2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 അനുധാവനം

കഥകൾക്ക് വേണ്ടത്
കാഴ്ചയുടെ മൂർച്ച


എം.കെ.ഹരികുമാർ



വൈക്കം മുഹമ്മദ് ബഷീറിനെ ഓർക്കുമ്പോഴൊക്കെ ഒന്ന് വണങ്ങി പോകും .കാരണം ,അദ്ദേഹം താൻ  എഴുതിയതിൽ നിന്ന് ഒട്ടും വ്യതിചലിച്ചിട്ടില്ല. എഴുത്ത്  അവസാനിപ്പിച്ച് ബേപ്പൂരിലെ തൻ്റെ പുരയിടത്തിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലേക്ക് പിൻവാങ്ങിയപ്പോൾ, അദ്ദേഹത്തിൻ്റെ ജീവിതവും ശരീര ഭാഷയും സംസ്കാരവും ആ  കൃതികളിലെ സാരവത്തായ അഭിവാഞ്ചകളിൽ നിന്ന് ഒട്ടും ഭിന്നമല്ലായിരുന്നു. ആ മരച്ചുവട്ടിൽ അദ്ദേഹത്തിൻ്റെ മുന്നിൽ ഏതാനും മണിക്കൂർ ഞാൻ ഇരുന്നിട്ടുണ്ട്. അദ്ദേഹം ഒരു ഈഗോയും കാണിച്ചില്ല. വളരെ ശ്രദ്ധാലുവായിരുന്നു. സാമാന്യമായ ഒരു മനുഷ്യൻ്റെ അകൃത്രിമത്വം ആ പെരുമാറ്റത്തിൽ നിറഞ്ഞു തുളുമ്പി. ഇതിൽ ഒരു വലിയ പാഠമുണ്ട് .എന്തെഴുതിയാലും അതിനോട് ഒരു ബന്ധം ഉണ്ടാവണം. അനുഭവിച്ചത് എഴുതുമ്പോഴുള്ള സത്യസന്ധത പ്രധാനമാണ്. അതില്ലാതാകുന്നതാണ് ഇന്നത്തെ കഥകളുടെ പ്രശ്നം .ഭാവനയും ക്രാഫ്റ്റും നമ്മെ കുറെയൊക്കെ രക്ഷിക്കും. പക്ഷേ ,സ്വന്തം മനസ്സ് വഞ്ചിക്കാതെ നോക്കണം. 

വൈശാഖൻ എഴുതിയ 'ജയിലിലെ  പൂന്തോട്ടം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 28) ഭാവനയോ ക്രാഫ്റ്റോ ഇല്ലാതെ എവിടെയോ ചിതറിപ്പോകുന്നു. അദ്ദേഹം മധ്യവയസ്സ് പിന്നിട്ട ഒരുവൻ്റെ  പ്രണയവും വിവാഹമോഹവുമാണ് പ്രതിപാദിക്കുന്നത്. മലയാളി മധ്യവർഗ്ഗ ജീവിതത്തിൻ്റെ സ്വാർത്ഥതയിലേക്കും ജീർണതയിലേക്കും ചെന്നു പതിക്കുകയാണ് ഈ കഥ .ഒന്നും ചെയ്യാനില്ലെങ്കിൽ പ്രേമിക്കാമെന്ന് കരുതുന്ന നായകന്മാർ  ഉണ്ടാകുകയാണ് .എന്നാൽ അയലത്തെ സ്ത്രീയുമായി ശ്രംഗാരത്തിനിറങ്ങുന്ന കഥാപാത്രം ,മറ്റൊരു അയൽ വീട്ടുകാരനുമായി പുരയിടത്തിൻ്റെ  അതിർത്തിയെ ചൊല്ലി വഴക്കിട്ട് ജയിലിൽ പോവുകയാണ് .ജയിലിൽ കിടന്ന് ഒരു കാല്പനിക നായകനെപ്പോലെ നിലാവ് ആസ്വദിക്കുകയാണ് .ഇതിൽ ഒരു കഥാകൃത്ത് എഴുതി വായനക്കാരെ അറിയിക്കേണ്ടതായി എന്താണുള്ളത് ?.

എല്ലാവർക്കും അറിയാവുന്ന കാര്യമാണിത് .കല്യാണം കഴിക്കാതെ തുടരുന്ന ഒരാൾ പ്രേമത്തിലേക്ക് എത്തിനോക്കാൻ സാധ്യതയുണ്ട്. പ്രേമിച്ചാൽ പിന്നെ വിവാഹമല്ലാതെ വേറെന്താണുള്ളത്.? വൈശാഖൻ്റെ പ്രണയസങ്കല്പം വിവാഹത്തിനുള്ള ഒരു മുന്നൊരുക്കമാണ്. കഥാപാത്രങ്ങൾക്ക് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ആവില്ലല്ലോ .അവർ വൈശാഖനെ പോലുള്ളവരുടെ തടവറയിലാണ്.മലയാളി മധ്യവർഗത്തിൻ്റെ സ്ഥിരം ലാവണങ്ങളിലേക്ക് കഥാപാത്രങ്ങളെല്ലാം ചെന്നടിയുകയാണ്.

എന്തിനാണ് മൗലികത ?

ഇപ്പോഴും ചിലർ ആശയപ്രചാരണങ്ങൾക്കായി  ശ്രമിക്കുകയാണ്. കഥയിൽ ആരും തൊടാത്ത  പ്രമേയങ്ങളില്ല. പലരും പറഞ്ഞത് തന്നെയാണ് എല്ലാവരും എഴുതുന്നത്.എന്നാൽ അത് എഴുതുന്ന ശൈലിയും ,രൂപവും മാറേണ്ടതുണ്ട്‌. അതു  മാത്രമേ കഥാകൃത്തിനു  ചെയ്യാനുള്ളൂ. ഒരു നോട്ടം സ്വന്തമായി ഉണ്ടാകണം. ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ഫെർനാണ്ടോ സൊറൻ്റിനോ (Fernando Sorrentino) ഇങ്ങനെ പറഞ്ഞു :"എല്ലാ പുസ്തകങ്ങളും എഴുതപ്പെട്ട മറ്റു പുസ്തകങ്ങളിൽ നിന്നാണ് പിറവിയെടുക്കുന്നത് .അതിൽ നമ്മൾ വായിക്കാത്ത പുസ്തകങ്ങളുമുണ്ട്. ബോർഹസ് പറഞ്ഞതിൽ നിന്ന് അല്പം വ്യത്യാസപ്പെടുത്തി പറയാം ,എല്ലാം എഴുതപ്പെട്ടു കഴിഞ്ഞു. എന്നാൽ എങ്ങനെ എഴുതുന്നു എന്നതാണ് പ്രധാനം, എന്ത് എഴുതുന്നു എന്നതല്ല .സാഹിത്യത്തിൽ മൗലികതയുണ്ട് ,അത്  നമുക്ക് കണ്ടെത്താം .എങ്ങനെയാണ് ഒരു പ്രമേയത്തെ സമീപിക്കുന്നതെന്ന കാര്യമാണ് പ്രധാനം;എന്തിനെക്കുറിച്ചാണെന്നതല്ല."


നമ്മുടെ എഴുത്തുകാരിൽ വലിയൊരു വിഭാഗം ,കഥയെ സൗന്ദര്യാത്മകമായ  പ്രശ്നമായി കാണുന്നേയില്ല. അവർ കഥയെ ഒരു വിഷയം വിനിമയം ചെയ്യാനുള്ള ഉപാധിയായാണ് സമീപിക്കുന്നത്.

ബി.മുരളിയുടെ 'കറൻസി' (പ്രസാധകൻ ഓണപ്പതിപ്പ് ) ബാഗിൽ സൂക്ഷിച്ച പണം പ്രളയകാലത്ത് നഷ്ടപ്പെടുന്നതാണ് പ്രതിപാദിക്കുന്നത് .വെള്ളം കയറിയപ്പോൾ പണമടങ്ങിയ ബാഗ് ഒഴുകിപ്പോയി .ഒരുവർഷം കഴിഞ്ഞ് ബാഗ് റവന്യൂ അധികൃതർ കണ്ടെത്തി. അപ്പോൾ നോട്ടുകൾ വെള്ളത്തിൽ വീണു കുതിർന്നു .ഇതൊക്കെ എഴുതേണ്ടതിൻ്റെ ആവശ്യകത എന്താണ് ?ഇതുകൊണ്ട് എന്താണ് നേടാനുള്ളത് ?മുരളിയുടെ ഭാഷയാകട്ടെ തീരെ ദുർബ്ബലവും.അഗാധമായ ഒന്നിനെയും സ്പർശിക്കാൻ കഴിവില്ലാത്ത ഭാഷ. തൻ്റെ പ്രമേയം മനസ്സിലിട്ട് ധ്യാനിച്ച് ,അതിലൂടെ അപൂർവ്വമായ ഒരു ഉൾവെളിച്ചമുണ്ടാക്കണമെന്ന ചിന്ത പോലും കഥാകൃത്തിനില്ല.

കോമൺവെൽത്ത് പുരസ്കാരം നേടിയ കൃതിക പാണ്ഡേയുടെ കഥ 'മഹത്തായ ഇന്ത്യൻ ഛായയും ഖടിയും' (ഭാഷാപോഷിണി ,ഡിസംബർ) പരിഭാഷ ചെയ്തത് വ്യർത്ഥമായി.  ഭാവനയുടെ അപൂർവ്വതയോ കാന്തിയോ ഇല്ലാത്ത കഥയാണിത്. ഇത് ഇടത്തരം കഥയാണ് .ഇതിൻ്റെ  വിവരണകലയിൽ മനുഷ്യരാശിക്ക് വേണ്ട യാതൊന്നുമില്ല. ഈ കാലത്ത് ഇങ്ങനെ കഥ പറയേണ്ടതുണ്ടോ ?

അനുഭൂതിയുടെ മനസ്സ്

എങ്ങനെ കഥയെഴുതണമെന്ന് പറയേണ്ട കാര്യം ഈ കോളമെഴുതുന്നയാളിനില്ല .കഥയെക്കുറിച്ച് എനിക്കുള്ള അവബോധം  ഉപയോഗിക്കുന്നത് ഞാൻ കഥ എഴുതുമ്പോഴാണ് .കഴിഞ്ഞവർഷം ' ഫoഗസ്' എന്ന പേരിൽ ഞാൻ സാമാന്യം ദീർഘമായ ഒരു കഥയെഴുതി. ഭോപ്പാലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'നർമ്മദ ' ദ്വൈമാസികയിലാണ് അച്ചടിച്ചുവന്നത്.  പുതിയ കലയെ ഇഷ്ടപ്പെടുന്ന കുറേപ്പേർ ആ കഥ ശ്രദ്ധിക്കുകയും അവരിൽ ചിലർ അതിനെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയും ചെയ്തു. വ നവമാധ്യമങ്ങളിലും എഴുതി.  റഷ്യൻ പശ്ചാത്തലത്തിലാണ് 'ഫംഗസ്' എഴുതിയിരിക്കുന്നത്‌. ഇപ്പോൾ 'ഫoഗസ്' ആമസോൺ കിൻഡിലിൽ വായിക്കാവുന്നതാണ്‌. ആ ടെക്നിക് ഞാൻ കണ്ടെത്തിയത് ഫിക്ഷ്ൻ എന്താണെന്ന എൻ്റെ വർഷങ്ങൾ നീണ്ട അന്വേഷത്തിൻ്റെ ഭാഗമായാണ്. ഫിക്ഷ്ൻ എന്നാൽ  റിയാലിറ്റിയല്ല എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. റിയാലിറ്റി എന്നു പറയുന്നത് വളരെ തുറന്നതാണ്‌. അത് കഥാകൃത്തിനെന്നതു പോലെ മറ്റുളളവർക്കും അനുഭവിക്കാവുന്നതാണ്. അതിനെക്കുറിച്ച് എഴുതുന്നതിലൂടെ എന്താണ് വായനക്കാർക്ക് കൊടുക്കാനാവുക ?എല്ലാവരുടെയും റിയാലിറ്റിയെക്കുറിച്ച് എഴുതേണ്ടതില്ല.പുതിയൊരു കാഴ്ചാനുഭവ (perception) മാണ് എഴുതേണ്ടത്. എല്ലാവർക്കും അറിയാവുന്നത് എഴുതാൻ എഴുത്തുകാരൻ്റെ ആവശ്യമില്ല.  ഇങ്ങനെ കഥ എഴുതണം എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്നാൽ  ഒരു വായനക്കാരൻ എന്ന നിലയിൽ മറ്റുള്ളവരുടെ കഥയെക്കുറിച്ച് പ്രതികരിക്കാനാവും. ഒരു നല്ല വായനക്കാരനാവാൻ എഴുത്തുകാരനാവുന്നതിനേക്കാൾ നൂറിരട്ടി കഷ്ടപ്പെടണം. അനുഭൂതിയിലൂടെ കടന്നുപോകുന്ന ഒരു മനസ്സ് നിർമ്മിക്കേണ്ടി വരും. വായനയുടെ വിവിധവഴികൾ താണ്ടിയാൽ നമുക്ക് അർത്ഥവത്തായ സമീപനങ്ങളിൽ എത്തിച്ചേരാനാകും. വലിയ മനസ്സുകൾ എങ്ങനെ ചിന്തിക്കുന്നു എന്ന് അറിയണം. ദീർഘമായ ഒരു കാലഘട്ടത്തിലെ വായന ഇതിനാവശ്യമാണ്.

മാധവിക്കുട്ടിയുടെ റൊമാൻറിക്
റിയലിസം



മാധവിക്കുട്ടി ഫെമിനിസ്റ്റല്ല; കപട ബുദ്ധിജീവിയുമല്ല. അവർ ഓരോ സമയത്തും തൻ്റെ സത്യങ്ങൾ വിളിച്ചു പറഞ്ഞു. ആ സത്യങ്ങൾ സനാതനമായിരുന്നില്ല. സ്വാഭാവികമായി  സത്യസന്ധത കാണിക്കുകയായിരുന്നു. അതിൽ വളരെ ശുദ്ധമായ മാനുഷികതയുണ്ട്. മനുഷ്യൻ പൊള്ളയായ ,സ്നേഹമില്ലാത്ത ആദർശമല്ലെന്ന് അവർ തെളിയിച്ചുകൊണ്ടിരുന്നു .

മാധവിക്കുട്ടിയുടെ കഥകളിൽ കേശവദേവിൻ്റെയോ തകഴിയുടെയോ കഥകളിൽ കാണുന്ന റിയലിസമില്ല .ആ റിയലിസം, കലാകാരിയായതുകൊണ്ട് മാധവിക്കുട്ടിക്ക് സ്വീകാര്യമായിരുന്നില്ല. വസ്തുനിഷ്ഠതയല്ല, താൻ മനുഷ്യവ്യക്തി (human person) യായി ജീവിക്കുന്നതിൻ്റെ വൈകാരിക പ്രശ്നങ്ങളാണ് അവർ ആവിഷ്കരിച്ചത് .അവർ സദാചാരത്തെക്കുറിച്ചോ, സാമൂഹ്യനിർമ്മിതികളായ കുടുംബം, രതി ,പദവി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചോ വേവലാതിപ്പെടുന്നതിനു പകരം കലാകാരി എന്ന നിലയിലുള്ള അസ്തിത്വത്തെ പുറത്തെടുക്കുകയാണ് ചെയ്തത്. 'സോനാഗാച്ചി' എന്ന ഒരൊറ്റ കഥയിലൂടെയാണ് മാധവിക്കുട്ടി  മലയാളകഥയെ വേറൊരു ചാലു വെട്ടി ഒഴുക്കിയതെന്ന് ഞാൻ വിചാരിക്കുന്നു. ഇത് വെറും റിയലിസമല്ല; റൊമാൻറിക് റിയാലിസ(Romantic realism)മാണ് . അയ്ൻ റാന്തിൻ്റെ കൃതികളിൽ കാണുന്ന പോലെ വ്യക്തിപരമായ മനസ്സുകൊണ്ട് അലങ്കരിച്ച റിയലിസമാണ് മാധവിക്കുട്ടിയും അവതരിപ്പിച്ചത് .  യാഥാർത്ഥ്യത്തെ, അതിൻ്റെ  ക്രൂരമായ പീഡനങ്ങളെ  നേരിടുമ്പോൾ തന്നെ
അതിനുള്ളിൽ മാനുഷികതയുടെ സ്വപ്നങ്ങൾക്കും ഏകാന്തതയുടെ പ്രതികരണങ്ങൾക്കും ഇടമുണ്ടാകുകയും അന്തർമുഖമായ സൗന്ദര്യാത്മകത വിടരുകയും ചെയ്യുകയാണ്. താൻ സ്വപ്നം കൊണ്ടാണ് ജീവിക്കുന്നതെന്ന് ഒരു എഴുത്തുകാരി കരുന്നതുന്നതിനെ വായനക്കാരായ നമ്മൾ ആദരിക്കണം .വൈകാരിക ജീവിതം പ്രധാനമാണ് .ഒരു അമേരിക്കൻ എഴുത്തുകാരൻ പറഞ്ഞു ,തൻ്റെ  ഏറ്റവും വലിയ ദുഃഖം ഷേക്സ്പിയർ മരിച്ചുപോയതാണെന്ന് .മാധവിക്കുട്ടിയും ഈ എഴുത്തുകാരൻ്റെ മനോഭാവം പ്രകടിപ്പിക്കുന്നു. ലോകത്തിൻ്റെ ഹൃദയമില്ലാത്ത നീതിക്ക്  ബദലായി ആത്മാവിൻ്റെ  ലോകത്തിൽ അഭയം തേടുന്നു. ആത്മഭാഷണങ്ങളിലൂടെയാണ് അവർ റൊമാൻറിക് റിയലിസമുണ്ടാക്കിയത്. ലോകം ഒട്ടും സുന്ദരമല്ലെന്ന് മനസ്സിലാക്കുന്നവർ അതിൻ്റെ  നിസ്സാരതയെ സർഗ്ഗശേഷികൊണ്ട് മറികടക്കാൻ ഒരുങ്ങുകയാണ് .ലോകം  ചുരുങ്ങുമ്പോൾ അന്ധതയും ബധിരതയും ക്രൂരതയുമാണ് മൂല്യങ്ങളുടെ സ്ഥാനത്ത് വരുക. നിമിഷങ്ങൾകൊണ്ട് കനം വയ്ക്കുന്ന ഈ തകർച്ചയെ മാധവിക്കുട്ടി  സ്വപ്നങ്ങൾകൊണ്ട് മാനുഷികമാക്കുന്നു. അത് വ്യക്തിയുടെ ജീവിതത്തിൻ്റെ ആന്തരമായ നാടകമാണ്.

മനസ്സിനകത്ത് പൂക്കൾ





ജോൺ സാമുവൽ എഴുതിയ 'ശരീരശാസ്ത്രപരം' (മെട്രോവാർത്ത വാർഷികപ്പതിപ്പ്) അസ്തിത്വത്തിൻ്റെ രഹസ്യം തേടുന്ന കഥയാണ്. ഈ കഥ ആദിമമായ രതിയുടെ കയറ്റവും ഇറക്കവും വിശദമാക്കുന്നു.മനുഷ്യൻ  അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്, രതികൊണ്ടുകൂടിയാണ് .ചോറ് കിട്ടാത്തതിൻ്റെ പേരിൽ ,കിടക്കാൻ ഇടമില്ലാത്തതിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യില്ല; കൊലപാതകം ചെയ്യില്ല .എന്നാൽ  സെക്സ് കിട്ടാത്തതിൻ്റെ പേരിൽ ,പ്രണയനഷ്ടത്തിൻ്റെ പേരിൽ ഭ്രാന്ത് വരാം; മരിക്കാൻ തയ്യാറാവും. ഇതാണ് മനുഷ്യൻ. അവൻ വികാരങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ഇവിടെ ഒരാളുടെ മനസ്സിൽ രണ്ട് പെണ്ണുങ്ങൾ ഒരേ വികാരം ജനിപ്പിക്കുന്നു. ആദ്യത്തേത് അവൻ്റെ  ബാല്യകാലസഖി ആയിരുന്നു. മറ്റേത് അവൻ്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയാണ്. ആ സ്ത്രീ അവനെ കാമാനുഭവങ്ങളിലേക്ക് ക്ഷണിക്കുന്നു. പഴയ കുട്ടിയോടുണ്ടായിരുന്നു ഇഷ്ടം ഈ മുതിർന്ന സ്ത്രീയിലൂടെ  സാക്ഷാത്കരിക്കാൻ അവൻ  ആഗ്രഹിക്കുന്നു .എന്നാൽ ആ സ്ത്രീ  വിവാഹിതയായി പോകുന്നതോടെ അവൻ്റെ മനസ്സിൽ പകയുടെ പുകച്ചുരുളുകൾ ഉയരുകയായി. പ്രണയം തന്നെയാണോ വെറുപ്പ്? രണ്ടും ഒന്നു തന്നെയാണോ?  മഴയാണ് ,ജോൺ സാമുവലിൻ്റെ കഥയിൽ രതിയുടെയും പ്രണയത്തിൻ്റെയും വാഹകയായി  എത്തുന്നത്. " വളരെ പണ്ട്, വീശിയടിക്കുന്ന കാറ്റിൽ, തുള്ളിക്കൊരുകുടം പോലുള്ള മഴത്തുള്ളികളിൽ നിന്ന് രക്ഷനേടി സ്കൂളിൻ്റെ വരാന്തയിൽ നില്ക്കുമ്പോൾ, അങ്ങേയറ്റത്ത്  തണുത്തുവിറച്ചു നിന്ന ശിവകാമിക്കും  തനിക്കുമിടയിലുണ്ടായിരുന്നു മഴയുടെ സാന്നിദ്ധ്യം. സുമതിയുമായുള്ള ചങ്ങാത്തം ദൃഢമായത്  മഴയുടെ സാന്നിധ്യത്തിലായിരുന്നു. മൂവാണ്ടൻ  മാവിൻ കൊമ്പുകൾക്കു താഴെ മാങ്ങ പെറുക്കുമ്പോഴും മഴ തനിക്കും സുമതിക്കും മേലെ കുസൃതിയോടെ പെയ്തിറങ്ങിയിരുന്നു. ഇപ്പോൾ പകരം വീട്ടാനെത്തുമ്പോഴുമുണ്ട് മഴ തന്നോടൊപ്പം " .
മഴ പ്രണയവും രതിയുമായി കഥയിൽ ഒരു കാല്പനിക റിയലിസം സൃഷ്ടിക്കുകയാണ്. ഇതാകട്ടെ ധ്വനാത്മകമാണ് .

നെരൂദയെ മഴ വിളിച്ചു

ചിലിയൻ കവി പാബ്ളോ നെരൂദ  ഇങ്ങനെ എഴുതി:
"My poetry was born between the hill and the river,
It took its voice from the rain "

എൻ്റെ കവിത മലയ്ക്കും നദിക്കും ഇടയിലാണ് പിറന്നത്; അത് മഴയിൽ നിന്നാണ് ശബ്ദം കണ്ടെടുത്തത്. കവികൾ ഇങ്ങനെ സ്വന്തം മനസ്സിൻ്റെ ചേരുവകൾ കണ്ടുപിടിക്കണം. എഴുത്തുകാർ ഇങ്ങനെ ആയിരിക്കണം.  തൻ്റെ കവിതയുടെ ശബ്ദം മഴയുടേതാണെന്ന് പറയാൻ തക്ക സർഗ്ഗശേഷി നേടണം.

എന്നാൽ പലപ്പോഴും ആളുകൾ പറയാറുള്ളത് പ്രത്യയശാസ്ത്രങ്ങളും പാർട്ടികളുമാണ് തങ്ങളുടെ രചനകൾക്ക് ശബ്ദം നൽകിയതെന്നാണ്. ഇത് ഉപരിപ്ളവ ബുദ്ധിയാണ്;ചീത്തവിചാരമാണ് .

പൂച്ചകൾക്ക് സമാധാനം ,സെക്സ്

സോക്രട്ടീസ് .കെ വാലത്ത് ,ജയ്സൺ ജോസ് ,ഷീബ ഇ.കെ. എന്നിവരുടെ  കഥകൾ താല്പര്യപൂർവം വായിച്ചു. സോക്രട്ടീസിൻ്റെ 'കദ്രു അമ്മായി  കണ്ടതും കാണാത്തതും ' എന്ന കഥ ( എഴുത്ത് ,ഒക്ടോബർ ) കൊറോണക്കാലത്ത്  സംഭവിക്കാനിടയുള്ളതായി തോന്നി.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് അന്യവ്യക്തിയെ വീട്ടിൽ താമസിപ്പിക്കേണ്ടി വന്ന ഒരു ഗ്യഹ സ്ഥൻ്റെ പ്രശ്നങ്ങളാണ് വിവരിക്കുന്നത്. ഉറക്കമൊഴിച്ച് കുറെ  ദിവസങ്ങൾ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല; അയാളുടെ ഭാര്യയും അന്യവ്യക്തിയുമായി സംഗമിച്ചു. അയാളത് നേരിൽ കണ്ടു. അയാളുടെ ഭാര്യയ്ക്ക് വീട്ടിൽ രതി യില്ലാത്തതുകൊണ്ട് പൂച്ചകൾ ഇണചേരുന്നതിനെക്കുറിച്ച് ഭാവന ചെയ്താണ് ഉറങ്ങാറുള്ളത്. പൂച്ചകൾ തത്ത്വജ്ഞാനികളാണെന്ന് പ്രമുഖ ചിന്തകനായ ജോൺ ഗ്രേ  പറഞ്ഞത് ഞാനോർത്തു. ഈ കഥയിലെ സീമന്ത നിക്ക് പൂച്ചയുടെ ഇണചേരലിനോടും ജീവിതത്തോടും ശരിക്കും അസൂയയുണ്ട്. അവർ ഇങ്ങനെ മനോഗതം നടത്തുന്നു :"അതൊക്കെ ഒരു യോഗമാണ്. അവൾ ആരോടെന്നില്ലാതെ പറയും. പ്രകൃതിയുടെ വിളി ഉണ്ടാകുമ്പോൾ എവിടെനിന്നെങ്കിലും ഏതെങ്കിലും ഒരുത്തൻ, ചിലപ്പോൾ ഒന്നിലേറെപ്പേർ വന്നു കൂടും. കുറേ കടിപിടിയും ഒച്ചപ്പാടുമൊക്കെ കഴിയുമ്പോൾ അതങ്ങു നടക്കും. കഴിഞ്ഞു. രണ്ടും  രണ്ടു വഴി .രണ്ടിലേറെയുണ്ടെങ്കിലും ഒക്കെ പലവഴി. കണക്ക് പറച്ചിൽ ഇല്ല .ബാധ്യത ഇല്ല.അവകാശവാദങ്ങളില്ല . പോരായ്മയോ മതിയായ്കയോ പറയാതെ എൻ്റെ വസ്തുവായി ,എനിക്ക് മാത്രം ഉപയോഗിക്കാനുള്ളതായി ,അടങ്ങിയൊതുങ്ങി കഴിഞ്ഞോളണം എന്ന അലിഖിതമായ ശാസനകളില്ല. എന്തു രസം .അടുത്ത ജന്മം ഒരു പൂച്ച -വെറും പൂച്ചയല്ല ,കാട്ടുപൂച്ച - അതായാൽ മതി" .

മനുഷ്യാസ്തിത്വത്തിനു അമിതഭാരമാണ്. അതുകൊണ്ട് അവൻ ഉത്‌ക്കണ്ഠയിൽ  നീറിപ്പുകഞ്ഞു ചീത്തമനുഷ്യനാകുന്നു. പൂച്ചകൾക്ക് ആ ദുരന്തമില്ല .അവ ഒരു ഗോൾപോസ്റ്റിലും കാവൽ  നില്ക്കുന്നില്ല .ആർക്കും വേണ്ടിയും  ലൈംഗിക അടിമയാകുന്നില്ല. അവ  ജീവിക്കുന്നു ,എല്ലാ നൈർമല്യത്തോടും കൂടി.

ഷീബ ഇ.കെ. യുടെ 'രാംനഗർ ചൗക്കി ' ( എഴുത്ത് ,ഡിസംബർ ) നല്ല വിവരണമാണ്. ബംഗാൾ പശ്ചാത്തലമായി എഴുതാൻ തനിക്ക്  കഴിവുണ്ടെന്ന് ഷീബ തെളിയിച്ചിരിക്കുന്നു .നഷ്ടപ്പെട്ട അച്ഛനെ തേടി വരുന്ന ഒരു വൃദ്ധൻ്റെ കഥയാണ് പറയുന്നത്. പക്ഷേ, അവസാന ഭാഗമെത്തുമ്പോൾ അതുവരെ തുടർന്നു വന്ന വിവരണരീതിയെ വിട്ട് മറ്റൊരു രീതി അവലംബിക്കുന്നു. അതോടെ കഥ കൈവിട്ടു പോയി. വായനക്കാരനെ മറന്ന് കഥാകൃത്ത് ഒരു ഫോട്ടോ മറിച്ചിടുന്നു. ആ ഫോട്ടോയിൽ നിന്ന് ഒരു ചിരി പടരുകയാണ്. കുറച്ചുകൂടി തീക്ഷ്ണമായൊരു അന്ത്യം  ഒരുക്കാമായിരുന്നു. ഈ  കഥ വായിക്കുന്ന ഒരാൾ അവസാനം നിരാശയിൽ തല പൂഴ്ത്തും.

ജെയ്സൺ ജോസിൻ്റെ  'സ്ഫടിക ജലത്തിലെ പ്രണയമീനുകൾ (എഴുത്ത്, ഡിസംബർ )മൊബൈൽ പ്രണയങ്ങളുടെ നൈമിഷികമായ വ്യർത്ഥതകളെ ' പരിഹസിക്കുന്നുണ്ട്. ആർക്കും ആരോടും ആത്മാർത്ഥതയോ സ്നേഹമോ ഇല്ലാത്ത കാലത്ത് പ്രേമത്തിനുള്ള വാസനയുമായി നടക്കുന്നവരെല്ലാം മനോരോഗത്തിന് വിധേയരാവുകയാണ്. ആർക്കും ആരെയും വേണ്ടാത്ത ലോകത്ത് മൊബൈൽ ഫോൺ എന്ത് സാധിച്ചു തരാനാണ്? കഥാകൃത്ത് ഇങ്ങനെ എഴുതുന്നു: '' കൗമാരത്തിലെങ്ങോ പ്രണയം മീട്ടാൻ മറന്നുപോയ തന്ത്രികളിൽ അവൾ മൃദുവായി വിരലുകൾ മീട്ടിയപ്പോൾ യൗവ്വനം  വിടപറയാൻ കാത്തുനിൽക്കുന്ന വൈകിയ വേളയിലും ഉൾത്തടം മഴനാദം പോലെ തുടി മീട്ടുന്നതായി തനിക്ക് തോന്നാൻ തുടങ്ങി. ഡിജിറ്റൽ സ്ക്രീനിലെ മധുരാക്ഷരങ്ങളുടെ താളത്തിൽ അഭിനിവേശത്തിൻ്റെ  അലകടലിലേക്ക് തങ്ങളറിയാതെ തന്നെ തുഴ എറിയുകയായിരുന്നു  എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോഴേക്കും പക്ഷേ , വൈകിയിരുന്നു " .
ഈ അബദ്ധം ,അരുതായ്ക ഒരു സമൂഹത്തെ ആകെ വിഴുങ്ങുകയാണിപ്പോൾ.


മഹാഭാരതപഠനങ്ങൾ




മലയാളത്തിലിപ്പോൾ മഹാഭാരത വ്യാഖ്യാനങ്ങളുടെ കാലമാണ്. സകല  ലേഖനകർത്താക്കളും മഹാഭാരതത്തിലേക്ക് തിരിഞ്ഞിരിക്കയാണ്. ആയിരക്കണക്കിന് പഠനങ്ങളും രൂപാന്തരങ്ങളും നടന്നുകഴിഞ്ഞ ഒരു ഇതിഹാസകാവ്യത്തെ ഇന്നത്തെ അല്പബുദ്ധികൊണ്ട്, അന്ധമായ പാർട്ടി  വിധേയത്വംകൊണ്ട് അളക്കാൻ ശ്രമിച്ചാൽ എന്ത് ഫലമുണ്ടാകും? പലരും പാർട്ടിക്കൂറ് ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ സാഹസത്തിനു മുതിർന്നത്. ഈ പഠനങ്ങളുടെ പ്രധാന ദോഷം അതിനെ സമീപിക്കാനുള്ള ദാർശനികപക്വതയോ ആഴമോ ഇല്ലാത്തവരാണ് ഇതിനു തുനിഞ്ഞതെന്നാണ് .ഐ.വി. ശശിയുടെയോ സത്യൻ അന്തിക്കാടിൻ്റെ യോ സിനിമകളിലെ നായകന്മാരെ പോലെ ശ്രീകൃഷ്ണനെ കണ്ടതാണ് കെ. സി. നാരായണൻ്റെയും മറ്റും പഠനങ്ങളുടെ പ്രശ്നം. ശ്രീകൃഷ്ണനെ സമീപിക്കാൻ ഭാഗവതസംസ്കാരം വേണം .എന്താണ് ഭാഗവത സംസ്കാരം ?ഈ ജനിമൃതികൾക്കിടയിൽ ആരും ഒന്നും നേടുന്നില്ല ;മഹാനുമില്ല, മഹതിയുമില്ല. ശരീരം വെറും ചവറാണ്‌. ആ ചവറിൽ കയറി മനുഷ്യൻ അഹങ്കരിക്കുന്നതിനെയാണ് ജീവിതമെന്ന് വിളിക്കുന്നത്. സർവ്വലോകങ്ങളിലെയും സർവ്വ  ആത്മാക്കളും ഒന്നിൽ നിന്ന് പിറവിയെടുത്ത് അതിലേക്ക് തന്നെ മടങ്ങുന്നു. സർവ്വസാഹോദര്യത്തിൻ്റെ മഹാപാരസ്പര്യം ചുറ്റും സ്പന്ദിക്കുകയാണ് ,അസ്ഥിരതയുടെ രാഗമാലപിച്ചുകൊണ്ട്. എവിടെയാണ് ശാശ്വതത്വം ? ശ്രീകൃഷ്ണദർശനം കച്ചവടസിനിമയിലെ കണക്കുകൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതല്ല .അത് അന്തര്യാമിയായ രമ്യതയാണ്; പാപത്തിൽ നിന്ന് മുക്തി നേടാനുള്ള ത്യാഗമാണത്; അഭേദമായ ആത്മാവസ്ഥയിലുള്ള ലയമാണ്‌. ഇത് വല്ലതും സുനിൽ .പി ഇളയിടത്തിനോ ,കെ.സി.നാരായണനോ ചിന്തിക്കാനാകുമോ ?

എം.ടിയുടെ ഷെർലക് ......

എം.ടിയുടെ ഷെർലക് ,ടി.പത്മനാഭൻ്റെ കത്തുന്ന ഒരു രഥചക്രം ,ഗൗരി, മാധവിക്കുട്ടിയുടെ  'സോനാഗാച്ചി 'എന്നീ കഥകൾക്ക് ശേഷം അതേപോലെ ഓർമ്മകളുണർത്തുന്ന മികച്ച രചനകൾ ഉണ്ടായില്ല.

'സോനാഗാച്ചി 'ബംഗാളിലെ വേശ്യാത്തെരുവാണ്. ഈ കഥ  വ്യവസ്ഥാപിത സങ്കല്പങ്ങളെ തകർത്തുകൊണ്ട് ധീരമായി എഴുതപ്പെട്ടതാണ്. സുന്ദരിയായ ഭാര്യയെ കിടക്കയിൽ വിട്ടുകൊണ്ട് വേശ്യാലയത്തിൽ പോകുന്ന യുവാവിനെ സൃഷ്ടിക്കാൻ മലയാളകഥയിലെ കോംപ്ളാൻ കുട്ടികൾക്ക് ഇനിയും സാധിച്ചിട്ടില്ല.

എം.ടിയുടെ ഷെർലക് ഒരു പൂച്ചയിലൂടെ പ്രവാസത്തിൻ്റെയും അന്യതയുടെയും ചുരുളഴിക്കുകയാണ്. സർഗശക്തിയുടെ വിസമയകരമായ വിതാനമാണിത്.

സിതാരയുടെ കഥ:
ഭാഷയിൽ തപം ചെയ്ത്


സിതാര .എസ് വർഷങ്ങളായി  എഴുതുകയാണ്.സമീപകാലത്തെഴുതിയ 'വാക്കുകളുടെ  ആകാശം' എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 14)അവരുടെ കഥാജീവിതത്തിലെ ഒരു വലിയ മുന്നേറ്റമാണ്. മനസ്സിൽ തോന്നുന്നത് അലക്ഷ്യമായി എഴുതുന്ന വരെപ്പോലെയല്ല സിതാര ഈ കഥയെ  സമീപിച്ചിരിക്കുന്നത്. കഥാകാരിയുടെ തപസ്സാണിത് .വാക്കുകളിൽനിന്ന് വലിഞ്ഞു പോയ സ്ത്രീജീവിതത്തെ അതിൻ്റെ സകലപാരവശ്യങ്ങളോടെയും  ക്ഷോഭത്തോടെയും തീവ്രമായി തപിച്ച്  വീണ്ടെടുത്തു കൊണ്ടുവന്നിരിക്കുകയാണ് .സ്തനാർബുദം പിടിപെട്ട് ഓപ്പറേഷനു വിധേയയാകുന്ന ഒരു സ്ത്രീയുടെ ദിനങ്ങളാണ് കഥാകാരി ആവിഷ്കരിക്കുന്നത് .ഈ കഥ വായിച്ചപ്പോഴാണ് മലയാളകഥയിൽ എനിക്ക് വീണ്ടും പ്രതീക്ഷ ഉണ്ടായത്. ഇതിൽ കഥാകാരി ജീവിക്കുകയാണ്. ഓരോ വാചകത്തിലും ആ ഹൃദ്സ്പന്ദം കേൾക്കാം. ഓരോ വാക്കിലും  ആത്മാവിൻ്റെ ഒരംശം നിക്ഷേപിച്ചിരിക്കുന്നു.

" ഞാൻ മുല പറിച്ചെറിഞ്ഞ് നഗരം കത്തിച്ച കണ്ണകിയല്ല .ശോഭി. മുറിഞ്ഞു വീഴുന്ന ,മുറിച്ചെറിയപ്പെടുന്ന എൻ്റെ മുലകളിൽ നിന്നും ഒരു തീജ്വാലയും ഉയരാൻ പോകുന്നില്ല. ഒരു ദൈവവും അവയിലേക്ക് മിന്നൽപ്പിണറായി നിറയില്ല. അവയാൽ ഒരു സാമ്രാജ്യവും ഭസ്മമാക്കപ്പെടില്ല. കൊഴിഞ്ഞു വീഴുന്ന പാവം പല്ലി വാലു പോലെ ,അവ നിലത്ത് ,നിങ്ങളുടെ കാൽക്കൽ, അപകർഷതയോടെ കിടന്നു പിടയ്ക്കും. ചോരയിൽ കുതിർന്ന പഴംതുണിക്കഷണങ്ങളായി തലകുനിച്ചു കുനിച്ച്  ഭൂമിയിലേക്ക് ചൂളിക്കൂടും " .

ഈ ഭാഷ മലയാളത്തിന് കുറേക്കാലമായി അന്യമായിരുന്നല്ലോ. അന്ത:ക്കരണത്തിലെ സ്വാതന്ത്ര്യമാണ് കഥാകാരി പൊള്ളലായി വായനക്കാരിലേക്ക് ചൊരിയുന്നത്.സ്വന്തം അവയവത്തെ വച്ച് സകല മാമൂലുകളെയും ഭേദിക്കുകയാണ്. ഇതാണ് സാഹിത്യം . മുറിച്ചുമാറ്റുന്ന ഒരു മുല വെറുമൊരു മാംസക്കഷണമല്ല; ഉയർത്തെഴുന്നേൽക്കുന്ന സ്ത്രൈണതയുടെ ആന്തരികതയാണ്. അതിലൂടെ ലോകം മറ്റൊന്നായി വീക്ഷിക്കപ്പെടുകയാണ്.

കഥയിൽനിന്ന് വീണ്ടും: "  നിശ്ശബ്ദതയിലേക്ക് വീണ്ടും  ചക്രങ്ങളുരുണ്ടു തുടങ്ങി .ഈ നിശ്ശബ്ദത കണ്ട് ജയിച്ചെന്ന് കരുതണ്ട, ശോഭിയുടെ കൺകോണുകൾ പകയിൽ തുടിച്ചു, ഞാനന്നു  പറഞ്ഞില്ലേ ,എൻ്റെ ശരീരമാണിനിയെൻ്റെ വാക്ക് .എൻ്റെ  ജീവൻ്റെ ശബ്ദം .നോക്കൂ, തുന്നിക്കെട്ടുകൾ നിറഞ്ഞ് ഒഴിഞ്ഞ മുലത്തടത്തിൽ തുടിച്ചു മുളയ്ക്കുന്ന പെൺപച്ചപ്പ് ....വിളറിയടഞ്ഞ കൺപോളകളിൽ മരിക്കാതെ കിടക്കുന്ന പ്രത്യാശ ... ശോഷിച്ച ശരീരത്തിലെ ഓരോ അണുവിലും ജ്വലിക്കുന്ന വിഷനാശിനിയായ ചുവന്നചന്ദ്രൻ .എനിക്ക് പറയാനുള്ളത്, കിട്ടാനുള്ളത് ,ഇതൊക്കെയാണിപ്പോൾ " .

ചിലർ പറയുമായിരിക്കും, കാൻസർ ബാധിച്ച്‌ സ്തനങ്ങൾ നീക്കം ചെയ്ത സംഭവങ്ങൾ വേറെ പലരും  എഴുതിയിട്ടുണ്ടല്ലോ എന്ന്.എന്നാൽ വെറുതെ സംഭവം വിവരിച്ചാൽ കലയുണ്ടാവില്ല. അതിനു ഉൾക്കനം  വേണം ; ശൈലി വേണം ,ഭാഷ വേണം. അതിൻ്റെ ഓരോ അണുവിലും ജീവിക്കണം. Mind  the gap  എന്നു പറയാം. ഒരു വാക്കിൽപോലും സ്വയം നിറയ്ക്കാതെ വിടരുത് .

അഡ്രിയാനി റിച്ചും പെണ്ണുടലും

പ്രമുഖ അമേരിക്കൻ പെൺകവി അഡ്രിയാനി റിച്ച് പെണ്ണിൻ്റെ സാധ്യതയാണ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു. ആണുങ്ങൾ കാണാത്ത സ്ത്രീശരീരമുണ്ട്. അത് കാണാൻ പെണ്ണിനു ധൈര്യമുണ്ടാവണം.
റിച്ച് ഇങ്ങനെ എഴുതി:

The beauty of darkness
is how it lets you see

ഇരുട്ടിലായിരിക്കാം ,ഒരു പെണ്ണ് എഴുതാനിരിക്കുന്നത്‌.എന്നാൽ അവൾക്ക് പലതും കാണാനുള്ള അവസരമുണ്ട്.ദുർഗ്രഹവും അസാധ്യവുമായതിനെ കാഴ്ചയുടെ മൂർച്ച കൊണ്ട് പിഴുതെടുക്കണം. അവിടെയാണ് പുതിയ സൗന്ദര്യം .

കൊറോണയും കഥയും

കൊറോണക്കാലത്ത്  വിദേശത്തായിരുന്ന മകൻ നാട്ടിൽ വന്നപ്പോൾ ക്വാറൻറയിനിൽ കഴിഞ്ഞ കാര്യമാണ് യു.കെ.കുമാരൻ (പ്രഭാത രശ്മി ,നവംബർ )എന്ന കഥയിൽ പറയുന്നത്. ഇതുപോലുള്ള കഥകൾ എഴുതി എന്താണ് വായനക്കാരെ ധരിപ്പിക്കാനുള്ളത്? . ഇതൊക്കെ ഓരോ മലയാളിയും അനുഭവിച്ചതാണ്.ഒരു പക്ഷേ , ഇതിനുമപ്പുറം. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ പുതിയ കണ്ടുപിടിത്തമെന്ന മട്ടിൽ എഴുതുന്നതിൽ കഴമ്പില്ല .ഇതു വായിച്ചിട്ട് എന്ത് പ്രയോജനം ?ലൈഫ് ഓഫ് പി (Life of Pi) എന്ന നോവലെഴുതിയ യാൻ മാർട്ടൽ(Yann Martel) കൊൽക്കൊത്തയിലെ ഒരു പുസ്തകോത്സവത്തിലേക്ക് ഫേസ്ബുക്കിലൂടെ നൽകിയ സന്ദേശത്തിൽ കൊറോണയെ ഉപജീവിച്ച്‌ നോവലെഴുതില്ല എന്ന് അറിയിച്ചത് ഓർക്കുകയാണ്. അദ്ദേഹം പറഞ്ഞത്, താൻ കൊറോണ  പശ്ചാത്തലമാക്കി ഒരു നോവലെഴുതിയാൽ അത് വായനക്കാർ തിരസ്ക്കരിക്കുമെന്നാണ് . കാരണം, അതിനെക്കുറിച്ച് എല്ലാം തന്നെ നാട്ടുകാർ മനസ്സിലാക്കിയിരിക്കുന്നു. അവർ അതിനായി സഹിക്കുകയാണ്. താൻ എന്തെഴുതിയാലും ,ഇക്കാര്യത്തിൽ അവരെ അതിശയിപ്പിക്കാനാവില്ല. ഈ പ്രസ്താവന മലയാള എഴുത്തുകാർക്കും ചിന്തിക്കാൻ വക നല്കേണ്ടതാണ്. മാത്രമല്ല, ഇതുപോലുള്ള റിയലിസ്റ്റ് കഥകളുടെ കാലം കഴിഞ്ഞു.ജരാനര ബാധിച്ച് അവശതയിലായ ഭാവനയാണിത് .ജീവിതത്തിൻ്റെ  അതാര്യത ഭേദിച്ച് അകത്തു കയറുന്ന മൂർച്ചയുള്ള ഭാഷയാണ് വേണം .

ടോൾസ്റ്റോയിയും കുടുംബരഹസ്യവും

ടോൾസ്റ്റോയിയുടെ Family happiness  എന്ന നീണ്ടകഥ എഴുതിയിരിക്കുന്നത് ചെറിയ വാചകങ്ങളിലാണ്. റിയലിസമാണിത്. എന്നാൽ അത് മുള്ളുകളുള്ള ഇല പോലെയാണ്. തൊടുമ്പോഴെല്ലാം കൈയ്യിൽ തറയ്ക്കും. മാഷ എന്ന യുവതിയും  പ്രായം കൂടിയ സെർജി മിഖായേലിച്ചു മായുള്ള പ്രേമവും വിവാഹജീവിതവുമാണ് ടോൾസ്റ്റോയ് വിവരിക്കുന്നത് .അതവിടെ തളം കെട്ടി നില്ക്കുകയല്ല; ജീവിതത്തിൻ്റെ അദൃശ്യമായ ഗഹനതയെ തേടിപ്പിടിക്കുന്നു. തീക്ഷ്ണമായ  യാഥാർത്ഥ്യങ്ങൾ എടുത്തു പുറത്തിടുന്നു. ഒരു പട്ടി ശവം മാന്തി പുറത്തെടുക്കുന്നതുപോലെയാണ് എഴുതേണ്ടത്. മണ്ണിനു മുകളിലുള്ളത് പരതണ്ട. അത് എല്ലാവർക്കും കാണാം. എന്നാൽ മണ്ണിനടിയിലുള്ളത് മണത്ത്  കണ്ടുപിടിക്കണം .ക്ഷോഭത്തോടെ മാന്തി പുറത്തെടുക്കണം.

മാഷയും സെർജിയും ഒരുമിച്ചു  കഴിയുകയാണെങ്കിലും  ആദർശപരമായി അവർ അകലുകയായിരുന്നു. അവരുടെ പ്രേമം, പ്രത്യേകിച്ചും വിവാഹം കഴിക്കുന്ന സമയത്തുണ്ടായിരുന്നത് , എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാൻ ആഗ്രഹിച്ചെങ്കിലും തന്നിൽ ഇപ്പോൾ ആ പ്രണയമില്ലെന്ന് അവൾ മനസ്സിലാക്കി.തൻ്റെ ഭാര്യയെ കുറേക്കൂടി ആഴത്തിൽ സ്നേഹിക്കാമായിരുന്നുവെന്ന് സെർജി  അവളുടെ മുന്നിൽ കുറ്റസമ്മതം നടത്തുന്നുണ്ട്. അവർ രണ്ടുപേരും അത് മനസ്സിലാക്കുന്നിടത്താണ് കഥയുടെ വിജയം. പ്രണയം ഒരു അപാരതയാണെന്ന്  തോന്നുമ്പോഴൊക്കെ അയാൾ നിരാശപ്പെടുകയാണ്.ആ കാലം തിരിച്ചു കൊണ്ടുവരാനാവില്ലെന്ന് വ്യസനത്തോടെ അയാൾ പറയുന്നു. അതേസമയം അയാൾ ഇപ്പോഴും പ്രേമിക്കുന്നുണ്ട്. അവൾക്കും ആ പഴയ പ്രേമം വേണം.  അതിന് പിന്നാലെ അവൾ മനസ്സിൽ പറയുന്നുണ്ട് ,തനിക്ക് ഇനി ആ പഴയകാല പ്രേമത്തിൽ എത്തിച്ചേരാൻ അസാധ്യമാണെന്ന്. എന്താണ് ഇതിനർത്ഥം ?പഴയകാല പ്രേമത്തോട്  വിടപറഞ്ഞ അവർ കുടുംബമെന്ന സ്ഥാപനത്തിനകത്ത് പുതുതായി  സന്തോഷം കണ്ടെത്തുകയാണ്. അവരുടെ കുഞ്ഞു അതിന് നിമിത്തമാകുന്നു. അത് പ്രേമത്തിൻ്റെ  നവമായൊരു ശിഖരമായി രൂപാന്തരപ്പെടുന്നു. കുടുംബജീവിതം ഒന്നുകൂടി മെച്ചപ്പെടുന്നു. ഈ കാഴ്ച നല്കുന്നതിലാണ് കഥാകാരൻ്റെ  സാമർത്ഥ്യം .

അനന്തരവാർദ്ധക്യം

വാർദ്ധക്യകാലത്ത് മകൻ്റെ ശകാരം  കേട്ട് കഴിയുന്ന ഒരു മാതാവിൻ്റെ അവസ്ഥയാണ് സുഭാഷ് ഒട്ടുംപുറം 'ഒരേ കടലിലെ കപ്പലുകൾ ' (ഗ്രസ്ഥാലോകം, ഡിസംബർ ) എന്ന കഥയിൽ എഴുതുന്നത്. അമ്മ മരിച്ചപ്പോൾ സന്തോഷിക്കുന്ന ഒരു മകനെ കഥാകൃത്ത് കാണിച്ചുതരുന്നു. മാതാപിതാക്കൾ നേരത്തെ മരിക്കുന്നത് ഭാഗ്യമാണെന്ന്  പറയുന്നവരെ കാണാം. വാർദ്ധക്യം ഒരു പാപമാകുകയാണ്. " ഒരു കുഞ്ഞു മരിക്കുമ്പോൾ അമ്മയുടെ നെഞ്ച് പിടയുന്നപോലെ ഒരമ്മ മരിക്കുമ്പോൾ മക്കളുടെ നെഞ്ച് പിടയാത്തതെന്ത് ?" .
ഈ കഥയിൽ വാർദ്ധക്യത്തെക്കുറിച്ചോ ,മരണത്തെക്കുറിച്ചോ ഉൾക്കാഴ്ചകളില്ല. എല്ലാവർക്കും അറിയാവുന്നത് തന്നെ കഥാകൃത്ത് എഴുതിയിരിക്കുന്നു.

റുൾഫോയും സൗന്ദര്യവും

സൗന്ദര്യത്തിൻ്റെ  നിർമ്മാതാവാകുന്നിടത്താണ്  എഴുത്തുകാരുടെ മഹത്വം.പ്രസിദ്ധ ലാറ്റിനമേരിക്കൻ എഴുത്തുകാരനായ കാർലോസ് ഫ്യൂവൻ്റിസ് (Carlos Fuentis) ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ എക്കാലത്തെയും വലിയ എഴുത്തുകാരൻ പെഡ്രോ പരാമോ (Pedro paramo) എഴുതിയ ഹ്വാൻ റുൾഫോ (Juan Rulfo) യാണ്.അദ്ദേഹം ജാലിസ്കോയും മെക്സിക്കോയും വിട്ട് എങ്ങും പോയിട്ടില്ല .അവിടെയുള്ളവരുടെ കഥകളാണ് അദ്ദേഹം കേട്ടത് .ഒരു നാട്ടിൽതന്നെ വേരുറപ്പിച്ചു ജീവിച്ച എഴുത്തുകാരനാണ് അദ്ദേഹം. താൻ കേട്ടതെല്ലാം മഹത്തായ കലയായി രൂപാന്തരപ്പെടുത്തുകയായിരുന്നു റുൾഫോ ".

റുൾഫോയുടെ ഒരു വാക്യം ഇവിടെ ചേർക്കട്ടെ: "നിങ്ങൾ നടക്കുമ്പോൾ മറ്റാരോ പിന്നാലെ വരുന്നതായി നിങ്ങൾക്ക് തോന്നും .നിങ്ങളുടെ കാലടികളിൽ കാലുകൾ വച്ച് ..."

ലോകത്തിൻ്റെ നിഗൂഢത ഭേദിച്ച്‌ അതിനുള്ളിൽ നിന്ന് നിർവ്വേദവും നിർവ്വികല്പവുമായ രഹസ്യങ്ങൾ ചൂഴ്ന്നെടുക്കുന്നതിനെ സൗന്ദര്യനിർമ്മാണമെന്ന് പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME