ഗുരുവും ആത്മാവിന്റെ രാഷ്ടീയവും
എം.കെ.ഹരികുമാർ
ഒരു
പദ്യത്തിലൂടെ ഗുരു മനുഷ്യരിലെ ജാതിഭേദചിന്ത അപരിഷ്കൃതമാണെന്ന്
പറഞ്ഞിട്ടുണ്ട്. ജീവികളിൽ പല ഇനങ്ങൾ ഉണ്ട്. ഇനങ്ങൾ തമ്മിലാണ് ഇണചേർന്ന്
സന്താനങ്ങൾ ഉണ്ടാകുന്നത്. ആ സന്താനങ്ങൾ ഒരു വർഗമാണ്. ആനയുമായി മനുഷ്യൻ
ഇണചേർന്ന് കുട്ടികൾ ഉണ്ടാകാറില്ല. മനുഷ്യന്റെ ഇണ മനുഷ്യൻ തന്നെയാണ്.
അതുകൊണ്ട് മനുഷ്യൻ ഒരു ജാതിയാണ്.
മനുഷ്യാണാം മനുഷ്യത്വം എന്നത് ഒരു
ആഹ്വാനമാണ്. മനുഷ്യൻ എന്ന ജീവി മനുഷ്യത്വം കൈവരിക്കുന്നിടത്താണ്
ഗുരുവിന്റെ ജാതി എന്ന സങ്കല്പം അർത്ഥവത്താകുന്നത്. മനുഷ്യർ കൊണ്ടു
നടക്കുന്ന ജാതി ഉപരിപ്ലവമാണ്. അത് മറ്റൊന്നിനോട് മത്സരിക്കാനുള്ളതല്ല. ഒരു
ജാതിയിൽപ്പെട്ടവർ തമ്മിൽ ,പരമ്പരയായി രക്തബന്ധമുള്ളവരാണെങ്കിൽ ജനിതകമായ
സാമ്യം കണ്ടേക്കാം. എന്നാൽ അത് മറ്റേതൊരു രക്ത ബന്ധപരമ്പരയിലും ഉള്ളതാണ്.
പ്രത്യേകമായ അർത്ഥമോ, വർഗ മഹിമയോ ഒന്നിനും അവകാശപ്പെടാനാവില്ല. ഒരേ ജനിതക
ഘടനയായാൽപ്പോലും ആളുകൾ ഒരു പോലെയല്ല പെരുമാറുന്നതും ചിന്തിക്കുന്നതും. അതിൽ
തന്നെ ചിലർ കുറ്റവാസനയുള്ളവരായിരിക്കും. മനുഷ്യനിലെ കുറ്റവാസനകളും
സർഗവാസനകളും ചില പ്രത്യേക ജനിതക ഘടനകളാൽ സാമ്യമുള്ള കൂട്ടങ്ങളിലല്ല
സംഭവിക്കുന്നത്. കഴിവുകളും നന്മകളും ചിന്തകളും ധർമ്മവ്യസനങ്ങളും എല്ലാ
വിഭാഗങ്ങളിലുള്ള മനുഷ്യരിലും സംഭവിക്കുന്നു.
മനസ്സിൽ
വിഷമമുണ്ടാകുമ്പോൾ കണ്ണിൽ നനവു പടരുന്നത് മനുഷ്യൻ പിറന്ന ജനിതക തറവാട്
നോക്കിയല്ല. അത് എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്.അതുകൊണ്ട് പെരുമാറ്റം,
സിദ്ധി, ബുദ്ധി എന്നിവയെ അടിസ്ഥാനമാക്കി ജാതിയുടെ മഹത്വം
സ്ഥാപിക്കാനാവില്ല.
" പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി പിറന്നു
മറസൂത്രിച്ച മുനി കൈവർത്ത കന്യയിൽ "
എന്ന്
ഗുരു പറഞ്ഞത് ഏത് ജനിതക ഘടനയിലും പാരമ്പര്യത്തിലും സവിശേഷ ബുദ്ധിയുള്ളവർ
ജനിക്കുമെന്നാണ്. മാത്രമല്ല, പുരുഷന്റെ ബീജത്തിന്റെ അടിസ്ഥാനത്തിൽ ജാതി
നിശ്ചയിക്കുന്നത് ജനിതക തുടർച്ച എന്ന പുകമറ സൃഷ്ടിച്ച് ജാതി വ്യവസ്ഥയിലൂടെ
മേധാവിത്വം നിലനിർത്താനാണെന്നും ഇത് തെറ്റാണെന്നും ഗുരുവിന്റെ വാക്കുകൾ
ഉദ്ബോധിപ്പിക്കുന്നു.
വ്യാസനും പരാശരനും താഴ്ന്ന ജാതിയിൽപ്പെട്ട
സ്ത്രീകളിൽ ജനിച്ചതുകൊണ്ട് അവരുടെ മഹത്ത്വം അന്യമായില്ല. ജാതിയുടെ നിർണയന
വിഷയത്തിൽ പുരുഷന്റെ ബീജമല്ല പ്രധാനമെന്ന സിദ്ധാന്തമാണ് ഗുരു
മുന്നോട്ടുവയ്ക്കുന്നത്. പുരുഷബീജത്തിൽ ഊന്നുന്നത് ചരിത്രപരമായി കാണണം.
സ്ത്രീയെ അടിമയാക്കിവയ്ക്കാനും ജാതിയുടെ ശ്രേണിയിൽ പുരുഷന്റെ അധീശത്വം
നിലനിർത്താനും ബീജവാദം സഹായിച്ചു.സാമൂഹികമായി ഉന്നത ശ്രേണിയിലുള്ളവർ,
പ്രത്യേക അധികാര, പദവികളുള്ളവർ, മറ്റുള്ളവരെ ശിക്ഷിക്കാൻ അധികാരമുളളവർ,
കൂടുതൽ ധനം തലമുറകളായി കൈവശപ്പെടുത്തിയിട്ടുള്ളവർ എല്ലാമാണ് ഉയർന്ന
ജാതികളായി അറിയപ്പെട്ടത്.അവർ അത് തുടരാൻ ആഗ്രഹിച്ചു.അതുകൊണ്ട് അവർ സ്ത്രീയെ
അടിമയാക്കി വച്ച് ചരിത്രം തങ്ങളുടേതാക്കി.ഉന്നത ജാതിയിൽപ്പെട്ടവർ
സാമൂഹികമായ അവശതകളിൽപ്പെട്ട് കഷ്ടപ്പെട്ട സ്ത്രീകളെ ലൈംഗികമായി
അനുഭവിക്കുകയും അതിലുണ്ടാകുന്ന കുട്ടികളെ തങ്ങളുടെ ബീജവംശത്തിന്
ഭാഗമാക്കുകയും ചെയ്തു.മക്കൾ അമ്മയുടെ ജാതിയിൽ അറിയപ്പെടുന്ന കാലത്താണ്
വ്യാസനും പരാശരനുമൊക്കെ നിലനിന്നത്. പാണ്ഡവർ കുന്തിയുടെ മക്കളായി
നിലകൊണ്ടു.
ഗുരുവിന്റെ
നിലപാട് ഈ പാരമ്പര്യത്തെ പൊളിക്കുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന മക്കൾ
അവരുടെ ജാതിയിൽ പിറക്കണം . ജാതി നിരർത്ഥകമാണെന്ന് തെളിയിക്കണമെങ്കിൽ
മക്കളുടെ മാതൃത്വം നിർണായകമാകണം. എങ്കിൽ മാത്രമേ മിശ്ര വിവാഹത്തിന്റെ ഗുണം
സ്ത്രീകൾക്ക് ലഭിക്കുകയുള്ളു. ബീജത്തിലൂടെ ജാതിയാണ് പകരുന്നതെന്ന വാദത്തിനു
ഒരു അടിസ്ഥാനവുമില്ല. ബീജത്തിലൂടെ ജനിതകഘടനകൾ കൈമാറ്റം
ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അത് വ്യക്തികളിൽ ഒരു പോലെ
പ്രവർത്തിക്കുന്നില്ല. ഒരച്ഛന്റെ മക്കൾ ഒരേ പോലെ ചിന്തിക്കുകയേ ഒരു
സംസ്കാരത്തിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ല. പിന്നെങ്ങനെ അവർ ഒരു
ജാതിയിൽപ്പെടും?
ജാതിയാണ് അയിത്തത്തെ ബലപ്പെടുത്തുന്നത്.
അയിത്തമാകട്ടെ തലമുറകളിലൂടെ പടരുകയാണ്. നാരായണഗുരു അയിത്തത്തെ എതിർത്തത്
ഇന്ത്യാചരിത്രത്തിലെ പരിവർത്തനോന്മുഖമായ ഒരു ഘട്ടമാണെന്ന് പോലും ഇന്ന്
തിരിച്ചറിയപ്പെടുന്നില്ല. പകരം ഗുരുവിനെത്തന്നെ ആ പോർമുഖത്ത് നിന്ന് മാറ്റി
നിർത്തുന്നു .ഗുരുവിനെ അദ്വൈത പ്രചാരകനും വേദാന്തശീർ ഷത്തിലേക്ക് നീങ്ങിയ
ദാർശനിക സഞ്ചാരിയുമായി മാറ്റി നിർത്തുന്നവരുണ്ട്. ബ്രഹ്മസൂത്രം ഗ്രഹിച്ച,
ദിവ്യമായ സിദ്ധികളുള്ള ഒരു ദേവനായി മാത്രം ഗുരുവിനെ പിന്തുടരുന്നവരുണ്ട്.
അവർ ഗുരുവിൽ നിന്ന് സമൂഹത്തെ ചോർത്തിക്കളയുകയും ജ്ഞാന മാർഗത്തിലെയും
മോക്ഷമാർഗത്തിലെയും ആശ്രയമായി കണ്ട് വ്യക്തിപരമാക്കുകയും ചെയ്യുന്നു.
സമൂഹത്തിന്റെ രാഷ്ട്രീയം എന്ന നിലയിൽ ഗുരു പരിചയപ്പെടുത്തിയ വിപ്ളവകരമായ
ഉപകരണങ്ങൾ മറക്കുന്നത് ആഘോഷിക്കുകയാണ് പലരും.
ഗുരു
വേദാന്തജ്ഞാനിയാണെന്ന് തെളിയിക്കാൻ ആ കൃതികൾ മതിയല്ലോ. എന്നാൽ സമൂഹവും
രാഷ്ട്രീയവുമില്ലാത്ത ഗുരുവിനെ വേർതിരിച്ചെടുക്കുന്നത് ഇന്നത്തെ
സങ്കീർണ്ണമായ സാമൂഹ്യ സാഹചര്യത്തിൽ പോരാതെ വരും. ഗുരു രാഷ്ട്രീയമാണ്
;തുളച്ചുകയറുന്ന രാഷ്ട്രീയം.അതുകൊണ്ടാണ് പൊതു കലാ,വിനോദമാധ്യമങ്ങളായ സിനിമ,
ചിത്രകല തുടങ്ങിയ ഇടങ്ങളിൽ ഗുരുവിനെ പ്രവേശിപ്പിക്കാതിരിക്കുന്നത്. ഒരു
ഭാഗത്ത് നവോത്ഥാനത്തിന്റെ ഓർമ്മപ്പെടുത്തലും ഗുരുവിനെ അതിന്റെ
നായകനാക്കികൊണ്ടുള്ള പ്രസംഗങ്ങളും നടക്കുന്നു. ഗുരുവിന്റെ രാഷ്ട്രീയം
സ്വന്തം വ്യക്തിജീവിതത്തിലോ, സാഹിത്യ ,കലാവീക്ഷണത്തിലോ പ്രവേശിപ്പിക്കാതെ
പൊതുവേദിയിൽ വന്ന് അഭിനയിക്കുന്നവരുണ്ട്.ഇവർക്കൊന്നും ഗുരു നേരിടുന്ന അയിത്തത്തെപ്പറ്റി വിചാരമില്ല.
സമൂഹത്തിന്റെ ചുവരെഴുത്തുകളായാണ് ഗുരു ഇന്ന് വന്നുകൊണ്ടിരിക്കുന്നത്. അത് ഒരു പ്രലോഭനമായിത്തീരുന്നില്ല. അത് ആദർശത്തിന്റെ ഒരു സുഗമപാതയാകുന്നില്ല. വിദ്യാഭ്യാസ മുള്ള ചിലരെങ്കിലും തങ്ങളുടെ ജാതിയെയും ജാതി അടിസ്ഥാനത്തിലുള്ള ആഖ്യാനങ്ങളെയും തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. സാഹിത്യ,സാംസ്കാരിക രംഗത്ത്, സമൂഹമാധ്യമങ്ങളിൽ വരുന്നവരിൽ മിക്കവരും അവരുടെ ജാതിവാൽ ഭവ്യതയോടെ കൊണ്ടു നടക്കുകയാണ്. തന്റെ ജാതിപ്പേരു വിളിച്ചു കേൾക്കാൻ അദമ്യമായ ആഗ്രഹമുള്ള പുരോഗമനവാദികളും കുറവല്ല. ജാതി മിഥ്യയാണെന്ന് പറഞ്ഞ ഗുരുവിനെയും വാഗ്ഭടാനന്ദനെയും ആക്ഷേപിച്ചു കൊണ്ട് ഒരാൾ അടുത്തിടെ പ്രധാനപ്പെട്ട ഒരു ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിൽ ഒരു കഥ എഴുതി പ്രസിദ്ധീകരിച്ചത് എന്തിന്റെ സൂചനയാണ്.? ഇത്തരം കഥാകൃത്തുക്കൾ മതേതരത്വം പ്രസംഗിക്കുന്നതിന്റെ പൊള്ളത്തരം പലർക്കും ഇനിയും മനസിലായിട്ടില്ല.
ഇവിടെ നിന്നു വേണം ഗുരുവിനു നേരിടേണ്ടി വരുന്ന അയിത്തത്തെ നോക്കി കാണാൻ. ഗുരുവിന്റെ ഏറ്റവും ഭാവനാത്മകമായ ,മനുഷ്യത്വപരമായ നവലോകത്തെ ഭയപ്പെടുന്നവർ സിനിമാസംവിധായകരാണ്. അവർ ഒരു കഥ സങ്കല്പിക്കുമ്പോൾ അത് ഗുരുവിന്റെ സമീപത്തുകൂടി പോലും പോകരുത് എന്നാണ് ആദ്യമേ തീരുമാനിക്കുന്നത്. ഇത് തുടങ്ങിയിട്ട് എൺപത് വർഷങ്ങളെങ്കിലുമായിട്ടുണ്ടാകും.അതായത് മലയാളസിനിമയുടെ ആരംഭകാലം തൊട്ട് ഇന്നുവരെ.ഗുരുവിന്റെ ഒരു ഫോട്ടോ കാണിക്കുകയാണെങ്കിൽ അത് ഏറ്റവും ദരിദ്രവും അവഗണിക്കപ്പെട്ടതുമായ ഒരിടത്തായിരിക്കും. ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ മാത്രം കാണാവുന്ന ഒരു ഫോട്ടോ ആയിരിക്കും അത്. അത് മുഷിഞ്ഞതും ആരും ശ്രദ്ധിക്കാതെ കിടക്കുന്നതുമായിരിക്കും.
എന്താണ് ഗുരുവിനോട് ചലച്ചിത്ര സംവിധായകർ ഈ നിലപാട് സ്വീകരിക്കാൻ കാരണം? ഗുരു എന്ത് തെറ്റ് ചെയ്തു? ഗുരുവിന്റെ ചിത്രം സിനിമയിൽ കാണിച്ചാൽ തീയേറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങി ഓടുമെന്ന് അവർ പേടിക്കുന്നുണ്ടോ ? ഗുരുവിനെ മനസിൽ ഉൾക്കൊള്ളാത്തവരാണ് കൂടുതൽ പ്രേക്ഷകരെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് വലിയ ഒരു പ്രശ്നമാണ്. എങ്ങനെ അവർ ആ തീരുമാനത്തിലെത്തി ?
എല്ലാ വിപ്ലവകരമായ ആശയങ്ങളോടും സാഹിത്യകാരന്മാരും സിനിമാക്കാരും വിട പറഞ്ഞു കഴിഞ്ഞു. മിശ്രവിവാഹങ്ങൾ പഴങ്കഥയായി. സഹോദരൻ അയ്യപ്പനെ കേരളത്തിൽ നിർമ്മിക്കപ്പെടുന്ന സിനിമകളിലെ ഒരു കഥാപാത്രത്തിനും അറിയില്ല. ദാരിദ്ര്യത്തെയും ഫ്യൂഡൽ മൂല്യങ്ങളെയും ഇരു കൈകളിലും ഉയർത്തി ആഘോഷിച്ച സിനിമ പുതിയ അവബോധത്തെ പടിയടച്ചു പിണ്ഡം വച്ചു. എങ്ങനെ നവമാനവനാകാമെന്ന് പറയുന്ന ഒരു സിനിമയും സമാന്തര തരംഗത്തിൽപ്പോലും കണ്ടില്ല. എൺപതു വർഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ ഗുരു ഇല്ല. ഗുരുവുമായി ബന്ധമുള്ളതൊന്നുമില്ല.
സിനിമയിൽ നാളിതുവരെ ദമ്പതികളോ, നവവധൂവരന്മാരോ ഗുരുവിന്റെ ശാരദാക്ഷേത്രത്തിൽ വന്ന് ധവളാഭമായ ജീവചൈതന്യം നേടുന്നതായി കണ്ടിട്ടില്ല. ഇതാണ് പുതിയ അയിത്തം. യാഥാസ്ഥിതികന്മാർ വിദ്യാഭ്യാസവും പണവും നേടിയ ശേഷം തിരിച്ചു വന്ന് അയിത്തത്തിന്റെ കർമ്മമേഖലകൾ കണ്ടുപിടിക്കുകയാണ്.ഒരു രാഷ്ട്രീയ സിനിമയിൽപ്പോലും ഗുരുവിന്റെ വിദൂര സാന്നിദ്ധ്യമില്ല.
പ്രമുഖ നോവലിസ്റ്റ് ജോർജ് ഓർവെൽ പറഞ്ഞു, വർത്തമാനകാലത്തെ നിയന്ത്രിക്കുന്നവർ ഭൂതകാലത്തെയും നിയന്ത്രിക്കുന്നുവെന്ന്. അത് നമ്മുടെ കാര്യത്തിൽ ശരിക്കും ഫലിച്ചു.ഇന്ന് സാംസ്കാരിക മേഖലയിൽ ആധിപത്യം പുലർത്തുന്ന ചില ശക്തികൾ ഗുരുവിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഗുരുവിനെക്കുറിച്ച് മാലികമായി എന്തെങ്കിലും എഴുതാൻ ശ്രമിച്ചാലും ഇത് സംഭവിക്കും. ഞാൻ ഗുരുവിനെക്കുറിച്ച് 560 പേജുള്ള ,നവീനമാനങ്ങളുള്ള, പുതിയ ഭാഷാ സമീപനങ്ങളുള്ള, അങ്ങേയറ്റം സർഗാത്മകമായ ഒരു നോവൽ 'ശ്രീനാരായണായ ' (2015)എഴുതി. ഒരു പോസ്റ്റ്മോഡേൺ പൊളിച്ചെഴുത്തായിരുന്നു അത്. എന്നാൽ എനിക്ക് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് വൻ തിരിച്ചടി നേരിട്ടു.അത് കൈപ്പറ്റി എന്ന് കൊടുക്കാൻ പോലും മാതൃഭൂമി പത്രമോ ആഴ്ചപ്പതിപ്പോ തയ്യാറായില്ല.ചിലരുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രം വിജയിക്കുന്നു.
ഇതാണ് ഇന്നത്തെ സമൂഹത്തിന്റെ നേർ ചിത്രം.ചലച്ചിത്രമേഖല ഗുരുവിനെ കൂടാതെ പതിറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു.ഗുരുവിനോട് കടുത്ത അയിത്തമാണ് സിനിമാമേഖലയ്ക്ക്.
എന്നാൽ ഗുരു, ആശാൻ പാടിയ പോലെ ,മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ. സകലമാന വിഭാഗീയതകളെയും അകറ്റിക്കളയുന്നതിനുള്ള ആന്തരിക വെളിച്ചം മനുഷ്യനിൽ നിലീനമാണെന്ന് കണ്ടെത്തിയ ഗുരു അധ:സ്ഥിത ജനതയുടെ അപകർഷത അകറ്റി അവരെ ദൈവികമായ അവബോധത്തിലേക്ക് ഉയർത്തുകയുണ്ടായല്ലോ.സാമൂഹിക തലത്തിലും പ്രാപഞ്ചിക തലത്തിലും മനുഷ്യർക്ക് അദ്വൈതാത്മകമായ അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള സിദ്ധിയുണ്ട്.
'ശിവശതക'ത്തിൽ ഈ പ്രപഞ്ചമഹാലീലയിൽ മനുഷ്യൻ എങ്ങനെ മിഥ്യകളോടൊത്ത് കെട്ടുപിണഞ്ഞ് അനിവാര്യമായ ഫലങ്ങൾ അനുഭവിക്കുന്നു എന്ന് പറയുന്നുണ്ട്.
"മലജലമുണ്ടൊരുപാടു നിറഞ്ഞുമു-
മ്മലമതിൽ മുങ്ങിമുളച്ചുളവാകുവാൻ
വിളനിലമങ്ങുവിതച്ച പഴുത്തറു-
ത്തുലകർ ഭുജിച്ചലയുന്നതു സങ്കടം"
കാമം, ക്രോധം, ലാഭം എന്നീ മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞ ഈ സംസാരസാഗരത്തിൽ നിന്നും വരുന്ന ജലം മാത്രമേ നമുക്കുള്ളു.അതിൽ നിന്നു എടുത്തു വേണം ജീവിതത്തിന്റെ വയലുകളിൽ കൃഷിയിറക്കാൻ .
ഇത് തിരിച്ചറിയാതെ അഹത്തെ ഊതി വീർപ്പിച്ച് വിഭിന്നതകളിൽ അഭിരമിക്കുമ്പോൾ ഗുരുവാണ് അയിത്തത്തിൽപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.