ആൾക്കൂട്ടമാധ്യമങ്ങളും എഴുത്തുകാരൻ എന്ന
വൈരുദ്ധ്യാത്മക ജീവിയും
എം.കെ.ഹരികുമാർ
ഫ്രഞ്ച്
ദൈവശാസ്ത്രജ്ഞനായ പിയർ ദയ്യാ ദുഷാദ് (Pierre teilhard de chardin) പറഞ്ഞത്
ഈ ചർച്ചയിൽ പ്രധാനമാണ്: "ആത്മീയ അനുഭവമുള്ള മനുഷ്യജീവികളല്ല നാം;
മനുഷ്യാനുഭവമുള്ള ആത്മീയജീവികളാണ്'' . ഇത് നമ്മുടെ മുറിവുണക്കാനുള്ള
ലേപനമായി ഉപയോഗിക്കാവുന്നതാണ്. മനുഷ്യർ അവരുടെ ഓർമ്മകളിൽ നിന്നും
കലാനുഭവങ്ങളിൽ നിന്നും താഴേക്ക് പതിച്ച വെറും ആൾക്കൂട്ടമാധ്യമജീവിയാകുന്ന ഈ
കാലത്ത് അദൃശ്യരായി ജീവിക്കാമെങ്കിലും , മുൻഗണനാക്രമങ്ങൾ ആകെ മാറി.
വേഗത്തിനൊത്ത് നീങ്ങാനായി എല്ലാത്തിനെയും കാലികമായ വസ്തുക്കളായി (durable
goods) മനുഷ്യർ പുന:ക്രമീകരിച്ചിരിക്കുന്നു. പവിത്രമായതെല്ലാം
അപ്രത്യക്ഷമാകുകയാണ്. ഇവിടെ മനുഷ്യൻ അവൻ്റെ കോപവും ഭയവും തീവ്രമായ
ഉത്ക്കണ്ഠയുമായി പുനരവതരിക്കുകയാണ്. ദുഷാദ് പറഞ്ഞത് ശ്രദ്ധേയമാകുന്നത്
ഇവിടെയാണ്. മനുഷ്യനെന്ന നിലയിൽ നമ്മൾ ആത്മീയജീവികളാണ് എന്ന തിരിച്ചറിവ്
നേടേണ്ടിയിരിക്കുന്നു. ആത്മീയജീവിതം എന്നാൽ മതപരമായി കാണേണ്ടതില്ല. മനുഷ്യൻ
അവനെക്കുറിച്ച് ചിന്തിക്കുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന പാരസ്പര്യമാണത്.
അത് ഉദാരവും നിരുപാധികവുമാണ്. ആത്മീയജീവിയായ നമുക്ക് മറ്റുള്ളവരെ
അറിയാനുള്ള സിദ്ധിയുണ്ട്. പാരസ്പര്യത്തെ വലിയ ലോകങ്ങളിലേക്ക്
ക്രമീകരിക്കണം. മുറിവുകളും വ്യഥകളുമായി ചിതറുന്ന മനുഷ്യരോടും ഇതര
ജീവികളോടും സ്ഥിരമായ സഹവർത്തിത്വം ഉണ്ടായാൽ മാത്രം പോര ,അതിന്
മുൻകാലപ്രാബല്യം ഉണ്ടാകണം. പരസ്പരവിരുദ്ധമായി നിൽക്കുന്നതിനെ
ചേർത്തുകൊണ്ടുള്ള ഭാവന ഉണ്ടാകണം.
ഒരു കവിയോ നോവലിസ്റ്റോ ഏകമുഖമായ
,പരസ്പര പൊരുത്തമുള്ള സൗന്ദര്യശാസ്ത്രം സൃഷ്ടിക്കേണ്ടതില്ല .ഇത്തരം
കാഴ്ചപ്പാടുകൾ ഒരാൾക്ക് തോന്നുന്നതാണ്. വേറൊരാൾ വായിക്കുമ്പോൾ അത് മാറും
.ഏകമുഖമായ ,പൊരുത്തുള്ള ദർശനം വേണമെന്നാണ് ഇക്കാലമത്രയും പലരും
പറഞ്ഞുകൊണ്ടിരുന്നത്. ഇനി അതിൻ്റെ ആവശ്യമില്ല. കാരണം ഏകകേന്ദ്രീകൃതമായ
,സാംസ്കാരിക കേന്ദ്രീകൃതമായ ലോകം ഇല്ലാതായി. ലോകം അതിൻ്റെ സൈബർ ഇടങ്ങളുമായി
ചേർന്ന് ഘടനയിൽ ശത ഗുണീഭവിച്ചിരിക്കുന്നു. അതുകൂടി ചേരുന്നതാണ് പുതിയ
ലോകം. ഇരുപതാംനൂറ്റാണ്ടിനെ കേന്ദ്രീകരിച്ചു നിർത്തിയത് പുസ്തകങ്ങളും കലകളും
ശാസ്ത്രവുമാണ്. ഒരു സംസ്കാരത്തിൻ്റെ കണ്ണിലൂടെ അല്ലെങ്കിൽ ഒരു
സൗന്ദര്യശാസ്ത്രത്തിൻ്റെ കാഴ്ച്ചവട്ടത്തിലൂടെ ലോകത്തെ
നോക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യമല്ല ഇപ്പോഴുള്ളത്.വലിയ പരിവർത്തനം
വന്നിരിക്കുന്നു. സ്വത്വമോ സ്വഭാവമോ ഇല്ലാതായി.ജോലിസമയമോ സ്ഥലമോ ശരീരമോ
മനസ്സോ ഇല്ലാതായി. ഫ്രോയിഡിൻ്റെ സ്വഭാവമനസ്സ് എന്ന ആശയം തന്നെ തകർന്നു
.മനസ്സ് സന്ദർഭങ്ങളുടെ സൃഷ്ടി മാത്രമായി. എല്ലാം സൈബർ ഇടങ്ങളിലെ
മെസ്സേജുകളും ഇമോജികളും പോസ്റ്റുകളുമായിരിക്കുന്നു .
കാവ്യദർശനമോ ?
പല
സംസ്കാരങ്ങളാണ് ഒരാൾ ഇന്ന് കൊണ്ടുനടക്കുന്നത് .ക്ളാസിക്കൽ ഏകാധികാര
സംസ്കാരങ്ങളുടെ അധീശത്വം ഇല്ലാതായി. ഒരാൾ ഒരു വ്യക്തിയായിരിക്കുന്നത്
അയാളുടെ ശരീരത്തിൻ്റെ തലത്തിലാണ്. അതുകൊണ്ട് പല സൗന്ദര്യശാസ്ത്രങ്ങളും
കാഴ്ചപ്പാടുകളും അനുഭൂതികളും വിരുദ്ധമായി തന്നെ ഒരാളിൽ ജീവിക്കുകയാണ്. ഒരു
കവിയുടെ കാവ്യദർശനം എന്ന് പറയുന്നത് തന്നെ അബദ്ധമാണ്. കലാശാലാവിമർശകരും
പഠനങ്ങൾ എഴുതുന്നവരും സൃഷ്ടിച്ച ഏകശിലാ വീക്ഷണമാണിത്. ഒരു കവിക്ക്
വ്യക്തവും ഏകശിലാ രൂപത്തിലുള്ളതും കേന്ദ്രീകൃതവുമായ ദർശനമില്ല. എ.അയ്യപ്പനെ
നോക്കിയാൽ ഇത് മനസ്സിലാവും. അദ്ദേഹം നിയതമായ ഒരു സൗന്ദര്യ
ശാസ്ത്രത്തിൻ്റെയോ ദർശനത്തിൻ്റെയോ വക്താവായിരുന്നില്ലല്ലോ.പലതരം
വിരുദ്ധഘടകങ്ങളാണ് കവിയെ നിർമ്മിക്കുന്നത് .യഥാർത്ഥ കവി ഒരു സോദ്ദേശ്യ
വ്യക്തിയല്ല .അയാൾ പാരമ്പര്യത്തിൽ നിന്ന് വേർപെടുകയാണ് ചെയ്യുന്നത്.
കവിതയ്ക്ക് ഇതാവശ്യമാണ്. ഒരു കവി വിഭാവനം ചെയ്യുന്ന സംയുക്തമായ, അഖണ്ഡമായ
കാവ്യവീക്ഷണമോ സൗന്ദര്യശാസ്ത്രമോ ഇന്ന് സദാചാരവിരുദ്ധമാണ്. മാർക്സിയൻ
സൗന്ദര്യശാസ്ത്രമാണ് കവി പിന്തുടരുന്നത് എന്ന് പറയുന്നത് അങ്ങേയറ്റം
കാവ്യവിരുദ്ധമാണ് .കാരണം കവിത പ്രത്യയശാസ്ത്രങ്ങൾക്ക് പ്രവേശനമില്ലാത്ത
ഇടങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കവിത ,മുൻകൂട്ടിയുള്ള പദ്ധതിയല്ല
.മാർക്സിയൻ പ്രത്യയശാസ്ത്രത്തിനകത്ത് കവിതയില്ല .
ചെറുകഥ എഴുതുന്നവർ
ഇന്ന് പ്രധാനമായും ശ്രദ്ധിക്കുന്നത് ഏത് വിഷയത്തെക്കുറിച്ച്
എഴുതണമെന്നുള്ളതാണ് .ഈ ചിന്തയ്ക്ക് പ്രസക്തിയില്ല .ചെറുകഥ ഒരു
കലാരൂപമാണെന്ന് ചിന്തിക്കണം.അതിൽ നിന്ന് ഉണ്ടാകേണ്ടത് കലയാണ്.
സൗന്ദര്യാത്മകചിന്തകളാണ് ഒരു എഴുത്തുകാരനെ അസ്വസ്ഥനാക്കേണ്ടത് .അതിൻ്റെ
ശൈലി രൂപീകരിക്കുന്നതിന് വേണ്ടി വർഷങ്ങളോളം അന്വേഷണം നടത്തുന്നതിന് എത്ര
പേർ ഇവിടെ ശ്രമിക്കുന്നുണ്ട് ? . ഗദ്യശൈലിയുണ്ടാക്കാൻ ജീവിതം മുഴുവൻ
മാറ്റിവച്ചിരിക്കുകയാണെന്ന് ജോർജ് ഓർവെൽ പറഞ്ഞത് ,ഈ സന്ദർഭത്തിൽ
ഓർക്കുന്നത് നല്ലതാണ്.
മനുഷ്യൻ ചിന്തിക്കുന്നു ,
ദൈവം ചിരിക്കുന്നു
സ്പാനീഷ്
നോവലിസ്റ്റ് സെർവാന്തസ് പറയാൻ ശ്രമിച്ചത് സത്യം ഐകകണ്ഠ്യേന
പാസാക്കാനുള്ളതല്ലെന്നാണ്. എല്ലാവരും കൈയ്യടിച്ചു പാസ്സാക്കിയാൽ സത്യം
ഉണ്ടാകില്ല. അല്ലെങ്കിൽ തന്നെ സത്യത്തെ എല്ലാവർക്കും ഒരുപോലെ
ബോധ്യപ്പെടുകയാണെങ്കിൽ പിന്നെ, മനുഷ്യവ്യക്തിയുണ്ടോ? കലയുണ്ടോ ?ചിന്തയുണ്ടോ
?ചിന്തിക്കുന്നവനു മുന്നിൽ പുതിയ ലോകങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതാണ്
ചിന്തയുടെ പ്രത്യേകത. ചിന്ത വേറൊരു യാഥാർത്ഥ്യമാണ്.
അതുകൊണ്ട് മനുഷ്യൻ
ചിന്തിക്കുന്നു എന്നു പറയുന്നത് ഒരു വലിയ സാംസ്കാരിക പ്രവർത്തനമാണ് .അത്
മനുഷ്യാവസ്ഥയിലേക്കുള്ള സഞ്ചാരമാണ്. ഒരു ഗൃഹസ്ഥനോ സന്യാസിയോ ആവുന്നത്
ഒരുപോലെ പ്രയാസകരമാണ്. സന്യാസിക്ക് എല്ലാറ്റിനെയും ത്യജിച്ച് ,സ്വന്തം
ബലത്തിലും ഏകാന്തതയിലും ആർത്ത് തളിർത്ത് ജീവിക്കേണ്ടതുണ്ട്. അതൊരു
അഗ്നിപരീക്ഷണമാണ്. യഥാർത്ഥ സന്യാസം ഒരു തപമാണ്;സ്വയം തീപ്പിടിക്കാനുള ഒരു
കാരണം അതിലുണ്ട്. അതിനു സ്വയം നിർധാരണം ചെയ്യാനുള്ള യുക്തി വേണം. അതൊരു
സുരക്ഷിതമായ താവളമല്ല; എപ്പോഴും നഷ്ടപ്പെടാനിടയുള്ള കൂടാരമാണ്. അത്
നിലനിർത്താനായി പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. എന്തിനാണ്
സന്യാസമെന്ന് സ്വയം ചോദിക്കുന്നതിൽ ഒരു അലച്ചിലുണ്ട്. അതിനൊടുവിലാണ് താൻ
സന്യസിക്കേണ്ടവനാണെന്ന് തിരിച്ചറിയുന്നത്. ഗൃഹസ്ഥനാകുന്നതിലും ഈ കഠിനമായ
തപസ്സുണ്ട്.ഗൃഹസ്ഥൻ ഒരു അഭ്യാസിയാണ്. പ്രതിബന്ധങ്ങളെ നേരിടുന്നതിൽ
അതിവൈകാരികത പാടില്ല. അതുണ്ടായാൽ എല്ലാം പാളം തെറ്റും .എല്ലാറ്റിനെയും
നിയന്ത്രിക്കേണ്ടവനാണ് താനെന്ന ചിന്ത ഗൃഹസ്ഥനെ സൗമ്യനും
കർമ്മനിരതനുമാക്കുന്നു. അവൻ സേവനപാതയിലാണ് .അവനെക്കൊണ്ടുള്ള ഏറ്റവും
അർത്ഥവത്തായ പ്രയോജനം വീട്ടുകാർക്കാണ്. സ്വന്തം അധ്വാനം
മറ്റുള്ളവർക്കുള്ളതാണെന്ന വിലപ്പെട്ട പാഠം അതിലുണ്ട്. അതുകൊണ്ട്
ഇതുപോലെയുള്ള ആഗ്രഹങ്ങളിൽ മനുഷ്യൻ്റെ ഏറ്റവും ശ്രദ്ധേയവും പവിത്രവുമായ
ചുവടുവയ്പുകളുണ്ട്.
വ്യക്തികളാണ് സത്യത്തെ പകുത്തെടുക്കുന്നത്
.അവരവരുടെ ഓഹരിയാണത്. അതിൽ അവർ സ്വയം കണ്ടെത്തുന്നു. നോവലിസ്റ്റ് മിലാൻ
കുന്ദേര തൻ്റെ ഒരു ജൂത പഴഞ്ചൊല്ല് ഉദ്ധരിക്കുന്നുണ്ട്: " മനുഷ്യൻ
ചിന്തിക്കുന്നു ,ദൈവം ചിരിക്കുന്നു" . എന്തുകൊണ്ടാണ് ദൈവം
ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട് .മനുഷ്യൻ
ചിന്തിക്കുമ്പോഴാണ് ദൈവം ചിരിക്കുന്നത്. കാരണം ചിന്തിക്കുമ്പോൾ സത്യം
രക്ഷപ്പെടുകയാണല്ലോ ചെയ്യുന്നത്. കൂടുതൽ ചിന്തിക്കുന്നതോടെ , ഒരാളുടെ
ചിന്ത മറ്റൊരാളുടെ ചിന്തയിൽനിന്ന് വ്യത്യാസപ്പെടുന്നു. മനുഷ്യൻ
ചിന്തിക്കുന്നത് അവൻ്റെ മാത്രം സത്യമാണ്. അതുകൊണ്ടുതന്നെ അവൻ
തന്നെക്കുറിച്ച് എന്താണോ ചിന്തിക്കുന്നത് ,അതല്ലാതായിതീരുന്നു. ഒരാൾ സ്വയം
എന്താണെന്ന് മനസ്സിലാക്കികൊണ്ടല്ല ചിന്തിക്കുന്നത്. അതാണ് അവനു സ്വയം
അജ്ഞാതമാകുന്നത്. ഒരാൾ അയാളുടെ അയുക്തിയും അബദ്ധവും ആക്രമണകാരിയായ
ഭാവനയുമാണ്. ആ ഭാവനയുടെ ഇരയാകാതാരിക്കാൻ അയാൾക്കാവില്ല. ഇതാണ് ജീവിതത്തിലെ
വിഷാദാത്മകത്വത്തിനു കാരണം .
വൈയക്തികത എന്ന വൈരുദ്ധ്യം
സാഹിത്യത്തിൻ്റെ പുതിയ സാഹചര്യമാണിതെന്ന് കുന്ദേര ചൂണ്ടിക്കാണിക്കുന്നു. പുതിയ സാഹിത്യത്തിൻ്റെ വിചാരജീവിതം ഇവിടെയാണ്. ഇതൊരു അന്വേഷണവും അറിവുമാണ്. മനുഷ്യനെ കണ്ടെത്തുന്നതിൻ്റെ നിമിഷമാണ്. ഫ്രാൻസ്വാ റെബേലിയസ് നോവലിൻ്റെ കലയിൽ വിഭാവന ചെയ്ത ആശയങ്ങൾ ഇവിടെ തുടങ്ങുകയാണ്.ഓരോ വ്യക്തിയും അവനവനെപ്പറ്റിയുള്ള അറിവുകളുടെ വേറൊരു കൂടാരമാണ്. വ്യക്തി ഒരു കൂട്ടമല്ല ;ഒരു കണ്ണിയായിരിക്കാം. എന്നാൽ തനിച്ചാണ് അനുഭവിക്കുന്നത്. അതിൽ സത്യത്തിൻ്റെ ലഘൂകരിക്കാനാവാത്ത ഭാവനയുണ്ട്. തന്നിൽ നിന്ന് ഒളിച്ചോടുന്നത് പോലും സത്യമാണ്; പരസ്പരം പോരടിക്കുന്ന സത്യങ്ങളെയാണ് നാം വ്യക്തമായി അനുഭവിക്കുന്നത്. ചിന്തിക്കുന്നു എന്ന യഥാർത്ഥ്യത്തിൽ നാം പലതാകാനും വിധിക്കപ്പെട്ടിരിക്കുന്നു. ഒരു ശരീരത്തിൽ ബന്ധിതമായിരിക്കുന്ന വ്യക്തിയാണെങ്കിലും, അതിൽ പരസ്പരം ചേരാത്ത പലതുമുണ്ട്. അതിൽനിന്നെല്ലാം വൈയക്തികമായ വൈരുദ്ധ്യങ്ങളും ആരംഭിക്കുന്നു. വൈരുദ്ധ്യങ്ങളുള്ളത് ഒരു ക്ഷീണമല്ല; വൈരുദ്ധ്യങ്ങൾ വേണം. ജീവിക്കുന്നതിൻ്റെ തെളിവാണത്. ചിന്തിക്കുക എന്ന മനോഭാവത്തിൻ്റെ പ്രത്യക്ഷവത്ക്കരണമാണ് വൈരുദ്ധ്യം. വൈരുദ്ധ്യമില്ലെങ്കിൽ നാം വ്യവസ്ഥയുള്ളയുള്ളവരാകുമെന്ന് ശഠിക്കരുത് ;ആ വ്യവസ്ഥ തന്നെ പൊള്ളതും ചിന്താശൂന്യവുമാണ്.
ഒരു പ്രശ്നത്തിൻ്റെ വിവിധ വശങ്ങളാണ് വൈരുദ്ധ്യങ്ങൾ. അതാണ് വ്യക്തിയെ നിർണയിക്കുന്നത് .വ്യക്തി ഒരു അടഞ്ഞ ലോകമല്ല; വ്യക്തി പ്രശ്നപരിഹാരവുമല്ല .വ്യക്തി സുഘടിതമായ ഒരു സൂത്രമല്ല. വ്യക്തി എതിരിടലും അന്വേഷണവുമാണ്.ഒരു തീരുമാനത്തിൽ എത്തുന്നതാണ് രമ്യത. അതിൽ നിന്ന് മുന്നോട്ടുപോകുന്നതിനാവശ്യമായ ചിന്താശക്തിയാണ് വൈരുധ്യങ്ങളായി രൂപാന്തരപ്പെടുന്നത് .
ഈ വൈരുദ്ധ്യങ്ങളിലാണ് ഒരു നോവലിസ്റ്റ് കൃഷിയിറക്കുന്നത്. കഥാപാത്രങ്ങൾ വൈരുദ്ധ്യങ്ങളെയാണ് ആഖ്യാനം ചെയ്യുന്നത് .അത് നിർദ്ധാരണാത്മകമായ ആഖ്യാനമാണ്. കഥപറയുന്നത് വൈരുദ്ധ്യങ്ങളെ അനുവദിക്കിലാണ്. അതുകൊണ്ട് നോവൽ വൈയക്തികതയിലുള്ള ഒരു പരീക്ഷണമാണ്. ആ പരീക്ഷണാത്മകതയുടെ അർത്ഥവും പ്രാധാന്യവും മനസ്സിലാക്കാത്തവർ നോവലെഴുതായിട്ട് കാര്യമില്ല.
കുന്ദേര എഴുതുന്നു: " വ്യക്തികളുടെ സാങ്കൽപ്പിക പറുദീസയാണ് നോവൽ. ആരുംതന്നെ സത്യത്തെ സ്വന്തമാക്കാത്ത ഒരു ഭൂഭാഗമാണത്; അന്നയോ കരേനിനയോ ഒന്നും സ്വന്തമാകാത്ത പോലെ .എന്നാൽ എല്ലാവർക്കും, അന്നയ്ക്കും കരേനിനയ്ക്കും , മനസ്സിലാക്കപ്പെടാനുള്ള അവകാശമുണ്ട് " .സത്യത്തെ പാരമാർത്ഥികമായി വേർതിരിച്ചെടുക്കാൻ കഴിയില്ല; അതുകൊണ്ട് വ്യക്തികൾക്ക് ശണ്ഠ കൂടാരിക്കാനാവില്ല . വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തിനായി ഭാവനയിലൂടെ എങ്ങനെയും സഞ്ചരിക്കുമെന്നാണ് നോവൽ കാണിച്ചുതരുന്നത് .ജീവിതത്തിൽ സാമൂഹ്യനിയമങ്ങളും പിന്തുടർച്ചാവകാശ ചട്ടങ്ങളും ധാർമ്മികതയും വ്യക്തിയെ തടവിലാക്കുമ്പോൾ ,നോവലിൽ കഥാപാത്രങ്ങൾ അതെല്ലാം പരാജയപ്പെടുത്തി ജീവിതത്തിൻ്റെ സാധ്യത കണ്ടെത്തുന്നു. ജീവിതത്തിൻ്റെ അതിർത്തിരേഖ മാറ്റിവരയ്ക്കാൻ അത് സഹായിക്കുന്നു .നമുക്ക് ജീവിക്കാൻ കുറേക്കൂടി ഇടം ഇനിയും അവശേഷിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.
ഇങ്ങനെയാണ് നവനോവൽ എന്ന ആശയം തന്നെ ഉണ്ടാകുന്നത്. അതിൽ അനുഭവമായി മാറുന്ന മനുഷ്യൻ ക്ളാസിക്കൽ ടൈപ്പല്ല; പ്രവചനാതീതമായ അവസ്ഥയാണ്.അത് വ്യക്തിഗതമായ സത്യത്തിൻ്റേതാണ്.അതുകൊണ്ട് പുതിയ നോവൽ ഒരിക്കലും പ്രത്യയശാസ്ത്രപരമായ വാർപ്പല്ല ;സ്വന്തം അഭിരുചികളിലെ മാലിന്യം മാറ്റി എഴുത്തുകാരൻ സ്വയം വിമോചിപ്പിക്കണം. എന്തെങ്കിലുമൊക്കെ ബ്രേക്ക് ചെയ്യാനുണ്ടാകണം.ആ തോന്നൽ ,നാം ജീവിച്ചിരിക്കുന്നതിൻ്റെ വലിയ തെളിവാണ്. ഒരു അനുസരണയുള്ള കുട്ടിയായി, പൂർവ്വികരെ സ്തുതിച്ച് , യാതൊരു സ്വകാര്യ ഉത്ക്കണ്ഠകളുമില്ലാതെ സ്വന്തമായി എന്തെങ്കിലും ആവിഷ്കരിക്കണമെന്ന നിർബന്ധമില്ലാതെ പ്രസന്നതയോടെ കഴിയുന്നവർ സാഹിത്യരംഗത്ത് കൂണുകൾ പോലെ വളർന്നിരിക്കുകയാണ്. അവർ യാതൊന്നിനോടും പ്രതികരിക്കുകയില്ല. ഈ നൂറ്റാണ്ടിലെയും കഴിഞ്ഞ ന്തൂറ്റാണ്ടിലെയും അനീതികൾ അവരിൽ ചെറിയ, വളരെ ചെറിയ അസ്വസ്ഥത പോലും ഉണ്ടാക്കുന്നില്ല. അവർ ആത്മരതിയുടെ അത്യുന്നതങ്ങളിൽ ചിരിച്ചുകൊണ്ട് ക്രൂരന്മാരായിരിക്കാൻ പരിശീലനം നേടിയെടുക്കുകയായിരുന്നു.
ദൈവത്തിൻ്റെ ചിരിയാണ് ദസ്തയെവ്സ്കിയെയും കാഫ്കയെയും കസൻദ്സാക്കിസിനെയും അസ്വസ്ഥരാക്കിയത്. ആ ചിരി അവരെ കരയിപ്പിക്കുകയും ചെയ്തു. തങ്ങൾ ചെന്നുപെട്ടിരിക്കുന്ന അന്ധതമസ്സ് നീതിയോ ന്യായമോ ഇല്ലാത്തതാണെന്ന ബോധ്യം അവരെ വീണ്ടും സങ്കീർണമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. അങ്ങനെ ചിന്തിക്കുക എന്ന വിധിയിൽ തുടർന്നു. അവിടെ ഒരു നിബന്ധനയ്ക്കും സ്ഥാനമില്ല. സത്യസന്ധമായ ഒരു വ്യക്തിമണ്ഡലമാണത്.അവിടെ പ്രത്യയശാസ്ത്രങ്ങളോട് വിയോജിക്കാന നിർവാഹമുള്ളൂ.
കുന്ദേര പറയുന്നു, നോവലിസ്റ്റ് എഴുതേണ്ടത് അയാളുടെ ധാർമ്മിക ബോധ്യങ്ങളല്ല .നമ്മുടെ എഴുത്തുകാർ ഇതിനു വിപരീതമായി രാഷട്രീയ ,ധാർമ്മിക ബോധ്യങ്ങളാണ് എഴുതിക്കൊണ്ടിരിക്കുന്നത് . എഴുത്തിലെ യാഥാർത്ഥ്യം വ്യക്തി തലത്തിലുള്ള ശരിതെറ്റുകൾക്കപ്പുറത്തേക്കാണ് പോകേണ്ടത്. സമൂഹനിർമ്മിതിയായ സത്യത്തിൻ്റെ ചുമട്ടുകാരനാവാൻ എഴുത്തുകാരനു ബാധ്യതയില്ല. അതിൻ്റെയർത്ഥം എഴുത്തുകാരൻ ചുമക്കുന്ന സാമൂഹികജീവി എന്ന നിലയിലുള്ള ജയപരാജയസങ്കല്പങ്ങൾ അയാളുടെ രചനയിൽ വരേണ്ടതില്ല എന്നാണ്. അപ്പോഴാണ് അയാൾ പര്യവേക്ഷകനാവുന്നത് .അയാൾ ബ്രേക്ക് ചെയ്യുന്നത് അവിടെയാണ്. നോവൽ അയാൾ കണ്ടെത്തുന്ന ജീവിതമാണ്. അത് സ്ഥലം പഞ്ചായത്ത് ഓഫീസോ , കലാശാലകളോ ഇതുവരെ കാണാതിരുന്നതാണ്. അവർക്ക് അതൊന്നും കാണാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് താൻ എഴുതുന്നതെന്ന വിചാരം ഉണ്ടാകണം. ഒരു രജിസ്ട്രാർക്ക് മനസ്സിലാവുന്ന സത്യങ്ങൾ പലപ്പോഴും ഒരു നോവലിസ്റ്റിനു വിലപ്പെട്ടതാകുന്നില്ല. അതുകൊണ്ട് കുന്ദേര പറയുന്ന ഈ നോവൽ ജ്ഞാനമണ്ഡലമാണ്. അത് കണ്ടെത്തലാണ് ,അറിവാണ്. അത് ചരിത്രത്തിൽ നിന്ന് കുതറിമാറിയ സ്വതന്ത്ര സഞ്ചാരമാണ് .നോവൽ കണ്ടെത്താൻ ശ്രമിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണെന്ന് അദ്ദേഹം അറിയിക്കുന്നു :എന്താണ് മനുഷ്യാസ്തിത്വം ?എവിടെയാണ് അതിൻ്റെ കവിതയുള്ളത് ?
നിഴൽ എഴുത്തുകാരൻ
ഒരു പുസ്തകം വായിക്കുന്നതോടെ അതിൻ്റെ കർത്താവാകുകയല്ല ,പുതിയൊരു പുസ്തകം രചിക്കുകയാണ് വായനക്കാരൻ . ഈ ആശയം ഒരു വലിയ താക്കോൽ കൂട്ടമാണ്.പല ആശയങ്ങൾ അതുപയോഗിച്ചു തുറക്കാനാകും .എംടി 'മഞ്ഞ്' എഴുതിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞല്ലോ. എത്രയോ പേർ അത് വായിച്ചു ! .പലരും പല രീതിയിൽ അതിനെ സമീപിച്ചു. ഓരോ തവണ വായിക്കുമ്പോഴും പുതിയതെന്തെങ്കിലും അതിൻ്റെ അനുഭൂതി ലോകത്തിൽ കൂട്ടിച്ചേർക്കുന്നവരുണ്ട്. വായന എപ്പോഴും മാറ്റത്തിന് വിധിക്കപ്പെട്ടിരിക്കുന്നു. വായിക്കുക എന്നു പറഞ്ഞാൽ ഒരാൾ സ്വയം മാറാൻ തയ്യാറെടുക്കുക എന്നാണർത്ഥം. എന്താനാണ് മാറുന്നത് ? ഒരു പുതിയ ലോകത്തെ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പാണിത്.
മഞ്ഞും സസ്യാഹാരവും
എം.ടി എഴുതിയ 'മഞ്ഞ്' ഓരോ വായനക്കാരനും വഹിക്കുകയാണ്. എം.ടി. എഴുതി എന്നത് നേരു തന്നെ . എന്നാൽ അത് വായിക്കുന്നവൻ്റെ മനസ്സിൽ ആ നോവൽ എങ്ങനെയാണോ പതിയുന്നത് അതും നേരാണ്.എം.ടിയെ പോലെ അയാളും 'മഞ്ഞ്' മനസ്സിൽ പേറുകയാണ്.എം.ടിയെ പോലെ ആ വായനക്കാരനും വിമലയെ സ്നേഹിക്കുന്നു .കാത്തിരിക്കുന്നതിൻ്റെ മൗനത്തെ അശോകപുഷ്പംപോലെ മനോഹരമാക്കുന്ന ആ സ്ത്രീ വായനക്കാരൻ്റെ ആവേശമാണ്. അവൻ്റ സ്വകാര്യതകളിൽ അവൾ നിറയുന്നു .അവൻ തൻ്റെ വികാരങ്ങൾക്ക് സാധ്യമായ വിധം അവളുമായി മൗനബന്ധം ആരംഭിക്കുന്നു ,സംവാദം നടത്തുന്നു. അവൻ്റെ സ്വകാര്യപ്രണയത്തിൻ്റെ നഷ്ടപ്പെട്ട എല്ലാ നൂൽബന്ധങ്ങളും അവൾ തിരിച്ചെടുത്തു കൊടുക്കുന്നു. എം.ടിയേക്കാൾ ,ചിലപ്പോൾ അവളെ അടുത്തറിയുന്നത് വായനക്കാരനാണ്. വിമല വായനക്കാരൻ്റെ മനസ്സിലാണ് അസ്തിത്വം തേടുന്നത്. കാരണം ഓരോ വായനയിലും വായനക്കാരൻ വിമലയെയും മഞ്ഞുതാഴ്വരകളെയും പുനർനിർവ്വചിക്കുന്നു. അത് വായനക്കാരൻ്റെ മേഖലയാണ്. അവൻ്റെ ഉത്തരവാദിത്വവുമാണത്. അവന് അതിൽനിന്നും ഒഴിയാനൊക്കില്ല .അവൻ നോവൽ വായനയിലൂടെ അതിൻ്റെ രചയിതാവായിരിക്കുന്നു. അയാളാണ് നിഴൽ എഴുത്തുകാരൻ .'മഞ്ഞി'ൻ്റെ രചയിതാവിൻ്റെ ഒരു നിഴലാണ് ഓരോ വായനക്കാരനും. വായനക്കാരൻ എം.ടിയെ പോലെ തന്നെ നോവൽ ഉള്ളിൽ വഹിക്കുകയാണ്. കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ എം.ടിയേക്കാൾ അത് ഉള്ളിൽ കൊണ്ടുനടക്കുന്നത് അതിൻ്റെ വായനക്കാരനാണ്.എം.ടി.തൻ്റെ നോവൽ വീണ്ടും വീണ്ടും വായിക്കുകയില്ല . അതിന് അദ്ദേഹത്തിന് സമയമില്ല. മാത്രമല്ല, ഓരോ വായനയിലും അതിലെ പ്രധാന കഥാപാത്രമായ വിമലയെ വേറൊരു രീതിയിൽ അദ്ദേശം ദർശിക്കുകയില്ല. അദ്ദേഹത്തിൻ്റെ ലോകത്ത് തൻ്റെ നോവൽ പണിതീർത്ത് വച്ചിരിക്കുന്ന വസ്തുവാണ് .അതിൽ ഇനി ഒന്നും ചെയ്യാൻ നിവൃത്തിയില്ല. അത് ഉപയോക്താവിന് കൈമാറിയിട്ടുള്ളതാണ്. ഇനി അത് മാറ്റി എഴുതാനൊക്കില്ല .എന്നാൽ വായനക്കാരന് പല ആത്മത്വരകളും ഇതുമായി ചേർത്തുവച്ച് കൊണ്ടുനടക്കാനാകും .അവൻ്റെ ആകുലതകളുടെ നാനാവിധത്തിലുള്ള ആലേഖനങ്ങളായി ഈ കൃതി പുനരവതരിക്കുകയാണ്. ജീവിത സങ്കൽപ്പങ്ങളാൽ ആന്തരികവ്യഥ അനുഭവിക്കുന്നവർ 'മഞ്ഞ്' വായിക്കുന്നതോടെ വിവിധ അർത്ഥങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. അത് എം.ടി. ചിന്തിച്ചതുപോലുമാകില്ല.
ഇവിടെയാണ്
നോവൽ വായനയിലൂടെ 'നിഴൽ' എഴുത്തുകാരനായിത്തീരുന്ന വായനക്കാരൻ തന്നെ വായന
എന്ന സൗന്ദര്യാത്മക പ്രക്രിയയുടെ ഉൾപ്പരിവർത്തനം (Mutation)
അനുഭവിക്കുന്നത് .നോവൽ അതിനെ തന്നെ നിരാകരിച്ച് വായനക്കാരൻ്റെ മനസ്സിൽ പല
നിർമ്മിതികളായി മാറുന്നു .ഇത് ആരും മുൻകൂട്ടി നിർവ്വചിക്കുന്നതല്ല.
ഉദാഹരണത്തിന് എൻ്റെ അനുഭവം പറയാം. ഞാൻ കോളജിൽ പഠിക്കുമ്പോഴാണ് 'മഞ്ഞ്'
വായിക്കുന്നത് .അന്നുതന്നെ വിമലയുടെ പ്രണയവും നോവലിലെ ഹിരണ്മയമായ
അന്തരീക്ഷവും എന്നെ ആകർഷിച്ചിരുന്നു.വിഷാദത്തെ ആന്തര സൗന്ദര്യമാക്കുന്ന
വിമല എന്ന കഥാപാത്രം എൻ്റെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല .സ്ത്രീകളിൽ
തന്നെ പരമോന്നതമായ ഒരു മുഖഭാവം ആ കഥാപാത്രത്തിൽ ദർശിക്കാനായി. ഈ നോവൽ കുറേ
വർഷങ്ങൾ കഴിഞ്ഞു വീണ്ടും വായിച്ചപ്പോൾ എൻ്റെ അനുഭവം വച്ച് അത് ഒരു
പ്രചോദനമാകുകയായിരുന്നു; സസ്യാഹാരം വർജിക്കണമെന്ന ചിന്തയാണ് തത്ഫലമായി
എന്നിലുണർന്നത്. എന്തുകൊണ്ട് മനുഷ്യൻ മാംസം കഴിക്കുന്നു എന്ന്
കുറ്റബോധത്തോടെ ഞാൻ ചിന്തിച്ചു. അത് മാനവരാശിക്ക് ആകെ വേണ്ടിയുള്ള ഒരു
ചിന്തയായിരുന്നു. അതിൻ്റെ ഫലമായി ഞാൻ മാംസാഹാരത്തിൽ നിന്ന് സാവധാനം
പിന്തിരിയാൻ തുടങ്ങി. മാംസം പൂർണമായും ഒരു വർഷത്തിനുള്ളിൽ വർജിച്ചു. ഇപ്പോൾ
ശരിക്കും ഒരു വെജിറ്റേറിയനാണ്.ഇത് സാഹിത്യത്തിൻ്റെ ശക്തിയല്ലെങ്കിൽ
പിന്നെന്താണ് ?
ഒരു നിഴൽ എഴുത്തുകാരൻ്റെ കർമ്മകാണ്ഡമായി ഇതിനെ
കാണാം. ഞാൻ 'മഞ്ഞ്' എന്ന നോവലിൻ്റെ നിഴൽ എഴുത്തുകാരനായി. അതെന്നിൽ
പ്രവേശിക്കുകയും സ്ഥിരമായി നിലകൊള്ളുകയും ചെയ്യുന്നതിൻ്റെ ഫലമാണിത്. ഇത്
ഉൾപ്പരിവർത്തനത്തിൻ്റെ തലത്തിൽ കാണണം .'മഞ്ഞ്' എന്ന നോവൽ വായനയുടെ വേളയിൽ
സ്വയം നിരസിക്കുകയും വായനക്കാരൻ്റെ മനസ്സിൽ മറ്റൊന്നാകുകയും ചെയ്യുകയാണ്
,പലമടങ്ങായി പടരുകയാണ് .ഓരോ വായനയും ആന്തരിക പരിവർത്തനമാണ്. നോവൽ ഉള്ളിൽ
പേറുന്നവൻ അതിൻ്റെ നിഴൽ എഴുത്തുകാരനാവുന്നത് ആ കൃതി അവൻ മറ്റൊരു രീതിയിൽ
രചിച്ചതിനു സമാനമാണ്. ഒരാളുടെ ജീവിതാനുഭവം എന്ന നിലയിൽ 'മഞ്ഞ്' പില്ക്കാല
ജീവിതങ്ങളെ പല രീതിയിൽ വ്യാഖ്യാനിക്കുന്നു. ഇത് സംഭവിക്കുന്നത്
ഉൾപ്പരിവർത്തനമുണ്ടാകുന്നതുകൊണ്ടാണ്.
വലിയ ലോകങ്ങൾ വേണം
ചിലിയൻ
എഴുത്തുകാരി ഇസബെൽ അലൻഡെ (Isabel Allande)പറഞ്ഞു, നമ്മുടെ തൊട്ടടുത്തുള്ള
കാര്യങ്ങളെക്കുറിച്ച് മാത്രം എഴുതാമെന്ന് വ്യാമോഹിക്കരുതെന്ന് .വലിയ
ലോകങ്ങളുമായി ബന്ധപ്പെടണം. വലിയ ചിത്രങ്ങൾ, വലിയ കാഴ്ചകൾ, വലിയ സാഹചര്യങ്ങൾ
ഒരിക്കലും മറക്കരുത് - അവർ വിശദീകരിക്കുന്നു. കാരണം നമ്മൾ എത്രത്തോളം
സ്വയം മനസ്സിലാക്കുന്നുവോ അതിൻ്റെ മറുവശത്ത് അതിവിപുലമായ ഒരു ലോകവുമുണ്ട്
.ആ ലോകം നമ്മേക്കാൾ വലുതാണ്. അഖിലലോകവുമായി ബന്ധമുള്ള ,പ്രാപഞ്ചികമായ
അനുരണനങ്ങളെ അഭിസംബോധന ചെയ്താൽ നമുക്ക് കുറേക്കൂടി ആഴമുള്ള മാനുഷികതയിൽ
എത്താനാവും. ഇരുപതാംനൂറ്റാണ്ടിൻ്റെ ആദ്യവർഷങ്ങളിൽ കുമാരനാശാൻ എഴുതിയ
കവിതകൾ ഒരിക്കലും അദ്ദേഹത്തിൻ്റെ തൊട്ടടുത്തുള്ള സാധാരണ
പ്രശ്നങ്ങളായിരുന്നില്ല. 'വീണപൂവ്' ഏറ്റവും നല്ല ഉദാഹരണം. 'കരുണ' മറ്റൊരു
വലിയ ലോകമാണ്. 'ചിന്താവിഷ്ടയായ സീത' ആശാൻ്റെ ഗ്രാമത്തിലെ വിഷയമല്ലല്ലോ
പകരുന്നത്. ഇങ്ങനെ സ്വന്തം ചിന്താമണ്ഡലത്തെ, വ്യാവഹാരിക ലോകത്തെ
ആത്മീയതയിലൂടെ വികസിപ്പിച്ച് ലോകാനുഭവമാക്കുമ്പോഴാണ് യഥാർത്ഥ പ്രതിഭ
പ്രവർത്തിക്കുന്നത്.ഈ കാലം അതാവശ്യപ്പെടുന്നു. പീഡിതവും ക്ഷീണിതവുമായ
മനസ്സുകളെ രമ്യതയിലേക്ക് കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമിക്കേണ്ടതുണ്ട്.
ഭിന്നിപ്പും വർഗീയതയുമല്ല സൃഷ്ടിക്കേണ്ടത് .മതങ്ങളെയും മൂർത്തികളെയും
അപകീർത്തിപ്പെടുത്തി, കോലാഹലമുണ്ടാക്കി, സമൂഹത്തിൽ വിദ്വേഷം വിതയ്ക്കുകയല്ല
സാഹിത്യത്തിൻ്റെ ധർമ്മം. അങ്ങനെ ചെയ്താൽ ആത്മീയജീവിയല്ലാതാകും.
ആത്മീയജീവിയാകുന്നത് ,എഴുത്തുകാരൻ വ്യവസ്ഥാപിത സ്കൂളുകൾ ഉപേക്ഷിച്ച് സ്വയം
ഒരു വൈരുദ്ധ്യമാകുമ്പോഴാണ്. ചേരാത്തതിനെ സ്വന്തം മാർഗത്തിൽ
ചേർത്തുവയ്ക്കുന്നു. ഇതിനു വിപരീതമായി ,സമീപകാലത്ത് മതവൈരം എഴുതി,
വിവാദമുണ്ടാക്കി ചില എഴുത്തുകാർ കുറെ കോപ്പികൾ ചെലവാക്കിയെടുത്തു. ഇത്
ധർമ്മമല്ല .
വിസ്മൃതിയുടെ നീണ്ട ഘോഷയാത്ര
ഭാരതം മൃത്യുവിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു സ്ഥാനവും കൊടുക്കുന്നില്ല. ബൃഹദാരണ്യകോപനിഷത്തിൽ അഗ്നിയെ മൃത്യുവായി ദർശിക്കുന്നുണ്ട്. കാരണം മൃത്യു എല്ലാത്തിനെയും ഭക്ഷിക്കുകയാണല്ലോ. എന്നാൽ അഗ്നിയെ ജലം ഭക്ഷിക്കുന്നതാകയാൽ ജലത്തെ അഗ്നിയുടെ മൃത്യുവായി ഗണിക്കുന്നു.ജലത്തിൻ്റെ മൃത്യു എന്തായിരിക്കും. ?മനുഷ്യന് സംസാര ജീവിതത്തിലെ പല വേഷപ്പകർച്ചകളിലൂടെയും അവസ്ഥാന്തരങ്ങളിലൂടെയും പോകേണ്ടതുണ്ട് .പലജാതി മൃഗങ്ങളായും ഉരഗങ്ങളായും നമ്മൾ ജീവിക്കുകയല്ലേ?. ചിലപ്പോൾ നാം ഇഴയുന്നു. ഒരു യാചകനാകുന്നത് സർവ്വസാധാരണമായ നിയോഗമാണ്. പാട്ടുപാടുന്നവന് പാടാൻ അവസരം തേടേണ്ടി വരും. അവിടെ കലയ്ക്ക് വേണ്ടി യാചിക്കണം. ചിലപ്പോൾ ഭാര്യക്കും ഭർത്താവിനും പരസ്പരം യാചിക്കേണ്ടി വരും. ഒരു കാമുകന് എപ്പോഴും കാമുകിക്ക് മുന്നിൽ യാചിക്കേണ്ടി വരും.ഇഷ്ടമുള്ള പ്രണയത്തിനും രതിക്കും യാചന വേണം. യാചിക്കുമ്പോൾ മനുഷ്യന് വേറൊരു മുഖമാണ്. യാചന നമ്മെ ഭൂമിയോട് ചേർത്ത് കിടത്തും ,താഴാൻ ഇനി ഇടമില്ലാത്ത വിധം. ഉരഗങ്ങൾ ഭൂമിയിൽ പറ്റിച്ചേർന്നാണല്ലോ സഞ്ചരിക്കുന്നത് .
അതേസമയം പറക്കാനും നമ്മൾ ശീലിച്ചിട്ടുണ്ട്. ഒരിക്കലല്ല , പലപ്പോഴും നാം പറവകളായി രൂപാന്തരപ്പെടുന്നു.പക്ഷികൾ നമ്മുടെ ആത്മത്വരകളുടെ ആകാശങ്ങളിലേക്കാണ് പറക്കുന്നത്. പ്രത്യക്ഷ ലോകത്ത് നമ്മൾ കാണുന്ന പറവകൾ ,പക്ഷികൾ നമ്മുടെ തന്നെ ത്വരകളല്ലെന്ന് ആരു കണ്ടു. ? മനുഷ്യശരീരത്തിൽ നിന്ന് ഉയർന്നു പറക്കുന്ന പറവകളായി നമ്മെ തന്നെ ഭാവന ചെയ്യാവുന്നതാണ്. ആഗ്രഹിച്ച സ്നേഹവും സമ്പത്തും ലഭിച്ചു കഴിയുമ്പോൾ മനുഷ്യൻ പക്ഷിയായി മാറും. ദൂരെ ,കാണാത്ത ദിക്കുകളിലേക്ക് വെറുതെ ചിറകു വീശിപ്പറക്കും. അപ്പോൾ കുട്ടിക്കാലത്ത് ഒരുമിച്ച് കളിച്ചവരെ , സ്നേഹിച്ചവരെ ഓർക്കാൻ നേരമുണ്ടാവില്ല. അവരെ കൂടെ കൂട്ടാനുമാവില്ല. കാരണം അവർ പക്ഷികളായി വളർന്നിട്ടില്ലല്ലോ. പക്ഷികളാകാൻ അവസരം ലഭിച്ചവർ ,എല്ലാവരെയും താഴെയാണെന്ന് ഉറപ്പാക്കി ഉയരങ്ങളിൽ തന്നെ വട്ടം കറങ്ങിക്കൊണ്ടിരിക്കും ; റിച്ചാർഡ് ബാക്കിൻ്റെ ജോനഥൻ ലിവിംഗ്സ്റ്റൺ സീഗളി(Jonathan Livingston seagull, Richard Bach) ലെ കാക്കയെപ്പോലെ. ആ പക്ഷി ,പക്ഷേ ജ്ഞാനത്തിൻ്റെ ബലത്തിലാണ് സഞ്ചരിച്ചതെന്ന വ്യത്യാസമുണ്ട്. അത് സവിശേഷ ജ്ഞാനത്തിൻ്റെ സഹായത്താലുള്ള പറക്കലായിരുന്നു. നമ്മൾ തന്നെയാണ് മൃഗങ്ങൾ ,പറവകൾ ,ഉരഗങ്ങൾ. ഹിംസ്ര ജന്തുക്കൾ വേറെ ആരിൽ തിരയണം?
ജലത്തിൻ്റെ മൃത്യു എന്തായിരിക്കുമെന്ന ചിന്തയിലുടക്കിയാണ് നമ്മൾ മറ്റു ജീവികളുമാണെന്ന അവബോധത്തിലേക്ക് എത്തിയത്. മനുഷ്യൻ്റെ മൃത്യു മിഥ്യയാണെന്ന് മഹാഗുരു യാജ്ഞവല്ക്യൻ ബൃഹദാരണ്യകോ പനിഷത്തിൽ ഉപദേശിക്കുന്നു.നമ്മുടെ ശരീരത്തിലെ ,മനസ്സിലെ മൃഗ, പക്ഷി രൂപാന്തരങ്ങൾക്കെല്ലാം അനിവാര്യമായ പതനവുമുണ്ട്. അതൊക്കെ കുറെ കഴിയുമ്പോൾ മിഥ്യ എന്ന ജലത്തിൽ ലയിച്ചുചേരും.
എത്ര ഉയരത്തിൽ പറക്കുന്ന പക്ഷിയും മരിച്ചാൽ താഴെ തന്നെ വരുമല്ലോ. മണ്ണാണ് അതിൻ്റെ മൃത്യു. മണ്ണ് എല്ലാത്തിനെയുമൊടുവിൽ വാരിക്കൂട്ടി എടുക്കുന്നു. മണ്ണ് പാചകശാലയാണ് .ശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും അത് പലതായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. യാജ്ഞവൽക്യൻ പറഞ്ഞത് കലർപ്പില്ലാത്ത ആന്തരികമതമായ ആത്മാവ് പ്രപഞ്ചസാരത്തിലേക്ക് ലയിക്കുന്നതോടെ അത് മൃത്യുവിനെ ജയിക്കുന്നുവെന്നാണ്. അകന്നിരിക്കലോ, സ്വപ്നം കാണലോ ,മൗനമോ ,മറവിയോ പോലെ മരണം നമ്മളിൽ നിന്ന് തൂർന്നു പോകുന്നു. ബ്രഹ്മൈക്യം സംഭവിക്കുന്നതോടെ ,പിന്നെ മരണമല്ല ; മറ്റൊരു ശാന്തിയാണ് ഉണ്ടാകുന്നത് .അല്ലെങ്കിൽ തന്നെ ജീവിക്കുന്നു എന്ന് ചിന്തിച്ചുറപ്പിച്ച മനുഷ്യൻ എന്തിനാണ് മരിക്കുന്നത്? ഇതിൽ നിന്ന് നാം എന്താണ് ഗ്രഹിക്കേണ്ടത് ?മരണമില്ലെന്നു തന്നെയാണ്. വിസ്മൃതിയാണ് അവശേഷിക്കുന്നത്.
കാലം എന്ന വിസ്മൃതി
കോടാനുകോടി ഉരഗങ്ങൾ കാടുകളിലും താഴ്വരകളിലും മറ്റും പ്രദേശങ്ങളിലുമായി മരിച്ചു. അതുപോലെ മറ്റു ജീവികളും തിരോഭവിച്ചു. അവയൊക്കെ ജീവിച്ചിരുന്നു. എന്നാൽ അതിനു ഇപ്പോൾ തെളിവില്ല .ലക്ഷം കോടി പഴുതാരകൾ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നത്, അതിൻ്റെ വർഗ്ഗത്തിൽപ്പെട്ട ഒരെണ്ണമെങ്കിലും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതു കൊണ്ടാണ്. ഒരു ചിത്രം കണ്ടാലും നമ്മൾ ആ ജീവിയുടെ വർഗ്ഗത്തെ ഓർമ്മിക്കും.ജീവികൾക്ക് പേരോ , പ്രത്യേക പ്രതിഭയോ ഇല്ലാത്തതുകൊണ്ട് ,അവയെ വ്യക്തിപരമായി വേർതിരിച്ചറിയാൻ സാധിക്കുന്നില്ല.മനുഷ്യരിൽ കുറച്ചുപേരെ മാത്രമേ ഓർക്കുന്നുള്ളൂ. അത് സാമൂഹിക ,രാഷ്ട്രീയ സംഘാടനംകൊണ്ടാണ്. ഷേക്സ്പിയർ ഓർമ്മിക്കപ്പെടുന്നു .അത് ഇംഗ്ലീഷ് ഭാഷയുള്ളതുകൊണ്ടും ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ടുമാണ്. ഷേക്സ്പിയറെപോലുള്ള എത്രയോ പ്രതിഭകൾ ആരുമറിയാതെ മരിച്ചുപോയി ! മനുഷ്യവർഗത്തിൽ ഒരു ശതമാനം പോലും ഓർക്കപ്പെടില്ല.
വിസ്മൃതമാവുകയാണ് പ്രപഞ്ചനീതി. പ്രകൃതി ആരുടെയും പേരിലോ, പ്രശസ്തിയിലോ യാതൊരു നീതിയും കാണുന്നില്ല .പക്ഷികളെപ്പോലെയും വൃക്ഷങ്ങളെപ്പോലെയും മൃഗങ്ങളെപ്പോലെയും മനുഷ്യരും വിസ്മരിക്കപ്പെടുകയാണ് . പ്രവൃത്തികളെല്ലാം ജലരേഖകൾപോൽ അസ്തമിക്കുന്നു. മനുഷ്യരുടെ ഓർമ്മകൾ തന്നെ പരിവർത്തനത്തിന് വിധേയമാണ്. സ്വയമെന്താണെന്നു മനസ്സിലാക്കാതെ മനുഷ്യനു മൃത്യുവിനു ശേഷവും അതിനവസരമില്ല .ഹിറ്റ്‌ലർ ഗ്യാസ്‌ചേംബറിൽ ലക്ഷക്കണക്കിനാളുകളെ കൊന്നല്ലോ. മനുഷ്യർ ഇതര ജീവിവർഗങ്ങളെപോലെ കാലത്തിൻ്റെ തണുത്തുറഞ്ഞ വിസ്മൃതിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; തെളിവൊന്നും അവശേഷിപ്പിക്കാതെ. തെളിവുകൾ ഉണ്ടെന്ന് ധരിക്കുന്നവരും മൃത്യുവിൻ്റെ നാമത്തിൽ വിസ്മൃതി എന്ന യവനികയ്ക്കുള്ളിലേക്ക് മറയുകയാണ് .ആരും തെളിവുകളുടെ വാഹകരല്ല .
കാലം ഒരു വിസ്മൃതിയാണ്. അതനുഭവിക്കുന്നവർക്ക് ജീവിതവും വിസ്മൃതിയാണ്. മറക്കാൻ വേണ്ടി ഓർമ്മിക്കപ്പെടുന്ന പോലെ. ആയിരക്കണക്കിനു പതിറ്റാണ്ടുകളിലൂടെ എത്രയോപേർ നിശ്ശൂന്യരായി; മറയ്ക്കപ്പെട്ടു. അവരെ ആരെയും ഓർക്കുന്നില്ല. നമ്മുടെ ബോധത്തിൻ്റെ സമീപത്തുള്ള ഏതാനും പേരെ നൈമിഷികമായി ഓർക്കുന്നുണ്ടാകും. അതും വിസ്മൃതിയുടെ വായിലേക്ക് പോകാനുള്ളതാണ് .ശ്മശാനത്തിനു പോലും താങ്ങാനാവാത്ത നിശ്ശൂന്യതയാണത്. കാലത്തിൻ്റെ അഗാധമായ മറവി മാത്രം ശേഷിക്കുന്നു. ഇതിൻ്റെ വെളിച്ചത്തിൽ ചോദിക്കാം, മനുഷ്യൻ ശരിക്കും ജീവിക്കുന്നുണ്ടോ? യുദ്ധം ചെയ്തും ബുദ്ധികൊണ്ട് കണക്കുകൂട്ടിയും നേടുന്നതെല്ലാം ഒരു വൈറസ് വന്ന് നശിപ്പിക്കുന്നത് നാം കണ്ടു. അതിൻ്റെയർത്ഥം, ജീവിതമെന്നത് വളരെ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു തോന്നലാണ് എന്നല്ല ? യാഥാർത്ഥ്യം പിടിതരാത്തവിധം വികാരമായി ചുരുങ്ങുകയാണ് .
നവാദ്വൈതവും അനന്തതയും
ലൂയി ബോർഹസിൻ്റെ 'സർക്കിൾ റൂയിൻസ്('Circle Ruins) എന്ന കഥയിൽ, സ്വപ്നം കാണുന്നതും ജീവിക്കുന്നതും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യൻ മറ്റാരുടെയെങ്കിലും സ്വപ്നമാണോയെന്ന് കഥയുടെ ഒടുവിൽ ചോദിക്കുന്നു.
ഇവിടെയാണ് നവാദ്വൈത ദർശനത്തിൻ്റെ വ്യാപ്തി ബോധ്യപ്പെടുക. നവാദ്വൈതത്തിൽ ഒന്നിനും ഒരു അന്തിമബിന്ദുവില്ല. ഭാരതീയവേദാന്തത്തിൽ ബ്രഹ്മം ,ബുദ്ധദർശനത്തിൽ നിർവ്വാണം, ക്രിസ്തീയതയിൽ സ്വർഗ്ഗം എന്നിങ്ങനെയുള്ള അന്തിമബിന്ദു നവാദ്വൈതത്തിലില്ല. നവാദ്വൈതത്തിനു ശങ്കരൻ്റെ അദ്വൈതവുമായോ വേദാന്തവുമായോ ഒരു ബന്ധവുമില്ല .ഇത് വാക്ക് ,മനസ് ,ചിന്ത ,കല എന്നിങ്ങനെയുള്ള സമസ്യകളുമായി സംവദിക്കുന്ന തത്ത്വചിന്തയാണ്.അതിൽ ഒരു ഏകത്വമുണ്ട്. അത് സ്വയം നിരാസം, സ്വയം നിർമ്മാണം എന്നീ പ്രക്രിയകൾ ഒരു നിമിഷത്തിനുള്ളിൽ സംഭവിക്കുന്നു എന്ന തത്ത്വമാണ്.
അനന്തത എന്ന ആശയം നാം എവിടെയും അഭിമുഖീകരിക്കുന്നു. നവാദ്വൈതം അത് വ്യക്തമാക്കിത്തരും.
നവാദ്വൈതം ഒരു നിമിഷത്തിനുള്ളിലാണ് സംഭവിക്കുന്നത്. നവമായ അദ്വൈതമാണത്;വേദാന്തികളുടെ പ്രാപഞ്ചികമായ അദ്വൈതമല്ല .രണ്ട് ഇല്ല എന്ന് അവർ പറയുന്നതിൻ്റെ അർത്ഥം ബ്രഹ്മം മാത്രമേ ഉള്ളൂ എന്നാണ്. ഇവിടെ രണ്ട് ഇല്ല എന്നാൽ ഒരു നിമിഷം മാത്രമേയുള്ളൂ എന്നാണർത്ഥം; മറ്റൊന്നില്ല .ആ നിമിഷത്തിൽ ചില കാര്യങ്ങൾ സംഭവിക്കുന്നു. നാമവിടെ സ്വയം നിരസിക്കുന്നു; സ്വയം മായ്ച്ചുകളയുന്നു, പുറത്തുള്ള യാതൊന്നുമായി കൂടിച്ചേരാൻ .ആ നിമിഷത്തിൽ തന്നെ സ്വയം നിർമ്മിക്കുകയും ചെയ്യുന്നു .ഒരു നിർമ്മാണം എന്ന ക്ലിപ്തതയില്ല. പല രീതികളിൽ ,പല തലങ്ങളിൽ, പല ഭാവങ്ങളിൽ ആ നിർമ്മാണം നടക്കുന്നു. മനസ്സ് അങ്ങനെയാണ് നിലനിൽക്കുന്നത്. കല അങ്ങനെയാണ് ഉണ്ടാകുന്നത്.
ഒരു വലിയ കരിങ്കല്ലിൽ നിന്ന് യേശുവിനെകൊത്തിയെടുക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന് , ശില്പി തൻ്റെ മനസ്സിൽ നിന്ന് സ്വയം മായ്ച്ചകളയണം. രണ്ട് ,കല്ല് സ്വയം ഉപേക്ഷിച്ച് ക്രിസ്തുവാകണം .കല്ലിനു ക്രിസ്തുവായാൽ മതിയെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകുന്നത് കലാകാരൻ്റെ മനസ്സാണ് .അതുകൊണ്ട് കല്ലിൽ മറ്റൊരു രൂപവുമില്ലെന്ന് അർത്ഥമില്ല. കല്ല് അപ്പോൾ ക്രിസ്തുവാകുന്നു എന്നു മാത്രം. കല്ലിലെ അനന്തകോടി ഭാവങ്ങൾ മറയ്ക്കപ്പെടുന്നു. ഇങ്ങനെയാണ് മനസ്സും കലാസൗന്ദര്യവും നിലനിൽക്കുന്നത്
മൃത്യുവും ഇവിടെ അന്തിമ മല്ല .കാരണം ,മൃത്യു ഒരാശയവും ചിന്തയുമായി മറ്റുള്ളവരിൽ നിലനില്ക്കുന്നു .അവരിലൂടെ മൃത്യു മറികടക്കപ്പെടുന്നു. മൃത്യുവിൽ അവസാനിക്കുന്നില്ല, ഒന്നും. ജീവിതത്തിലെ പല മാനങ്ങൾ പോലെ, വിവിധ പാളികൾ പോലെ ചിതറി പോവുകയാണ് .മനുഷ്യനു ഒരിടത്തുചേർന്ന് അന്തിമശാന്തി നേടാനൊക്കില്ല. ചിലപ്പോൾ അവൻ ശരീരം എന്ന കവചം ഉപേക്ഷിച്ചേക്കാം. ശരീരമില്ലാതെയാണല്ലോ അവൻ പിറവിക്കു മുമ്പ് കഴിഞ്ഞത്. പിറക്കുമെന്ന് ഉറപ്പില്ലാതിരുന്നതു പോലെ മരിക്കുമെന്നും ഉറപ്പില്ല. മരിക്കുന്നത് ശരീരമാണെങ്കിൽ, അത് പല ഓർമകളായി വഴി പിരിയുകയാണ്. ഒരു ശരീരം, ഓർമ്മ ,അന്ത്യം എന്നിങ്ങനെയുള്ള രൂപഭദ്രത ജീവിതത്തിനില്ല .ഇതൊന്നും ശേഷിക്കയില്ലല്ലോ.ജീവിതം മിഥ്യയാകുന്നത് ഈ അവ്യക്തത നിലനിൽക്കുന്നതുകൊണ്ടാണ്. ചെയ്യുന്നതെല്ലാം തെറ്റാണെന്ന് തോന്നുകയും രണ്ടാമതൊന്നുകൂടി ജീവിക്കാമെന്ന് മോഹിക്കുകയും ചെയ്യുന്നത് മിഥ്യയുടെ ആഴം വ്യക്തമാക്കുന്നു.ആ മിഥ്യ മരണത്തിലുമുണ്ട്. നമുക്ക് മരണമില്ല; മറ്റുള്ളവരുടേതാണ് മരണം. നമ്മൾ ജീവിച്ചതിനു തെളിവുമില്ല . മറ്റുള്ളവരുടെ മരണത്തെ നമ്മൾ അനന്തമായ ചർച്ചകളും കലകളുമാക്കുന്നു. മരണത്തെ ദീർഘിപ്പിച്ചെടുക്കുന്നു. അങ്ങനെ മരണം മിഥ്യകളിലുള്ള ചർച്ചയാകുന്നു. സ്വയം നിരാസവും സ്വയം നിർമ്മാണവും പുതിയ അർത്ഥരൂപീകരണം സാധ്യമാക്കുന്നതിങ്ങനെയാണ്. ഇവിടെ അനുഭവങ്ങളുടെ കേന്ദ്രമായി ഉണ്ടായിരുന്ന മനുഷ്യൻ അപ്രത്യക്ഷനാകുന്നു. എന്നാൽ അനുഭവങ്ങൾ മറ്റുള്ളവരിൽ അനിയന്ത്രിതമായ അർത്ഥ പരിണാമങ്ങളായി വഴി പിരിയുന്നു.
ആത്മ, ബ്രഹ്മൈക്യം ഒരന്തിമ ബിന്ദുവാകുന്നതുകൊണ്ടാണ് വേദാന്തത്തിൽ മനുഷ്യൻ ഭൗതികമായി, മൂർത്ത യാഥാർത്ഥ്യമായി നിലകൊള്ളുന്നത്. അവിടെ അവൻ കേന്ദ്രമായിരുന്നു.നവാദ്വൈതത്തിൽ അവൻ കൃത്യമായി ഉപേക്ഷിക്കുന്നത് തൻ്റെ ശരീരത്തെയും അതിൻ്റെ നൂറുകൂട്ടം പ്രശ്നങ്ങളെയുമാണ്. നവാദ്വൈതത്തിൽ മനുഷ്യൻ കേന്ദ്രമേ അല്ല. അവൻ എങ്ങോട്ടും നീളാവുന്ന ആശയചർച്ചയാണ്. മറ്റുള്ളവർ സൃഷ്ടിക്കുന്ന യാഥാർത്ഥ്യവുമാണ്. തുടർച്ചകളിൽ ജീവിക്കുക ,പലതായി പരിയുക , ഒരിക്കലും അവസാനിക്കാത്ത ഉൾപ്പിരിവുകളാവുക എന്നിങ്ങനെയാണ് അവൻ നിലനില്ക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.