കവിയുടെ പ്രതിമ
എം.കെ.ഹരികുമാർ
രണ്ടുമാസം മുമ്പാണ് ,
ഞാൻ കവിയുടെ
പ്രതിമ കണ്ടത്.
വല്ലാത്ത മൗനത്തിലായിരുന്നു കൈകൾ മുന്നോട്ടു
പിണച്ചു കെട്ടിയിരുന്നു
മുഖം കുനിച്ചു പിടിക്കാൻ
ശ്രമിക്കുന്ന പോലെ തോന്നി
ഒരാഴ്ച മുമ്പ് കണ്ടപ്പോൾ
കവിയുടെ പ്രതിമ
ആകാശത്തിലേക്ക് നോക്കുകയായിരുന്നു
ഒരു കൈ മുകളിൽ
എന്തിനെയോ ചൂണ്ടുന്നു
ഇടതുകാൽ അൽപ്പം പിന്നിലേക്ക്
മാറ്റിയിട്ടുണ്ടായിരുന്നു
മറ്റേ കാലിലെ ചെരുപ്പ്
നഷ്ടപ്പെട്ടിരുന്നു
ഇന്നലെ കവിയുടെ പ്രതിമ
എന്നെ ഞെട്ടിച്ചു
തല വെട്ടി ഒരു കൈയ്യിൽ തൂക്കിപ്പിടിച്ചിരിക്കുകയായിരുന്നു
മറ്റേ കൈയിലെ വാൾ
രക്തതുള്ളികളെ
ഓർത്തെടുക്കുകയായിരുന്നുവോ ?
ഒരു ജന്മത്തിൽ
വാക്കുകൾക്കായി അലഞ്ഞ കവി
ഇനിയുള്ള ജന്മങ്ങളിൽ
വെങ്കലമായി ജീവിക്കും ,തലയില്ലാതെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.