2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 അനുധാവനം

കറുപ്പ് നിറവും ലൈംഗിക ഫ്യൂഡലിസവും

എം.കെ.ഹരികുമാർ



'ഓടയിൽ നിന്ന് ' എന്ന നോവൽ എഴുതിയ കേശവദേവ് ഇപ്പോഴുമൊരു വിപ്ലവവും ആദർശാനുഭൂതിയുമായി നില്ക്കുകയാണ്. പപ്പുവിനെ മറികടക്കാൻ ഇവിടെ ആരുമില്ല. കാരണം പപ്പു മനുഷ്യസ്നേഹത്തിൻ്റെ  കറപുരളാത്ത ഒരേടാണ്. അയാൾക്ക്  സ്നേഹിക്കാതെ ജീവിക്കാനാകില്ല. സ്നേഹം മനസ്സിലുണ്ടായിരിക്കാൻ വേണ്ടി അയാൾ റിക്ഷ വലിക്കുന്നു, ക്ഷയരോഗബാധിതനാകുന്നു. ക്ഷയരോഗമുണ്ടായാലും കുഴപ്പമില്ല, സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായാൽ മതി. ഇത്രയും ഉന്നതമായി  ചിന്തിച്ച, ജീവിച്ച കേശവദേവിനു  ഒരുകാലത്ത് എഴുതാൻ പത്രങ്ങളില്ലായിരുന്നു, പ്രസംഗിക്കാൻ  വേദികളില്ലായിരുന്നു. ഇക്കാര്യം ദേവ്  തന്നെ എഴുതിയിട്ടുണ്ട്. ദേവിന് ഒരു സ്വതന്ത്രമനസ്സായിരുന്നു. അധികാരികളുടെ ആശീർവാദം കിട്ടാൻ വേണ്ടി കൃത്രിമമായി തത്ത്വചിന്ത ചമയ്ക്കാൻ അദ്ദേഹത്തിനു സൗകര്യമില്ലായിരുന്നു .അദ്ദേഹം, അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടു. സർക്കാരിൻ്റെയും  രാഷ്ട്രീയപാർട്ടികളുടേയും കൂട്ടിൽ കിടന്ന് വളരുന്നവർക്ക് യഥാസമയം ഭക്ഷണം കിട്ടും,സുരക്ഷിതത്വമുണ്ടാകും .എന്നാൽ ദേവ് അതാഗ്രഹിച്ചില്ല. സ്വാതന്ത്ര്യത്തിൻ്റെ അക്ഷരങ്ങൾ ഭക്ഷിച്ചു. എഴുതാൻ വേണ്ടി ജീവിക്കുകയായിരുന്നില്ല ദേവ്;ജീവിക്കാൻ വേണ്ടി എഴുതുകയായിരുന്നു. ഈ ലോകത്ത് താൻ കണ്ട സമസ്യകളെ സഹോദര്യ ത്തിൻ്റെയും സമത്വത്തിൻ്റെയും മൂല്യങ്ങളിലൂടെ നിർധാരണം ചെയ്യാൻ ശ്രമിച്ച ദേവ് അവസരവാദികളായ സാഹിത്യകാരന്മാരുടെ പിന്തുണയില്ലാതെ തന്നെ ജീവിച്ചു.

ലൈംഗിക ഏകാന്തതയുടെ
ഫാൻ്റസി

വി.ബി.ജ്യോതിരാജ് പതിറ്റാണ്ടുകളായി എഴുതുന്നു. ജീവിതാനുഭവങ്ങളിൽ നീറി പാകപ്പെട്ട ഈ കഥാകൃത്ത് ഇപ്പോൾ തൻ്റെ ആത്മപുരാവൃത്തത്തിൽ  ആലോചനകളുടെയും അനുഭവങ്ങളുടെ യും നല്ല നിമിഷങ്ങൾ സംഭാവന ചെയ്യുകയാണ്. അദ്ദേഹം എഴുതിയ 'ഏതോ ഒരാൾ ' ( മലയാളം ,ജനുവരി 25) ആൾക്കൂട്ട മാധ്യമങ്ങളുടെയും സാങ്കേതിക വിസ്ഫോടനങ്ങളുടെയും കാലത്ത് മധ്യവയസ്സ് പിന്നിട്ട എഴുത്തുകാരൻ എങ്ങനെ തൻ്റെ വിഹ്വലമായ അസ്തിത്വ പ്രശ്നങ്ങളെ  ആവിഷ്കരിക്കുന്നുവെന്നും അതിലൂടെ ഉന്മാദത്തിൻ്റെയും പീഡനത്തിൻ്റെയും ആഴങ്ങൾ കാണിച്ചുതരുന്നുവെന്നും വ്യക്തമാക്കുന്നു. മലയാളകഥ ഇനിയും കടന്നുചെന്നിട്ടില്ലാത്ത ഒരിടമാണിത്. മനസ്സിൽ അപ്രതീക്ഷിതമായി വരുന്ന ദൃശ്യങ്ങളെയും ചിന്തകളെയും കൂട്ടിയോജിപ്പിക്കാനാണ് ശ്രമം. അതിലൂടെ ഒരു കഥ ആകസ്മികമായി  രൂപപ്പെടുകയാണ്. കഥ ഒരു മിഥ്യയാണോ ? അത് ഉണ്ടെന്ന് സങ്കല്പിക്കുന്നതാണ് ആനന്ദകരം. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട കഥാനായകന് ഒരു മൊബൈൽ ഫോൺ കിട്ടുന്നു. അതിൽ വരുന്ന ഒരു എസ്.എം.എസിലൂടെ ഒരു പെണ്ണിൻ്റെ ലോകത്തിലേക്കുള്ള വാതിൽ തുറക്കുകയാണ്. ജീവിതം വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ ഏതൊരാളും ഒന്ന് പിടയും. ഭൂമിയിലെ ജീവിതത്തെ താൻ ആവുന്നത്ര ഉൾക്കൊണ്ടിരുന്നുവോ , തൻ്റെ  ആഗ്രഹങ്ങൾ എവിടെയൊക്കെയോ എരിഞ്ഞടങ്ങുകയായിരുന്നുവോ ?

" ആർത്തിയാണെനിക്ക്. ഇടയ്ക്കിടെ സ്വയം വിതുമ്പിയിരുന്നു പോകും. ആരൊടൊക്കെയോ അസൂയതോന്നും. പെൺകുട്ടികളുടെ ഉടൽരഹസ്യങ്ങളിൽ നിന്ന് തീപ്പൊരികളാണ് ചിതറി ത്തെറിക്കുന്നത്. അവർ വേറൊരു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് തോന്നും. ജീവിതം അവർ ആഘോഷിക്കുകയാണ് " .
എത്ര ആത്മാർത്ഥമായാണ് ജ്യോതി രാജ് എഴുതുന്നത് . ഒരു മുഴുനീള ജീവിതം കൈയിൽ കിട്ടിയിട്ടും അത്  പാഴ്ചിന്തകൾകൊണ്ട് നിറച്ച്  ഉപയോഗശൂന്യമാക്കുന്നവരല്ലേ അധികവും?. അവർക്ക് ഒരിക്കലും സ്വന്തം ജീവിതത്തിൻ്റെ ആഘോഷം പിടികിട്ടുന്നില്ല. നഷ്ടപ്പെടലുകളുടെ നടുവിൽ ജീവിക്കുന്ന ഒരാൾ ജീവിതത്തെ തീവ്രമായ ആഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കുകയും ഉന്മാദാവസ്ഥയിലെത്തുകയുമാണ് .എന്നാൽ വാർദ്ധക്യത്തിലേക്ക് പദമൂന്നുന്ന ഈ മനുഷ്യൻ ലൈംഗികജീവിതകാമനകളെല്ലാം പങ്കുവച്ചത് ഒരിക്കലും കണ്ടിട്ടില്ലാത്ത ,എസ്‌.എം.എസിലുടെ മാത്രം പരിചയപ്പെട്ട ഒരു പെൺകുട്ടിയോടായിരുന്നു. അതൊരു സ്ത്രീയാണെന്ന ധാരണയിലാണ് അയാൾ എല്ലാ ഉന്മാദവും കെട്ടഴിച്ചത്. ഒടുവിൽ ഒരു പെൺകുട്ടിയാണെന്ന് അറിയുമ്പോൾ താൻ അകപ്പെട്ട അവസ്ഥ എത്ര ഭയാനകമാണെന്ന് കഥാനായകൻ മനസ്സിലാക്കുകയാണ്. വായനക്കാരന് ഈ മനുഷ്യനോട് അനുതാപമാണ് തോന്നുക. നിലനിൽപ്പിനായി കൈകാലിട്ടടിക്കുന്ന  മനുഷ്യനോട് ക്രിസ്തുവിൻ്റെ കാരുണ്യം കാണിക്കുക എന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേരും. ഈ നിലപാടിനെ  സാധൂകരിക്കാനാവുന്ന വിധം കഥയിൽ  ഇങ്ങനെ എഴുതുന്നു: " ഓർമ്മകൾ മരിച്ചാൽ നമ്മളും മരിക്കുന്നു. ഓർമ്മകളാണ് നമ്മുടെ ജീവിതമെന്ന്  ഓർമ്മ നഷ്ടപ്പെടുമ്പോഴാണ് നമുക്ക് മനസ്സിലാവുക. ജീവിതത്തിന് ഒരർത്ഥവുമില്ലാതാകുന്നു.ജീവിതമെന്ന പ്രഹേളികക്ക് മുന്നിൽ തുറിച്ചു നോക്കിയിരിക്കുമ്പോൾ മനസ്സ് എഴുതാത്ത ഒരു കടലാസു പോലെ ശൂന്യമായിരിക്കും " .
ഇറ്റാലിയൻ എഴുത്തുകാരൻ ആൽബെർട്ടോ മൊറാവിയയുടെ കഥകൾ ലൈംഗികതയെക്കുറിച്ചുള്ള സാഹസിക ആഖ്യാനങ്ങളാണ്. ലൈംഗികതയിലും പണം ഇടപെടുന്നു എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു:
'പണത്തിൻ്റെ പ്രശ്നം നമ്മൾ ചെയ്യുന്ന എല്ലാത്തിലും കടന്നുവരും. നമ്മളെ നിർവ്വചിക്കുന്നതിൽ, നമ്മൾ ആയിത്തീരാൻ ആഗ്രഹിക്കുന്നതിൽ , തൊഴിലിൽ, വലിയ സ്വപ്നങ്ങളിൽ , മറ്റുള്ളവരോടുള്ള ബന്ധത്തിൽ, സ്നേഹത്തിൽ " .

ഗ്രേസിയുടെ പഴയ വീഞ്ഞ് ,
ലൈംഗിക ഫ്യൂഡലിസം


ഗ്രേസി 'എള്ളെണ്ണയുടെ മണം' ( എഴുത്ത് ,ജനുവരി) എന്ന കഥയിൽ തൻ്റെ സ്ഥിരം സാമഗ്രികൾ  കുത്തി നിറച്ചിരിക്കുന്നു. പെണ്ണ് ,അവയവങ്ങൾ ,പ്രേമം, കാമം, വ്യഭിചാരം ,ചതി ,അവിഹിതം ,ഗർഭം, കറുപ്പ്  തുടങ്ങിയ നമ്പറുകൾ. ഒരു ഭാഗം നോക്കുക:
" ജാനകി പക്ഷേ ,പ്രേമിയുടെ ജാതിയോ തൊലിവെളുപ്പോ തീരെ കണക്കിലെടുത്തില്ല. ഭൂമിയിൽ ആദ്യം ഇരുള് മാത്രമേ ഉണ്ടായിരുന്നുള്ളൂ  എന്നും അതിൽ നിന്നാണ് ജീവൻ ഉരുവായതെന്നും ജാനകി പറഞ്ഞപ്പോൾ അപ്പോ നീയ് പുതു ക്രിസ്ത്യാനിയാ ?എന്ന് പ്രേമി ഉള്ളിൽ മുറുമുറുത്തു. അതുകൊണ്ടാണ് മനുഷ്യരിപ്പോഴും രാത്രി ഇണചേരാനിഷ്ടപ്പെടുന്നതെന്ന് ജാനകി വാദിച്ചപ്പോൾ അത് ശരി ,നീയ് കാക്കക്കുറത്തിയാണല്ലേ? എന്നു പ്രേമി മൂക്കത്ത് വിരൽവെച്ചു.കറുത്ത ഉടലുകളുടെ ആഴത്തിൽ കാമം തിളിച്ച് മറിയുകയാണെന്നും അത് പൊട്ടിയൊലിച്ചാൽ വെളുത്ത ഉടലുകൾ  ചാമ്പലാകുമെന്നും ഭീഷണി ചുവയ്ക്കുന്ന വാക്കുകൾ കേട്ടു, ഓ! നീ പുലച്ചിയാണല്ലേ ?എന്ന്  എന്ന് പ്രേമി തല കുടഞ്ഞു " .

ഈ കഥയിലെ കറുത്ത നിറമുള്ളവൻ തൻ്റെ യജമാനത്തിയിൽ സന്താനോല്പാദനം നടത്തിയവനാണത്രേ .അവൻ്റെ മക്കൾ യജമാനത്തിയുടെ വീട്ടിൽ സസുഖം വാഴുന്നു. ഈ കഥ കറുത്തവനെ അപഹസിക്കാൻ വേണ്ടി എഴുതിയതല്ലേ ? കറുത്തവന് കാമം  കൂടുതലാണത്രേ! അവൻ്റെ കാമത്തിൽ വെളുത്ത ഉടലുലുകൾ ചാമ്പലാകുമത്രേ. തിളച്ചുമറിയുന്ന കറുത്ത ഉടലിനു കീഴെ പ്രേമി നിസ്സഹായയായി ,രണ്ട് കറുത്ത ഉടലുകൾ അവളുടെ കാഴ്ചയിൽ നിറഞ്ഞു, കാരിരുമ്പ് പോലെ ഉറച്ച ശരീരമുള്ള പാക്കരൻ ,കറുത്ത് തടിച്ച ഭാവി നാത്തൂൻ ,കറുത്ത ചീർത്തൊരു തവള (നാത്തൂൻ്റെ കൈപ്പത്തി ) തുടങ്ങിയ പ്രയോഗങ്ങൾ കറുത്തവനെ ചീത്ത വാസനയോടെ നോക്കുന്നതും ആക്ഷേപിക്കുന്നതുമാണ്. എന്തിനാണ് കറുത്ത നിറത്തെ ഇങ്ങനെ പുച്ഛിക്കുന്നത് ? ലൈംഗികത നിറമാണോ ? ലൈംഗികത ,ഇന്നത്തെ ചുറ്റുപാടിൽ ഒരു സാമൂഹ്യനിർമ്മിതിയാണ്. അതിനെ പ്രതിരോധിക്കാനാണ് ട്രാൻസ് ജൻഡറുകൾ ഉണ്ടാകുന്നത് .സ്വന്തം സെക്സ് താൻ നിശ്ചയിക്കുന്നു എന്ന ചിന്ത. ഇവിടെയൊന്നും നിറമല്ല സെക്സ് നിശ്ചയിക്കുന്നത്. സെക്സ് ഒരു സാമൂഹികവീക്ഷണമായി നില്ക്കുന്നിടത്ത് വ്യക്തി ഇരയാണ്. അവിടേക്കാണ് ഗ്രേസി ഉപരിവർഗ സമൂഹത്തിൻ്റെ ലൈംഗിക ഫൂഡലിസത്തെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്. ആധുനിക ലോകത്തിൻ്റെ സംവേദനങ്ങൾ ഉൾക്കൊള്ളാനാകാതെ ഗ്രേസി ഫ്യൂഡൽ സൗന്ദര്യബോധങ്ങളുടെ തടവറയിൽ കഴിയുകയാണ്. ഇത്തരം കഥകൾ ഇന്നത്തെ ബൗദ്ധികമായി ഉയർന്ന വായനക്കാരുടെ സമൂഹത്തിൽ എങ്ങനെയാണ് നീതീകരിക്കപ്പെടുന്നത്? അങ്ങേയറ്റം തെറ്റായ ചിന്തകളും വാസനകളുമാണ് ഈ കഥയെഴുതാൻ ഇടയാക്കിയിട്ടുള്ളത്.


ഇവാൻ ബുനിൻ്റെ കഥ

റഷ്യൻ എഴുത്തുകാരനായ ഇവാൻ ബുനിൻ എഴുതിയ Th Gentleman from Sanfrancisco ലോകത്തിലെ ഏറ്റവും മഹത്തായ കഥയാണെന്ന് പറഞ്ഞാലും തെറ്റില്ല. വെറുമൊരു കഥ പറയുകയല്ല ,ലോകത്തിൻ്റെ വ്യവസ്ഥയെ നിർദാക്ഷിണ്യം വിചാരണ ചെയ്യുന്ന പോലെ തോന്നും. ഒരു ധനികനായ കച്ചവടക്കാരൻ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കുടുംബസമേതം ആഡംബര കപ്പലിൽ വിനോദസഞ്ചാരത്തിനു പോകുകയാണ്. അയാൾക്ക് പേരില്ല ;കുടുംബത്തിനും. അയാൾ ചൈനയിൽ നിന്നുള്ള തൊഴിലാളികളെ ചൂഷണം ചെയ്താണ് ധനികനായതെന്ന് കഥാകൃത്ത് അറിയിക്കുന്നുണ്ട്. സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും നിർദ്ദയമായ പ്രവൃത്തികളെ ഓർമ്മിപ്പിച്ചുകൊണ്ട് നീങ്ങുന്ന കഥ സമ്പന്നരുടെ ലോകത്തെ അടുത്തു കാണിച്ചുതരുന്നു. കഥാനായകനായ മാന്യൻ നേപ്പിൾസിലെ പെൺകുട്ടികളുടെ കൂടെ ശയിക്കണമെന്ന് രഹസ്യമായി  ആഗ്രഹിക്കുന്നവനാണ്. ഒടുവിൽ കാപ്രി ദ്വീപിൽ, അവിടെയാണ് റോമൻ ഏകാധിപതിയായിരുന്ന തിബേരിയസ് ജീവിച്ചിരുന്നത് ,വച്ച് ഈ കച്ചവടക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നു. അപ്പോൾ അയാൾ ഹോട്ടലിലായിരുന്നു. തറയിൽ കുഴഞ്ഞുവീണ അയാളെ ,ഭാര്യയുടെ അഭിപ്രായത്തെ പോലും മാനിക്കാത്ത ഹോട്ടൽ ഉടമസ്ഥൻ ഒരു ദുഷിച്ച, ചെറിയ മുറിയിലേക്ക് മാറ്റുകയാണ്. അവിടെ വച്ച് അയാൾ മരിക്കുകയാണ്‌. പിന്നീട് അയാളുടെ മൃതദേഹം കപ്പലിൻ്റെ എഞ്ചിൻ റൂമിലേക്ക് മാറ്റുന്നു. തിരിച്ചു പോകുന്ന  വിനോദയാത്രികർ കപ്പലിൻ്റെ മുകൾത്തട്ടിൽ ആഹ്ളാദ തിമിർപ്പിലാണ്. എന്നാൽ ധനികനായ കച്ചവടക്കാരൻ ഇപ്പോൾ ആർക്കും വേണ്ടാത്ത ശവമാണ്‌. വിനോദയാത്രികർ അയാളെ ഓർക്കുന്നേയില്ല. പണമുണ്ടെങ്കിലും ആ മാന്യൻ്റെ കുടംബത്തിനു പോലും ആ ശവത്തെ ഓർക്കാൻ നേരമില്ല.  മുതലാളിത്ത ലോകത്ത് മനുഷ്യനു  ഉണ്ടെന്നു കല്പിക്കപ്പെടുന്ന വില മിഥ്യയാണെന്ന് സവിസ്തരം  പ്രഖ്യാപിക്കുന്ന കഥയാണിത്.




വി.ജെ. ജയിംസിൻ്റെ 'പാതാളക്കരണ്ടി' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി 30 ) നല്ല നിലയിൽ തന്നെ പരാജയപ്പെട്ടു എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഒരു കിണർ ഒരുൾവിളി കിട്ടിയ പോലെ വൃത്തിയാക്കാൻ പോകുകയാണ് ഒരു കൂട്ടർ.അവർ നഷ്ടപ്പെട്ട പാതാളക്കരണ്ടിക്കായി  വിയർപ്പൊഴുക്കുന്നു. പാതാളക്കരണ്ടി കിട്ടുകയും ചെയ്തു. എന്നാൽ കഥാകൃത്ത് പിന്നെയും നീട്ടുന്നു. നഷ്ടപ്പെട്ട തൊട്ടി തിരിച്ചെടുക്കാനാണ് അടുത്ത ശ്രമം. അതെടുക്കാൻ വീണ്ടും പാതാളക്കരണ്ടിയിറക്കുന്നു. ആരോ കിണറ്റിൽ നിന്ന് കയറിൽ പിടിച്ച് വലിക്കുകയാണ്. പാതാളക്കരണ്ടിയും കയറും കിണറ്റിൽ ഉപേക്ഷിക്കുന്നു. ഈ കഥ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? എന്തിനാണ് ഇത് എഴുതിയത് ?ഇതിൽ സൗന്ദര്യമുണ്ടോ ? വളരെ നിഷ്പ്രയോജനമായ ഒരു രചനയാണിത്. സർക്കാരിൻ്റെ സർവീസിലിരിക്കുന്നവർക്ക് എഴുതാൻ പരിമിതികളുണ്ടാവുന്നത് സ്വാഭാവികമാണ്. അത്തരക്കാർ ഇതുപോലുള്ള ജീവനില്ലാത്ത വിഷയങ്ങൾ എഴുതുന്നത് കണ്ടിട്ടുണ്ട്. ജയിംസും ആ പാത സ്വീകരിക്കുന്നു. ഈ സമൂഹത്തിൽ യാതനയനുഭവിക്കുന്നവരോടോ വിരഹത്തിൽ നീറുന്നവരോടോ  യാതൊരുവിധത്തിലും വൈകാരികമായി അടുക്കാതെ അകന്നു മാറി ,ഒറ്റയ്ക്കൊരു തുരങ്കത്തിൽ ജീവിക്കുന്ന പോലെയാണ് ജയിംസ് എഴുതുന്നത്. നമ്മുടെ  ചുറ്റിനുമുള്ളവരെ ഓർത്താൽ നല്ല കഥയുണ്ടാവും. ഇന്നത്തെ കഥാകൃത്തുക്കളുടെ മനസ്സിൽ മറ്റാർക്കും സ്ഥാനമില്ല .


ജെയിംസ് ജോയ്സും
ഗാർസിയ മാർകേസും


'യുളിസസ്' എന്ന നോവലെഴുതി ലോകത്തെ ഞെട്ടിച്ച ഐറിഷ്  എഴുത്തുകാരനാണ് ജയിംസ് ജോയ്സ്.എഴുതിത്തുടങ്ങിയ കാലത്ത് ജയിംസ് ജോയ്സിനെ വായിച്ചിട്ടുണ്ടോയെന്ന് കൊളമ്പിയൻ നോവലിസ്റ്റ് ഗാർസിയ മാർകേസിനോട്  ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ  ഉത്തരം ഇങ്ങനെയായിരുന്നു:
" ഞാനൊരിക്കലും ജോയ്സിനെ വായിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് 'യുളിസസ്' വായിക്കാനിടവന്നത്.സ്പാനിഷ് ഭാഷയിൽ വന്ന പരിഭാഷയാണ് വായിച്ചത് .ഇംഗ്ളീഷിലും ഫ്രഞ്ചിലും  വായിച്ചു. എന്നാൽ സ്പാനിഷ് പരിഭാഷ തീരെ മോശമായിരുന്നു. എങ്കിലും  അതെനിക്ക് ഉപകാരപ്പെട്ടു" . അദ്ദേഹത്തിൻ്റെ വാക്കുകൾ :

"But I did learn something that was to be very useful to me in my future writing - the technique of the interior monologues " .

മാർകേസ് അവിടെ ഒരു ആവിഷ്കാര സങ്കേതം പരിചയപ്പെടുകയായിരുന്നു. എന്താണ് ആന്തരികമായ ആത്മഭാഷണം (Interior monologue)? ഒരു കഥാപാത്രത്തിൻ്റെ  ഉള്ളിലൂടെയുള്ള സഞ്ചാരമാണത്. യുക്തിയുണ്ടാകണമെന്നില്ല. ബോധത്തിലൂടെ കടന്നു പോകുന്ന വികാരങ്ങളെ കഥാപാത്രം വാക്കുകളായി  വേർവേർതിരിക്കുകയാണ്. സ്വയം മനസ്സിലാക്കുന്നതിൻ്റെ ഒരു പ്രക്രിയയായി ഇതിനെ കാണാവുന്നതാണ് .

എഴുതാൻ പല വിഷയങ്ങളുമുണ്ടെങ്കിലും അതിൻ്റെ  ശൈലിയിലാണ് രഹസ്യമിരിക്കുന്നത് .ഒരു വിഷയം കണ്ടെത്തുന്നതിൽ വലിയ പ്രയാസമില്ല. ശൈലി സംഗീതമാണ് .ഗദ്യം സംഗീതമാണ് .ആ സംഗീതത്തെ കഥാപാത്രത്തിൻ്റെ ആന്തരികഭാഷണമായി  രൂപപ്പെടുത്തിയതിലാണ് ജോയ്സിൻ്റെ സാമർത്ഥ്യം.

യു.പി. ജയരാജിൻ്റെ കിരീടം

എഴുപതുകളിൽ മലയാളകഥയെ  ഭാഷകൊണ്ടും ചിന്തകൊണ്ടും   മൂല്യബോധംകൊണ്ടും പുതിയൊരു ചിന്തയിലേക്ക് , അസാധാരണമായി നയിച്ച എഴുത്തുകാരനാണ് യു. പി. ജയരാജ് .അദ്ദേഹത്തെപ്പോലെ യുവത്വത്തെ മനസ്സിലാക്കാനോ ,പതിതരെ ഉൾക്കൊള്ളാനോ , യാതൊരു ചേരിയിലുമില്ലാതെ മനുഷ്യാസ്തിത്വത്തെ സമീപിക്കാനോ പിന്നീട് വന്ന ഒരു യുവതലമുറയ്ക്കും സാധിച്ചിട്ടില്ല .പില്ക്കാല കഥാകാരന്മാരിൽ നല്ലൊരു പങ്കും  സിനിമയെ ലക്ഷ്യം വച്ചാണ് കഥകളെഴുതിയത്. നല്ല ജോലി നേടുക, ശമ്പളം കൈപ്പറ്റുക , സർക്കാർ പരിലാളനയുള്ള സാംസ്കാരിക സംഘടനയിൽ ഉറക്കം തൂങ്ങിയായി പ്രവേശിക്കുക, നല്ല കല്യാണം കഴിക്കുക ,അവാർഡ് വാങ്ങിക്കുക തുടങ്ങിയ വിക്രിയകൾക്കപ്പുറത്ത് കലയോടോ മനുഷ്യനോടോ യാതൊരു മമതയും കാണിക്കാറില്ല .



യു.പി. ജയരാജിൻ്റെ കഥകൾ നമ്മെ പാപത്തിൻ്റെയും കുറ്റബോധത്തിൻ്റെയും  മുൾമുനയിൽ നിർത്തും;വിചാരണ ചെയ്യും. അദ്ദേഹം വരികൾക്കിടയിലൂടെയും  വാക്കുകളിലൂടെയും ആഴ്ന്നിറങ്ങും. 'കിരീടങ്ങൾ നിലംപതിക്കുന്ന ശബ്ദം ' എന്ന കഥ നോക്കൂ. ആത്മാർത്ഥതയാണ് ഈ കഥയുടെ ശക്തി .അദ്ദേഹം സ്വയം സമർപ്പണത്തോടെയാണ് എഴുതുന്നത്. അഞ്ചു പേർ ഈ സാമൂഹിക പശ്ചാത്തലത്തിൽ അസ്വസ്ഥരായി നീങ്ങുകയാണ്.അവർക്ക് സ്വന്തമായി ഒന്നും വേണ്ട. പക്ഷേ ,അവർക്ക് സമാധാനമില്ല. അവർ ചൂഷണത്തിനെതിരാണ്. നോക്കുന്നിടത്തെല്ലാം അനീതിയാണ്  കാണുന്നത്. യാതൊന്നിനോടും യാതൊരു ബന്ധവുമില്ലാത്ത മനുഷ്യർ ചെയ്യുന്ന ക്രൂരതകളിൽ അവർ പ്രതിഷേധിക്കുന്നു, തിളച്ചുമറിയുന്നു. അവർ ചെയ്യുന്നതിനെ ന്യായീകരിക്കണമെന്ന് കഥാകൃത്തും  പറയുന്നില്ല .എന്നാൽ അവർ നേരിടുന്നത് , ചൂണ്ടിക്കാണിക്കുന്നത് വസ്തുതകളാണ്.കഥയിലെ  നിരീക്ഷണങ്ങൾ ഗഹനവും സൂക്ഷ്മവുമാണ്. രാഷ്ട്രീയ തോരാട്ടത്തിൻ്റെ കാലത്ത്  തകർന്നടിഞ്ഞ പാവങ്ങളെ ഇവിടെ കാണാം. കഥയിലെ ചില വാക്യങ്ങൾ ഇങ്ങനെയാണ്: 1) ഒരു ഈജിപ്ഷ്യൻ മമ്മിയെ പോലെ ,നൂറ്റാണ്ടുകളുടെ പഴകിയ തടവറയിൽ ഇപ്പോഴും സുഖനിദ്രയിലാണ്ടിരിക്കുന്ന ഈ  ഇന്ത്യൻ തെരുവ് .2)താഴെ, പുൽത്തകിടിയിൽ വിരിച്ച  കീറത്തുണികളിൽ കിടന്ന് അവരുടെ കുട്ടികൾ ഉറങ്ങുകയും എച്ചിൽപാത്രങ്ങൾ നക്കുകയും കിടപിടികൂടുകയും ചെയ്തുകൊണ്ടിരുന്നു .ഒരു ദേവാലയത്തിന് മുന്നിലെന്നവണ്ണം നിറഞ്ഞ മനസ്സും നീരണിഞ്ഞ കണ്ണുകളുമായി ഞങ്ങളത്  നോക്കിനിന്നു. 3) പുറത്തു തണുപ്പിൻ്റെയും നിഴലുകളുടെയും  നിസ്സഹായമായ ഒരു ലോകം മാപ്പുസാക്ഷിയെ പോലെ പകച്ചു നില്ക്കുന്നു. 4) രാവിൻ്റെ ഒരുതരം വിചിത്രമായ നിശ്ശബ്ദത എല്ലായിടത്തും പരന്നിരുന്നു.

സ്ത്രീയുടെ പ്രശ്നങ്ങൾ ,
സൗന്ദര്യത്തിൻ്റെ പ്രശ്നങ്ങൾ


സ്ത്രീ ജീവിതത്തിൻ്റെ  ഒരു ഘട്ടത്തെയാണ് മാനസി 'വീട്' (ഭാഷാപോഷിണി, ഫെബ്രുവരി ) എന്ന കഥയിൽ എഴുതിയിരിക്കുന്നത്. വിവാഹം കഴിച്ച ശേഷം ഭർത്തൃവീട്ടിൽ  ഒരു യുവതിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് കഥയിൽ നിറയുന്നത്.ശരീരത്തിൽ ഉണ്ടായിരുന്ന ഒരു അടയാളം മറച്ചുവെച്ചു എന്ന് ഭർത്താവ് കുറ്റപ്പെടുത്തുന്നതും തുടർന്ന്  ഒറ്റപ്പെടുന്നതും വിവരിക്കുന്നു. ഭാര്യയുടെ ചൂണ്ടുവിരൽ ചുരുങ്ങിയിരിക്കുന്നത് ജാതകദോഷമാണത്രേ .ഭർത്താവ് ഭാര്യയുടെ വിരൽ ഛേദിക്കുന്ന സംഭവവും മാനസി വിവരിക്കുന്നു. പക്ഷെ ,എഴുപതുകളിൽ  എഴുതിയിരുന്ന മാനസി ഇപ്പോൾ വളരെ പിന്നോട്ട് പോയിരിക്കുന്നു. പതിറ്റാണ്ടുകൾക്കിടയിൽ കഥ പറച്ചിലിൻ്റെ സൗന്ദര്യാത്മകതലങ്ങളിൽ വന്നിരിക്കുന്ന റോബർട്ടോ ബൊലാനോ മാജിക്ക് ,ഉമ്പർട്ടോ എക്കോ ജ്വാലകൾ  കഥാകൃത്ത് ശ്രദ്ധിച്ചിട്ടേയില്ല. അവർ ഒരു സാധാരണ സംഭവത്തെ ഉപരിഘടനയിൽ മാത്രം ചിത്രീകരിച്ച് പിൻവാങ്ങുകയാണ്. ഈ കഥയിൽ എല്ലാവർക്കും പരിചിതമായ ലോകമേയുള്ളു. അതിനപ്പുറം അത് വായനക്കാർക്ക് ഗാഢമായതൊന്നും നല്കുന്നില്ല. ചെറുകഥയുടെ കലാപരമായ സവിശേഷതകൾ മാനസിയുടെ രചനയിൽ കാണാനില്ല.

അജിജേഷ് പച്ചാട്ട് എഴുതിയ 'പാപ്പൻകുത്ത്' (മൂല്യശ്രുതി , ഫെബ്രുവരി ) ഗ്രാമീണ ജീവിതത്തിലെ പകയുടെയും കൊലയുടെയും നഗ്നമായ ആഖ്യാനമാണ്. നവതരംഗ സിനിമകളിൽ കാണുന്നതുപോലെയുള്ള ഒരു യഥാതഥ സമീപനമാണ് കഥാകൃത്ത് ഒരുക്കുന്നത്. പാപ്പിയുടെയും കത്തിപ്പാപ്പൻ്റെയും അന്ത്യം ചുരുളഴിയുന്നു. പക്ഷേ ,ഒരു കഥയുടെ എടുത്തു പറയത്തക്ക സവിശേഷതകൾ ഉണ്ടെന്ന്  പറയാനാവില്ല. കഥ എന്ന മാധ്യമം തന്നെ റിയലിസത്തിനൊരു ബദലും  ചികിത്സയുമാകണം. റിയലിസത്തെ  ഒന്നുകൂടി അഗാധമാക്കേണ്ടതുണ്ട്.

പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ പോൾ ഓസ്റ്റർ (Paul Auster) പറഞ്ഞത് ഇങ്ങനെയാണ്: "പരമ്പരാഗതമായ കഥപറച്ചിലിൽ ആരുടെ ശബ്ദമാണ് നമ്മൾ കേൾക്കുന്നത്? ഇപ്പോൾ അത് പരിചിതമായതുകൊണ്ട് ചോദ്യം ചെയ്യാറില്ല .എന്നാൽ  ഈ രീതിക്ക് എന്തോ തകരാറുണ്ട് ". കഥ എന്ന  സൃഷ്ടിയെ ഒരു മിഥ്യയാക്കുന്നതിൽ  അന്തർഭവിക്കുന്ന അയാഥാർത്ഥ്യം വൈരുദ്ധ്യാത്മകമായി കഥയുടെ സത്യത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഓസ്റ്റർ പറയുന്നു. അദൃശ്യനായ എഴുത്തുകാരനെന്ന ദൈവം വേണ്ട; പകരം രക്തവും മാംസവുമുള്ള ഒരു മനുഷ്യവ്യക്തിയുടെ കഥകളാണ് പിറക്കേണ്ടത് .

സ്കൂൾ കോളേജ് കാലങ്ങൾ വീണ്ടും

ചിലർ  ഇപ്പോഴും ഗൃഹാതുരത്വത്തിലേക്ക് അമരുകയാണ്. ഗൃഹാതുരത്വം അകന്നിരിക്കുമ്പോഴുള്ള ഏകാന്തഭാവനയാണല്ലോ. ജീവിച്ച കാലത്ത് വെറും മൂരാച്ചിയായിരുന്നവർക്കെല്ലാം, പിന്നീട് അത് മധുരമുള്ള ഓർമ്മകളായി തിരിച്ചുവരികയാണ്. യാതൊരു അനുതാപമോ സ്നേഹമോ കാണിക്കാതെ കടന്നുപോകുന്നവർ,  ജീവിതത്തിലെ മറ്റൊരു സന്ധിയിൽ  തിരിഞ്ഞുനോക്കി വിഷാദിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഗൃഹാതുരത്വം മിക്കപ്പോഴും കാപട്യമാണ്. വിനു എബ്രഹാമിൻ്റെ  'മറ്റൊരു കാലം, മറ്റൊരു നഗരം' ,വി. ദിലീപിൻ്റെ  'തീക്കാറ്റിൻ്റെ വരവ്' ( ഭാഷാപോഷിണി ,ഫെബ്രുവരി ) എന്നിവ താരതമ്യേന ലോല രചനകളാണ്. മികച്ച വായനക്കാരെ ഈ  കഥകൾ സ്പർശിക്കില്ല. ജീവിതത്തെ വികാരപരമായി മാത്രം  കാണുന്നവരെല്ലാം ഇതുപോലുള്ള അതിഭാവുകത്വ രചനകളിലേക്ക് തിരിയാതിരിക്കില്ല . കലാലയത്തിൽ താനൊരു സുന്ദരിയെ സ്നേഹിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അവൾ  മരിച്ചതറിഞ്ഞ് മറ്റൊരു നഗരത്തിലേക്ക് പോകാനൊരുങ്ങുകയാണ് കഥാനായകൻ .അയാളുടെ സ്വന്തം  കുടുംബം വേർപ്പെട്ടുപോയപ്പോൾ പോലും അനുഭവിക്കാത്ത ദു:ഖമാണത്രേ നേരിട്ടത്. യൗവനകാലത്ത് തന്നെ ആകർഷിച്ച ആ പെൺകുട്ടിയെ അയാൾ ഇപ്പോഴും ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്. പെൺ സൗന്ദര്യങ്ങൾ മരണത്തിൽ പോലും ജയിക്കുകയാണെന്ന് കഥാകൃത്ത് എഴുതുന്നു.

ചുടുകാട്ടിൽ നിന്ന് തിരിച്ചു നടക്കുമ്പോൾ കണ്ട ചേരിയിലെ പെൺകുട്ടിയിലും കഥാനായകൻ  വശ്യസൗന്ദര്യമാണ് കാണുന്നത്!. ''അതിമാരകമായ വശീകരണശക്തിയുള്ള കണ്ണുകൾക്കൊപ്പം അവളുടെ ഇരുണ്ട നിറം ചാർത്തുന്ന അഴക് " - കഥാകൃത്ത് ലഹരിയിലെന്ന പോലെ എഴുതിക്കൊണ്ടിരിക്കുകയാണ്! റൊമാൻ്റിക്കാവുന്നത് നല്ലതാണ് .പക്ഷേ ,ഒന്നാലോചിക്കണം, സാഹചര്യം നോക്കണം.

വി.ദിലീപിൻ്റെ കഥയും ഒരു സ്കൂൾ കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. അതിവൈകാരികതയുടെ ഒരു കുട്ടയാണ് ദിലീപ് കുടഞ്ഞിടുന്നത്. കേക്ക് മുറി, ഉച്ചക്കഞ്ഞി.....

ചെറുകഥയെന്ന രൂപത്തോട് പുതിയ കഥാകൃത്തുക്കൾക്ക് വലിയ അടുപ്പമൊന്നുമില്ല. അവർ വായനയുടെ യോ ചിന്തയുടെയോ വലിയ മേഖലകളിലേക്കൊന്നും എത്തിനോക്കുന്നേയില്ല.

വെറുപ്പ് ,കോലാഹലം

പെരുമാൾ മുരുകനും മറ്റും തുടങ്ങി വച്ച അനാവശ്യ വെറുപ്പിൻ്റെ സാഹിത്യ നിർമ്മാണം കുറേ അനുകർത്താക്കളെ  സൃഷ്ടിച്ചിട്ടുണ്ട്. യാതൊരു ആവശ്യവുമില്ലാത്ത സന്ദർഭങ്ങളിൽ  പ്രകോപനമുണ്ടാക്കി, ഇര പരിവേഷം  നേടി ശ്രദ്ധയാകർഷിക്കുന്നതിൻ്റെ വിരുത് ഇവർ വികസിപ്പിച്ചിരിക്കുന്നു. ആരുമറിയാതെ കിടന്ന പെരുമാൾ മുരുകൻ്റെ പുസ്തകങ്ങൾ ഇപ്പോൾ മലയാളത്തിൽ  സുലഭമാണ്.അദ്ദേഹത്തിൻ്റെ കൃതികളുടെ പരിഭാഷകൾ പെരുകുകയാണ്. എൻ്റെ ജലഛായ, ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളുടെ അയൽപക്കത്ത് പോലും വയ്ക്കാൻ കൊള്ളാത്ത ആ കൃതികൾ പക്ഷേ ,കൂടുതൽ അച്ചടിക്കപ്പെടുന്നതിനു കാരണം ഈ കൃത്രിമ സാഹചര്യമാണ്. കോലാഹലമുണ്ടെങ്കിലേ കൃതികൾ പ്രസിദ്ധീകരിക്കൂ എന്നാണ് പ്രസാധകർ പറയുന്നത്. നോവലെഴുതുന്നവർ ,തങ്ങളാലാവുന്ന കോലാഹലങ്ങൾ കൂടി ഉണ്ടാക്കണം!

രാഷ്ട്രീയപാർട്ടികളോട് , സ്വാർത്ഥലാഭത്തിനായി സന്ധി ചെയ്തിരിക്കുന്ന കുറെ  എഴുത്തുകാരും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമാണ് നമ്മുടെ നാട്ടിൽ നല്ല എഴുത്തുകാർക്ക്  ഭീഷണിയായിരിക്കുന്നത്. ജാതി വിരോധം പോലെ പാർട്ടിവിരോധവും പത്തി വിടർത്തിയിരിക്കുന്നു. ഇതുകൊണ്ടൊന്നും മലയാളസാഹിത്യം  മരിക്കുകയില്ല. കേരള സാഹിത്യ അക്കാദമിയും കേന്ദ്ര അക്കാദമിയും വിചാരിച്ചിട്ടു പോലും മലയാള സാഹിത്യം മരിച്ചില്ല. സാഹിത്യ അക്കാദമിയുടെ അവാർഡുകൾ ഇപ്പോൾ ആരും ശ്രദ്ധിക്കാറില്ല. ഒരവാർഡ് രണ്ടും മുന്നും പേർക്ക് ലേലം വിളിച്ച് കൊടുക്കുകയാണ്‌ അക്കാദമി. സിൽബന്ധികൾക്കെല്ലാം കൊടുക്കണമെങ്കിൽ അവാർഡ് അഞ്ച് പേർക്കങ്കിലുമായി വീതം വയ്ക്കണം. സംഗീതനാടക അക്കാദമി കർട്ടൻ വലിക്കുന്നവർക്കും നാടകം ബുക്കു ചെയ്യുന്നവർക്കുമെല്ലാം ഗുരുപൂജ അവാർഡ് നല്കി സായൂജ്യം നേടി.

നിഷെയും വിൽ ഡുറാൻ്റും

പ്രമുഖ ജർമ്മൻ തത്ത്വജ്ഞാനി  ഫ്രഡറിക് നിഷെയുടെ THUS SPAKE ZARATHUSTRA എന്ന കൃതിയിൽ പറയുന്നു:
''Man is the cruelest animal "

മനുഷ്യൻ എന്തുകൊണ്ടാണ് ക്രൂരനാവുന്നത് ? അവന് സന്തോഷം കിട്ടണമെങ്കിൽ ക്രൂരത വേണം. കാളപ്പോരും കുരിശുമരണവും കാണുന്നതിലൂടെ പുരാതന മനുഷ്യർ ഏറ്റവും വലിയ സന്തോഷമാണത്രേ നേടിയത് .നരകം കണ്ടുപിടിച്ചതു തന്നെ ഇതിനു വേണ്ടിയാണ്. ധിഷണാശാലിയായ വിൽ ഡുറാൻ്റ് എല്ലാ വിലയിരുത്തലുകൾക്കും മുകളിൽ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു: ഓരോന്നും  പരിശോധിക്കേണ്ടത് ,ജീവിതത്തിൽ അതിനെന്ത് മൂല്യമുണ്ട് എന്നതിൻ്റെ  അടിസ്ഥാനത്തിലായിരിക്കണം.  ജീവിതത്തിൽ കയറ്റമാണ് ഉള്ളതെങ്കിൽ തത്ത്വശാസ്ത്രം നല്ലതാണ്; അല്ലെങ്കിൽ അത് പരാജയമാണ്.

ഭക്ഷണത്തിനു പോലും ഈ മൂല്യമുണ്ടെന്നു ഡുറാൻ്റ് പറയുന്നു. ചോറ് കഴിച്ചാൽ, ബൗദ്ധിക മൂല്യങ്ങളെ അത് ഉദ്ദീപിപ്പിക്കും. ജർമ്മൻ തത്ത്വചിന്ത ബിയറിൻ്റെ ഫലമാണത്രേ.

പുരോഗമനസാഹിത്യം,
ഗൾഫ് അനുഭവങ്ങൾ

ടി.പി. വേണുഗോപാലൻ്റെ  'അലക്സാണ്ടർ മെക്കാനിക്ക് ' എന്ന കഥ (ഗ്രന്ഥാലോകം )ഒരു പുരോഗമന സ്വഭാവം ലാക്കാക്കി എഴുതിയതാണ്.ഗ്രാമ്യഭാഷയിൽ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ ഉപരിപ്ളവമായി  എഴുതിയാൽ രാഷ്ട്രീയമായി എന്ന ധാരണ പൊതുവെയുണ്ട് .എന്നാൽ  ഇത്തരം കഥകളിൽ പ്രത്യേകിച്ച് ഉള്ളടക്കമോ മൂല്യാന്വേഷണമോ  കാണാനുമില്ല. പുരോഗമന സാഹിത്യത്തിൻ്റെ തകർന്ന വഴികളിലൂടെ സഞ്ചരിച്ച് ഇനി എങ്ങും എത്താനാവില്ല. എന്തെഴുതിയാലും, കഥയിൽ അസ്തിത്വാനുഭവം വേണം. അതാകട്ടെ ,പുതു നിർമ്മിതിയാണ് .പുരോഗമന സാഹിത്യം, പ്രസക്തി നഷ്ടപ്പെട്ട പരാജിതരുടെ കൂടാരമാണ്.സാഹിത്യകലയിൽ സംഭവിച്ച തത്ത്വചിന്താപരമായ ചർച്ചകളുടെ അന്തസത്തയോ ആവിഷ്കാരപരമായ നൂതനസരണികളുടെ സാരാംശമോ എന്താണെന്ന് മനസ്സിലാക്കാത്തവരാണ് ഈ സംഘം.

വി.കെ.ശ്രീരാമൻ്റെ നേതൃത്വത്തിൽ നടന്ന കഥാസാഹിത്യചർച്ച (ഭാഷാപോഷിണി, ഫെബ്രുവരി ) ഒട്ടും പ്രചോദിപ്പിച്ചില്ല എന്നറിയിക്കട്ടെ. എം. സുകുമാരൻ്റെ 'കുഞ്ഞാപ്പുവിൻ്റെ ദു:സ്വപ്നങ്ങൾ' ,എൻ.മോഹനൻ്റെ 'പൂജയ്ക്കെടുക്കാത്ത പൂക്കൾ ' തുടങ്ങിയ കഥകളെപ്പറ്റി കേട്ടറിവു പോലുമില്ലാത്തവർ ചർച്ചനടത്തിയിട്ട് എന്ത് പ്രയോജനം? പ്രവാസത്തെ മാത്രം ആസ്പദമാക്കി ഒരു കഥാചർച്ചയുടെ ആവശ്യമുണ്ടോ ?വിദേശത്ത് ജോലി നേടി പത്ത് കാശുണ്ടാക്കാൻ പോകുന്നവരാണല്ലോ പ്രവാസികളിൽ ഏറിയ പങ്കും ?ഇവർക്ക് സാഹിത്യം രചിക്കാൻ സമയമോ താത്പര്യമോ പൊതുവേ  ഉണ്ടാകില്ല.മലയാളസാഹിത്യത്തിൽ, ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസികളിൽ നിന്ന് ഇതുവരെയും ഒരു മികച്ച കഥയോ നോവലോ കവിതയോ ഉണ്ടായിട്ടില്ല .ഉണ്ടായതൊക്കെ ശരാശരികൾ മാത്രം. യാത്രാനുഭവങ്ങൾ പുറത്തു വരുന്നുണ്ട്.
ശ്രീരാമൻ ഗൾഫ് എഴുത്തുകാരെപ്പറ്റി പറഞ്ഞത് അർത്ഥവത്തായി:
"ലബ്ധപ്രതിഷ്ഠ നേടി പില്ക്കാലത്ത് ഇന്ത്യൻ നഗരങ്ങളിൽ ഇരുന്നെഴുതിയ കഥാകൃത്തുക്കൾ മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു. ഗൾഫ് എഴുത്തുകാർക്ക് അങ്ങനെ  സാധിച്ചിട്ടില്ല.അത്ര വിസ്തൃതമായില്ല  ഗൾഫ് എഴുത്തുകാരുടെ  ചിന്താമണ്ഡലം എന്ന് തോന്നുന്നു. താമസസ്ഥലം, ജോലി എന്നിങ്ങനെ ചുരുങ്ങിപ്പോയി " .

ഇതല്ലേ സത്യം? എങ്കിൽപ്പിന്നെ ശ്രീരാമൻ എന്തിനാണ് ഇവരുടെ കഥകളെപ്പറ്റി ചർച്ച സംഘടിപ്പിച്ചത് ? തത്ത്വചിന്താപരമായ ഒരു രസമുകുളമില്ലാതെ എഴുതിയിട്ട് കാര്യമില്ല .ഒരു നല്ല രചനയിൽ തത്ത്വചിന്തയും ആത്മീയതയും  അനുഭവവും മാനവവംശ ചരിത്രവുമെല്ലാം  പുനർനിർവ്വചിക്കപ്പെടേണ്ടതുണ്ട്. 'ആടുജീവിത'മൊക്കെ ഉപരിതലത്തിൽ ഒതുങ്ങുന്ന അതിഭാവുകത്വ നാടകമാണ് .അതിൽ എഴുതിയ ആളിൻ്റെ മനസ്സോ തത്ത്വചിന്തയോ  വ്യാഖ്യാനമോ കാണാനില്ല .ഏതൊരു അനുഭവമെഴുത്തുകാരനും അതുപോലൊന്ന് തല്ലിക്കൂട്ടാനാകും.

ഹെമിംഗ്വേയുടെ മൗനം

വലിയ കഥാകൃത്തായ ഏണസ്റ്റ് ഹെമിംഗ്വേക്ക് സ്വന്തം  കഥകളെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ ചോദിക്കുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. എഴുതാൻ പോകുന്നതിനെക്കുറിച്ചോ എഴുതിക്കൊണ്ടിരിക്കുന്നവനെക്കുറിച്ചോ പറയുകയാണെങ്കിൽ ,അതോടെ അതിനെന്തെങ്കിലും മൂല്യമുണ്ടെങ്കിൽ അത് നഷ്ടപ്പെടുമത്രേ. അനാവശ്യമായ  സൂക്ഷ്മപരിശോധനകളും നിഗമനങ്ങളും ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. വളരെ ലോലമായ ഒരു വശം എഴുത്തിലുണ്ട്. അതിനെക്കുറിച്ച് എഴുതുന്നയാൾ എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ അത് നശിക്കും.
താൻ എഴുതുന്ന വിഷയത്തിൽ അഗാധജ്ഞാനം നേടുന്ന സ്വഭാവമാണ് ഹെമിംഗ്വേയ്ക്കുള്ളത്‌. എന്നാൽ എഴുത്തിനെക്കുറിച്ച് മിണ്ടില്ല.ഇത്തരം ആശയങ്ങൾ പുറത്താരോടും പറയരുതെന്നാണ് അദ്ദേഹത്തിൻ്റെ സിദ്ധാന്തം .അങ്ങനെ ചെയ്യുന്നതോടെ  താൻ നിശ്ശൂന്യനായി പോകുമത്രേ.

കഥാകൃത്തുക്കൾ എഴുതാനുള്ള വിഷയം തനിക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തുന്ന ഭീകരമായ സാഹചര്യം ഇതിലൂടെ സംഭവിക്കാം. എഴുതാൻ പല ആശയങ്ങളും മനസ്സിൽ  വന്നുകൊണ്ടിരിക്കും. എന്നാൽ ഒന്നും എഴുതാതിരിക്കും.ആ വിഷയങ്ങൾ തനിക്കുവേണ്ടി മനസ്സിൽ മാത്രം എഴുതി സംതൃപ്തി നേടും.എസ്. വി.വേണുഗോപൻ നായരെ ആ ഗണത്തിൽപ്പെടുത്താമല്ലോ.അദ്ദേഹം തൻ്റെ കഥകൾ തനിക്കു മാത്രം എന്ന  പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നത്. എം. സുകുമാരൻ, എൻ. മോഹനൻ എന്നിവർ ഈ രംഗത്തെ ആചാര്യൻമാരാണ്. എൻ.മോഹനൻ കഥയെഴുതാതെ ഇരുപതു വർഷം മൗനം പാലിച്ചപ്പോൾ എം. സുകുമാരൻ മുപ്പതുവർഷത്തോളം സ്വന്തം മൗനത്തിൻ്റെ ആത്മരതിയിൽ ആണ്ടു പോയി.



ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളനോവൽ ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ വസന്തകാലത്തിൻ്റെ സ്വാധീനത്തിൽ ഉണ്ടായതാണെന്ന് പ്രസന്നരാജൻ (മാർക്കേസിലാരംഭിക്കുന്ന മലയാള നോവൽ ,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 27) എഴുതി വിട്ടിരിക്കുന്നു. അസംബന്ധമാണിത്. ലാറ്റിനമേരിക്കൻ ബൂം അവിടെ കാലഹരണപ്പെട്ടതാണെന്ന് മനസ്സിലാക്കണം. റോബർട്ടോ ബൊലാനായെപ്പോലെയുള്ളവർ മാർകേസിനെയും ഒക്ടാവിയോ പാസിനെയും അവരുടെ ജീവിതകാലത്തു തന്നെ നിരാകരിക്കുകയാണ് ചെയ്തത്.പ്രസന്ന രാജന് സാഹിത്യം ആസ്വദിക്കാനുള്ള ക്ഷമതയില്ല .അദ്ദേഹത്തിനു ആഴമുള്ള രചന ഏതാണെന്ന് തിരിച്ചറിയാനുള്ള സിദ്ധിയുമില്ല. ഗായത്രി ,രാജേന്ദ്രൻ എടത്തുംകര, തോമസ്‌ ജോസഫ്  തുടങ്ങിയവരുടെ കലാനോവലുകളെക്കുറിച്ച് അദ്ദേഹത്തിനൊന്നുമറിയില്ല. സ്ഥൂലമായ വിവരണങ്ങളിൽ നട്ടം തിരിഞ്ഞ് ,അതിൽ ശോഭകെട്ട ഉത്തരാധുനിക ചിന്തകൾ അടിച്ചേല്പിക്കുകയാണദ്ദേഹം. ഇന്നത്തെ കൃതികളിൽ എഴുത്തുകാരൻ്റെ സ്വകാര്യ ദർശനമില്ല എന്ന് പ്രസന്നരാജൻ പറഞ്ഞതും ശരിയായില്ല .അത് എഴുത്തുകാരൻ ബോധപർവ്വം മുന്നോട്ടുവയ്ക്കുന്ന ദർശനമല്ല; വായനക്കാരൻ വായിച്ചെടുക്കുന്ന ദർശനമാണത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME