2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

നവാദ്വൈതം
അഭിമുഖം
 ഇത് സ്വാതന്ത്ര്യത്തിൻ്റെ പ്രമേയമാണ്
എം.കെ.ഹരികുമാർ / രാജേന്ദ്രൻ നിയതി
 
 ചോദ്യം :പുതിയ ഭാവുകത്വം സ്വാതന്ത്ര്യമാണെന്ന് താങ്കൾ എഴുതിയത് വായിച്ചു.സ്വതന്ത്രനാകുക എന്നത് കേവലമായ അവസ്ഥയാണോ ? ജനാധിപത്യരാജ്യത്ത് ഒരാൾ എങ്ങനെയാണ് വീണ്ടും സ്വതന്ത്രനാക്കുന്നത് ?

എം.കെ.ഹരികുമാർ: സ്വാതന്ത്ര്യം ചങ്ങലകളിൽ നിന്ന് മോചിതമാകുന്ന അവസ്ഥ മാത്രമല്ല ;ജീവിക്കുന്നതുമാണ്. എന്നാൽ സ്വാതന്ത്ര്യമുണ്ടെന്ന് പരസ്പരം സംവദിച്ച് ഉറപ്പാക്കുന്നിടത്താണ് ആളുകൾ വിജയിക്കുന്നത്. ആരും സ്വാതന്ത്ര്യം  ഉപയോഗിക്കാറില്ല. അത് അനന്തമായ ഒരാശയമാണ്.  സ്വാതന്ത്ര്യമെന്ന് പറഞ്ഞാൽ ഒന്നിലും ഇടപെടാതെ ടിവി കണ്ടുകൊണ്ടിരിക്കുക എന്നായി മാറിയിട്ടുണ്ട്. തത്ത്വശാസ്ത്രമോ  പ്രത്യയശാസ്ത്രമോ ഇല്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ ആകാശമാണ് ഇന്നത്തേത്. ചാറ്റ് റൂമുകളും സോഷ്യൽ മീഡിയയും സെൽഫികളും  ഇൻസ്റ്റഗ്രാമും മറ്റൊന്നല്ല പങ്കുവയ്ക്കുന്നത്. ഇവിടെയൊന്നും വ്യക്തിയുടെ ശരീരം തന്നെ ആവശ്യമില്ല. ശരീരം ജിംനേഷ്യത്തിനും  ഡോക്ടർമാർക്കും മരുന്നുകൾക്കും  ഭക്ഷണശാലകൾക്കുമുള്ളതാണ്. ശരീരം ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുകയാണ്.ഒരു ക്രിക്കറ്റ് കളി കാണുമ്പോഴോ ,സിനിമ കാണുമ്പോഴോ ആണ് നമ്മൾ ശരീരത്തെ വൈകാരികമായി അറിയുന്നത്. അവനവന്  ആവശ്യമില്ലാത്തതുകൊണ്ട് ശരീരം ഡോക്ടറെ ഏല്പിക്കുകയാണിന്ന്.

എന്തെങ്കിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമല്ലിത്. സ്വാതന്ത്ര്യം തന്നെയാണ് ഇവിടെ പ്രമേയം. സ്വാതന്ത്ര്യത്തെയാണ് ഒരാൾ ഉപയോഗിക്കുന്നത്. അത്  മാധ്യമങ്ങളിലൂടെയുള്ള ജീവിതമാണ്. അത് ഏറെക്കുറെ അശരീരജീവിതമാണ്. ഒരു രാഷ്ട്രീയ ഐഡൻ്റിറ്റിക്കുവേണ്ടിയല്ല ;സ്വന്തം സ്വാതന്ത്ര്യത്തെ ആഘോഷിക്കാൻ വേണ്ടിയാണ് ഒരാൾ ഇന്ന് ജീവിക്കുന്നത് .ആ സ്വാതന്ത്ര്യം അതിൽ തന്നെ നിക്ഷിപ്തമാണ്. ഒരു ഉദാഹരണം പറയാം. തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചതായി പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്താണ് ഇതിന് പ്രചോദനം? അയാളെ കൊല്ലാനുള്ള വാസനയല്ല. അയാളെ 'കൊന്നത് ' പരസ്യപ്പെടുത്താനുമല്ല. മറിച്ച് എനിക്ക് 'കൊല്ലാ'നുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു എന്ന  സ്വാതന്ത്ര്യപ്രഖ്യാപനമാണ്. അതിൽ ആർക്കൊക്കെ പരിക്കേൽക്കുന്നതിലും  യാതൊരു ഉത്ക്കണ്ഠയുമില്ലാതെയാണ് ഇതൊക്കെ ചെയ്യുന്നത് .ഇത് സ്വാതന്ത്ര്യംകൊണ്ട് ജീവിക്കാനുള്ള ആഗ്രഹമാണ്. വലിയ സംഭാവനകൾ ചെയ്തിട്ടുള്ള ഒരു കലാകാരനെയോ  കലാകാരിയെയോ  സമൂഹമാധ്യമത്തിൽ ചിലർ  ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ മരണത്തിൽ സഹപ്രവർത്തകർ ദു:ഖിക്കുമ്പോഴായിരിക്കും ചിലർ  അവരെ ആക്ഷേപിച്ചുകൊണ്ട് പോസ്റ്റുകളിടുന്നത്. ഇവിടെയും സമൂഹ മര്യാദകളെക്കുറിച്ച് ഉത്ക്കണ്ഠയില്ല. എന്തുകൊണ്ടാണ് ഉത്ക്കണ്ഠയില്ലാത്തത് ? അത്തരം മര്യാദകൾ ,ശീലങ്ങൾ, തത്വങ്ങൾ എല്ലാം കടപുഴകി വീണിരിക്കുന്നു. അവിടേക്കെല്ലാം സ്വാതന്ത്ര്യം ഇരച്ചു കയറിയിരിക്കുകയാണ്. ഇതുവരെ നമ്മൾ സൗഹൃദത്തിലായിരുന്നത് നേരിട്ട് അറിയാവുന്നവരോടായിരുന്നു. സൗഹൃദത്തിലേക്ക് എത്താൻ ഒരു കാരണം വേണമായിരുന്നു .ഇപ്പോൾ ചെയ്യുന്നത് ഫ്രണ്ട് ആകാൻ റിക്വസ്റ്റ് അയയ്ക്കുകയാണ്‌. ഒരു റിക്വസ്റ്റ് ഉണ്ടെങ്കിൽ എല്ലാ വിലക്കുകളും അപരിചിതത്വവും പെട്ടെന്ന് തന്നെ മാറും. ഇത് സ്വാതന്ത്ര്യത്തിൻ്റെ പ്രമേയമാണ്. വ്യക്തിസ്വാതന്ത്ര്യം എന്ന അവസ്ഥയാണ്; ഒരാശയമല്ല. വ്യക്തിക്ക്  സുഹൃത്തിനെ കിട്ടുന്നതുകൊണ്ട്  സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും പ്രവർത്തിക്കാനാകണമെന്നില്ല. അപ്പോഴും അവർ പരസ്പരം  അജ്ഞാതരാണ്. അയാളുടെ സ്വകാര്യവിവരങ്ങൾ കൈമാറേണ്ട. മറഞ്ഞിരിക്കാൻ എല്ലാ സൗകര്യങ്ങളുമുണ്ട് .ശരീരംകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല. സൗഹൃദംകൊണ്ട് പലതും ചെയ്യാനുണ്ട്. സൗഹൃദം നിരാധാരമായ ഒരു ആകാശത്തിലേക്ക് വ്യാപിക്കുകയാണ് .അത് മറ്റൊന്നിൻ്റെയും ഭാഗമല്ല. അത് കേവല ഭാവമാണ്. അതിന് പ്രത്യേക പിന്തുടർച്ചകളൊന്നും വേണ്ട .അത് രഹസ്യവും സ്വതന്ത്രവുമാണ്. സൗഹൃദത്തിൻ്റെ അർത്ഥം തന്നെ സ്വാതന്ത്ര്യമെന്നാണ്. അതിനു നിയമങ്ങളില്ല. അത് ഒരു ചന്ത പോലെയാണ്. അവിടെ അനേകം സൗഹൃദങ്ങൾ ലഭിക്കുന്നു. അതൊക്കെ സീമാതീതമായ സ്വാതന്ത്ര്യമഹാ വ്യാപനമാണ്. ഈ സ്വാതന്ത്ര്യം ഇതിനു മുമ്പുണ്ടായിട്ടില്ല. ഇന്നത്തെ മനുഷ്യൻ  ഇതിനു വേണ്ടി മരിക്കാൻ തയ്യാറാണ്. ഗുപ്തവും ആത്മരതി കലർന്നതും  എന്നും എപ്പോഴും മുറിഞ്ഞു പോകുന്നതുമായ ഒരു അവസ്ഥയാണത്.

ഒരു വ്യക്തിയെ സൗഹൃദമായി സ്ഥാപിച്ച്‌(ഇത് പ്രതീതിയാണ് )കുറെ നാൾ കൊണ്ടുനടന്ന ശേഷം ഉപേക്ഷിക്കുകയാണ്. അടയാളങ്ങളൊന്നുമില്ലാതെ കാലം മുന്നോട്ടുപോകുന്നു.

ചോദ്യം: വായനക്കാർ ഒരു മൂർത്ത യാഥാർത്ഥ്യമല്ല ,പ്രതീതിയായിരിക്കുന്നു എന്ന് താങ്കൾ എഴുതിയത് ഉത്തര- ഉത്തരാധുനികതയുടെ സവിശേഷതയായാണോ കാണുന്നത്?


എം.കെ.ഹരികുമാർ : ഉത്തര- ഉത്തരാധുനികതയിൽ എല്ലാവരും സ്വതന്ത്രരാണ്. വ്യക്തിത്വങ്ങളല്ല;  സാങ്കേതികജ്ഞാനികളാണുള്ളത്. ഒരു വ്യക്തി ഒരു പ്രത്യേക സാങ്കേതിക ജ്ഞാനത്തിൻ്റെ പ്രതിനിധാനമാണ്. ഒരാൾ ടിവി അവതാരകനാണ്,വാർത്താവതാരകനാണ്, ഫാഷൻ ഡിസൈനറാണ്, യൂട്യൂബറാണ് , ഫേസ്ബുക്കറാണ്, ലാബ് ടെക്നീഷ്യനാണ് , കമ്പ്യൂട്ടർ ടെക്നീഷ്യനാണ്.ഇവിടെ വായനക്കാർ എന്ന ഏകകത്തിലേക്ക് ബന്ധിപ്പിക്കുന്ന, ഒന്നിച്ച് നിർത്തുന്ന ഒരു ഘടകമില്ല. പൊതുഭാവുകത്വമില്ല . സംവേദനക്ഷമതയുടെ കേന്ദ്രമില്ല. അതുകൊണ്ട് വായനക്കാർ യഥാർത്ഥ്യമല്ല .അവർ ഉണ്ടെന്ന് സംങ്കല്പിക്കുന്നതാണ് ഉചിതം. അവർ എവിടെയെങ്കിലും ചിതറിക്കിടപ്പുണ്ടെങ്കിൽ തന്നെ, അവർക്ക് പ്രത്യേക അഭിരുചിയുടെ സമസ്യകളില്ല .അവർക്ക് ഏതെങ്കിലും സൗന്ദര്യാത്മക കേന്ദ്രീകരണമുള്ള, അഭിരുചിയെ അഭിവീക്ഷിക്കുന്ന കൃതികളെ വേർതിരിച്ച് മനസ്സിലാക്കേണ്ട ആവശ്യമില്ല .കാരണം അവരുടെ ജീവിതത്തിൽ സംവേദനക്ഷമതയുടെ  ഈ വേറിടൽ സംഭവിക്കുന്നില്ല. ഇന്നത്തെ ചില എഴുത്തുകാർ പോലും ഈ വേറിടലിൻ്റെ കലയിൽ വിശ്വസിക്കുന്നില്ല. എഴുത്തുകാർ തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ സമീപിക്കുന്നവരുണ്ട്. ആനന്ദിനെയും ഉണ്ണികൃഷ്ണൻ പുതൂരിനെയും വിലാസിനിയെയും യു.എ.ഖാദറിനെയും മുട്ടത്തുവർക്കിയെയും ഒരേതലത്തിൽ വിലയിരുത്തി ലേഖനങ്ങളെഴുതി പുസ്തകമാക്കുന്നതിനോട് യോജിക്കാനാവില്ല. ഓരോ എഴുത്തുകാരൻ്റെയും പ്രത്യേക അനുഭവമേഖലകൾ തിരിച്ചറിയേണ്ടതുണ്ട്.
ഭാവുകത്വമില്ലാതായതിൻ്റെ  സ്വാതന്ത്ര്യമാണിത്. ഭാവുകത്വം ഒരു കേന്ദ്രീകരണവും ഐഡൻറിറ്റിയുമായിരുന്നു.

ചോദ്യം : വായനക്കാർ എങ്ങനെയാണ് പുസ്തകങ്ങൾ വായിക്കുന്നത് ? അവരുടെ അഭിരുചി ചിതറിയ സാഹചര്യത്തിൽ ?

എം.കെ.ഹരികുമാർ :ഇവിടെയാണ് പുസ്തകം വിപണിയുടെ കരുവായി പ്രവർത്തിക്കുന്നത് .വലിയ പ്രസാധകരുടെ പുസ്തകങ്ങളാണല്ലോ കൂടുതൽ വില്ക്കുന്നത് .ചെറിയ പ്രസാധകർക്ക് അവരുടെ പുസ്തകങ്ങൾ  വായനക്കാരിലെത്തിക്കാൻ തന്നെ പ്രയാസമാണ്. മാർക്കറ്റിലെ ആധിപത്യം അത്രയ്ക്ക് നിർണായകമാണ് .എത്ര നല്ല കൃതി എഴുതിയാലും അത് വായനക്കാരുടെ അടുത്തെത്താൻ പ്രയാസമായിരിക്കും. പ്രത്യേക നിർബന്ധമില്ലാത്ത,  ഭാവുകത്വമില്ലാത്ത വായനക്കാർ ,വിപണിയിൽ കൂടുതൽ പതിപ്പുകൾ ഇറങ്ങിയതും  അവാർഡുകൾ കിട്ടിയതുമായ കൃതികൾ തെരഞ്ഞെടുക്കുന്നത് അങ്ങനെയാണ് .പ്രസാധകർ തള്ളിക്കളഞ്ഞ പുസ്തകങ്ങൾ പിന്നീട് പാശ്ചാത്യദേശത്ത് പ്രസിദ്ധീകരിക്കപ്പെട്ട് പ്രശസ്തി നേടുന്ന സംഭവങ്ങളുണ്ട്. കഴിഞ്ഞവർഷം ബുക്കർ പ്രൈസ് ലഭിച്ച ഡഗ്ളസ് സ്റ്റുവർട്ടിൻ്റെ Shuggie Bain എത്രയോ പ്രസാധകർ തള്ളിയതാണ്. എന്നാൽ യാതൊന്നിനോടും  പ്രതിബദ്ധതയില്ലാത്ത വായനക്കാർ പെരുകുകയാണ്. ഇതാണ് പ്രസാധകരുടെ ഇടം. പ്രസാധകരുടെ  പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ കൂടുതൽ വിറ്റഴിക്കാൻ കഴിയുന്നതിൻ്റെ സാഹചര്യം ഇതാണ്.

സാഹിത്യകൃതികളിലെ ഉള്ളടക്കത്തെ  ആസ്പദമാക്കി കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടാംപകുതിയിൽ എത്രയോ ചർച്ചകൾ നടന്നു.എഴുത്തുകാർ മുഖ്യധാരയിൽ നിന്ന് മാറി സ്വതന്ത്രമായ പ്രസിദ്ധീകരണങ്ങൾ തുടങ്ങി.അവർക്ക് ഗൗരവമേറിയ വിഷയങ്ങൾ ചർച്ചചെയ്യാനുണ്ടായിരുന്നു. എഴുത്തുകാരൻ്റെ സ്വാതന്ത്ര്യവും പ്രതിബദ്ധതയുമൊക്കെ എത്രയോ പതിറ്റാണ്ടുകളാണ് ചർച്ച ചെയ്തത്! . എന്നാൽ ആ ചർച്ചകളൊക്കെ മങ്ങിപ്പോയിരിക്കുന്നു .ഇപ്പോൾ കാതലായ സാഹചര്യങ്ങളൊന്നുമില്ല. ഒരു പ്രസാധകൻ മിടുക്കുപയോഗിച്ച് കൂടുതൽ കോപ്പികൾ വില്ക്കുന്നതിനാണ് അംഗീകാരം. അതാണ് എല്ലാവരും വായിക്കുന്നത്. ഈ വായന അധാർമികവും അക്രമവുമാണെന്ന് ഞാൻ കരുതുന്നു .സാഹിത്യരംഗത്ത് ബാഹ്യശക്തികൾ അധികാരമുപയോഗിച്ച് മൂല്യത്തെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിച്ചിരിക്കുന്നു. വായനക്കാർക്ക് പ്രത്യേക അഭിരുചികളോട് കൂറില്ലാതായി. സാഹിത്യത്തിലെ കലാപസ്വരം  നഷ്ടമായി. 'മാറ്റുവിൻ ചട്ടങ്ങളെ 'എന്ന് പറഞ്ഞ കുമാരനാശാനെ ഓർക്കുകയാണ് .ഇന്നത്തെ കവികൾ ചട്ടങ്ങൾ മാറ്റാൻ ആവശ്യപ്പെടുന്നില്ല. പകരം ചട്ടങ്ങൾക്കുള്ളിലേക്ക് വലിയുകയാണ്

വായനക്കാരന് അവൻ്റെ സ്വാതന്ത്ര്യമാണ് പ്രധാനം. അവൻ വായിക്കുന്നതും ഉപേക്ഷിക്കുന്നതും ഒരേപോലെയാണ്. വായനക്കാരന് സ്വന്തം ജീവിതം വായിക്കുന്നതിലാണ് താത്പര്യം. മറ്റൊരാളുടെ രചനകളിലെ ജീവിതം അവനെ അതിശയിപ്പിക്കുന്നില്ല. കാരണം അവൻ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്.

ചോദ്യം: വായനക്കാരൻ ഒരു ഉപയോക്താവ് എന്നതിനപ്പുറം ഇടപെടുന്നില്ലെന്നാണോ?

എം.കെ.ഹരികുമാർ : വായനക്കാരൻ മറ്റു വസ്തുക്കൾ വാങ്ങുന്ന പോലെയാണ് പുസ്തകങ്ങൾ വായിക്കുന്നത്. അവന് സ്വാതന്ത്ര്യം മതി;വിലക്കുകൾ വേണ്ട .ഭാവുകത്വം അവന് വിലക്കാണ്. അവന്  ഉത്തരവാദിത്വമില്ല. ഒരു മൂല്യസംഘട്ടനം  അവൻ്റെ മുന്നിലില്ല. അവൻ നിരുപാധികമായി ഒഴുകുകയാണ്. അവൻ ജീവിതത്തെ  സമൂഹമാധ്യമത്തിൽ പ്രതീതിയായി നിലനിർത്തുന്നവനാണ്.   സാഹിത്യകൃതികൾക്ക് സ്വന്തം ജീവിതവുമായി ബന്ധമുള്ളതായി അവൻ കാണുന്നില്ല. ചീട്ടുകളിക്കുമ്പോൾ ചീട്ടുകളോട് നമുക്ക് ബന്ധമില്ലല്ലോ. കാർഡിലെ അക്ഷരങ്ങളോടും ചിഹ്നങ്ങളോടും നമുക്ക് ബന്ധമില്ല. ആ ചിഹ്നങ്ങൾ നമ്മുടെ ജീവിതത്തെ ഒരു ഘട്ടത്തിലും പ്രതിനിധീകരിക്കുന്നില്ല. അതിനോട് ബന്ധമുണ്ടാകേണ്ട കാര്യമില്ല. ഈ മനോഭാവമാണ് ഇന്നത്തെ വായനക്കാർക്കുള്ളത്. അവർ എഴുത്തുകാരുടെ സ്വകാര്യജീവിതമോ ടെക്സ്റ്റിനുള്ളിലെ സംഘർഷങ്ങളോ കാര്യമാക്കുന്നില്ല. അവർ രാഷ്ട്രീയസ്വാതന്ത്ര്യത്തിൻ്റെ വലിയ ആകാശത്തിനകത്ത് നിരുത്തരവാദത്തോടെ കഴിയുന്നതിൻ്റെ  സ്വാതന്ത്ര്യമാണ് തേടുന്നത്.

ചോദ്യം: ഈ പ്രതീതി സ്വാതന്ത്ര്യം എങ്ങോട്ടാണ് നമ്മെ കൊണ്ടെത്തിക്കുന്നത്?

എം.കെ.ഹരികുമാർ: ഡിജിറ്റൽ ലോകത്ത് നമുക്ക് സ്വയം മറന്ന് കഴിയാം.ഓരോ വ്യക്തിയും ഡേറ്റയാണ്. അതോടൊപ്പം അതിൻ്റെ തടവറയുമാണ്. വ്യക്തി ഡേറ്റ എന്ന  നിലയിൽ എപ്പോഴും നെറ്റിൻ്റെ ഉള്ളിലാണ്. എന്നാൽ അതിനെ തിരിച്ചുവിളിക്കാനുള്ള സ്വാതന്ത്ര്യമില്ല. അതേസമയം , നെറ്റിൽ ആയിരിക്കുന്നതിൻ്റെ  എത്തിച്ചേരുന്നതിൻ്റെ സ്വാതന്ത്ര്യത്തിനാണ് അവൻ വിലകൊടുക്കുന്നത് .പരിശീലനം നേടിയ അടിമയായാണ് സൈബർ പ്രതീതിലോകത്തെ ഒരു പൗരൻ സ്വയം വീക്ഷിക്കുന്നത്. അവൻ മൊബൈൽ സ്ക്രീനിൻ്റെ പ്രതലത്തിനപ്പുറത്ത്  ജീവനുള്ള ഒരു ലോകത്തെ കാണാൻ തന്നെ വിസമ്മതിക്കുകയാണ്. വിനോദസഞ്ചാരം പോലും ഇപ്പോൾ ഡിജിറ്റലാണ്. യാത്രകളിൽ കാണുന്ന സ്ഥലങ്ങൾ പോലും ഡിജിറ്റലാവുകയാണ്.

ചോദ്യം: സമൂഹമാധ്യമങ്ങളിലൂടെ സമൂഹം പുറത്തേക്ക് പോവുകയാണെന്ന് താങ്കൾ എഴുതിയതു എന്തുകൊണ്ടാണ് ?

എം.കെ.ഹരികുമാർ: മറ്റൊരാളെ നേരിൽ കാണേണ്ടതില്ലെന്ന് വരുന്നത്, പല പരിഗണനകളും അസ്ഥാനത്താക്കി. മന:ശാസ്ത്രപരമായി പല മാറ്റങ്ങളും സംഭവിച്ചു. തുടർച്ചയായി  ഇൻറർനെറ്റിൽ സൗഹൃദം തുടരുന്ന പല വ്യക്തികൾക്കും  നേരിൽ കാണാൻ  താല്പര്യമില്ല. അവരുടെ മനോഘടന മാറിയതുകൊണ്ടാണ് ഇത്  സംഭവിക്കുന്നത്. മറുവശത്ത് ആരോ ഉണ്ടെന്ന സങ്കല്പത്തിൽ നമ്മൾ ഉറങ്ങുന്നു ;അല്ലെങ്കിൽ ഉറങ്ങാതിരിക്കുന്നു. രാത്രി തീർന്നു  പോയെങ്കിലോ എന്ന് വെപ്രാളപ്പെട്ട്  നമ്മൾ രാവേറെ സന്ദേശങ്ങളയച്ചും   ഫോട്ടോകൾ കൈമാറിയും ജീവിതം ആഘോഷിക്കുന്നു. ജീവിതം ഇങ്ങനെ ജീവിക്കാതെ തന്നെ ആഘോഷിക്കാനുള്ളതാണോ ? അതിവേഗതയിൽ നഷ്ടപ്പെടുന്നതെന്താണ് ? കാലത്തിൻ്റെ  വേഗത ഇരട്ടിയാക്കുന്നത്, അല്ലെങ്കിൽ ഒരു മിനിറ്റിൽ ഒരു മണിക്കൂറിൻ്റെ  കാര്യങ്ങൾ ചെയ്യുന്നത് വേഗതയുടെ പുതിയ ഭാഷയാണോ ? ഇതല്ലേ  നമ്മളെ അലട്ടലുകളുടെ ജീവിയാക്കുന്നത്? വേഗതയിൽ വീണ്ടും വീണ്ടും ജീവിക്കുമ്പോൾ, ജീവിക്കാതെ കളയുന്നതാണ് യഥാർത്ഥ ജീവിതം. നിശ്ശബ്ദതയും ഓർമ്മയും സ്വപ്നങ്ങളുമെല്ലാം വേഗതയ്ക്ക് പുറത്താണുള്ളത്.

ചോദ്യം: ഇന്ന് വ്യക്തിബന്ധങ്ങളില്ലെന്നും   സ്നേഹസങ്കലിത സമുച്ചയമാണുള്ളതെന്നും  എഴുതിക്കണ്ടു. എന്താണ് അർത്ഥമാക്കുന്നത്?

എം.കെ.ഹരികുമാർ: വ്യക്തിബന്ധങ്ങൾ  ഒരുറപ്പിലാണ് നില്ക്കുന്നത്. അത് താരതമ്യേന സംസ്കാരവുമാണ്. ഒരാൾ  എങ്ങനെയൊക്കെ പെരുമാറും എന്ന സങ്കല്പത്തിലാണ് ഓരോ രാവും മുന്നോട്ടുപോകുന്നത്. സ്നേഹം ഒരിടത്തേക്ക് ഒഴുകുന്നേയില്ല.ഒരാളെ സ്നേഹിച്ചാൽ നമുക്ക് മറ്റുള്ളവരെയും അതുപോലെ സ്നേഹിക്കാനാകുമോ? ഇന്ന് പലരിലേക്ക് പടരുന്ന പ്രതീതി  സ്നേഹമാണുള്ളത്. കാമുകി - കാമുക ബന്ധത്തിൽ പരസ്പരമുള്ള സ്നേഹമാണ് മുഖ്യം. അത്രയും തീവ്രത മറ്റാരോടുമുള്ള അടുപ്പത്തിൽ കാണുകയില്ല .എന്നാൽ ഇന്നത്തെ സ്നേഹസമുച്ചയത്തിൽ സ്നേഹിതർ ഒരു വലയിലെന്നപോലെ കണ്ണി ചേർക്കപ്പെടുകയാണ്. ഒരു വ്യക്തിയുടെ മനസിലേക്കുള്ള സ്നേഹത്തിൻ്റെ തുരങ്കം കാണാനില്ല. അതിൻ്റെ  വിശുദ്ധിയോ സ്വകാര്യതയോ ഉണ്മയോ ഇല്ല; പകരം എപ്പോഴും ഉപേക്ഷിക്കാവുന്ന വിധത്തിലുള്ള ഉപരിതല അടുപ്പമാണുള്ളത്. ഒരാളില്ലെങ്കിൽ വേറെ എത്രയോ പേരുണ്ട് എന്ന ചിന്ത പടർന്നിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'മതിലുകളി 'ലെ പ്രേമം അനിവാര്യമായ ഒരു ജീവിതപ്രശ്നമാണ്. ജയിലുകളിൽ കഴിയുന്ന രണ്ടുപേർ പരസ്പരം കാണാതെ, മതിലിന് അപ്പുറത്തും ഇപ്പുറത്തും നിന്ന് പ്രണയിക്കുകയാണ്. എന്തിനാണ് ?സമൂഹത്തെ കാണിക്കാനാണോ ?അല്ല; അവരുടെ ആന്തരികമായ ആവശ്യം അത്ര തീവ്രമാണ്. സ്നേഹരാഹിത്യത്തിൽ  അവരുടെ മനസ്സ് വിണ്ടുകീറുകയാണ്. അവർ സ്വന്തം ജീവിതത്തെ അതിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഇതിനു വിപരീതമാണ് ഇന്നത്തെ അവസ്ഥ .മതിലിനു പുറത്ത് ഒരായിരം പേരാണെന്ന് സങ്കല്പിക്കുക. അപ്പോൾ പ്രണയത്തിൻ്റെ ,സ്നേഹത്തിൻ്റെ സ്വഭാവം മാറിയില്ലേ?  രണ്ടു മനുഷ്യർ തമ്മിലുള്ള മമതയുടെ അനിവാര്യത മനുഷ്യമനസ്സിൽ നിന്ന് പിൻവലിഞ്ഞു തുടങ്ങിയോ എന്ന് ഞാൻ സംശയിക്കുന്നു.
 

HOME




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME