധികൊണ്ട് കണക്കുകൂട്ടിയും നേടുന്നതെല്ലാം ഒരു വൈറസ് വന്ന്  നശിപ്പിക്കുന്നത് നാം കണ്ടു. അതിൻ്റെയർത്ഥം, ജീവിതമെന്നത് വളരെ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു തോന്നലാണ് എന്നല്ല ? യാഥാർത്ഥ്യം പിടിതരാത്തവിധം വികാരമായി ചുരുങ്ങുകയാണ് .

നവാദ്വൈതവും അനന്തതയും



ലൂയി ബോർഹസിൻ്റെ 'സർക്കിൾ റൂയിൻസ്('Circle Ruins) എന്ന കഥയിൽ, സ്വപ്നം കാണുന്നതും ജീവിക്കുന്നതും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യൻ മറ്റാരുടെയെങ്കിലും സ്വപ്നമാണോയെന്ന് കഥയുടെ ഒടുവിൽ ചോദിക്കുന്നു. 
ഇവിടെയാണ് നവാദ്വൈത ദർശനത്തിൻ്റെ വ്യാപ്തി ബോധ്യപ്പെടുക. നവാദ്വൈതത്തിൽ ഒന്നിനും ഒരു അന്തിമബിന്ദുവില്ല. ഭാരതീയവേദാന്തത്തിൽ ബ്രഹ്മം ,ബുദ്ധദർശനത്തിൽ നിർവ്വാണം, ക്രിസ്തീയതയിൽ സ്വർഗ്ഗം എന്നിങ്ങനെയുള്ള അന്തിമബിന്ദു നവാദ്വൈതത്തിലില്ല. നവാദ്വൈതത്തിനു ശങ്കരൻ്റെ അദ്വൈതവുമായോ വേദാന്തവുമായോ ഒരു ബന്ധവുമില്ല .ഇത് വാക്ക് ,മനസ് ,ചിന്ത ,കല എന്നിങ്ങനെയുള്ള സമസ്യകളുമായി സംവദിക്കുന്ന തത്ത്വചിന്തയാണ്.അതിൽ ഒരു ഏകത്വമുണ്ട്. അത് സ്വയം നിരാസം, സ്വയം നിർമ്മാണം എന്നീ പ്രക്രിയകൾ ഒരു നിമിഷത്തിനുള്ളിൽ സംഭവിക്കുന്നു എന്ന തത്ത്വമാണ്.

അനന്തത എന്ന ആശയം  നാം എവിടെയും അഭിമുഖീകരിക്കുന്നു. നവാദ്വൈതം അത് വ്യക്തമാക്കിത്തരും.
നവാദ്വൈതം ഒരു നിമിഷത്തിനുള്ളിലാണ് സംഭവിക്കുന്നത്. നവമായ അദ്വൈതമാണത്;വേദാന്തികളുടെ  പ്രാപഞ്ചികമായ അദ്വൈതമല്ല .രണ്ട് ഇല്ല എന്ന് അവർ പറയുന്നതിൻ്റെ  അർത്ഥം ബ്രഹ്മം മാത്രമേ ഉള്ളൂ എന്നാണ്. ഇവിടെ രണ്ട് ഇല്ല എന്നാൽ  ഒരു നിമിഷം മാത്രമേയുള്ളൂ എന്നാണർത്ഥം; മറ്റൊന്നില്ല .ആ നിമിഷത്തിൽ ചില കാര്യങ്ങൾ സംഭവിക്കുന്നു. നാമവിടെ സ്വയം നിരസിക്കുന്നു; സ്വയം മായ്ച്ചുകളയുന്നു, പുറത്തുള്ള യാതൊന്നുമായി കൂടിച്ചേരാൻ .ആ നിമിഷത്തിൽ തന്നെ സ്വയം നിർമ്മിക്കുകയും ചെയ്യുന്നു .ഒരു നിർമ്മാണം എന്ന ക്ലിപ്തതയില്ല. പല രീതികളിൽ ,പല തലങ്ങളിൽ, പല ഭാവങ്ങളിൽ ആ നിർമ്മാണം നടക്കുന്നു. മനസ്സ് അങ്ങനെയാണ് നിലനിൽക്കുന്നത്. കല അങ്ങനെയാണ് ഉണ്ടാകുന്നത്.
ഒരു വലിയ കരിങ്കല്ലിൽ നിന്ന് യേശുവിനെകൊത്തിയെടുക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന് , ശില്പി തൻ്റെ  മനസ്സിൽ നിന്ന് സ്വയം മായ്ച്ചകളയണം. രണ്ട് ,കല്ല് സ്വയം ഉപേക്ഷിച്ച് ക്രിസ്തുവാകണം .കല്ലിനു ക്രിസ്തുവായാൽ മതിയെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകുന്നത് കലാകാരൻ്റെ  മനസ്സാണ് .അതുകൊണ്ട് കല്ലിൽ മറ്റൊരു രൂപവുമില്ലെന്ന്  അർത്ഥമില്ല. കല്ല് അപ്പോൾ ക്രിസ്തുവാകുന്നു എന്നു മാത്രം. കല്ലിലെ അനന്തകോടി ഭാവങ്ങൾ മറയ്ക്കപ്പെടുന്നു. ഇങ്ങനെയാണ് മനസ്സും കലാസൗന്ദര്യവും നിലനിൽക്കുന്നത്

മൃത്യുവും ഇവിടെ അന്തിമ മല്ല .കാരണം ,മൃത്യു ഒരാശയവും ചിന്തയുമായി മറ്റുള്ളവരിൽ നിലനില്ക്കുന്നു .അവരിലൂടെ മൃത്യു  മറികടക്കപ്പെടുന്നു. മൃത്യുവിൽ അവസാനിക്കുന്നില്ല, ഒന്നും.  ജീവിതത്തിലെ പല മാനങ്ങൾ പോലെ, വിവിധ പാളികൾ പോലെ ചിതറി പോവുകയാണ് .മനുഷ്യനു  ഒരിടത്തുചേർന്ന് അന്തിമശാന്തി നേടാനൊക്കില്ല. ചിലപ്പോൾ അവൻ  ശരീരം എന്ന കവചം  ഉപേക്ഷിച്ചേക്കാം. ശരീരമില്ലാതെയാണല്ലോ അവൻ  പിറവിക്കു മുമ്പ് കഴിഞ്ഞത്. പിറക്കുമെന്ന് ഉറപ്പില്ലാതിരുന്നതു പോലെ മരിക്കുമെന്നും ഉറപ്പില്ല. മരിക്കുന്നത് ശരീരമാണെങ്കിൽ, അത് പല ഓർമകളായി വഴി പിരിയുകയാണ്. ഒരു ശരീരം, ഓർമ്മ ,അന്ത്യം എന്നിങ്ങനെയുള്ള രൂപഭദ്രത ജീവിതത്തിനില്ല .ഇതൊന്നും ശേഷിക്കയില്ലല്ലോ.ജീവിതം മിഥ്യയാകുന്നത് ഈ അവ്യക്തത നിലനിൽക്കുന്നതുകൊണ്ടാണ്.  ചെയ്യുന്നതെല്ലാം തെറ്റാണെന്ന് തോന്നുകയും രണ്ടാമതൊന്നുകൂടി ജീവിക്കാമെന്ന് മോഹിക്കുകയും  ചെയ്യുന്നത് മിഥ്യയുടെ ആഴം വ്യക്തമാക്കുന്നു.ആ മിഥ്യ  മരണത്തിലുമുണ്ട്. നമുക്ക് മരണമില്ല; മറ്റുള്ളവരുടേതാണ് മരണം. നമ്മൾ ജീവിച്ചതിനു തെളിവുമില്ല . മറ്റുള്ളവരുടെ മരണത്തെ നമ്മൾ അനന്തമായ ചർച്ചകളും കലകളുമാക്കുന്നു. മരണത്തെ ദീർഘിപ്പിച്ചെടുക്കുന്നു. അങ്ങനെ മരണം മിഥ്യകളിലുള്ള ചർച്ചയാകുന്നു.  സ്വയം നിരാസവും സ്വയം നിർമ്മാണവും പുതിയ അർത്ഥരൂപീകരണം സാധ്യമാക്കുന്നതിങ്ങനെയാണ്. ഇവിടെ അനുഭവങ്ങളുടെ കേന്ദ്രമായി ഉണ്ടായിരുന്ന മനുഷ്യൻ അപ്രത്യക്ഷനാകുന്നു. എന്നാൽ അനുഭവങ്ങൾ മറ്റുള്ളവരിൽ അനിയന്ത്രിതമായ അർത്ഥ പരിണാമങ്ങളായി വഴി പിരിയുന്നു.

ആത്മ, ബ്രഹ്മൈക്യം ഒരന്തിമ ബിന്ദുവാകുന്നതുകൊണ്ടാണ് വേദാന്തത്തിൽ മനുഷ്യൻ ഭൗതികമായി, മൂർത്ത യാഥാർത്ഥ്യമായി നിലകൊള്ളുന്നത്. അവിടെ അവൻ കേന്ദ്രമായിരുന്നു.നവാദ്വൈതത്തിൽ അവൻ കൃത്യമായി ഉപേക്ഷിക്കുന്നത് തൻ്റെ ശരീരത്തെയും അതിൻ്റെ നൂറുകൂട്ടം പ്രശ്നങ്ങളെയുമാണ്. നവാദ്വൈതത്തിൽ മനുഷ്യൻ കേന്ദ്രമേ അല്ല. അവൻ എങ്ങോട്ടും നീളാവുന്ന ആശയചർച്ചയാണ്. മറ്റുള്ളവർ സൃഷ്ടിക്കുന്ന യാഥാർത്ഥ്യവുമാണ്.  തുടർച്ചകളിൽ ജീവിക്കുക ,പലതായി പരിയുക , ഒരിക്കലും അവസാനിക്കാത്ത ഉൾപ്പിരിവുകളാവുക എന്നിങ്ങനെയാണ് അവൻ നിലനില്ക്കുന്നത്.


എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME